അയോധ്യയിൽ രാമക്ഷേത്രം ഉയർന്നതിനു പിന്നാലെ ഇവിടം ഒരു തീർത്ഥാടന ലക്ഷ്യസ്ഥാനമായി മാറിയിട്ടുണ്ട്. വിശ്വാസകഥകളുറങ്ങുന്ന അയോധ്യ സന്ദർശിക്കുവാനും പുണ്യഭൂമിയില്‍ സമയം ചെലവഴിക്കാനും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികള്‍ എത്തുന്നു. കേരളത്തിൽ നിന്നും യാത്രാ പാക്കേജ് വഴിയും അല്ലാതെയും നിരവധി ആളുകളാണ് അയോധ്യ സന്ദർശിക്കുന്നത്. ഇപ്പോഴിതാ, ഐആർസിടിസി കേരളത്തിൽ നിന്ന് അയോധ്യയിലേക്ക് ഒരു റെയിൽ ടൂർ പാക്കേജ് ഒരുക്കിയിരിക്കുകയാണ്.
ഹോളി അയോധ്യ വിത്ത് കാശി (Holy Ayodhya with Kashi) എന്ന ഈ പാക്കേജ് കുറഞ്ഞ ചെലവിൽ അയോധ്യയും വാരണാസിയും ഉൾപ്പെടെ ഉത്തർ പ്രദേശിലെ വിശുദ്ധ നഗരങ്ങൾ കണ്ടുവരാനുള്ള യാത്രയാണ്. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിലുള്ള ഈ പാക്കേജ് വേനലവധിക്കാലത്ത് ഒരു നീണ്ട യാത്ര ആഗ്രഹിക്കുന്നവര്‍ക്കു പറ്റിയ യാത്ര കൂടിയാണ് കേട്ടോ.

കൊച്ചുവേളിയിൽ നിന്നാരംഭിക്കുന്ന ഏഴ് രാത്രിയും എട്ടു പകലും നീണ്ടു നിൽക്കുന്ന യാത്ര മേയ് 18 ന് രാവിലെ പുറപ്പെട്ട് എട്ടാം ദിവസമായ മേയ് 25 ന് ഉച്ചകഴിഞ്ഞ് മടങ്ങിയെത്തും. സ്ലീപ്പർ ക്ലാസ് ട്രെയിനുള്ള ഈ ടൂർ പാക്കേജ് ട്രെയിന്‍ യാത്ര ഇഷ്ടപ്പെടുന്ന, നീണ്ട യാത്രകൾ പ്ലാൻ ചെയ്തിട്ടുള്ളവർക്ക് പ്രയോജനപ്പെടുത്താം.
കൊച്ചുവേളി - കൊല്ലം - ചെങ്ങന്നൂർ - കോട്ടയം - എറണാകുളം ടൗൺ - തൃശൂർ - ഒറ്റപ്പാലം - പാലക്കാട് - പോടന്നൂർ - ഈറോഡ് - സേലം ജംങ്ഷൻ എന്നിവിടങ്ങളിൽ നിന്നും യാത്രയിൽ പങ്കെടുക്കുന്നവർക്ക് ബോർഡിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. യാത്ര ആരംഭിച്ച് മൂന്നാം ദിവസം അതായത് മേയ് 20 ന് വൈകുന്നേരത്തോടെയാണ് ബനാറസ് അഥവാ കാശിയിൽ എത്തിച്ചേരുക. ബനാറസിലോ സാരാനാഥിലോ സൗകര്യം പോലെ രാത്രി താമസം ഒരുക്കും.
മേയ് 21 ന് രാവിലെ ഭക്ഷണം കഴിച്ച ശേഷം സാരാനാഥ് ക്ഷേത്രം സന്ദർശിക്കും. ഉച്ചകഴിഞ്ഞ് കാശി വിശ്വനാഥ ക്ഷേത്രം, ഇടനാഴി എന്നിവ കാണും. വൈകുന്നേരത്തോടെ പ്രസിദ്ധമായ ഗംഗാ ആരതി കാണാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. രാത്രി താമസം ബനാറസ്/ കാശി ആയിരിക്കും. അഞ്ചാം ദിവസം, മേയ് 22 ന് രാവിലെ അയോധ്യയിലേക്ക് പോകും. അന്നേ ദിവസം വൈകിട്ട് വരെ അയോധ്യ രാമ ക്ഷേത്രവും ഇവിടുത്തെ മറ്റ് പ്രധാന ക്ഷേത്രങ്ങളും കാണാനുള്ള സൗകര്യം ഉണ്ടായിരിക്കും.

അന്ന് രാത്രിയോടെ മടക്കയാത്ര ആരംഭിക്കും. എട്ടാം ദിവസം ഉച്ചകഴിഞ്ഞ് കൊച്ചുവേളിയിൽ എത്തും. സേലം - ഈറോഡ് - പോടന്നൂർ - പാലക്കാട് - ഒറ്റപ്പാലം - തൃശൂർ - എറണാകുളം ടൗൺ - കോട്ടയം - ചെങ്ങന്നൂർ - കൊല്ലം - കൊച്ചുവേളി എന്നിവിടങ്ങളിലാണ് ഡീ- ബോർഡിങ് സൗകര്യം ഒരുക്കിയിട്ടുള്ളത്.
എക്കോണമി ക്ലാസിലാണ് ഹോളി അയോധ്യ വിത്ത് കാശി (SZBG16) യാത്രയ്ക്ക് സീറ്റുകൾ ലഭ്യമായിട്ടുള്ളത്. ആകെ 700 സീറ്റുകളാണ് ഉള്ളത്. മുതിർന്ന ഒരാൾക്ക് 18,060 രൂപയാണ് നിരക്ക്. 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് 17,170 രൂപയാണ് ടിക്കറ്റ്. സ്ലീപ്പർ ക്ലാസ് ട്രെയിൻ യാത്ര, നോൺ എസി ബജറ്റ് ഹോട്ടലിലെ താമസം, നോൺ എസി ബസ് യാത്ര, യാത്രയിൽ മൂന്നു നേരം വെജിറ്റേറിയൻ ഭക്ഷണം, ട്രാവൽ ഇൻഷുറൻസ് , ഐആർസിടിസി ടൂർ മാനേജരുടെ സൗകര്യം തുടങ്ങിയവ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നു,
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഐആർസിടിസി എറണാകുളം റീജിയൺൽ ഓഫീസുമായി ബന്ധപ്പെടാം- 8287932064, 8287932082, 8287932117
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














