ഇത് വന്ദേ ഭാരത് എക്സ്പ്രസ് യാത്രകളുടെ സമയമാണ്. കേരളത്തിലെ വന്ദേ ഭാരതിന്‍റെ ആദ്യ യാത്രയ്ക്കായി കൗതുകപൂർവ്വം കാത്തിരിക്കുകയാണ് ജനങ്ങൾ. മറ്റു ട്രെയിനുകളെ അപേക്ഷിച്ച് വളരെ വേഗത്തിൽ തിരുവനന്തപുരത്തു നിന്നു കാസർകോഡിനും തിരിച്ചും യാത്ര ചെയ്യാം എന്നതാണ് കേരള വന്ദേ ഭാരതിന്‍റെ ആകർഷണം. ഞായറാഴ്ച ബുക്കിങ് ആരംഭിച്ചതോടെ വളരെ വേഗത്തിലാണ് ടിക്കറ്റുകൾ വിറ്റു തീരുന്നത്. വന്ദേ ഭാരത് എക്സ്പ്രസിലെ യാത്ര എങ്ങനെയാണ് എന്ന കൗതുകത്തിൽ ഒരു തവണയെങ്കിലും യാത്ര ചെയ്യുവാൻ പലർക്കും ആഗ്രഹമുണ്ട്. ഇതാ, ഐആർസിടിസി വെബ്സൈറ്റ് വഴി എങ്ങനെ വന്ദേ ഭാരത് എക്സ്പ്രസ് ടിക്കറ്റ് ബുക്ക് ചെയ്യാം എന്നു നോക്കാം.

വന്ദേ ഭാരത് ടിക്കറ്റ് ബുക്കിങ്
ഐആർസിടിസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലോഗ് ഇന്‍ ചെയ്ത് വളരെ എളുപ്പത്തിൽ വന്ദേ ഭാരത് ടിക്കറ്റ് ബുക്ക് ചെയ്യാം. https://www.irctc.co.in/nget/train-search എന്ന ലിങ്കിൽ ആദ്യം നിങ്ങൾക്ക് എവിടെ നിന്നും എവിടേക്കാണ് ഏത് തിയതിയിലാണ് യാത്ര നടത്തേണ്ടതെന്ന് കൊടുക്കുക. അതിനു ശേഷം സേർച്ച് ഓപ്ഷൻ ക്ലിക്ക് ചെയ്താല്‍ ലിസ്റ്റിൽ ആദ്യം തന്നെ വന്ദേ ഭാരത് എക്സ്പ്രസ് കാണാം.

ട്രിവാൻഡ്രം സെൻട്രൽ ടു കാസർകോഡ് ആണ് കൊടുത്തതെങ്കിൽ KGQ VANDEBHARAT (20634) എന്ന നമ്പറിലും കാസർകോഡ് ടു ട്രിവാൻഡ്രം സെൻട്രൽ TVC VANDEBHARAT (20633) എന്ന നമ്പറിലും ആദ്യം തന്നെ ട്രെയിന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത് കാണാം. ഇനി നിങ്ങൾക്ക് വേണ്ട ക്ലാസ് തിരഞ്ഞെടുത്ത് ബുക്ക് ചെയ്യുകയാണ് വേണ്ടത്. എസി ചെയര്‍ കാർ, എക്സിക്യൂട്ടീവ് ചെയർ കാർ എന്നിങ്ങനെ രണ്ടു ക്ലാസുകളാണ് വന്ദേ ഭാരതിൽ ലഭ്യമായിട്ടുള്ളത്. ഭക്ഷണമടക്കമുള്ള ചാർജ് ആണ് ഇതിൽ കാണിക്കുക. നിങ്ങൾക്ക് ഭക്ഷണം ആവശ്യമില്ല എന്നതാണെങ്കില്‍ അത് തിരഞ്ഞെടുത്താൽ ഭക്ഷണത്തിന്‍റെ ചാർജ് കുറയും.
നിങ്ങള്‍ യാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്ന ക്ലാസ് തിരഞ്ഞെടുത്ത ശേഷം ബുക്ക് നൗ (Book Now) ക്ലിക്ക് ചെയ്യുക. തുടർന്ന് നിങ്ങളുടെ വിവരങ്ങൾ നല്കേണ്ട പേജിലേക്ക് എത്തും. ഇവിടെ നിങ്ങളുടെ പേര്, വയസ്, ജെൻഡർ, തുടങ്ങി വിവരങ്ങളും നല്കാം. കൂടാതെ ഈ യാത്രയിൽ നിങ്ങൾക്ക് ഭക്ഷണം വേണോ, വേണ്ടയോ എന്നതും ഇവിടെ തിരഞ്ഞെടുക്കാം. പാസഞ്ചർ ഡീറ്റയിൽസിൽ ഫൂഡ് ചോയിസിൽ വെജ്, നോൺ വെജ്, നോ ഫൂഡ് എന്നിങ്ങനെ മൂന്ന് ഓപ്ഷനുകൾ ഉണ്ട്. ഇതില്‍ നിങ്ങളുടെ താല്പര്യം അനുസരിച്ച് തിരഞ്ഞെടുക്കാം.

തുടർന്ന്, കൂടെ യാത്ര ചെയ്യുന്ന ആളുകളുടെ വിശദാംശങ്ങൾ നല്കാം. അതിനു ശേഷം നിങ്ങളുടെ മൊബൈൽ നമ്പർ, ഇ-മെയില്‍ ഐഡി തുടങ്ങിയ വിവരങ്ങൾ നല്കണം. അതിനു ശേഷം നിങ്ങളുടെ പേയ്മെന്‍റ് മോഡ് തിരഞ്ഞെടുക്കാം. ക്രെഡിറ്റ് കാർഡ്/ ഡെബിറ്റ് കാർഡ്/ നെറ്റ് ബാങ്കിങ്/ വാലറ്റ്/ ഭാരത് ക്യൂആർ / പേ ഓൺ ഡെലിവറി/ തുടങ്ങിയ രീതികളും ഭീം,യുപിഐ രീതികളും ടിക്കറ്റ് എടുക്കുവാനായി ഉപയോഗിക്കാം. തുടർന്ന് പണം നല്കി ടിക്കറ്റ് ബുക്ക് ചെയ്യാം.
ഐആർസിടിസി വെബ്സൈറ്റ് കൂടാതെ,ഐആർസിടിസി ആപ്ലിക്കേഷനുകൾ വഴിയും റെയിൽവേ സ്റ്റേഷനിൽ നിന്നു നേരിട്ടും ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.

തിരുവനന്തപുരത്തു നിന്നും രാവിലെ 5.20 ന് പുറപ്പെടുന്ന വന്ദേഭാരത് എക്സ്പ്രസ് ഉച്ചയ്ക്ക് 1.25 ന് കാസർകോട് എത്തും. തിരികെ യാത്ര ഉച്ചയ്ക്ക് 2.30 ന് കാസർകോട് നിന്ന് തുടങ്ങി രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്ത് നിന്ന് കാസർഗോഡിന് എസി ചെയർകാറിൽ 1590 രൂപയും എക്സിക്യുട്ടീവ് ക്ലാസിൽ 2880 രൂപയും ആണ് ടിക്കറ്റ് നിരക്ക്. കാസര്‍കോടുനിന്ന് തിരുവനന്തപുരത്തേയ്ക്ക് എ സി ചെയര്‍കാറില്‍ 1520 രൂപയും എക്‌സിക്യൂട്ടീവ് ചെയര്‍കാറിന് 2,815 രൂപയുമാണ് നിരക്ക്.
തിരുവനന്തപുരവും കാസർകോഡും കൂടാതെ കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, എന്നിവിടങ്ങളിലാണ് വന്ദേ ഭാരതിന് സ്റ്റോപ്പുകളുള്ളത്.
എട്ട് മണിക്കൂർ അഞ്ച് മിനിറ്റാണ് കേരള വന്ദേഭാരതിന്‍റെ റണ്ണിങ് ടൈം. വ്യാഴാഴ്ചകളിൽ വന്ദേഭാരത് ട്രെയിൻ സർവീസ് ഉണ്ടായിരിക്കില്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













