ഉത്തരാഖണ്ഡ്.. ഒറ്റക്കാഴ്ചയിൽ കണ്ണുടക്കുന്ന ഭംഗിയാണ് ഈ നാടിന്. ഒന്നു വന്നു പോയാൽ മനസ്സിൽ കയറിപ്പറ്റും എന്ന കാര്യത്തിൽ സംശയം വേണ്ട. എന്തിനധികം നമ്മുടെ പ്രധാനമന്ത്രിയുടെ വരെ മനസ്സു കീഴടക്കിയ സ്ഥലങ്ങൾ ഉത്തരഖണ്ഡിലുണ്ട്. അടുത്തിടെ ഉത്തർ പ്രദേശ് സന്ദർശിച്ച പ്രധാമന്ത്രി തന്‍റെ പ്രിയപ്പെട്ട ഇടങ്ങളായി ഇവിടുത്തെ കുറച്ച് സ്ഥലങ്ങളെ തിരഞ്ഞെടുത്തിരുന്നു.
ഉത്തരാഖണ്ഡിലെ തന്റെ പ്രിയപ്പെട്ട സ്ഥലങ്ങളായി പ്രധാനമന്ത്രി തിരഞ്ഞെടുത്ത സ്ഥലങ്ങൾ ഏതൊക്കെയാണെന്നു അറിയേണ്ടെ? കുമയോൺ മേഖലയിലെ ജഗേശ്വര ക്ഷേത്രങ്ങളും പാർവതി കുണ്ഡും ആണ് സ്വാഭാവീക ഭംഗിയുടെയും അതിന്‍റെ ആത്മീയ മഹത്വത്തിന്‍റെയും പേരിൽ അദ്ദേഹം പ്രകീർത്തിക്കുകയും ഉത്തരാഖണ്ഡിൽ തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലങ്ങളായി പറയുകയും ചെയ്തത്.

PC:Narendra Modi/x.com
ജഗേശ്വര ക്ഷേത്രങ്ങള്‍
ഉത്തരാഖണ്ഡിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നാണ് ജഗേശ്വര ക്ഷേത്രങ്ങൾ. അൽമോറ ജില്ലയുടെ ഭാഗമായ ഈ ക്ഷേത്രങ്ങൾ ഒന്നോ രണ്ടോ പത്തോ ഇരുപതോ ക്ഷേത്രങ്ങളല്ല. മറിച്ച് 125 ക്ഷേത്രങ്ങളുടെ ഒരു കൂട്ടമാണ്. ശിവ ക്ഷേത്രങ്ങളുടെ തീർത്ഥാടന കേന്ദ്രങ്ങയാ ധാമുകളിൽ ഒന്നായ ഇവിടുത്തെ ക്ഷേത്രങ്ങൾ 7-ാം നൂറ്റാണ്ടിനും 14-ാം നൂറ്റാണ്ടിനും ഇടയിലായി നിർമ്മിച്ചവയാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. ദേവദാരു മരങ്ങളുടെയും പൈൻ മരങ്ങളുടെയും ഇടയിലായാണ് ഈ ക്ഷേത്രങ്ങളത്രയും ഉള്ളത്.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിൽ സംരക്ഷിക്കപ്പെടുന്ന ഈ ക്ഷേത്രങ്ങളിൽ ദണ്ഡേശ്വര ക്ഷേത്രം, ചണ്ഡീ-ക-ക്ഷേത്രം, ജഗേശ്വര ക്ഷേത്രം, കുബേര ക്ഷേത്രം, മൃതുഞ്ജയ ക്ഷേത്രം, നന്ദ ദേവി , നവഗ്രഹ ക്ഷേത്രം, പിരമിഡൽ ക്ഷേത്രം, സൂര്യ ക്ഷേത്രം തുടങ്ങിയവ ഉൾപ്പെടുന്നു. എന്നാൽ ഇവിടുത്തെ ക്ഷേത്രങ്ങൾ ആരാണ് നിർമ്മിച്ചതെന്നോ എന്താണ് ചരിത്രമെന്നോ ഇനിയും വ്യക്തമായി കണ്ടെത്തിയിട്ടില്ല.

PC:Narendra Modi/x.com
പുരാതന കാലത്തെ കൊട്ടുപണികളുടെ ഒരു കലവറയാണ് ഈ ക്ഷേത്രങ്ങളുടെ ചുവരുകളും തൂണുകളും. ദേവതകളെയും സ്വർഗ്ഗീയ വാസികളെയും ഒപ്പം പുരാണവിവരണങ്ങളും ഉൾപ്പെടുന്നവയാണ് ഇവിടുത്തെ കൊത്തുപണികൾ. ഹിമാലയ സാനുക്കളുടെ പശ്ചാത്തലത്തിൽ ശാന്തമായി കിടക്കുന്ന ഈ ക്ഷേത്രങ്ങൾ ആത്മീയതയുടെ മറ്റൊരു തലത്തില്ഡ വിശ്വാസികളെ എത്തിക്കും.
അല്‍മോറയിൽ നിന്ന് 36 കിലോമീറ്റർ അകലെയാണ് ജഗേശ്വർ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. സെപ്റ്റംബർ മുതൽ നവംബർ വരെയും മാർച്ച് മുതൽ ജൂൺ വരെയും ആണ് ഇവിടം സന്ദർശിക്കാൻ അനുയോജ്യമായത്. പിത്തോർഗഡ്, അല്‍മോറ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇവിടേക്ക് നേരിട്ട് ലിങ്ക് റോഡുകൾ ഉണ്ട്.
പാർവ്വതി കുണ്ഡ്
ഉത്തരാഖണ്ഡിലെ ആത്മീയ ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാണ് പാർവ്വതി കുണ്ഡ്. ആത്മീയ യാത്രകൾ എന്നതിനപ്പുറം പ്രകൃതിയെ കൂടുതൽ അറിയുവാനായും ഉത്തരാഖണ്ഡ് മലനിരകൾക്കിടയിൽ ഒളിപ്പിച്ച കൗതുക കാഴ്ചകൾ കാണാനും സഞ്ചാരികളും തീര്‍ത്ഥാടകരും പാർവ്വതി കുണ്ഡ് സന്ദർശിക്കുന്നു. ഏറെ പവിത്രമായി വിശ്വാസികൾ കണക്കാക്കുന്ന ഈ പ്രദേശം സമുദ്ര നിരപ്പിൽ നിന്നും 5338 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Narendra Modi/x.com
ശിവനും പാർവ്വതി ദേവിയും ധ്യാനിച്ചിരുന്നു എന്നി വിശ്വസിക്കപ്പെടുന്ന ഈ പ്രദേശത്ത് അനുഗ്രഹം നേടാനായാണ് വിശ്വാസികൾ എത്തുന്നത്. ഇവിടുത്തെ ചൂടുനീരുറവയും ഒരു ആകർഷണമാണ്. സാഹസിക സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ട്രെക്കിങ് ആണ് ഇവിടുത്തെ ആകർഷണം. അതോടൊപ്പം ഇവിടുത്തെ പ്രകൃതി സൗന്ദര്യവും എടുത്തു പറയേണ്ടതാണ്. ജൂൺ മുതൽ ഒക്ടോബർ വരെയാണ് പാർവ്വതി കുണ്ഡ് സന്ദർശിക്കാൻ പറ്റിയ സമയം. പിത്തോർഗഡിൽ നിന്ന് 4 മുതൽ 5 മണിക്കൂർ വരെ യാത്രയുണ്ട് ഇവിടെ എത്തിച്ചേരാനായി.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














