കനകോന, ഗോവ
തെക്കന്‍ ഗോവയില്‍ സ്ഥിതി ചെയ്യുന്ന കനകോന സഞ്ചാരികളാല്‍ അത്രയധികമൊന്നും 'എക്സ്പ്ലോര്‍' ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ഇവിടുത്തെ കാഴ്ചകള്‍ ഗോവയിലെ മറ്റു പല കിടിലന്‍ ബീച്ചുകളോടും കിടപിടിക്കുന്നവയാണ്. അഗോണ്ട ബീച്ച്, ബട്ടര്‍ഫ്ലൈ ബീച്ച്. പാലോലം ബീച്ച് എന്നിവയാണ് ഇവിടുത്തെ പ്രധാന ബീച്ചുകള്‍. ഇവയ്ക്കെല്ലാമുള്ള പ്രത്യേകത കടലിനോട് ചേര്‍ന്നും കുന്നുകളും പച്ചപ്പും ഉണ്ട് എന്നതാണ്. ബീച്ചിനു ഒരുവശത്ത് അറ്റമില്ലാതെ പരന്നു കിടക്കുന്ന കടലും മറുവശത്ത് പച്ചപ്പു നിറഞ്ഞ കുന്നുകളുമാണ് ഇവിടെ കാണുവാനുള്ളത്.
ബേക്കല്‍
കേരളത്തിലെ ഏറ്റവും മംനോഹരമായ ബീച്ചുകളില്‍ ഒന്നാണ് കാസര്‍കോഡ് ജില്ലയിലെ ബേക്കല്‍ ബീച്ച്. ചരിത്രമുറങ്ങുന്ന ബേക്കല്‍ കോട്ടയോട് ചേര്‍ന്നാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. ബീച്ചിനോട് തൊട്ടുചേര്‍ന്ന് പച്ചപ്പു നിറഞ്ഞ കുന്നുകള്‍ കാണാം എന്നതാണ് ഇവിടുത്തെ സവിശേഷത. സമീപത്തുള്ള ചെറിയ ബീച്ചുകള്‍ക്കു സമീപവും ചെറിയ കുന്നുകളും മലകളുമുണ്ട്. ഇതു കൂടാതെ ബീച്ച് ട്രക്കിങ്ങിനായി പ്രത്യേക പാക്കേജുകളും ഇവിടെ ലഭ്യമാണ്. കാസര്‍കോഡിന്ററ അതിമനോഹരമായ ഗ്രാമങ്ങളെ കണ്ടുള്ള യാത്രയാണിത്. ബേക്കല്‍ കോട്ടയില്‍ നിന്നു തുടങ്ങി തിരികെ ബേക്കല്‍ ബീച്ചിലെ സൂര്യാസ്മയത്തോടൂ കൂടിയാണിത് അവസാനിക്കുന്നത്.
ഗോകര്‍ണ്ണ
തിരക്കുകളെല്ലാം മാററിവെച്ച ആത്മീയതയിലും പ്രകൃതിയിലുമൂന്നിയ യാത്രയാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ ഇതില്‍ കടലിന്‍റെയും കുന്നിന്‍റെയും കാഴ്ചകള്‍ കൂടി നിറയ്ക്കാം. അതിനായി ഗോകര്‍ണ്ണ തിരഞ്ഞെടുക്കാം. കടലിന്റെയും കാടിന്റെയും കാഴ്ചകള്‍ ഒറ്റ ഫ്രെയിമില്‍ ഏറ്റവും മനോഹരമായ രീതിയില്‍ കാണിച്ചു തരുന്ന ഇടമാണ് ഗോകര്‍ണ്ണ. ആത്മീയതയുടെ സംഗമ കേന്ദ്രവും ഹിപ്പികളുടെ വാസസ്ഥാനവുമായ ഗോകര്‍ണ്ണ ബീച്ച് ട്രക്കിന്‍റെ കേന്ദ്രം കൂടിയാണ്. കടലില്‍ നിന്നു നോക്കിയാല്‍ കാടും കാട്ടില്‍ നിന്നും നോക്കിയാല്‍ കടലും കാണുന്ന വ്യത്യസ്തമായ യാത്രാനുഭവം ആണ് ഗോകര്‍ണ്ണയിലുള്ളത്. കാടിന്റെയും കടലിന്റെയും അനുഭവങ്ങള്‍ ചേര്‍ത്തുള്ള ബീച്ച് ട്രക്കിങ്ങും ഇവിടെയുണ്ട്.
PC: Axis of eran
ഡപോളി, മഹാരാഷ്ട്ര
മഹാരാഷ്ട്രയിലെ രത്നഗിരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഡപോളി ബീച്ചും പച്ചപ്പും കടല്‍ക്കാഴ്ചകളും കൊണ്ട് സമ്പന്നമാണ്. കൊങ്കണ്‍ തീരത്തെ ഏറ്റവും നീളമേറിയ ബീച്ചും ഡപോളിയാണ്. ബീച്ച് ട്രക്കിങ്ങിന്റെ മറ്റൊരു വേര്‍ഷനാണ് ഇവിടെ ആസ്വദിക്കുവാനുള്ളത്. പച്ചപ്പു നിറഞ്ഞ കുന്ന് കടലിനെ ചെന്നു തൊടുന്നയിടം കൂടിയാണണ് ഡപോളി. പൻഹാലേക്ജി ഗുഹയും മുരുഡും ബീച്ചും ഇവിടുത്തെ മറ്റു കാഴ്ചകളാണ്.
എലിഫന്‍റ് ബീച്ച്, ആന്‍ഡമാന്‍
സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് ആന്‍ഡമാന്‍. ഇവിടുത്തെ ഓരോ കാഴ്ചകള്‍ക്കും ഓരോ കഥകളും സവിശേഷതകളുമുണ്ട്. പവിഴപ്പുറ്റുകളാണ് ഇവിടുത്ത മറ്റൊരു മനോഹരമായ കാഴ്ച. വാട്ടര്‍ സ്പോര്‍ട്സില്‍ താല്പര്യമുള്ളവര്‍ക്ക് ഏറ്റവുമധികം സാധ്യതകളുള്ള ഇടമാണ് എലിഫന്റ് ബീച്ച്. സ്പീഡ് ബോട്ടിങ്, സ്നോര്‍ക്കലിങ്, സീ വാക്ക് തുടങ്ങിയവയ്ക്കൊക്കെ ഇവിടെ അവസരമുണ്ട്. ഇവിടുത്തെ പ്രധാന ആകര്‍ഷണം എന്നു പറയുന്നത് ബീച്ചിനോട് ചേര്‍ന്നുള്ള കാടിന്റെ കാഴ്ചകളാണ്. പച്ചപ്പു നിറഞ്ഞ പര്‍വ്വതകളും കാടും മരക്കൂട്ടങ്ങളുമെല്ലാം ഇവിടെ കാണാം. ട്രക്കിങ്ങാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആക്റ്റിവിറ്റി.
PC:Prabhupj
യാരഡാ
വിശാഖപട്ടണത്ത് നിന്ന് 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന യാരദ ബംഗാൾ ഉൾക്കടലിന്റെ പടിഞ്ഞാറൻ തീരത്തുള്ള ഒരു മനോഹരമായ ബീച്ചാണ്. ബീച്ചിന്‍റെ മൂന്നു ഭാഗത്തും മലനിരകളും ഉണ്ട്. ബീച്ചില്‍ നിന്നും കുന്നുകയറി ആരംഭിക്കുന്ന ട്രക്കിങ് ഡോള്‍ഫിന്‍ നോസ് എന്നറിയപ്പെടുന്ന കുന്നിലാണ് അവസാനിക്കുന്നത്. ഡോള്‍ഫിന്‍റെ മൂക്കു പോലെ കുന്നിന്റെ കാഴ്ച തോന്നിക്കുന്നതിനാലാണ് ഈ പേര്,
PC:Krishna Potluri