എങ്ങനെ ഇത്ര കുറഞ്ഞ തുക
വിമാനമാർഗ്ഗത്തില്‍ പോകുമ്പോൾ പതിനായിരങ്ങൾ ചിലവ് വരുന്ന യാത്രകൾ സാധാരണക്കാരായ ആളുകൾക്ക് വെറും ആയിരങ്ങൾ മുടക്കി പോകുവാൻ റെയിൽവേ സഹായിക്കുന്നു. സമയം എടുക്കുമെങ്കിൽ പോലും കുറഞ്ഞ ബജറ്റിൽ യാത്ര ചെയ്യുന്നവർക്ക് റെയിൽവേ എന്നും സഹായകമാണ്. എന്നാൽ യഥാർത്ഥത്തിൽ നമ്മൾ മുടക്കുന്നതിനും ഇരട്ടിയോളം തുക റെയിൽവേയ്ക്ക് യാത്രായിനത്തിൽ ചിലവാകുന്നുണ്ട്. ഇതിനായി റെയിൽവേ സബ്സീഡി നല്കുന്നു
റെയിൽവേ നല്കുന്ന സബ്സിഡി
യാത്ര ചെയ്യുന്ന ഓരോ ടിക്കറ്റിനും അതിന്റെ സ്വഭാവമനുസരിച്ച് നിശ്ചിത തുക വീതം റെയിൽവേ സബ്സിഡി ആയി നല്കുന്നു. ടിക്കറ്റിന്റെ പിൻഭാഗത്ത് സബ്സിഡി നല്കുന്ന തുകയുടെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. ഏറ്റവും കുറവ് സബ്സിഡി ലഭിക്കുന്നത് സെക്കന്റ് എസി ടിക്കറ്റില്‍ ആണ്. സെക്കന്റ് എസി ടിക്കറ്റില്‍ 26 പൈസയാണ് സബ്സിഡി അനുവദിക്കുന്നത്. അതേ സമയം സ്ലീപ്പര്‍ ടിക്കറ്റില്‍ 37 പൈസയാണ് നല്കുന്നത്. ഏറ്റവും കൂടുതൽ സബ്സിഡി നല്കുന്നത് ഫസ്റ്റ് ക്ലാസ് എസി ടിക്കറ്റിനാണ്. ഇതിൽ വരുന്ന ഒരു രൂപയ്ക്ക് 71 പൈസയും റെയിൽവേ സബ്സിഡിയായാണ് നല്‍കുന്നത്. റെയില്‍വേ പറയുന്നതനുസരിച്ച്, ഒരു യാത്രക്കാരിനിൽ നിന്നും യാത്രാ ചിലവിന്റെ 57 ശതമാനം മാത്രമേ റെയിൽവേ ടിക്കറ്റ് നിരക്കായി ഈടാക്കുന്നുള്ളൂ.
കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യുവാൻ
ഈ സബ്സിഡി തുകയിൽ യാത്ര ചെയ്യുമ്പോഴും മറ്റു ചില മാര്‍ഗ്ഗങ്ങൾ ഉപയോഗിച്ചാൽ വീണ്ടും കുറഞ്ഞ തുകയിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുവാൻ സാധിക്കും. ചില മാര്‍ഗ്ഗങ്ങൾ എല്ലാത്തരം യാത്രകൾക്കും അനുയോജ്യമാവുകയില്ലെങ്കിലും നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ഇവയിൽ പലതും ഉപയോഗിക്കാം.
സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യാം
ട്രെയിൻ യാത്രയുടെ ചിലവ് കുറയ്ക്കുവാൻ സഹായിക്കുന്ന പ്രധാന മാര്‍ഗ്ഗങ്ങളിലൊന്ന് എസി കോച്ചുകൾക്കു പകരം സ്ലീപ്പർ ക്ലാസ് തിരഞ്ഞെടുക്കാം എന്നതാണ്. ദൂരം അനുസരിച്ച് വ്യത്യാസം വരുമെങ്കിലും സ്ലീപ്പർ ടിക്കറ്റ് നിരക്ക് 1000-1500 രൂപയിൽ കൂടാറില്ല. എന്നാൽ പണം ലാഭിക്കുവാനായി ചൂടുള്ള സമയങ്ങളിലോ, സീസണുകളിലോ സ്ലീപ്പർ ക്സാസ് ടിക്കറ്റ് എടുക്കുന്നത് ചിലപ്പോൾ മടുപ്പിക്കുന്ന യാത്രാനുഭവമായി മാറിയേക്കും. ഡൽഹി, കാശ്മീർ പോലുള്ള ഇടങ്ങളിലേക്ക് രണ്ടും മൂന്നും ദിവസം നീണ്ടുനിൽക്കുന്ന യാത്രകൾ ചെയ്യണമെങ്കിൽ കാലാവസ്ഥ കൂടി പരിഗണിച്ചുവേണം യാത്ര ചെയ്യുന്ന ക്ലാസ് തിരഞ്ഞെടുക്കുവാൻ.
യാത്ര സ്പ്ലിറ്റ് ചെയ്യാം
അധികമാരും പരീക്ഷിച്ചു കണ്ടിട്ടില്ലാത്ത വഴിയാണിത്. യാത്രയുടെ ചിലവ് കുറയ്ക്കുവാൻ മാത്രമല്ല, തിരക്കേറിയ സമയങ്ങളിൽ ലോങ് റൂട്ടിൽ ടിക്കറ്റ് ലഭിക്കാതെ വരുമ്പോഴും ചെയ്യുവാൻ പറ്റിയ രീതിയാണ് യാത്ര സ്പ്ലിറ്റ് ചെയ്യുന്നത്. നീണ്ട യാത്രയ്ക്ക് ഒറ്റടിക്കറ്റ് ബുക്ക് ചെയ്യുന്നതിനു പകരം ലക്ഷ്യസ്ഥാനങ്ങള്‍ വിഭജിച്ച് ഒന്നിൽ കൂടുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
A എന്ന സ്ഥലത്തു നിന്നും C എന്ന സ്ഥലത്തേയ്കുള്ള യാത്രയിൽ ഇതിനു രണ്ടിനും ഇടയിലായി വരുന്ന B ന്ന സ്ഥലത്ത് നിങ്ങൾക്കിറങ്ങി പരമാവധി രണ്ടു ദിവസം സമയമെടുക്ക് C യിലേക്ക് യാത്ര ചെയ്യാം. ഈ യാത്രയ്ക്ക് ഒറ്റടിക്കറ്റെടുത്താൽ മതിയാവും. ഏകദേശം 25 ശതമാനത്തോളം തുക ടിക്കറ്റ് നിരക്കിൽ ലാഭിക്കാൻ കഴിയുമെന്നാണ് റെയിൽവേ പറയുന്നത്.
മുൻകൂട്ടി ബുക്ക് ചെയ്യാം
ട്രെയിൻ യാത്രകളിൽ സീറ്റ് ഉറപ്പുവരുത്തുവാനും അത്യാവശ്യം പണം ലാഭിക്കുവാനുമുള്ള വഴിമുൻകൂട്ടി ബുക്ക് ചെയ്യുക എന്നതാണ്. നേരത്തെ പ്ലാൻ ചെയ്ത യാത്രകളുണ്ടെങ്കിൽ അവസാന നിമിഷത്തിലേക്ക് കാക്കാതെ എത്രയും വേഗം ബുക്ക് ചെയ്യാം. ഗ്രൂപ്പായി യാത്ര പോകുന്നവർക്ക് നേരത്തെ ബുക്ക് ചെയ്യുന്നതുകൊണ്ടുള്ള ഗുണം എല്ലാവർക്കും ഒരേ കോച്ചില്‍ തന്നെ സീറ്റ് ലഭിക്കുവാനുള്ള സാധ്യത വർധിപ്പിക്കും എന്നതാണ്. ബുക്കിങ് വൈകുംതോറും വ്യത്യസ്ത കോച്ചുകളിലായി സീറ്റ് ലഭിക്കുവാൻ കൂടുതൽ സാധ്യതയുണ്ട്. മറ്റൊരു കാരണം, അവസാന നിമിഷം വരെ ടിക്കറ്റ് ബുക്ക് ചെയ്യുവാനായി കാത്തുനിന്നാൽ ടിക്കറ്റ് ലഭിക്കാതെ വന്നാൽ പിന്നീട് തത്കാലിനെയോ പ്രിമീയം തത്കാലിനെയോ ആശ്രയിക്കേണ്ടി വരും. ഇത് വലിയ ചിലവിനു വഴിയൊരുക്കും.
ഐആർസിടിസി കാർഡുകൾ വഴി ചിലവു കുറഞ്ഞ യാത്ര
കുറഞ്ഞ ചിലവിൽ ടിക്കറ്റ് ബുക്ക് ചെയ്യുവാൻ പറ്റിയ മറ്റൊരു വഴി ഐആർസിടിസി ബ്രാൻഡഡ് കാർഡുകൾ ഉപയോഗിക്കുകക എന്നതാണ്. യാത്രാ ബുക്കിങ്ങിനായി പ്രയോജനപ്പെടുന്ന പ്രത്യേക കാർഡുകളാണിത്. ഐആർസിടിസി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേർന്ന് പുറത്തിറക്കിയിട്ടള്ള പ്രത്യേക പ്ലാറ്റിനം കാര്‍ഡ് എസി കോച്ച് ബുക്കിങ്ങുകൾക്ക് വാല്യൂ ബാക്ക് റിവാര്‍ഡുകള്‍ നല്‍കുന്നുണ്ട്. എന്നാൽ ഈ കാർഡിന്റെ സഹായത്തോടെ ബുക്ക് ചെയ്യുമ്പോൾ അതിൽ ആവശ്യമായ തുക ബാലൻസുണ്ട് എന്നുറപ്പ് വരുത്തണം.
ആപ്പുകൾ വഴി ബുക്ക് ചെയ്യാം
നിരവധി ആപ്ലിക്കേഷനുകൾ ഇന്ന് റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യുവാനുള്ള സൗകര്യം നല്കുന്നു. ഇത്തരം ആപ്പുകളും വെബ്സൈറ്റുകളും കൂടുതൽ ആളുകളെ ആകർഷിക്കുവാനായി മികച്ച ഡീലുകൾ നല്കുന്നു. ക്യാഷ് ബാക്കും റിവാർഡുമെല്ലാം ലഭിക്കുന്ന നിരവധി ആപ്പുകളുണ്ട്. ഇവ വഴി ഒരുതവണ ബുക്ക് ചെയ്താൽ അടുത്ത തവണ ടിക്കറ്റ് എടുക്കുമ്പോൾ നേരത്തെ ലഭിച്ച റിവാർഡുകൾ ഉപയോഗിക്കാം.