കര്‍പക വിനായകാര്‍ ക്ഷേത്രം
ഗണപതി ഭക്തരുടെ ഇടയില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജ്ജിച്ച ക്ഷേത്രമാണ് തമിഴ്നാട് ശിവഗംഗാ ജില്ലയിലെ കര്‍പക വിനായകാര്‍ ക്ഷേത്രം. ക്ഷേത്രം മാത്രമല്ല, ഒരു ഗ്രാമം മുഴുവനായി തന്നെ ഗണപതിയുടെ പേരില്‍ അറിയപ്പെടുന്ന ഇവിടം ഒരു ഗുഹാ ക്ഷേത്രം കൂടിയാണ്. കല്ലില്‍ കൊത്തിയിരിക്കുന്ന ശിവലിംഗവും മറ്റു ദൈവങ്ങളും അവരുടെ ചെറിയ കോവിലുകളുമെല്ലാം ഇവിടെ കാണാം. ബിസി 1091 നും 1238 നും ഇടയിലാണ് ഇത് നിര്‍മ്മിക്കപ്പെട്ടത് എന്നാണ് വിശ്വസിക്കുന്നത്. പാണ്ഡ്യ രാജാക്കന്മാരുടെ കാലത്താണ് ഈ ഗുഹാ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. ആറടി ഉയരത്തില്‍ കല്ലില്‍ തീര്‍ത്ത ഗണപതി വിഗ്രഹമുള്ള തമിഴ്നാട്ടിലെ ഏക ക്ഷേത്രം കൂടിയാണിത്.ഗുഹയ്ക്കുള്ളിലായാണ് ഇവിടെ ഗണപതി പ്രതിഷ്ഠയുള്ളത്. ഒരു എന്‍ജിഒ ട്രസ്റ്റിന്റ കീഴില്‍ ചെട്ടിയാര്‍ വിഭാഗക്കാര്‍ സംരക്ഷിക്കുന്ന ഒന്‍പത് ക്ഷേത്രങ്ങളിലൊന്നുകൂടിയാണിത്. പത്തു ദിവസമാണ് ഇവിടുത്തെ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ നീണ്ടു നില്‍ക്കുന്നത്.
PC:Sai DHananjayan Babu
സിദ്ധി വിനായക ക്ഷേത്രം, മുംബൈ
മുംബൈയിലെ ഏറ്റവും പ്രസിദ്ധമായ ഗണപതി ക്ഷേത്രമാണ് സിദ്ധി വിനായക ക്ഷേത്രം. മുംബൈക്കാരുടെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഇവിടെ നിന്നാണ്. സെലിബ്രിറ്റികളുടെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ഇവിടം ഇന്ത്യയിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രം കൂടിയാണ്. സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ് നിര്‍മ്മിച്ചിരിക്കുന്ന ഗണപതിയും ശ്രീകോവിലിലെ അഷ്ടവിനായകനും എല്ലാം ഇവിടുത്തെ പ്രത്യേകതയാണ്. ചൊവ്വാഴ്ചയാണ് ക്ഷേത്രത്തിലെ വിശേഷ ദിവസമായ കണക്കാക്കുന്നത്.
PC: Official Site
കനിപാകം വിനായക ക്ഷേത്രം, ചിറ്റൂര്‍
തിരുപ്പതിയില്‍ നിന്നും 75 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഗണപതി ക്ഷേത്രമാണ് കനിപാകം വിനായക ക്ഷേത്രം. പുരാതനമായ ചുവര്‍ ചിത്രങ്ങളും ലിഖിതങ്ങളുമെല്ലാമുള്ള ഈ ക്ഷേത്രം ഇന്ത്യയിലെ ഒരു പുരാതന വിനായക ക്ഷേത്രമായാണ് കണക്കാക്കപ്പെടുന്നത്. ചോള രാജാക്കന്മാര്‍ 11-ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം ഇന്നും കാലത്തെ അതിജീവിച്ച് നിലനില്‍ക്കുന്നു. ഇവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ ജീവിതത്തിലെ പ്രശ്നങ്ങള്‍ മുഴുവന്‍ പരിഹരിക്കപ്പെടുമെന്നും വിശ്വാസമുണ്ട്. വിനായക ചതുര്‍ത്ഥിയുടെ ഭാഗമായി ആഘോഷിക്കുന്ന ബ്രഹ്മോത്സവമാണ് ഇവിടുത്തെ പ്രധാന ആഘോഷം.
മധൂർ അനന്തേശ്വര വിനായക ക്ഷേത്രം
ഗണപതിയുടെ പേരില്‍ അറിയപ്പെടുന്ന വിനായക ക്ഷേത്രമാണ് കാസര്‍കോഡ് ജില്ലയിലെ മധൂർ അനന്തേശ്വര വിനായക ക്ഷേത്രം. ഓരോ ദിവസവും വളര്‍ന്നുകൊണ്ടിരിക്കുന്ന ഗണപതി വിഗ്രഹമാണ് ഇവിടുത്തെ പ്രത്യേകത. നീളത്തിലല്ല, വീതിയില്‍ വളരുന്ന വിഗ്രഹം എന്നാണിതിനെ വിശേഷിപ്പിക്കുന്നത്. വേവിക്കാത്ത അപ്പമാണ് ഇവിടുത്തെ ഗണപതിയുടെ പ്രധാന നിവേദ്യം. ടിപ്പു സുല്‍ത്താന്‍ അക്രമിക്കുവാനായി എത്തിയിരുന്നുവെങ്കിലും മനസ്സുമാറി തിരികെ പോയ കഥയും ഈ ക്ഷേത്രത്തിനുണ്ട്. തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. ഗണേശ ചതുർത്ഥിയും മധുർ ബേടിയും ആണ് ക്ഷേത്രത്തിൽ ഏറ്റവും തിരക്കുള്ള സമയങ്ങൾ.
PC:Sureshan Karichery
ഗണപതിപുലെ ക്ഷേത്രം, രത്നഗിരി
മഹാരാഷ്ട്രയിലെ 400 വര്‍ഷത്തിലധംക പഴക്കമുള്ള ഗണപതി ക്ഷേത്രമാണ് രത്നഗിരിയിലെ ഗണപതിപുലെ ക്ഷേത്രം. സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പടിഞ്ഞാറ് ദിശയിലേക്കാണ് ഇവിടെ ഗണപതിയെ പ്രതിഷ്ഠിച്ചിരിക്കുന്നത് . ഒപ്പം സ്വയംഭൂ വിഗ്രഹമാണ് ഇവിടുത്തേത് എന്നും വിശ്വാസമുണ്ട്. ഫെബ്രുവരി മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളില്‍ സൂര്യപ്രകാശം ശ്രീകോവിലിനുള്ളിലെ വിഗ്രഹത്തിലേത്ത് നേരിട്ട് പതിക്കുന്ന വിധത്തിലാണ് ക്ഷേത്രം രൂപകല്പന ചെയ്തിരിക്കുന്നത്. ഒരു ചെറിയ കുന്നിനോട് ചേര്‍ന്നാണ് ക്ഷേത്രമുള്ളത്. അതിനാല്‍ ഇതിനെ പ്രദക്ഷിണം വച്ചാണ് വിശ്വാസികള്‍ ക്ഷേത്രത്തിലേക്ക് എത്തുന്നത്.
ഉച്ചി പിള്ളയാര്‍ കോവില്‍ ട്രിച്ചി
ട്രിച്ചി അഥവാ തിരുച്ചിറപ്പള്ളിയിലാണേ പ്രസിദ്ധമായ ഉച്ചി പിള്ളയാര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരുച്ചിറപ്പള്ളി നഗരത്തിന്റെ മധ്യത്തില്‍ കാണപ്പെടുന്ന പാറയുടെ മുകളില്‍ കോട്ടയുടെ മാതൃകയിലാണ് ക്ഷേത്രമുള്ളത്. 183 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പാറ തുരന്നും കല്ലുകള്‍ അടുക്കിയുമാണ് ഇവിടെ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്.
പാറയുടെ അടിവാരത്ത് മാണിക്യവിനായകര്‍ കോവിലും അഗ്രഭാഗത്തായി ഉച്ചി പിള്ളയാര്‍ കോവിലും നടുഭാഗത്ത് തായ്മാനവര്‍ കോവില്‍ ശിവസ്ഥലവുമാണ് ഉള്ളത്. കുത്തനെ 420 നടകള്‍ കയറിയാല്‍ മാത്രമേ പാറയുടെ ഉച്ചിയില്‍ എത്താന്‍ സാധിക്കൂ. ഹിമാലയത്തിലെ പാറകളെക്കാള്‍ പഴക്കം ഇവിടുത്തെ പാറകള്‍ക്ക് ഉണ്ടെന്നാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്.
കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം
കേരളത്തിലെ പുരാതന ഗണപതി ക്ഷേത്രങ്ങളിലൊന്നാണ് കൊല്ലം ജില്ലയിലെ കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രം. ശിവ ക്ഷേത്രം ആണെങ്കിലും ഗണപതിയുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. തിരുവനന്തപുരം പഴവങ്ങാടി ഗണപതിക്ഷേത്രം, കാസർഗോഡ് മധൂർ ഗണപതിക്ഷേത്രം, മള്ളിയൂർ മഹാഗണപതിക്ഷേത്രം, പമ്പ മഹാഗണപതിക്ഷേത്രം എന്നിവയോടൊപ്പെ നില്‍ക്കുന്ന ഗണപതി ക്ഷേത്രം കൂടിയാണിത്. പെരുന്തച്ചനാണ് ഇവിടുത്തെ ഗണപതി വിഗ്രഹം കൊത്തി പ്രതിഷ്ഠിച്ചതെന്നാണ് വിശ്വസിക്കുന്നത്. ഉപപ്രതിഷ്ഠ മാത്രമായിരുന്ന ഗണപതി പിന്നീട് ഇവിടുത്തെ പ്രധാന പ്രതിഷ്ഠയായി മാറുകയായിരുന്നു.
PC: Binupotti
രണ്‍ഥംഭോര്‍ ഗണേശ ക്ഷേത്രം, രാജസ്ഥാന്‍
ഇന്ത്യയിലെ തന്നെ മറ്റൊരു പ്രസിദ്ധ ഗണപതി ക്ഷേത്രമാണ് രണ്‍ഥംഭോര്‍ ഗണേശ ക്ഷേത്രം. പ്രകൃതി സ്നേഹികള്‍ ഏറ്റവുമധികം സന്ദര്‍ശിക്കപ്പെടുന്ന ഈ ക്ഷേത്രം രണ്‍ഥംഭോര്‍ ദേശീയോദ്യാനത്തോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. മൂന്നു നേത്രങ്ങളുള്ള ത്രിനേത്ര ഗണേശനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇവിടുത്തെ ആയിരത്തോളം വര്‍ഷം പഴക്കമുള്ള കോട്ടയോട് ചേര്‍ന്നാണ് ക്ഷേത്രമുള്ളത്, കല്യാണ ക്ഷണക്കത്തുകളും കാര്‍ഡുകളും ഇവിടെ വിനായകന് വിശ്വാസികള്‍ അയച്ചുകൊടുത്ത് അനുഗ്രഹം തേടാറുണ്ടത്രെ. ശ്രീകൃഷ്ണന്‍റെയും രുക്മിണിയുടെയും വിവാഹത്തിന് അവര്‍ ഈ ക്ഷേത്രത്തിലേക്ക് ക്ഷണം അറിയിച്ചിരുന്നു എന്ന വിശ്വാസത്തെ തുടര്‍ന്നാണിത്.
താണുമലയന്‍ ക്ഷേത്രം
ഗണപതിയെ സ്ത്രീയായി അഥവാ വിനായകി ആയി ആരാധിക്കുന്ന ക്ഷേത്രമാണ് കന്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന സ്താനുമലയൻ ക്ഷേത്രം. താനുമലയൻ ക്ഷേത്രം എന്നും ശുചീന്ദ്രപുരം ക്ഷേത്രം എന്നുമിതിന് പേരുണ്ട്.
ആനയുടെ തലയും ഒരു സ്ത്രീയുടെ ശരീരവും ഒക്കെയുള്ള രൂപമാണ് ഇവിടുത്തെ ഗണപതിയുടേത്. സ്ഥാനുമലയ എന്നാൽ തന്നെ ത്രിമൂർത്തികൾ എന്നാണ് അർഥം.
Ssriram mt