കേരളം, എന്നും എല്ലാവരും പറയുന്നതുപോല ദൈവത്തിന്‍റെ സ്വന്തം നാട്! പകരംവയ്ക്കുവാനില്ലാത്ത പ്രകൃതിഭംഗിയുടെ പേരിൽ ലോകം മുഴുവനും ഒരുപോലെ ആരാധിക്കുന്നയിടം. നമ്മുടെ ഈ കേരളം എന്നും സഞ്ചാരികൾക്കൊരു ആവേശമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും കേരളത്തിന്‍റെ കാഴ്ചകളിലേക്ക് ആളുകൾ എത്തുന്നത് അതുകൊണ്ടുതന്നെയാണ്. തനിച്ചാണെങ്കിലും പ്രിയപ്പെട്ടവർക്കൊപ്പമാണെങ്കിലും ഈ നാട് ഒരിക്കലും നിരാശപ്പെടുത്തില്ല!
മലയാളികൾ പോലും ഇതുവരെ മുഴുവനായി കണ്ടുതീർത്തിട്ടില്ലാത്ത കേരളത്തിന്‍റെ ഏറ്റവും മനോഹരമായ സ്ഥിരം സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഐആർസിടിസി ഒരു യാത്ര സംഘടിപ്പിക്കുകയാണ്. ഏഴ് രാത്രിയും എട്ട് പകലും കേരളത്തിൽ ചിലവഴിച്ച് ഏറ്റവും ഭംഗയാർന്ന, ഒരിക്കലും മറക്കാനാവാത്ത കുറേയേറെ ഓർമ്മകള്‍ സമ്മാനിക്കുമെന്ന് ഉറപ്പുള്ള ഒരു യാത്ര. കേരളാ ഗോഡ്സ് ഓൺ കൺട്രി (Kerala - Gods own Country/EHA009A) എന്നാണ് ഈ പാക്കേജിന്‍റെ പേര്.

കൊച്ചി, മൂന്നാർ, തേക്കടി, തിരുവനന്തപുരം, ആലപ്പുഴ, കുമരകം എന്നിങ്ങനെ കേരളത്തിന്‍റെ ഏറ്റവും പേരുകേട്ട ഇടങ്ങളും ഒപ്പം കന്യാകുമാരിയും ഉൾപ്പെടുത്തിയുള്ള ഈ പാക്കേജ് ഒരു ലക്ഷ്വറി യാത്രാ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന സ്ഥലങ്ങളിലെ മിക്ക കാഴ്ചകളും കണ്ടുമടങ്ങുന്ന പാക്കേജ് ആയതിനാൽ തന്നെ കേരളം കാണാനുദ്ദേശിക്കുന്നവർക്ക് ധൈര്യമായി തിരഞ്ഞെടുക്കാം.
കൊച്ചിയിൽ വന്നിറങ്ങിയ ശേഷം ഫോർട്ട് കൊച്ചിയും ചൈനീസ് വലകളും ജ്യൂ സിനഗോഗും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കാണുന്നതാണ് ഒന്നാമത്തെ ദിവസത്തെ യാത്ര. രണ്ടാം ദിവസം രാവിലെയോടെ മൂന്നാറിലേക്ക് തിരിക്കും. വഴിയിൽ ചീയപ്പാറ വെള്ളച്ചാട്ടം കാണുവാനും അവസരമുണ്ട് . മൂന്നാറിലെത്തി വൈകിട്ടോടെ ടീ മ്യൂസിയം കണ്ട് അന്നത്തെ യാത്ര അവസാനിപ്പിക്കും.
മൂന്നാമത്തെ ദിവസം ഇരവികളും ദേശീയോദ്യാനം, മാട്ടുപെട്ടി ഡാം, എക്കോ പോയിന്‍റ്, കുണ്ടള ഡാം ലേക്ക്, എന്നിവിടങ്ങൾ സന്ദർശിക്കും.

നാലാമത്തെ ദിവസത്തെ യാത്ര മൂന്നാറിൽ നിന്ന് തേക്കടിയിലേക്കാണ്. വൈകിട്ട് സുഗന്ധവ്യജ്ഞന തോട്ടങ്ങള്‍ സന്ദർശിക്കുവാനോ അല്ലെങ്കിൽ ആനപ്പുറത്തുള്ള സവാരി നടത്തുവാനോ അവസരമുണ്ട്. അഞ്ചാമത്തെ ദിവസത്തെ യാത്ര പെരിയാർ തടാകത്തിലെ ബോട്ടിങിനു ശേഷം റോഡ് മാർഗം ആലപ്പുഴ അല്ലെങ്കിൽ കുമരകത്തേയ്ക്ക് പോകും. അന്ന് രാത്രിയിലെ താമസം ഹൗസ് ബോട്ടിലാണ് ഒരുക്കിയിരിക്കുന്നത്.
ആറാം ദിവസം കോവളത്തേയ്ക്ക് പോയി രാത്രി അവിടെ താമസിക്കും. ഏഴാം ദിവസത്തെ ലക്ഷ്യസ്ഥാനം കന്യാകുമാരിയാണ്. വിവേകാനന്ദ റോക്ക്, സൂര്യാസ്തമയം, എന്നിവ കണ്ടശേഷം തിരുവനന്തപുരത്തേയ്ക്ക് മടങ്ങും. എട്ടാം ദിവസം തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം ആണ് യാത്രയിലുൾപ്പെടുത്തിയിരിക്കുന്നത്. അതിനു ശേഷം ആ ദിവസം മുഴുവനും നിങ്ങൾക്കിഷ്ടമുള്ള വിധത്തിൽ ചെലവഴിക്കാം, തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും മടക്കയാത്ര.

യാത്രയിൽ ഏറ്റവും മികച്ച താമസസൗകര്യങ്ങൾ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. കൊച്ചിയിൽ കെ ടി ഡി സിയുടെ ബോൾഗാട്ടി പാലസ്, മൂന്നാറിൽ ടീ കൗണ്ടി, തേക്കടിയിൽ ആരണ്യ നിവാസ്, തിരുവനന്തപുരത്ത് മസ്കറ്റ്, ഹൗസ്ബോട്ട്- സെര്‍വിറ്റെ എന്നിവയാണ്. ഈ പറഞ്ഞ താമസയിടങ്ങൾ ലഭ്യമല്ലെങ്കിൽ അതിനോട് സമാനമായവ തന്നെ ലഭ്യമാക്കും.
കൊൽക്കത്തയിൽ നിന്നാണ് ഈ യാത്ര പുറപ്പെടുന്നത്. 20.10.23- 27.10.23 എന്നിങ്ങനെയും 19.12.2023-26.12.2023 എന്നിങ്ങനെയുമാണ് പാക്കേജിന്റെ തിയതികൾ. ഒക്ടോബർ 20ന് പുറപ്പെടുന്ന യാത്രയില്‍ ഏറ്റവും കുറഞ്ഞ നിരക്ക് ട്രിപ്പിൾ ഒക്യുപൻസിയിൽ 47,700 രൂപയാണ്. ഡബിൾ ഒക്യുപൻയിൽ ഇത് 50,700 രൂപയും സിംഗിൾ ഒക്യുപൻസിയിൽ 74,200 രൂപയും വരും.

ഡിസംബർ 19 ന്‍റെ പാക്കേജിൽ ടിക്കറ്റ് നിരക്ക് കൂടുതലാണ് കാണിക്കുന്നത്. ട്രിപ്പിൾ ഒക്യുപൻസിയിൽ 55,300/- രൂപയും ഡബിൾ ഒക്യുപൻയിൽ ഇത് 58,200/- രൂപയും സിംഗിൾ ഒക്യുപൻസിയിൽ 81,800/- രൂപയും വരും. കുട്ടികൾക്കും ചാർജുണ്ട്. അവരുടെ പ്രായത്തിനും ലഭ്യമാക്കുന്ന സൗകര്യങ്ങള്‍ക്കുമനുസരിച്ചാണ് ടിക്കറ്റ്. 5-11 പ്രായത്തിൽ ബെഡ് ആവശ്യമുള്ളരെന്നും 2-4 പ്രായത്തിൽ പ്രത്യേക ബെഡ് ആവശ്യമില്ലാത്തവരെന്നുമാണ് തരംതിരിച്ചിരിക്കുന്നത്.
ഐആർസിടിസി ജയ്പൂരിൽ നിന്നും ഇതേ പാക്കേജ് കേരളത്തിലേക്ക് നടത്തുന്നുണ്ട്. Kerala - Gods Own Country (EHA009A) എന്നാണ് ഈ പാക്കേജിന്‍റെ പേര്. ഒക്ടോബർ 20നും ഡിസംബർ 19നും തന്നെയാണ് ഈ പാക്കേജും പുറപ്പെടുന്നത്. കൊൽക്കത്തയിൽ നിന്നും ജയ്പൂരില്‍ നിന്നുമുള്ള പാക്കേജിൽ 20 പേർക്ക് വീതമാണ് അവസരം. ടിക്കറ്റ് നിരക്കിൽ വ്യത്യാസമില്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications
















