ഏതു പ്രായത്തില്‍ പോവുകയാണെങ്കിലും ആദ്യത്തെ വിദേശയാത്ര എന്നത് കുറച്ചധികം ത്രില്ലിങ് നിറഞ്ഞതായിരിക്കും... അറിയാത്ത രാജ്യം... ചിലപ്പോള്‍ അറിയാത്ത ഭാഷ,.. പുതിയ സംസ്കാരങ്ങള്‍...രീതികള്‍... ഇതിലേക്കെല്ലാം ചെന്നുനില്‍ക്കുന്ന യാത്ര ഒട്ടും ബുദ്ധിമുട്ടുകളില്ലാതെ പോയി വരുവാനാണ് നമ്മളെല്ലാവരും ആഗ്രഹിക്കുന്നതും. എത്ര ശ്രദ്ധിച്ചാലും ചില കാര്യങ്ങള്‍ നമ്മെ കുഴപ്പത്തിലാക്കിയേക്കും. ഇതാ നിങ്ങളുടെ ആദ്യത്തെ വിദേശയാത്രയില്‍ ഒഴിവാക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ നോക്കാം...

പീക്ക് സീസണില്‍ യാത്ര ചെയ്യുന്നത്
ആദ്യമായുള്ള വിദേശയാത്രയാണെങ്കില്‍ പലരും താല്പര്യപ്പെടുന്നത് പോകുന്ന ഇടത്തിന്‍റെ ഏറ്റവും മികച്ച സമയത്ത് സന്ദര്‍ശിക്കുവാനാണ്. മികച്ച കാലാവസ്ഥയും മറ്റെല്ലാം ഉണ്ടെങ്കിലും സഞ്ചാരികളുടെ ബാഹുല്യവും എല്ലാത്തിനുമുള്ള വിലക്കൂടുതലും നിങ്ങളെ കുഴപ്പത്തിലാക്കിയേക്കാം. ഓരോ സ്ഥലത്തിനും ഓരോ സമയമാണ് പീക്ക് സീസണ്‍. ആദ്യ വിദേശയാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ പീക്ക് സീസണിനു മുന്‍പോ അതിനുശേഷമോ ഉള്ള മാസം നോക്കി പ്ലാന്‍ ചെയ്യുന്നത് നന്നായിരിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്ന കാഴ്ചകളെല്ലാം ഈ സമയത്ത് താരതമ്യേന കുറഞ്ഞ നിരക്കില്‍ ലഭിക്കുമെന്നതു മാത്രമല്ല, കൂടുതല്‍ പ്രാദേശികാനുഭവങ്ങള്‍ സ്വന്തമാക്കുവാനും സാധിക്കും.

ഒരുപാട് യാത്രകള്‍ പ്ലാന്‍ ചെയ്യുന്നത്
ഒരു യാത്ര പോയാല്‍, പ്രത്യേകിച്ച് ആദ്യ വിദേശയാത്രയാണെങ്കില്‍ കഴിവതും സ്ഥലങ്ങള്‍ ഒറ്റയടിക്ക് കണ്ടുതീര്‍ക്കുവാന്‍ ശ്രമിക്കും. പ്രദേശത്തെ കൂടുതല്‍ മനസ്സിലാക്കുന്നതിനായി നമ്മള്‍ ഗൈഡഡ് ടൂറുകളും ബുക്ക് ചെയ്തിട്ടുണ്ടാവും എന്നാല്‍ പോകുന്ന ഇടങ്ങളിലേക്കെല്ലാം ഈ ഗൈഡഡ് ടൂറുകള്‍ പ്ലാന്‍ ചെയ്യുന്നത് നമ്മെ മടുപ്പിച്ചേക്കാം. നഗരങ്ങളുടെ ചരിത്രവും ഐതിഹ്യവും എല്ലാം അറിഞ്ഞിരിക്കുന്നത് നല്ലകാര്യം തന്നെയാണെങ്കിലും ചില ഇടങ്ങള്‍ ആളുകളോട് ചോദിച്ചും അവിടെയുളളവരെ പരിചയപ്പെട്ടും സ്വയം കണ്ടെത്തിയും ഒക്കെ അനുഭവിക്കണം. ഇത് നിങ്ങളുടെ യാത്രകലെ കൂടുതല്‍ മനോഹരമാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

വലിയ ഹോട്ടലുകളില്‍ കയറുന്നത്
യാത്രകളില്‍ പലപ്പോഴും സംഭവിക്കുന്ന അബദ്ധങ്ങളിലൊന്നാണിത്. പോകുന്ന സ്ഥലത്തെക്കുറിച്ച് വായിക്കുമ്പോള്‍ അവിടുത്തെ ഏറ്റവും വലിയ ഹോട്ടലുകള്‍ തന്നെ ആളുകള്‍ സജസ്റ്റ് ചെയ്തിരിക്കുന്നതു കണ്ട് അവിടെ പോകുന്നതും അല്ലെങ്കില്‍ നമ്മുടെ ലക്ഷ്യസ്ഥാനത്തെ ഏറ്റവും വലിയ ഹോട്ടലുകളില്‍ കയറുന്നതും. പോക്കറ്റ് കാലിയാക്കുവാനും യാത്രയെ മുഴുവന്‍ വിഷമിപ്പിക്കുവാനും ഈ ഒരു തീരുമാനത്തിനു സാധിച്ചേക്കും. പലപ്പോഴും പെട്ടന്നൊരു തീരുമാനമെടുക്കുവാന്‍ പറ്റാതെ ഏറ്റവും അടുത്തും എളുപ്പവുമുള്ള വലിയ ഹോട്ടലുകളില്‍ നമ്മള്‍ കയറാറുണ്ട്. കയറുന്നിടത്ത് പ്രാദേശിക ആളുകളേക്കാള്‍ കൂടുതല്‍ വിനോദസഞ്ചാരികളാണെങ്കില്‍ അവിടുത്തെ വിലനിലവാരം പൊതുവെ കൂടുതലായിരിക്കുമെന്നൊരു നീരീക്ഷണമുണ്ട്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ പ്രദേശവാസികള്‍ക്കിടയില്‍ പ്രസിദ്ധമായ സ്ഥലങ്ങള്‍ കഴിക്കുവാനായി തിരഞ്ഞെടുക്കാം.

പ്രാദേശിക ഗതാഗത മാര്‍ഗ്ഗങ്ങള്‍ മറക്കുന്നത്
പലപ്പോഴും ആദ്യമായി വിദേശയാത്ര പോകുന്നവര്‍ കൂടുതല് പണം ചിലവഴിക്കുന്നത് ടാക്സികള്‍ക്കായി ആയിരിക്കും. വിമാനത്താവളത്തില്‍ നിന്നും ഹോട്ടലിലേക്കും മറ്റു യാത്രകള്‍ക്കായുമെല്ലാം നമ്മള്‍ എളുപ്പമെന്ന് വിചാരിച്ച് ടാക്സികളെ ആശ്രയിക്കുമെങ്കിലും ചിലവ് വളരെ അധികമായിരിക്കും. എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ട്രെയിനായും ബസ് ആയുമെല്ലാം പ്രാദേശിക ട്രാന്‍സിറ്റ് സേവനങ്ങള്‍ ലഭ്യമായിരിക്കും. ഇത്തരം മാര്‍ഗ്ഗങ്ങളെ ആശ്രയിക്കുന്നത് യാത്രയിലെ ചിലവ് കുറയ്ക്കുവാനും പ്രാദേശികമായി കൂടുതല്‍ അറിയുന്നതിനും സഹായിക്കും.

കുറച്ച് സമയവും കൂടുതല്‍ ഇടങ്ങളും
ഒരു നഗരത്തില്‍ എങ്ങനെ 24 മണിക്കൂര്‍ ചിലവഴിക്കാം എന്നതിന് പല ഗൈഡുകളും നമ്മള്‍ കണ്ടിട്ടുണ്ടാവും. ഒരിടത്തു നിന്നും മറ്റൊന്നിലേക്ക് വേഗത്തിലുള്ള യാത്രകളില്‍ വളരെ കുറഞ്ഞ സമയം മാത്രമായിരിക്കും ഓരോ സ്ഥലത്തിനായും മാറ്റിവയ്ക്കുവാന്‍ സാധിക്കുക. പലപ്പോഴും ചില സ്ഥലങ്ങള്‍ അങ്ങനെ വേഗത്തില്‍ കണ്ടുപോകുവാന്‍ സാധിക്കുന്നവയല്ല. ഇങ്ങനെയുള്ള അവസങ്ങളിലാണ് സ്ലോ ട്രാവലില്‍റെ പ്രാധാന്യം അറിഞ്ഞിരിക്കേണ്ടത്. എല്ലായിടങ്ങളും ഓടിനടന്നു കാണുന്നതിനു പകരം സമയമെടുത്ത് ആ പ്രദേശത്തെ മുഴുവനായി അറിയുവാന്‍ പാകത്തില്‍ യാത്ര ചെയ്യുക.
യാത്രകളെ അനുഭവിക്കുവാന്‍ പുതിയ രീതി... 'സ്ലോ ട്രാവല്‍'... ഓടിവന്നു കണ്ടുപോവുകയല്ല.. ഇത് വേറെ!!

പ്രാദേശിക ഭാഷയിലുള്ള പ്രാവീണ്യം
ഒരു വിദേശയാത്രയ്‌ക്ക് പുറപ്പെടുന്നതിന് മുന്‍പ് അവിടുത്തെ കുറച്ച് സാധാരണ പദങ്ങളോ ശൈലികളോ പഠിച്ചിരിക്കുന്നത് വളരെ പ്രയോജനപ്രദമായ കാര്യമായിരിക്കും.യാത്ര ചെയ്യുമ്പോൾ, നാട്ടുകാരെ എങ്ങനെ അഭിവാദ്യം ചെയ്യണം, നന്ദി പറയണം, "എങ്ങനെയുണ്ട്?" തുടങ്ങിയ അടിസ്ഥാന ചോദ്യങ്ങൾ ചോദിക്കുന്നത് എങ്ങനെയെന്ന് അറിയുക. ഇംഗ്ലീഷ് വ്യാപകമായി സംസാരിക്കാത്ത പല രാജ്യങ്ങളിലും അവിടുത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കുന്നത് ഉപയോഗപ്രദമാണ്. പ്രാദേശിക ഭാഷയിൽ ആശയവിനിമയം നടത്താൻ ശ്രമിക്കുന്ന യാത്രക്കാരെ നാട്ടുകാർ തീർച്ചയായും അഭിനന്ദിക്കും.

യാത്രാ പ്ലാന്‍
ഏതു തരത്തിലുള്ള യാത്രയാണെങ്കിലും പോകുന്ന ഇടങ്ങളെക്കുറിച്ചും ആവശ്യമായ സമയത്തെക്കുറിച്ചും എന്തൊക്കെ കാണണം എന്നതിനെക്കുറിച്ചും ചെറുതായി ആസൂത്രണം ചെയ്യുക. ആദ്യമായി യാത്ര ചെയ്യുന്നവർക്ക് അവരുടെ യാത്രയ്ക്കിടയിൽ പല കാര്യങ്ങളും പുതിയ അനുഭവമായതിനാല്‍ പൊതുവേ താമസം വന്നേക്കാം. ഇത്തരം കാര്യങ്ങള്‍ നേരത്തെ മനസ്സിലാക്കി അറിഞ്ഞിരിക്കുക. യാത്രക്കാർ ഓരോ രാത്രിയും കൃത്യമായ വിശ്രമം ലഭിക്കുന്നതിനും ശരിയായ ഉറക്കം ലഭിക്കുന്നതിനും കഴിയുന്ന രീതിയില്‍ വേണം പ്ലാന്‍ ചെയ്യുവാന്‍.
ഓരോ ദിവസവും ഒരു ഘട്ടത്തിൽ അവരുടെ താമസസ്ഥലത്തേക്ക് മടങ്ങാനും യാത്രാ പ്ലാനില്‍ സമയം കണ്ടെത്തണം.

പാക്കിങ്
ആദ്യമായുള്ള വിദേശ യാത്രയില്‍ എന്തൊക്കെ എടുക്കണമെന്നും ഒഴിവാക്കണമെന്നും സംശയം വന്നേക്കാം. അതുകൊണ്ടുതന്നെ ആളുകള്‍ ആവശ്യമെന്നു കരുതി അനാവശ്യമായി പല സാധനങ്ങളും ബാഗില്‍ കൊണ്ടുപോകുന്നു. ഇത് പലപ്പോഴും അനാവശ്യമാണെന്നു മാത്രമല്ല, ചിലവും യാത്രയുടെ ബുദ്ധിമുട്ടും വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പോകുന്ന സ്ഥലത്തിന്‍റെ കാലാവസ്ഥയ്ക്കനുസരിച്ചു വേണം പാക്ക് ചെയ്യുവാന്‍. സാദാരണ വസ്ത്രങ്ങള്‍ അമിതമായി പാക്ക് ചെയ്യാതെ സ്മാര്‍ട് ആയി ബാഗ് പാക്ക് ചെയ്യുവാന്‍ പഠിക്കുക. പാക്ക് ചെയ്യുമ്പോള്‍ ചെക്ക് ലിസ്റ്റ് തയ്യാറാക്കി ആവശ്യമായവ മാത്രം എടുക്കുക.
മനസ്സിനും ശരീരത്തിനും ഉണര്‍വേകുന്ന സെൻവെഞ്ചർ...പോകാം ഈ യാത്രകള്‍ക്ക്
വീടു വേണോ സ്ഥലം വേണോ? പണമായും ലഭിക്കും... ആളുകളെ തേടി ഈ നഗരങ്ങള്‍.. താമസം മാറ്റിയാല്‍ മതി!!