ഒന്നാമത് ചൈന തന്നെ
ലോകത്തിൽ ഏറ്റവുമധികം നിരീക്ഷണ ക്യാമറകൾ ഉള്ള രാജ്യം ചൈനയാണെന്നാണ് കംപാരിടെക്കിന്റെ പുതിയ റിപ്പോർട്ട് പറയുന്നത്. ചൈനയിലെ നഗരങ്ങളെല്ലാം തന്നെ ഏറ്റവും മികച്ച സിസിടിവികളുടെ നിരീക്ഷണത്തിലാണ്. 1,000 ആളുകൾക്ക് ക്യാമറകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി നോക്കിയാൽ ചൈനയിൽ 372.8 ക്യാമറകളാണ് ആയിരം ആളുകൾക്കുവേണ്ടിയുള്ളത്. മറ്റുചില കണക്കുകൾ അനുസരിച്ച്, ലോകത്തിലെ ക്യാമറകളിൽ 54 ശതമാനവും ചൈനയിലാണ് സ്ഥിതി ചെയ്യുന്നത്.
ഇൻഡോർ
ആയിരം ആളുകൾക്ക് ഉള്ള ക്യാമറകളുടെ എണ്ണത്തെ ആധാരമാക്കിയുള്ള റിപ്പോർട്ടിൽ ചൈന കഴിഞ്ഞുള്ള സ്ഥാനത്ത് നിൽക്കുന്നത് ഇന്ത്യയിൽ നിന്നുള്ള ഇൻഡോർ നഗരമാണ്. 3,208,722 ആളുകൾക്ക് 200,600 ക്യാമറകൾ ആണ് നഗരത്തിലുള്ളത്. അതായത്, 1,000 ആളുകൾക്ക് 62.52 ക്യാമറകൾ ഉണ്ട്.
മധ്യ പ്രദേശിലെ ഏറ്റവും വലുതും കൂടുതൽ ജനസംഖ്യയുള്ളതുമായ നഗരമാണ് ഇൻഡോർ. വളരെ വേഗത്തിൽ വളർന്നുകൊണ്ടിരിക്കുന്ന നഗരം കൂടിയാണിത്. കൈത്തി വ്യവസായം, രാത്രി ജീവിതം, കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ തുടങ്ങിയവയാണ് ഇൻഡോറിനെ പ്രസിദ്ധമാക്കുന്ന കാര്യങ്ങൾ.
PC:DeepakNigam3
ഹൈദരാബാദ്
പട്ടികയിൽ ഇടം നേടിയിരിക്കുന്ന അടുത്ത നഗരവും ഇന്ത്യയിൽ നിന്നുള്ളത് തന്നെയാണ്. തെലുങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ 10,534,418 ആളുകൾക്ക് 440,299 ക്യാമറകൾ ആണുള്ളത്. അതായത്, 1,000 ആളുകൾക്ക് 41.8 ക്യാമറകൾ ഇവിടെ കണക്കിൽപെട്ടിട്ടുണ്ട്.
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിനോദസഞ്ചാര ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ഹൈദരാബാദ് അതിന്റെ ചരിത്രസ്മാരകങ്ങൾക്കും രുചികൾക്കും ആണ് പേരുകേട്ടിരിക്കുന്നത്.
ഡൽഹി
ചൈനയിലെ നഗരങ്ങളെ ഒഴിവാക്കിയുള്ള പട്ടികയിൽ മൂന്നാം സ്ഥാനം നേടിയിരിക്കുന്നതു ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയാണ്. 16,349,831 ആളുകൾക്ക് 436,600 ക്യാമറകൾ ആണ് നഗരത്തിലങ്ങോളമിങ്ങോളമുള്ളത്. അതായത്, 1,000 ആളുകൾക്ക് 26.7 ക്യാമറകൾ ഡല്‍ഹിയിലുണ്ട്.
രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായ ഡൽഹി അതിൻറെ ചരിത്രത്തിനും ചരിത്രസ്മാരകങ്ങൾക്കും ആണ് പ്രസിദ്ധമായിരിക്കുന്നത്. ഇവിടുത്തെ മാര്‍ക്കറ്റുകളും ശവകുടീരങ്ങളും പുരാതന നിർമ്മിതികളും രുചിയിടങ്ങളുമെല്ലാം സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്.
PC:Sahil
ചെന്നൈ
പട്ടികയിലെ ഏറ്റവും കൂടുതൽ സിസിടിവി ക്യാമറകളുള്ള നാലാമത്തെ നഗരം തമിഴ്നാട്ടിലെ ചെന്നൈ ആണ്. 11,503,293 ആളുകൾക്ക് 282,126 ക്യാമറകൾ ഇവിടെയുണ്ട്. അതായത്, 1,000 ആളുകൾക്ക് 24.53 ക്യാമറകൾ നഗരത്തിൽ കാണാം.
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിൽ ഒന്നും ഏറ്റവും അധികം സഞ്ചാരികൾ എത്തുന്നതുമായ നഗരങ്ങളിൽ ഒന്നാണ് ചെന്നൈ. പുരാതനമായ ക്ഷേത്രങ്ങൾ, കടൽത്തീരം, ചരിത്രസ്ഥാനങ്ങൾ, കല തുടങ്ങിയവയ്ക്കാണ് നഗരം പേരുകേട്ടിരിക്കുന്നത്.
സിംഗപ്പൂർ
സിംഗപ്പൂരിൽ 6,039,577 ആളുകൾക്ക് 108,981 ക്യാമറകൾ ആണു സ്ഥാപിച്ചിട്ടുള്ളത്. അതായത്, 1,000 ആളുകൾക്ക് 18.04 ക്യാമറകൾ നഗരത്തിൽ കാണാം. ലോകത്തിലെ നഗര-സംസ്ഥാനങ്ങളിൽ ഒന്നായ ഇവിടം ഏറ്റവം സമ്പന്നമായ രാജ്യങ്ങളിലൊന്നും ഏറ്റവും മികച്ച ജീവിതനിലവാരമുള്ള ജനതകളിലൊന്നുമാണ്. തെക്കു കിഴക്കെ ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യമാണ് സിംഗപ്പൂര്‍
മോസ്കോ
സിംഗപ്പൂർ കഴിഞ്ഞാൽ ഏറ്റവുമധികം സിസിടിവി ക്യാമറകൾ ഉള്ള നഗരം റഷ്യയിലെ മോസ്കോ ആണ്. 12,640,818 ആളുകൾക്ക് 213,000 ക്യാമറകൾ നഗരത്തിൽ കാണാം. അതിനര്‍ത്ഥം 1,000 ആളുകൾക്ക് 16.85 ക്യാമറകൾ ആണുള്ളത്. യൂറോപ്പിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ മോസ്കോ ഏറ്റവും ആധുനിക ലോകനഗരങ്ങളിലൊന്നും അതേസമയം ചരിത്ര നഗരവും കൂടിയാണ്. ലോകത്തിലെ ഏറ്റവും മികച്ചതും സമയക്രമം പാലിക്കുന്നതുമായ പൊതുഗതാഗത സംവിധാനമാണ് മോസ്കോയുടെ എടുത്തുപറയേണ്ട പ്രത്യേകത.
ബാഗ്ദാദ്, ഇറാഖ്
ഇറാഖിലെ ബാഗ്ദാദും അതിന്റ നിരീക്ഷണ ക്യാമറകകളുടെ എണ്ണത്തിന‍്റെ പേരിൽ പ്രസിദ്ധമാണ്. 7,511,920 ആളുകൾക്ക് 120,000 ക്യാമറകൾ ഉണ്ട്. 1,000 ആളുകൾക്ക് 15.97 ക്യാമറകൾ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഈജിപ്തിലെ കെയ്റോ കഴിഞ്ഞാൽ ഏറ്റവും വലിയ അറബ് നഗരം കൂടിയാണ് ബാഗ്ദാദ്. 762-ൽ സ്ഥാപിതമായ ഈ നഗരം അറബ്ഇസ്ലാമിക നാഗരികതയുടെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക കേന്ദ്രമായാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും മഹത്തായ നഗരങ്ങളിൽ ഒന്നായും ഇതിനെ കണക്കാക്കുന്നു.
PC:Saad Salim
ലണ്ടൻ
തേംസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ലണ്ടൻ ഇതിന്റെ വൈവിധ്യമാർന്ന ചരിത്രത്തിനും സംസ്കാരത്തിനും പേരുകേട്ടിരിക്കുന്നു. 9,540,576 ആളുകൾക്ക് 127,373 ക്യാമറകൾ ആണ് ലണ്ടൻ നഗരത്തിലുള്ളത്. അതായത്, 1,000 ആളുകൾക്ക് 13.35 ക്യാമറകൾ ഉണ്ട്.
മ്യൂസിയങ്ങൾ, ഗാലറികൾ, പാർക്കുകൾ, ബിഗ് ബെൻ, ബക്കിംഗ്ഹാം കൊട്ടാരം, ബ്രിട്ടീഷ് മ്യൂസിയം എന്നിങ്ങനെ നിരവധി കാര്യങ്ങൾ നഗരത്തെ പ്രസിദ്ധമാക്കുന്നു.
സെന്റ് പീറ്റേഴ്സ്ബർഗ്, റഷ്യ
പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന രണ്ടാമത്തെ റഷ്യന്‍ നഗരമാണ് സെന്റ് പീറ്റേഴ്സ്ബർഗ്. ഇവിടെ 5,535,556 ആളുകൾക്ക് 70,000 ക്യാമറകൾ ആണുള്ളത്. അതായത്, 1,000 ആളുകൾക്ക് 12.65 ക്യാമറകൾ ഇവിടെയുണ്ട്.
റഷ്യയുടെ "യൂറോപ്പിലെ ജാലകം" എന്നാണ് ഇവിടം അറിയപ്പെടുന്നത്. സാർ പീറ്റർ ഒന്നാമൻ ആണ് ഈ നഗരം സ്ഥാപിച്ചത്. റഷ്യയുടെ സാംസ്കാരിക തലസ്ഥാനം കൂടിയാണിവിടം.
PC:Pujalin
ലോസ് ഏഞ്ചൽസ്
പട്ടികയിലെ പത്താമത്തെ നഗരമാണ് അമേരിക്കയിലെ ലോസ് ഏഞ്ചൽസ്. ഇവിടെ 34,959 ക്യാമറകൾ ആണ് 3,985,520 ആളുകൾക്കായി ഉള്ളത്. അതായത്, 1,000 ആളുകൾക്ക് 8.77 ക്യാമറകൾ കാണാം. അമേരിക്കയിലെ ഏറ്റവും ചിലവേറിയ നഗരങ്ങളിലൊന്നായ ഇവിടം ഹോളവുഡ് സ്റ്റാറുകളും ടിവി ഷോകളും ഭരിക്കുന്ന സ്ഥലമാണ്.
PC:Venti Views
റിപ്പോർട്ടിനാധാരം
ലോകെമ്പാടും നിന്നുള്ള 150 നഗരങ്ങളിലെ ഉപയോഗത്തിലുള്ള സിസിടിവി ക്യാമറകളുടെ എണ്ണം സംബന്ധിച്ചുള്ള കണക്കാണ് കാമ്പരിടെക് പുറത്തുവിട്ടത്. സർക്കാർ റിപ്പോർട്ടുകൾ, പോലീസ് വെബ്‌സൈറ്റുകൾ, വാർത്താ ലേഖനങ്ങൾ എന്നിവയുൾപ്പെടെയുള്ളവയിൽ നിന്നും ശേഖരിച്ച വിവരങ്ങളാണ് റിപ്പോർട്ടിനാധാരം. നിയമപാലകർ പോലുള്ള സർക്കാർ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന ക്യാമറകളുടെ വിവരങ്ങളാണ് പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.