വെനീസ്, ഇറ്റലി- വേൾഡ് ബ്യൂട്ടി സ്കോർ 83.3%
വേൾഡ് ഇൻഡക്‌സ് കണ്ടെത്തലുകൾ അനുസരിച്ച് 83.3% ബ്യൂട്ടി സ്കോറുമായി മുന്നിലെത്തിയിരിക്കുന്നത് ഇറ്റലിയിലെ വെനീസ് ആണ്. എങ്ങനെയെത്തി എന്ന ചോദ്യത്തിനുത്തരം വേണമെങ്കിൽ നഗരത്തിനു ചുറ്റും ഒന്നു കണ്ണോടിച്ചാൽ മതി. പഴയകാല കൊട്ടാരങ്ങൾ, ഇന്നും പുതുമ നഷ്ടപ്പെടാത്ത ദേവാലയങ്ങൾ, കനാലുകൾ.. കാഴ്ചകൾ ഒരുപാടുണ്ട് ഇവിടെ. കഴിഞ്ഞ പല നൂറ്റാണ്ടുകളായി ലോകത്തിലെ പ്രധാന നഗരങ്ങളിലൊന്നാണിത്. കലയ്ക്കും സംസ്കരാത്തിനും ഈ നഗരത്തോളം പ്രാധാന്യം നല്കിയ മറ്റിടങ്ങൾ ചുരുക്കമാണ്. 1987 മുതൽ വെനീസും ലഗൂണും യുനസ്കോയുടെ പൈതൃക സൈറ്റായി മാറിയിട്ടുണ്ട്.
റോം, ഇറ്റലി, ബ്യൂട്ടി സ്‌കോർ- 82%
വെനീസിനു തൊട്ടുപിന്നിലായി ഇറ്റലിയിലെ തന്നെ റോം ആണ്. ക്ലാസിക്കല്‍ നിർമ്മിതികളും കലകളും ആണ് റോമിന്റെ പ്രത്യേക. ടൈബർ നദിക്കരയിൽ ഏഴ് കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം നിത്യനഗരം എന്നാണ് അറിയപ്പെടുന്നത്. വത്തിക്കാൻ സിറ്റി, സിസ്റ്റൈൻ ചാപ്പൽ എന്നിങ്ങനെ ലോകത്തെ അത്ഭുതപ്പെടുത്തുന്ന നിർമ്മിതികളും മറ്റു ചത്വരങ്ങളുമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ചരിത്രം, കല, വാസ്തുവിദ്യ, സൗന്ദര്യം എന്നിങ്ങനെ ഏതെടുത്താലും ലോകനഗരങ്ങളോട് മത്സരിച്ചു നിൽക്കുവാൻ റോമിനു സാധിക്കും.
ബാഴ്‌സലോണ, സ്‌പെയിൻ, ബ്യൂട്ടി സ്കോർ- 81.9%
ലോകത്തിലെ ചരിത്ര നഗരങ്ങളിൽ മറ്റൊന്നാണ് മൂന്നാം സ്ഥാനം നേടിയ സ്പെയിനിലെ ബാർസിലോണ. ഇന്ന് യൂറോപ്പ് ഭൂഖണ്ഡത്തിലെ ഏറ്റവും പ്രശസ്തവും തിരക്കേറിയതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറുവാൻ ഇതിന് സാധിച്ചിട്ടുണ്ട്. നഗരക്കാഴ്ചകളിലെ ആകർഷണം അതിന്റെ ചരിത്രം, വാസ്തുവിദ്യ, കല, സംസ്കാരം, നിർമ്മിതി തുടങ്ങിയവയാണ്. ഇതു കൂടാതെ ബീച്ചിനും ഇവിടുത്തെ വ്യത്യസ്ത രുചികൾക്കും ആരാധകരേറെയുണ്ട്.
പ്രാഗ്, ചെക്ക് റിപ്പബ്ലിക്, ബ്യൂട്ടി സ്‌കോർ- 78.7%
ഒരു നഗരത്തിന് രാവു പകലും ഒരുപോലെ എത്ര മനോഹരമാകുവാൻ സാധിക്കുമോ അത്രയധികം ഭംഗിയുണ്ട് ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗ് എന്ന നഗരത്തിന്. ഇതിന്‍റെ ബ്യൂട്ടി സ്കോർ - 78.7% ആണ്. നിർമ്മിതിയിലെ വിസ്മയം തന്നെയാണ് നഗരത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഗോതിക് കോട്ടകൾ മുതൽ ബറോക്ക് കൊട്ടാരങ്ങൾ, വരെ അതിശയിപ്പിക്കുന്നതും മനോഹരവുമായ നിർമ്മിതികൾ ഇവിടെ കാണാം. പ്രാഗിനെ സഞ്ചാരികൾക്കിടയിൽ ആകർഷകമാക്കുന്നത് അതിന്റെ കുറഞ്ഞ ചിലവ് തന്നെയാണ്. ഇറ്റലി, ഫ്രാൻസ്, ഇംഗ്ലണ്ട്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ നഗരങ്ങളെക്കാളും വളരെ കുറഞ്ഞ ചിലവ് മതി ഇവിടെ ജീവിക്കുവാന്‍.
ന്യൂയോർക്ക്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ബ്യൂട്ടി സ്കോർ- 77.7%
ലോകത്തിലെ ചിലവേറിയ നഗരങ്ങളിലൊന്നായി കുപ്രസിദ്ധി നേടിയ നഗരമാണ് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂയോർക്ക്.ലോക ഫാഷൻ തലസ്ഥാനവും ധനകാര്യം, സംസ്കാരം എന്നിവയുടെ കേന്ദ്രമാണിത്. ലോകത്തിലെ ഏറ്റവു മികച്ച മ്യൂസിയങ്ങളായ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, ഗഗ്ഗൻഹൈം മ്യൂസിയം എന്നിവയുൾപ്പെടെ മികച്ച ചില മ്യൂസിയങ്ങളും ഈ നഗരത്തിലുണ്ട്. അംബരചുംബികളായ കെട്ടിടങ്ങളാണ് ന്യൂ യോർക്ക് നഗരത്തിന്റെ മുഖമുദ്ര. വലിയ പാർക്കുകൾ, വൈവിധ്യമാർന്ന ഭക്ഷണശാലകൾ എന്നിങ്ങനെ നിരവധി കാഴ്ചകൾ ഇവിടെ കാണാം.
ഏഥൻസ്, ഗ്രീസ്, ബ്യൂട്ടി സ്‌കോർ- 77.5%
ചരിത്രവും സംസ്കാരവും ഇടകലർന്നു നിൽക്കുന്ന ഏഥൻസ് ഗ്രീസിലെ ഏറ്റവും മനോഹര നഗരമാണ്. ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഏഥൻസ് ലോകസംസ്കാരത്തിന്റെ മാറ്റത്തിൽ ഏറെ പ്രാധാന്യം വഹിച്ച സ്ഥലമാണ്. നാഗരികതയുടെയും വാസ്തുവിദ്യയുടെയും കലയുടെയും അടയാളങ്ങളായി ഇന്നത്തെ ഏഥന്‍സിലെ ചരിത്ര ഇടങ്ങളെ കാണാം. പഴമയുടെയും പുതുമയുടെയും ഏറ്റവും മികച്ച കൂടിച്ചേരലാണ് ഏഥൻസിൽ കാണുവാനുള്ളത്.
ബുഡാപെസ്റ്റ്, ഹംഗറി, ബ്യൂട്ടി സ്‌കോർ- 75.9%
യൂറോപ്യൻ കാഴ്ചകളിൽ ഏറെ മനോഹരമായ ഇടമാണ് ഹംഗറിയിലെ ബുഡാപെസ്റ്റ്. ഡാന്യൂബ് നദിയുടെ ഇരുകരകളിലുമായി സ്ഥിതി ചെയ്യുന്ന നഗരം യഥാർത്ഥത്തിൽ രണ്ടു നഗരങ്ങൾ ചേരുന്നതാണ്. ബുധ,പെസ്റ്റ് എന്നിവയാണവ. കുളിപ്പുരകളുടെ നഗരമെന്നും കിഴക്കിന്‍റെ പാരീസ് എന്നും യൂറോപ്പിന്‍റെ ഫോട്ടോജെനിക് നഗരമെന്നും ബുഡാപെസ്റ്റ് അറിയപ്പെടുന്നു.
വിയന്ന, ഓസ്ട്രിയ, ബ്യൂട്ടി സ്കോർ- 75.8%
ലോകത്തിലെ ഏറ്റവും മനോഹരമായ നഗരങ്ങളിലൊന്ന് എന്ന് നിസംശയം പറയുവാന്‍ സാധിക്കുന്ന സ്ഥലമാണ് വിയന്ന. ഓസ്ട്രിയയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ വിയന്ന അതിമനോഹരമായ നിർമ്മിതികൾക്കും പ്രകൃതി കാഴ്ചകൾക്കുമാണ് പേരുകേട്ടിരിക്കുന്നത്. കലയും സംഗീതവും ആസ്വദിക്കുവാനും പ്രകൃതിയിലലിഞ്ഞ് സമയം ചിലവഴിക്കുവാനുമാണ് സഞ്ചാരികൾ ഇവിടേക്ക് വരുന്നത്. നിങ്ങൾ ഒരു വാരാന്ത്യമോ ഒരാഴ്ചയോ താമസിച്ചാലും വിയന്നയിൽ ചെയ്യേണ്ട കാര്യങ്ങൾ തീരുന്നില്ല.
ബോർഡോ, ഫ്രാൻസ്, ബ്യൂട്ടി സ്കോർ- 75.3 %
ലോകത്തിലെ മനോഹര നഗരങ്ങളുടെ പട്ടികയിൽ ഫ്രാൻസിൽ നിന്നും ഉൾപ്പെട്ടിരിക്കുന്നത് ബോർഡോ നഗരമാണ്. ഫ്രാൻസിനെ എന്നും പ്രസിദ്ധമാത്തുന്ന വീഞ്ഞും ഭക്ഷണവും തന്നെയാണ് ഇതിന്റെയും പ്രത്യേകത. എങ്കിലും ഇത് മാത്രമല്ല ഇവിടെ കാണുവാനുള്ളത്. ഗാലറികൾ, ഭക്ഷണ ശാലകൾ, ചരിത്ര നിർമ്മിതികൾ എന്നിവയും ഇവിടെ കാണാം.
മിലാൻ ഇറ്റലി, ബ്യൂട്ടി സ്കോർ- 75.1 %
ലോകത്തിലെ ഏറ്റനും മനോഹര നഗരങ്ങളിൽ പത്താം സ്ഥാനം നേടിയിരിക്കുന്നത് ഇറ്റലിയിലെ മിലാൻ ആണ്. പഴമയും പുതുമയും ഒരുപോലെ ചേർന്നു നിൽക്കുന്ന നഗരം അതിമനോഹരമായ നിർമ്മിതികൾക്ക് പ്രസിദ്ധമാണ്. ലാ സ്കാല ഓപ്പറ ഹൗസ്, ഡ്യുമോ കത്തീഡ്രൽ എന്നിവയുൾപ്പെടെ ഇറ്റലിയിലെ ഏറ്റവും പ്രശസ്തമായ ലാൻഡ്മാർക്കുകളിൽ ചിലതും ഈ നഗരത്തിലാണ്.