കാപ്പിയുടെ പൈസയ്ക്ക് വീട്.. ഇപ്പോൾ സൗജന്യ യാത്രയും!
സഞ്ചാരികളെ എത്തിക്കുവാനായി വളരെ വ്യത്യസ്തമായ പരിപാടികള്‍ എന്നും ഇറ്റലിയുടെ പ്രത്യേകതയാണ്. ഒരു കപ്പ് കാപ്പിയുടെ വിലയ്ക്ക് ഒരു വീട് നല്കുന്ന പരിപാടി നേരത്തെ ഇറ്റലിയിലെ വിവിധ പ്രദേശങ്ങൾ ചെയ്തിരുന്നു. ജനസംഖ്യ വളരെ കുറവുള്ള സ്ഥലങ്ങളിലേക്ക് ആളുകളെ താമസത്തിനായി ക്ഷണിക്കുക എന്ന ഉദ്ദേശത്തിലായിരുന്നു ഇത്. കൂടാതെ, അങ്ങോട്ടേയ്ക്ക് പണം നല്കി വിവാഹം നടത്തുവാൻ ഉള്ള ഓഫറുകളും ഇറ്റലി നല്കിയിരുന്നു.
ഈ പട്ടികയിലേക്ക് ഏറ്റവും പുതിയതായി വന്നിരിക്കുന്നത് സന്ദർശകരെ അങ്ങോട്ടേയ്ക്ക് പണം നല്കി വിനോദസഞ്ചാരത്തിനായി ആകർഷിക്കുന്ന പദ്ധതിയാണ്.
ഫ്രിയൂലി വെനീസിയ ഗിയൂലി
ഇറ്റലിയുടെ വടക്കേ അറ്റത്തുള്ള , ഫ്രിയൂലി വെനീസിയ ഗിയൂലി എന്ന പ്രദേശമാണ് യാത്രാ ചിലവുകളും സൗജന്യമാക്കിയും കിഴിവുകൾ നല്കിയും യാത്രക്കാരെ ആകർഷിക്കുവാൻ ഒരുങ്ങുന്നത്. ഇതിന്‍റെ ഭാഗമായി രാജ്യത്ത് എവിടേക്കു വേണമെങ്കിലും സൗജന്യമായി ട്രെയിൻ യാത്ര നടത്തുന്നതിനുള്ള ചിലവ് ഇവിടുത്തെ അധികൃതർ നല്കും. നിങ്ങളെ ഇവിടേക്ക് ആകർഷിക്കുവാന്‍ ഇതുപോരാ എന്നുണ്ടെങ്കിൽ ഇവർ നല്കുന്ന ബാക്കി ഓഫറുകൾ കൂടി നോക്കാം.
ട്രെയിൻ യാത്രക്കാർക്ക് നല്കുന്ന പ്രത്യേക കാർഡ് വഴി മ്യൂസിയങ്ങളിലേക്ക് സൗജന്യ പ്രവേശനം ഉറപ്പാക്കും. ഒപ്പംതന്നെ, സൗജന്യ യാത്രകളും ഗതാഗതവും മറ്റു സ്ഥലങ്ങളിലേക്കും ആകർഷണങ്ങളിലേക്കും കുറഞ്ഞ നിരക്കിൽ പ്രവേശനവും നല്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യാത്രക്കാർക്ക് അവർ തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനത്തും പരിസരത്തും ആയിരിക്കും ഈ സൗജന്യങ്ങൾ ലഭിക്കുക.
PC:Daniele Bucciarelli
ഏതൊക്കെ ട്രെയിനിൽ പോകാം?
റിപ്പോർട്ട് ചെയ്തതനുസരിച്ച് ഇറ്റാലിയൻ സർക്കാർ നടത്തുന്ന ട്രെയിൻ സർവീസുകളിലെല്ലാം ഈ സൗജ്യയാത്ര ലഭ്യമാകും. ഇതിൽ ട്രെനിറ്റാലിയ ട്രെയിനുകളിലും സാധാരണ റീജിയണൽ ലൈനുകൾ മുതൽ ഇന്റർസിറ്റി വരെയുള്ള അതിവേഗ ഫ്രെസ് ലൈനുകളും ഉൾപ്പെടുന്നു.
ട്രൈസ്റ്റെ, ഉഡിൻ നഗരങ്ങളിലോ ഗ്രാഡോയിലെ തീരദേശ റിസോർട്ടുകളിലോ എത്തിച്ചേരുന്ന ഏതൊരാൾക്കും ടൂറിസ്റ്റ് ബോർഡ് ട്രെയിൻ നിരക്ക് തിരികെ നൽകും.
ബുക്ക് ചെയ്യാം പാക്കേജ്
ഈ ആനുകൂല്യം ലഭ്യമാകുവാനായി ഒരു പാക്കേജ് മുൻകൂട്ടി ബുക്ക് ചെയ്തിരിക്കണം. രണ്ടു രാത്രിയിലെ താമസം ഉള്‍പ്പെടുന്ന പാക്കേജ് ബുക്ക് ചെയ്യുന്നവർക്കാണ് മേൽപ്പറഞ്ഞ ആനുകൂല്യങ്ങളും സൗജന്യ യാത്രയും ലഭ്യമാകുന്നത്. ഒരു സന്ദർശകൻ രണ്ട് രാത്രി പാക്കേജ് ബുക്ക് ചെയ്യുമ്പോൾ റിട്ടേൺ ടിക്കറ്റിന്റെ വില മൊത്തത്തിൽ നിന്ന് കിഴിവായി കുറയ്ക്കുമെന്ന് 'സിഎൻഎൻ' റിപ്പോർട്ട് ചെയ്തു. മേഖലയിലേക്ക് സുസ്ഥിര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന ഈ പദ്ധതി ഒക്ടോബർ 7 നാണ് ആരംഭിച്ചത്. 2023 മേയ് 31 വരെ ഇത് ലഭ്യമാകും.
പ്രമോഷനിൽ പങ്കെടുക്കുന്ന ഹോട്ടലുകളുടെയും അതിഥി മന്ദിരങ്ങളുടെയും ലിസ്റ്റ് PromoTurismoFVG വെബ്‌സൈറ്റിലോ ട്രാവൽ വൺ വെബ്‌സൈറ്റിലോ കാണാം.
PC:Alberto Della Mora
കിഴിവുകൾ നിരവധി
അമ്യൂസ്‌മെന്റ് പാർക്കുകൾ, ബീച്ചുകൾ, നീന്തൽക്കുളങ്ങൾ, ഗൈഡഡ് ടൂറുകൾ, നഗരത്തിലെ ഒന്നാം നൂറ്റാണ്ടിലെ റോമൻ തിയേറ്റർ, ട്രീസ്‌റ്റെയിലെ ഡ്യുവോമോ തുടങ്ങിയ ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങൾ, റിസർവ് പോലുള്ള മറ്റ് ടൂറിസ്റ്റ് സേവനങ്ങളിലും പാക്കേജ് പ്രകാരം നിങ്ങൾക്ക് ലഭിക്കുന്ന കാർഡ് വഴി പ്രത്യേക കിഴിവുകൾ നൽകും. ഗ്രാൻഡ് ടീട്രോ വെർഡി ഓപ്പറ ഹൗസ് തുടങ്ങിയ ഇടങ്ങളിൽ ഈ കിഴിവുണ്ട്. ട്രാവൽ വൺ വെബ്‌സൈറ്റ് അനുസരിച്ച്, പങ്കെടുക്കുന്നവർക്ക് പ്രാദേശിക ക്രൂയിസുകളിലും കിഴിവുകൾ ലഭിക്കും.
PC:Joshua Rondeau
ഏറ്റവും കുറവ് സഞ്ചാരികളെത്തുന്നിടം
കാഴ്ചയിലും ഭംഗിയിലും ഫ്രിയൂലി വെനീസിയ ഗിയൂലി പകരം വയ്ക്കുവാനില്ലാത്ത പ്രദേശമാമെണെങ്കിലും ഇവിടെയെത്തുന്ന സഞ്ചാരികൾ എണ്ണത്തിൽ വളരെ കുറവാണ്.
PC:Tommaso Urli
കാഴ്ചകൾ ഇഷ്ടംപോലെ
ഇറ്റലി എന്നു കേള്‍ക്കുമ്പോൾ നിങ്ങളുടെ മനസ്സിലെത്തുന്ന എല്ലാത്തരം കാഴ്ചകളും യാത്രാനുഭവങ്ങളും ഫ്രിയൂലി വെനീസിയ ഗിയൂലി നിങ്ങൾക്ക് നല്കും. ഇവിടുത്തെ കാലാവസ്ഥയും ഭൂപ്രകൃതിയു ഏറെ സവിശേഷമാണ്. പ്രദേശത്തിന്റെ ഓരോ ഭാഗത്തും അത് ഓഷ്യാനിക് ആണെങ്കിലും ആൽപൈൻ കോണ്ടിനെന്റൽ ആണെങ്കിലും കാലാവസ്ഥ വളരെ വ്യത്യസ്തമായിരിക്കും. പ്രകൃതിമനോഹാരിതയാണ് ഇവിടെ എടുത്തുപറയേണ്ട മറ്റൊന്ന്. പർവ്വതങ്ങൾ, തടാകങ്ങൾ, പുൽമേടുകൾ, നദികൾ, പൈൻ മരക്കാടുകൾ, അരുവികൾ എന്നിങ്ങനെ ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്.
മോണ്ടെ സോങ്കോളൻ, ടാർവിസിയോ, സെല്ല നെവിയ, ഫോർണി ഡി സോപ്ര, പിയാൻകവല്ലോ തുടങ്ങിയ സ്ഥലങ്ങളും എടുത്തുപറയേണ്ടവയാണ്.
PC:elisa andreassi
വെനീസിൽ പ്രവേശിക്കുവാൻ പണം നല്കണം
മിക്ക ഇടങ്ങളും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുവാൻ സൗജന്യങ്ങൾ ഉറപ്പുവരുത്തുമ്പോൾ സഞ്ചാരികളെ പരമാവധി കുറയ്ക്കുവാനാണ് ഇറ്റാലിയൻ നഗരമായ വെനീസ് ശ്രദ്ധിക്കുന്നത്. വെനീസിൽ പ്രവേശിക്കുവാനും സമയം ചിലവഴിക്കുവാനും സഞ്ചാരികൾ ടൂറിസ്റ്റ് ടാക്സ് നല്കേണ്ടി വരും. 2023 ജനുവരി 1 മുതൽ വെനീസ് സന്ദർശിക്കാൻ ആഗ്രഹിക്കുന്ന എല്ലാ യാത്രക്കാർക്കും ഫീസ് ഈടാക്കുമെന്ന് നേരത്തെ അധികൃതർ സൂചിപ്പിച്ചിരുന്നു
290.72 രൂപയാണ് ഇവിടെ ഒരു രാത്രി ചിലവഴിക്കുവാനായി നഗരം വിനോദസഞ്ചാരികകളില്‍ നിന്നും ടാക്സ് ആയി ഈടാക്കുന്നത്.