കാപെല ഡോസ് ഓസോസ്
പോര്‍ച്ചുഗലിലെ എവോര എന്ന സ്ഥലത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര ആകര്‍ഷണമാണ് കാപെല ഡോസ് ഓസോസ് അഥവാ ചാപ്പല്‍ ഓഫ് ബോണ്‍സ്. പതിനാറാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയം എവോറയുടെ ഇരുണ്ട ഭൂതകാലത്തിന്റെ ചരിത്രശേഷിപ്പ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
ചർച്ച് ഓഫ് സെന്റ് ഫ്രാൻസിസിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തെ പുറമേ നിന്നു നോക്കുമ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നുകയില്ല. എന്നാല്‍ ഉള്ളില്‍ കയറിക്കഴിഞ്ഞാല്‍ ജീവിതത്തില്‍ ഒരിക്കലും മറക്കുവാന്‍ സാധിക്കാത്ത കാഴ്ചകളാവും മുന്നിലെത്തുക.
PC:Nuno Sequeira André
വിചിത്രമായ കാഴ്ച
അസ്ഥികളുടെ ദേവാലയം പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ അസ്ഥികളാലും തലയോട്ടികളാലും നിറഞ്ഞു നില്‍ക്കുകയാണ്. ഇത് എല്ലാം 16-ആം നൂറ്റാണ്ടിൽ ഒരു ഫ്രാൻസിസ്കൻ സന്യാസി നിർമ്മിച്ചതാണ് എന്നാണ് ചരിത്രം പറയുന്നത്.
PC:Alonso de Mendoza
അയ്യായിരത്തിലേറെ മൃതദേഹങ്ങളുടെ അസ്ഥികള്‍
ചുവരുകളിലെ അസ്ഥികളുടെ കണക്കെടുത്താല്‍ ഏകദേശം അയ്യായിരത്തിലധികം മൃതദേഹങ്ങളുടെ അസ്ഥികളും തലയോട്ടികളും ഇവിടെയുണ്ടെന്നു കാണുവാന്‍ സാധിക്കും. പള്ളി വലുപ്പത്തില്‍ വളരെ ചെറുതാണെങ്കിലും ഉള്ളില്‍ പ്രവേശിക്കുവാന്‍ കുറച്ചധികം ആത്മധൈര്യം വേണം.
PC:Alonso de Mendoza
സ്ഥലം തികയാതെ വന്ന സെമിത്തേരികളില്‍ നിന്നും
എവോറയുടെ മധ്യകാല സെമിത്തേരികളിൽ അടക്കം ചെയ്തിരുന്ന അസ്ഥികളാണ് ഇവിടെ ചുവരുകളില്‍ ഇടംനേടിയിരിക്കുന്നത്. പ്രാദേശിക ശ്മശാനങ്ങളിലെ സ്ഥലപരിമിതി മൂലം കുഴിച്ചു പുറത്തെടുത്ത അസ്ഥികളാണ് ഇവിടുത്തേത്. ഈ ദേവാലയത്തിലെ ഫ്രാന്‍സിസ്കന്‍ സന്യാസിമാര്‍ വിവിധ പാറ്റേണുകളില്‍ അസ്ഥികള്‍ പ്രദര്‍ശിപ്പിക്കുവാന്‍ തീരുമാനിച്ചതോടെയാണ് ഈ ദേവാലയം ചരിത്രത്തില്‍ ഇടം നേടിയത്. ഇന്നത്തെ കാലത്ത് ഇങ്ങനെയൊരു കാര്യം തന്നെ ചിന്തിക്കുക എന്നത് അസാധ്യമാണ്.
PC:Nuno Sequeira André
ജീവിതത്തെക്കുറിച്ച് ചിന്തിക്കുവാന്‍
എന്തുകൊണ്ടാണ് ഇവിടെ ഇങ്ങനെ അസ്ഥികളും തലയോട്ടികളും ഇങ്ങനെ വെച്ചിരിക്കുന്നത് എന്ന ചോദ്യത്തിന് ഇവിടെ ഒരുത്തരമുണ്ട്. ഇവിടെ എത്തുന്ന ആളുകളെ അവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുവാന്‍ അവസരം നല്കുക എന്നതുംഒപ്പം തന്നെ മരണമടഞ്ഞവരെ ഓര്‍മ്മിക്കുക എന്നതുമാണ് ഇതിന്‍റെ ലക്ഷ്യം.
PC:Nuno Sequeira André
നിര്‍മ്മിതി
18.7 മീറ്റർ (61.4 അടി) നീളവും 11 മീറ്റർ (36 അടി) വീതിയുമുള്ള മൂന്ന് സ്പാനുകളാൽ രൂപപ്പെട്ടതാണ് ചാപ്പൽ. ഇടതുവശത്തുള്ള മൂന്ന് ചെറിയ തുറസ്സുകളിലൂടെ പ്രകാശം ഉള്ളിലേക്ക് പ്രവേശിക്കുന്നു.ചുവരുകളും എട്ട് തൂണുകളും ശ്രദ്ധാപൂർവ്വം ക്രമീകരിച്ച എല്ലുകളിലും തലയോട്ടികളിലും സിമന്റുകൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു. വെളുത്ത ചായം പൂശിയ ഇഷ്ടിക കൊണ്ടാണ് സീലിംഗ് നിർമ്മിച്ചിരിക്കുന്നത്. തലയോട്ടികളിൽ ചിലത് ഗ്രാഫിറ്റി കൊണ്ട് വരച്ചിട്ടുണ്ട്.
PC:Georges Jansoone
ജനനദിനത്തേക്കാൾ നല്ലത് മരണദിവസമാണ്
അസ്ഥികള്‍ കൂടാതെ പൂര്‍ണ്ണമല്ലാത്ത രണ്ട് അസ്ഥികൂടങ്ങളും ഇവിടെ കാണാം. ഒരു മുതിർന്നയാളുടെയും ഒരു കുട്ടിയുടെയും ആണിത്. അത് മേല്‍ക്കൂരയില്‍ നിന്നും കയറിൽ തൂങ്ങിക്കിടന്നിരുന്ന രൂപത്തിലായിരുന്നുവെങ്കിലും ഇപ്പോഴത് ഗ്ലാസ് കൂടുകള്‍ക്കുള്ളില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇതിനു സമീപം ജനനദിനത്തേക്കാൾ നല്ലത് മരണദിവസമാണ് എന്ന് എഴുതിയിട്ടുമുണ്ട്.
PC:Nuno Sequeira André
ഞങ്ങള്‍ അസ്ഥികള്‍ ഇവിടെയുണ്ട്, നിങ്ങളുടേതിനായി കാത്തിരിക്കുന്നു
പള്ളിയുടെ വാതിലുകള്‍ക്കു മുകളിലായി ''ഞങ്ങള്‍ അസ്ഥികള്‍ ഇവിടെയുണ്ട്, നിങ്ങളുടേതിനായി കാത്തിരിക്കുന്നു..'' എന്ന് എഴുതി വെച്ചിട്ടുണ്ട്. കാപെല ഡോസ് ഓസോസിനുള്ളിൽ ഒരാളുടെ അസ്തിത്വത്തെ പ്രതിഫലിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു കവിതയും കാണാം. 1845 മുതൽ 1848 വരെ സാവോ പെഡ്രോ ഗ്രാമത്തിലെ ഇടവക പുരോഹിതനായിരുന്നു അന്റോണിയോ ഡാ അസെൻകോ ടെലിസ് എഴുതിയ കവിതയാണിത്. അദ്ദേഹമാണ് ഫ്രാന്‍സീസ് ദേവാലയം സ്ഥാപിച്ചത്.
PC: Nuno Sequeira André
പോര്‍ച്ചുഗലില്‍ മാത്രമല്ല
പോര്‍ച്ചുഗലില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ അസ്ഥികൂടങ്ങള്‍ കൊണ്ട് അലങ്കരിച്ച കെട്ടിടങ്ങളും ദേവാലയങ്ങളും കാണാം.ഏകദേശം 3,700 കപ്പൂച്ചിൻ സന്യാസിമാരുടെ അസ്ഥികൾ കൊണ്ട് അലങ്കരിച്ച പതിനേഴാം നൂറ്റാണ്ടിലെ ഒരു ചാപ്പലാണ് റോമിലെ കപ്പൂച്ചിൻ ക്രിപ്റ്റ്. "ദി ക്രിപ്റ്റ് ഓഫ് ദി പെൽവിസ്സ്" എന്നും ഇതിനു പേരുണ്ട്. അങ്കി ധരിച്ച അസ്ഥികൂടങ്ങൾ അരിവാൾ, തുലാസുകൾ എന്നിവ ഉപയോഗിച്ച് മരണത്തെയും വിധിയെയും പ്രതിനിധീകരിക്കുന്ന രൂപം ഇവിടെ കാണാം. ചെക്ക് റിപ്പബ്ലിക്കിലെ കുത്‌ന ഹോറയിലുള്ള സെഡ്‌ലെക് ഒസുറി പ്രസിദ്ധമായ മറ്റൊന്നാണ്.