യാത്രകൾ സർവ്വസാധാരണമായി കഴിഞ്ഞു. വിദേശയാത്രകൾ പോകാനും പണ്ടെത്തെപോലെ കാത്തിരിക്കേണ്ട ആവശ്യമില്ല. കയ്യിൽ പണമുള്ളവർക്ക് മാത്രം പറഞ്ഞിരുന്ന യാത്രകൾ ഇന്ന് ഏറ്റവും സാധാരണക്കാരന് വരെ സാധ്യമാകും. പെട്ടന്ന് എടുക്കാൻ പണമില്ലെങ്കിൽ യാത്ര പോയി വന്ന് സമയംപോലെ തിരികെ നല്കാവുന്ന പദ്ധതികൾ വരെ ഇപ്പോഴുണ്ട്. അത് മാത്രമല്ല, വിസാ രഹിത യാത്രകളും ഓൺ അറൈവൽവിസകളും വന്നതോടെ യാത്രകളുടെ സങ്കീർണ്ണതയും കാത്തിരിപ്പും വീണ്ടും കുറഞ്ഞിട്ടുണ്ട്. മനസ്സാഗ്രഹിക്കുന്ന സമയത്ത് യാത്ര പോകാവുന്ന കാലമാണിത്.
ഇനി വരുന്ന അവധികളിൽ അത്തരത്തിൽ പെട്ടന്ന് പ്ലാൻ ചെയ്ത് യാത്ര പോയാലോ. അതും ഉത്തരേന്ത്യ കറങ്ങുന്ന ചെലവിൽ പോയി വരാൻ സാധിക്കുന്ന ചെലവ് കുറഞ്ഞ, വിസാ വേണ്ടാത്ത നിരവധി രാജ്യങ്ങളിലേക്ക്. ഇതാ പോക്കറ്റ് കാലിയാക്കാത്ത യാത്രകൾ പോകാൻ ആഗ്രഹിക്കുന്നവർക്കായുള്ള ചെലവ് കുറഞ്ഞ ലക്ഷ്യസ്ഥാനങ്ങൾ.
കംബോഡിയ
ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ വഴി സന്ദർശിക്കാവുന്ന രാജ്യങ്ങളിലൊന്നാണ് കംബോഡിയ. പൈതൃകവും സംസ്കാരവും ഒരുപടി മുന്നിൽ നിൽക്കുന്ന രാജ്യം ചരിത്രാന്വേഷികളുടെയും വിശ്വാസികളുടെയും പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നാണ്. കളങ്കമില്ലാത്ത പ്രകൃതിയുടെ കാഴ്ചകൾ സമ്മാനിക്കുന്ന രാജ്യം അതിന്‍റെ പൗരാണിക ക്ഷേത്രങ്ങളാൽ സമ്പന്നമാണ്. അത്ഭുതങ്ങളും വിസ്മയക്കാഴ്ചകളുമാണ് നിങ്ങൾ യാത്രകളില് തിരയുന്നതെങ്കില് നിങ്ങൾക്കുള്ള ലക്ഷ്യസ്ഥാനം കംബോഡിയ ആണ്. ട്രെക്കിങ്, വെള്ളച്ചാട്ടങ്ങൾ, ക്ഷേത്രങ്ങള്‍, ഫ്ലോട്ടിങ് വില്ലേജുകൾ, വ്യത്യസ്തമായ ഭക്ഷണ രീതി, സംസ്കാരം എന്നിങ്ങനെ കാണാനും പരിചയപ്പെടാനും ഒരുപാടുണ്ട് ഇവിടെ.
ലോകത്തിലെ ഏറ്റവും പ്രസിദ്ധമായ അങ്കോർവാട്ട് ആണ് കംബോഡിയയുടെ ഏറ്റവും വലിയ ആകർഷണം. ലോകത്തിലെ എട്ടാമത്തെ അത്ഭുതമെന്നാണ് ഈ ക്ഷേത്രസമുച്ചയം അറിയപ്പെടുന്നത്. ഏകദേശം 400 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ഈ ക്ഷേത്രസമുച്ചയത്തിൽ ഇന്ന് കുറേയേറെ ചരിത്രശേഷിപ്പുകളായി മാറിയിട്ടുണ്ട്. കരിങ്കല്ലിൽ ഖൈമര് രാജവംശം പടുത്തുയർത്തിയ ക്ഷേത്രങ്ങൾ ഇന്ന് ഒരുകലഘട്ടത്തെ അനുസ്മരിച്ച് നിലകൊള്ളുന്നു. ഇന്ത്യക്കാർക്ക് കംബോഡിയയിലേക്ക് വിസ ഓൺ അറൈവൽ ആണ്. 30 ദിവസം വരെ രാജ്യത്ത് ചെലവഴിക്കാനുള്ള അവസരം ഇത് നല്കുന്നു.
ലാവോസ്
ഇന്ത്യക്കാർക്ക് വിസയില്ലാതെ പോകാൻ പറ്റിയ മറ്റൊരു രാജ്യമാണ് ലാവോസ്. പോക്കറ്റിലൊതുങ്ങുന്ന ചെലവിൽ ഒരു വിദേശരാജ്യം സന്ദർശിക്കാനാണ് ആഗ്രഹമെങ്കിൽ ലാവോസിലേക്ക് ടിക്കറ്റ് എടുക്കാം. നാലുഭാഗവും കരയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ലാവോസ് തെക്കു കിഴക്കൻ ഏഷ്യയുടെ ഭാഗമാണ്. ദശലക്ഷം ആനകളുടെ നാട് എന്നാണ് ലാവോലസ് അറിയപ്പെടുന്നത്. ഇന്നും ആനകളെ വിശുദ്ധ പദവി നല്കി സംരക്ഷിക്കുന്ന രാജ്യമാണിത്. ഒരുപാട് ദുരിതവും വേദനകളും നിറഞ്ഞ് ഒരു ഭൂതകാലമുള്ള ലാവോസ് യാത്രകളിൽ വ്യത്യസ്തത തിരയുന്നർക്ക് പറ്റിയ രാജ്യമാണ്.
വിയറ്റ്‌നാം, കംബോഡിയ, തായ്‌ലാന്‍ഡ്, ചൈന, മ്യാന്മാര്‍ എന്നീ രാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ലാവോസ് ഒരുപാട് വൈവിധ്യങ്ങൾ നമ്മളെ കാണിച്ചുതരും. കടലില്ലെങ്കിലും അതൊരു കുറവായി തോന്നാത്ത വിധത്തിലുള്ള കാഴ്ചകൾ ലാവോസിലുണ്ട്. സിപ്പ്-ലൈനിങ്, കയാക്കിങ്, ഹൈക്കിങ്, ഗുഹ ട്യൂബിങ്, ഹോട്ട് എയർ ബലൂൺ യാത്ര തുടങ്ങിയവയാണ് ഇവിടുത്തെ സാഹസിക വിനോദങ്ങൾ. ഓൺ അറൈവൽ വിസയിൽ ഇന്ത്യക്കാർക്ക് 30 ദിവസം വരെ രാജ്യത്ത് തങ്ങാം.
മാലദ്വീപ്
ഒരുകാലത്ത് ഇന്ത്യക്കാരുടെ സ്വർഗ്ഗമായിരുന്നു മാലദ്വീപ്. ഇരുരാജ്യങ്ങളും തമ്മിൽ വിനോദസഞ്ചാരത്തിന്‍റെ പേരിൽ ബന്ധം അല്പം മോശമായെങ്കിലും പലരുടെയും ബക്കറ്റ് ലിസ്റ്റിൽ മാലദ്വീപ് ഇടംനേടിയിട്ടുണ്ട്. രണ്ടായിരത്തിലേറെ വരുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ ഒരു സമൂഹമാണ് ഇത്. ഒരു മാലയിൽ എന്ന പോലെ പരസ്പരം കോര്‍ത്തുകിടക്കുന്ന ദ്വീപുകളും അവിടുത്തെ കാഴ്ചകളും ലോകമെമ്പാടമുള്ള സഞ്ചാരികളെ ആകർഷിക്കുന്നു. കടലിലേക്കിറങ്ങി കിടക്കുന്ന താമസസൗകര്യങ്ങളും ബീച്ച് ടൂറിസവും ഒക്കെയാണ് ഇവിടെയുള്ളത്. ഹണിമൂൺ ലക്ഷ്യസ്ഥാനം എന്ന നിലയിലും ഇവിടം പ്രസിദ്ധമാണ്.
കടൽക്കാഴ്ചകളുടെ അത്യുന്നത ഭംഗിയാണ് മാലദ്വീപ് സഞ്ചാരികൾക്കായി തരുന്നത്. മാലദ്വീപുകൾ സമുദ്രനിരപ്പിൽ നിന്ന് ശരാശരി ഏഴ് അടി മാത്രം ഉയരത്തിലാണ്. പവിഴപ്പുറ്റുകൾ ഉൾപ്പെടെ നിരവധി കാഴ്ചകള് ഇവിടെ കാണാനുണ്ട്. ഇന്ത്യക്കാർക്ക് 30 ദിവസത്തെ വിസ ഓൺ അറൈവൽ നല്കുന്ന രാജ്യം കൂടിയാണ് മാലദ്വീപ്. ഇത് വേണമെങ്കില്‍ 60 ദിവസത്തേയ്ക്കു കൂടി നീട്ടിയെടുക്കുകയും ചെയ്യാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













