അമിർതി
തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അമിർതി കാടുകൾ അതി വിശിഷ്ടമായ ജൈവ സമ്പത്തിനു പേരു കേട്ട കാടാണ്. അത്യപൂർവ്വങ്ങളായ സസ്യങ്ങൾ വളരുന്ന ഇവിടം ഗവേഷകരുടെയും സസ്യശാസ്ത്ര വിദ്യാർഥികളുടെയും പ്രിയപ്പെട്ട ഇടം കൂടിയാണ്. 25 കിലോമീറ്റർ വിസ്തൃതിയുള്ള അമിർതി കാടുകളുടെ ഒരു ഭാഗം വന്യജീവി സങ്കേതമായും ബാക്കിയുള്ളത് വിനോദ സഞ്ചാരത്തിനുമായി മാറ്റി വെച്ചിരിക്കുകയുമാണ്.
വിനോദ സഞ്ചാരത്തിന് ഏറെ പേരു കേട്ടതാണെങ്കിലും രാത്രി കാലങ്ങളിൽ ഒട്ടും സുരക്ഷിതമല്ലാത്ത ഇടമാണ്. ട്രക്കിങ്ങിനു ഏറെ പ്രശസ്തമായിരിക്കുന്ന ഈ കാടിനുള്ളിൽ ധാരാളം വെള്ളച്ചാട്ടങ്ങൾ കാണാം. ട്രക്കിങ്ങിന്റെ ആകർഷണവും ഈ കാടുകൾ തന്നെയാണ്.
PC:Owais
ലോങ് വുഡ് ചോല കാട്
ഊട്ടിയിൽ നീലഗിരിക്ക് സമീപം സ്ഥിതി ചെയ്യുന്ന അനേകം കാടുകളിൽ ഒന്നാണ് ലോങ് വുഡ് ചോല കാട. കോത്തഗിരിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഈ കാടുകൾ ഊട്ടിയുടെ മനോഹരമായ കാഴ്ചകൾക്കു പറ്റിയ ഇടം കൂടിയാണ്. വെറുതെ കാടു കണ്ടു മടങ്ങുന്നവർക്ക് ഒട്ടും യോജിച്ചതല്ല ഇവിടം. കാടിനുള്ളിലൂടെ ഉള്ള യാത്രയ്ക്കും യാത്രയിൽ അല്പം റിസ്ക് എടുക്കാൻ താല്പര്യമുള്ളവർക്കും പറ്റിയ ഇവിടം ട്രക്കിങ്ങിനു ഏറെ യോജിച്ച ഇടം കൂടിയാണ്. തമിഴ്നാട്ടിലെ എറ്റവും മനോഹരമായ കാടുകളുടെ കൂടെ മുന്‍പന്തിയിലാണ് ലോങ് വുഡ് ചോല കാടുകളുടെ സ്ഥാനവും.
PC:SeethaG
പുലിയൻ ചോല
ട്രിച്ചിയിൽ നിന്നും 72 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പുലിയൻ ചോലക്കാടുകൾ പ്രകൃതി ദത്തമായ കാഴ്ചകൾക്കു പേരുകേട്ട ഇടമാണ്. പച്ച നിറത്തിൽ തണുത്ത കാറ്റു വീശിക്കൊണ്ടിരിക്കുന്ന ഇവിടം ഒട്ടേറ സഞ്ചാരികളുടെ പ്രിയ കേന്ദ്രം കൂടിയാണ്. കാടിനകത്തുള്ള ചെറിയ വെള്ളച്ചാട്ടം ഇതിന്റെ ഭംഗി വർധിപ്പിക്കുന്ന ഒന്നുകൂടിയാണ്.
കൊല്ലിമലയുടെ താഴ്വാരത്തിൽ സ്ഥിതി ചെയ്യുന്ന പുളിയൻചോലയിൽ കരടി, പുലി, മാനുകൾ തുടങ്ങിയ ജീവികളെ കാണാം.
PC:cosmo_71
വെള്ളിമല
തേനിയിൽ നിന്നും 65 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വെള്ളിമല കൊടുംകാടുകളാൽ നിറഞ്ഞ ഒരിടമാണ്. പ്രകൃതി ദത്തമായ സമ്പത്തുകൾ ധാരാളം കാണുപ്പെടുന്ന ഇവിടം സ്റ്റേറ്റ് ഫോറസ്റ്റ് ഡിപ്പാർട്മെന്റിനു കീഴിൽ സംരക്ഷിക്കപ്പെടുന്ന ഒരിടം കൂടിയാണ്. 100 ഏക്കർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന ഇവിടെ അത്യപൂർവ്വങ്ങളായ ചെടികൾ സംരക്ഷിക്കപ്പെടുന്നു. ഔഷധസസ്യങ്ങളും പക്ഷികളുമുള്ള ഇവിടം പക്ഷി നിരീക്ഷകരുടെയും ഗവേഷകരുടെയും ഇഷ്ടപ്പെട്ട സ്ഥലം കൂടിയാണ്. താരതമ്യേന വരണ്ട ഭൂപ്രകൃതിയുള്ള കാടിനുള്ളിൽ രണ്ടു വലിയ ജലാശയങ്ങളുണ്ട്.
PC:Rajeshodayanchal
മുത്തുപേട്ടെ കണ്ടൽ കാട്
120 സ്ക്വയർ കിലോമീറ്റർ ദൂരത്തിൽ പരന്നു കിടക്കുന്ന മുത്തുപേട്ടെ കണ്ടൽ കാട് കണ്ടൽക്കാടുകൾ മാത്രമുള്ള ഇടമാണ്. കണ്ടൽക്കാടുകളുടെ മറ്റെങ്ങും ലഭിക്കാത്ത മനോഹരങ്ങളായ കാഴ്ചകളാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. ദേശാടന പക്ഷികൾ ധാരാളമായി എത്തിച്ചേരുന്ന ഇവിടെ ഏറ്റവും അധികം പക്ഷികൾ എത്തിച്ചേരുന്നത് നവംബർ-ഡിസംബർ മാസങ്ങളിലാണ്.
സൈബീരിയയിൽ നിന്നും റഷ്യ, ഇറാൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ഇവിടെ ദേശാടന പക്ഷികൾ എത്താറുണ്ട്.
PC:L. Shyamal