പർവ്വതങ്ങൾ വിളിക്കുമ്പോൾ സഞ്ചാരികൾക്ക് ആ വിളി കേള്‍ക്കാതിരിക്കാന്‍ സാധിക്കില്ല. ബാഗും പാക്ക് ചെയ്ത് ഇറങ്ങുകയാണ് അടുത്ത പടി. എവിടേക്കാണ് യാത്രയെന്ന് ചോദിച്ചാൽ ഭൂരിഭാഗത്തിന്‍റെയം മറുപടി ലഡാക്ക് എന്നു തന്നെയാണവണം. ഇന്ത്യൻ സഞ്ചാരികളെ ഇത്രയധികം കൊതിപ്പിച്ച മറ്റൊരിടം കണ്ടെത്തുക പോലും പ്രയാസമാണ്. ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ എടുക്കുകയാണെങ്കിൽ വർഷത്തിൽ ഏതു സമയത്തും ഇവിടേക്ക് വരാം. ഇനി ഒരു ലഡാക്ക് യാത്ര പ്ലാൻ ചെയ്യുമ്പോൾ എന്നും പോകുന്ന, എല്ലാവരും പോകുന്ന ഇടങ്ങൽ മാറ്റി വ്യത്യസ്തമായ ക്യാംപ് സൈറ്റുകള്‍ തേടിയാലോ?
അങ്ങനെയെങ്കില്‍ അതിനു പറ്റിയ ഇടമാണ് ഹെമിസ് നാഷണൽ പാർക്ക്. ഹിമാലയത്തിന്‍റെ വടക്ക് സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏക ദേശീയോദ്യാനമായ ഇവിടം പ്രസിദ്ധമായിരിക്കുന്നത് അതിന്‍റെ ക്യാംപിങ് സൈറ്റുകൾക്കാണ്. ഹെമിസ് ദേശീയോദ്യാനത്തിന്‍റെയും അവിടുത്തെ താഴ്വരകളുടെയും മനോഹരമായ കാഴ്ചകൾ ലഭിക്കുന്ന ക്യാംപ് സൈറ്റുകൾ പരിചയപ്പെട്ടില്ലെങ്കിൽ അതൊരു നഷ്ടം തന്നെയാവും.
1. ലേ- സാബൂ ട്രെക്ക്
ലഡാക്കിലെ ലേ ഡില്ലയിലെ സാബൂ വില്ലേജിലേക്കുള്ള ട്രെക്കിങ് ഹെമിസ് ദേശീയോദ്യാനത്തിൽ ചെയ്യാൻ പറ്റിയ ഏറ്റവും മികച്ച ട്രെക്കിങ്ങുകളിലൊന്നാണ്. ലേ കർദുങ് ലാ റോഡിൽ നിന്നു തുടങ്ങി സാബൂ വരെ നീണ്ടു നിൽക്കുന്ന യാത്രയാണിത്. മുന്നോട്ട് ചെല്ലും തോറും യാത്രയുടെ കാഠിന്യവും ഉയരവും കൂടി വരും. എന്നാൽ യാത്രയിൽ നിങ്ങളെ കാത്തിരിക്കുന്ന കാഴ്ചകൾ ഈ നടത്തവും വഴിയുമൊന്നും ഒരു ബുദ്ധിമുട്ടല്ലെന്ന് വീണ്ടും ഉറപ്പിക്കും.
മേയ് മുതൽ ഒക്ടോബർ വരെയാണ് ലേ- സാബൂ ട്രെക്ക് നടത്താൻ പറ്റിയ സമയം. ആകെ 12.6 കിലോമീറ്റർ ദൂരമാണ് നടക്കാനുള്ളത്. തീർത്തും എളുപ്പമുള്ളതോ അധികം ബുദ്ധിമുട്ടുള്ളതോ അല്ലാത്ത ട്രെക്കിങ് ആണിത്.
2. സ്റ്റോക്ക് ലാ പാസ് ട്രെക്ക്
ഹെമിസ് പാർക്കിലെ ക്യാംപിങ് സൈറ്റിലേക്കുള്ള മറ്റൊരു ട്രെക്കിങ്ങാണ് സ്റ്റോക്ക് ലാ പാസ് ട്രെക്ക്. ഹിമാലയത്തിന്റെ വന്യജീവി കാഴ്ചകളിലേക്കുള്ള ഏറ്റവും മികച്ച യാത്രകളിലൊന്നുകൂടിയാണിത്. ലഡാക്കിലെ റുമ്പക്ക് എന്ന സ്ഥലത്തു നിന്നുമാണ് ഈ യാത്ര തുടങ്ങുന്നത്. 24 കിലോമീറ്റര്‍ യാത്രയാണ് ആകെയുള്ളത്. സ്റ്റോക്ക് ലാ പാസ് വഴി പോകുമ്പോൾ സ്റ്റോക്ക് മൊണാസ്ട്രി കാണാൻ മറക്കരുത്. ഈ യാത്രയിലെ ഏറ്റവും മികച്ച കാഴ്ചകളിലൊന്നായിരിക്കും ഇത്.
മേയ് മുതൽ ഒക്ടോബർ വരെയാണ് സ്റ്റോക്ക് ലാ പാസ് ട്രെക്ക് നടത്താൻ പറ്റിയ സമയം. ബുദ്ധിമുട്ടേറിയ യാത്രയായിരിക്കും ഇതെന്ന് കാര്യം മറക്കാതിരിക്കുക.
3. സ്റ്റോക്ക് കാംഗ്രി ക്യാംപിങ് ട്രെയിൽ
ലോകത്ത് ട്രെക്ക് ചെയ്തു പോകാൻ പറ്റിയ ഏറ്റവും ഉയരം കൂടിയ പർവ്വത നിരകളിലൊന്നാണ് സ്റ്റോക്ക് കാംഗ്രി ക്യാംപിങ് ട്രെയിൽ. കാരക്കോറം, സാൻസ്കർ ശ്രേണികളുടെ ഗംഭീരവും വിശാലവുമായ കാഴ്ചകൾ ആസ്വദിച്ച് ജീവിതത്തിൽ ഒരികക്ൽ മാത്രം കിട്ടുന്ന അവസരമായി കണ്ട് വേണം ഈ യാത്ര പോകാൻ. ട്രെക്കിങ് കൂടാതെ ക്യാംപിങ്ങിനും പക്ഷി നിരീക്ഷണത്തിനും ഒക്കെയായി ആളുകൾ ഇവിടേക്ക് വരുന്നു. ആകെ 37.2 കിലോമീറ്റർ ദൂരമാണ് ട്രെക്ക് ചെയ്യാനുള്ളത്. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് സ്റ്റോക്ക് കാംഗ്രി ക്യാംപിങ് ട്രെയിൽ ചെയ്യാൻ അനുയോജ്യമായ സമയം.
4. ഗണ്ട ലാ
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 17000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്യാമ്പിംഗ് ട്രയൽ ആണ് ഗണ്ട ലാ. ഉയരം കൂടും തോറും ചായയുടെ രുചിയും കൂടും എന്നു പറയുന്നതു പോലെ അതിമനോഹരമായ കാഴ്ചകളാണ് ഈ യാത്ര നിങ്ങൾക്ക് തരുന്നത്. ഹെമിസ് നാഷണൽ പാർക്കിന്‍റെ ഉള്ളിലൂടെയുള്ള യാത്രയായതിനാൽ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളെ ഇവിടെ ദർശിക്കാം. ബുദ്ധിമുട്ടേറിയ ഈ യാത്രയിൽ ആകെ 26.6 കിലോമീറ്ററാണ് പിന്നിടാനുള്ള ദൂരം. ജൂൺ മുതൽ സെപ്റ്റംബർ വരെയാണ്
ഗണ്ട ലാ ക്യാംപിങ് ട്രെയിൽ ചെയ്യാൻ അനുയോജ്യമായ സമയം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















