ഗീതാ ഭവന്‍, ഋഷികേശ്
ഇന്ത്യയുടെ സാഹസികതലസ്ഥാനവും യോഗാ തലസ്ഥാനവുമായ ഋഷികേശ് എല്ലാതരത്തിലുള്ള സഞ്ചാരികളെയും ആകര്‍ഷിക്കുന്ന സ്ഥലമാണ്. ഋഷികേശിന്‍റെ നദീതീരത്ത് രാം ഝൂലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഗീതാഭവന്‍ ഋഷികേശിലെത്തുന്ന സഞ്ചാരികള്‍ക്ക് സൗജന്യ താമസം വാഗ്ദാനം ചെയ്യുന്ന സ്ഥലമാണ്. ഹിമാലയത്തിന്റെ ഹൃദയഭാഗത്തുള്ള ആശ്രമത്തിൽ സന്ദര്‍ശകര്‍ക്കായി ആയിരത്തിലധികം മുറികള്‍ ലഭ്യമാണ്. സൗജന്യമായി സന്ദര്‍ശകരെ താമസിപ്പിക്കുന്നതാണ് ഈ ആയിരം മുറികളും. ലക്ഷ്മി നാരായൺ ക്ഷേത്രവും ആയുർവേദ വകുപ്പും ഒരു പുസ്തകശാലയും ആശ്രമ സമുച്ചയത്തിലുണ്ട്. അതിഥികൾക്ക് ആശ്രമത്തിൽ ശുദ്ധമായ സസ്യാഹാരവും ലഭിക്കും. സാധാരണയായി തീര്‍ത്ഥാടനത്തിനും ധ്യാനത്തിനുമായി വരുന്നവര്‍ ഇവിടെയാണ് താമസത്തിനായി തിരഞ്ഞെടുക്കുന്നത്.
ഭാരത് ഹെറിറ്റേജ് സര്‍വീസസ്, ഋഷികേശ്
ഋഷികേശില്‍ തന്നെ സൗജന്യതാമസം നല്കുന്ന മറ്റൊരു സ്ഥലമാണ് ഭാരത് ഹെറിറ്റേജ് സര്‍വീസസ്. യോഗയുമായി ബന്ധപ്പെട്ട നിരവധി കോഴ്സുകള്‍ നടത്തുന്ന ഇവിടെ സന്നദ്ധസേവന പരിപാടികളിൽ പങ്കെടുത്ത് സൗജന്യമായി താമസിക്കുവാന്‍ കഴിയും, സന്തോഷകരവും ആരോഗ്യകരവുമായ ജീവിതശൈലി ഉറപ്പാക്കുന്നതിന് ശരീരവും മനസ്സും സുഖപ്പെടുത്തുന്ന കോഴ്സുകളാണ് ഇവിടെയുള്ളത്. ഋഷികേശില്‍ ഹരിദ്വാര്‍ റോഡിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
ഗംഗാ നദിയുടെ നടപ്പാതയിൽ നിന്ന് 2 മിനിറ്റ് നടക്കാവുന്ന ദൂരത്തിൽ ഒരു റെസിഡൻഷ്യൽ കോളനിയിലാണ് ഭാരത് ഹെറിറ്റേജ് സര്‍വീസസ് ആശ്രമം സ്ഥിതി ചെയ്യുന്നത്. ഈ റൂട്ടിലൂടെ നടന്ന് നിങ്ങൾക്ക് സിറ്റി സെന്റർ - ത്രിവേണി ഘട്ട്, രാംജൂല എന്നിവിടങ്ങളിലേക്കും പോകാം. സ്വാമി റാം ആശ്രമം, എയിംസ്, സീമ ഡെന്റൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, ബാരേജ് ബ്രിഡ്ജ്, ഹോട്ടൽ ഗംഗ കിനാരെ എന്നിവയ്ക്ക് സമീപമാണ് ഇത്.
PC:Instant Manner
ഇഷാ ഫൗണ്ടേഷന്‍, കോയമ്പത്തൂര്‍
വെള്ളിയാങ്കിരി മലനിരകളുടെ പശ്ചാത്തലത്തില്‍ സ്ഥിതി ചെയ്യുന്ന ഷാ ഫൗണ്ടേഷന്‍ കോയമ്പത്തൂരിലാണ് ഉള്ളത്. ആദിയോഗി ശിവന്റെ മഹത്തായ പ്രതിമ സ്ഥിതി ചെയ്യുന്ന സദ്ഗുരുവിന്റെ ആത്മീയ കേന്ദ്രമാണിത്. സന്നദ്ധസേവന പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് ആശ്രമത്തിലെ ഡോർമിറ്ററിയില്‍ സൗജന്യ താമസം ലഭ്യമാണ്.
PC:Prabhuthiru57
ശ്രീ രമണാശ്രമം, തമിഴ്നാട്
സഞ്ചാരികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും സൗജന്യതാമസം നല്കുന്ന മറ്റൊരു ആശ്രമാമണ് തമിഴ്നാട് തിരുവണ്ണാമലയ്ക്ക് സമീപമുള്ള ശ്രീ രമണാശ്രമം. തിരുവണ്ണാമലൈ മലനിരകളിലെ ഇവിടെ ഭഗവാന്റെ പ്രതിഷ്ഠയുണ്ട്. ചുറ്റും ഒരു പൂന്തോട്ടമുണ്ട്, അതിൽ ഒരു ലൈബ്രറിയും ഉണ്ട്. ശ്രീഭഗവാന്റെ ഭക്തർക്ക് ഇവിടെ സൗജന്യമായി തങ്ങാനും സസ്യാഹാരം ആസ്വദിക്കാനും കഴിയും. എന്നാല്‍ അവരുടെ സന്ദർശനത്തിന് ആറാഴ്ച മുമ്പെങ്കിലും അവരുടെ താമസം ഉറപ്പാക്കേണ്ടതുണ്ട്.
PC:Omkar Jadhav
ആനന്ദാശ്രമം, കാഞ്ഞങ്ങാട്
കേരളത്തില്‍ സൗജന്യതാമസം നല്കുന്ന ആശ്രമം കാസര്‍കോഡ് ജില്ലയില്‍ കാഞ്ഞങ്ങാടിന് സമീപം സ്ഥിതി ചെയ്യുന്ന ആനന്ദാശ്രമാണ്. പാസ്റ്ററൽ ശൈലിയിൽ നിർമ്മിച്ച ആനന്ദാശ്രമം പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന നിര്‍മ്മിതിയാണ്. പച്ചപ്പിന് നടുവിലാണ് ആനന്ദാശ്രമം. താമസത്തോടൊപ്പം അവിടെത്തന്നെ പാചകം ചെയ്ത ഭക്ഷണവും സന്ദര്‍ശകര്‍ക്ക് ലഭിക്കും, 1939ല്‍ വൈഷ്ണവ സന്യാസിയായിരുന്ന സ്വാമി രാംദാസാണ് ഈ ആശ്രമം സ്ഥാപിച്ചത്. ധ്യാനത്തിനും ആത്മീയപഠനങ്ങള്‍ക്കും ആനന്ദാശ്രമം ഏറെ പ്രസിദ്ധമാണ്. ഇവിടെ താമസിച്ച് ധ്യാനിക്കുവാനും സൗകര്യമുണ്ട്.