ചരിത്രത്തോട് ചേർന്നു നിൽക്കുന്ന വിശ്വാസങ്ങളും ആചാരങ്ങളും,
പ്രകൃതിയോടലിഞ്ഞ കർമ്മങ്ങളും പൂജകളും. വീണ്ടുമൊരു വൈശാഖോത്സവം വന്നുകഴിഞ്ഞു. ദക്ഷയാഗഭൂമിയായ കൊട്ടിയൂരിൽ, മുപ്പത്തിമുക്കോടി ദേവതകളും സാന്നിധ്യരുളിയ ദക്ഷയാഗത്തിന്റെ ഓർമ്മകളും വിശ്വാസങ്ങളും വീണ്ടുമുണർത്തുന്ന കൊട്ടിയൂർ വൈശാഖോത്സവം. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾക്കും രീതികൾക്കും മാറ്റമില്ലാതെ നടക്കുന്ന കൊട്ടിയൂരുത്സവത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്.
28 ദിവസം നീണ്ടു നിൽക്കുന്ന കൊട്ടിയൂർ വൈശാഖോത്സവം ലക്ഷക്കണക്കിന് വിശ്വാസികളുടെ ആഘോഷമാണ്. ദൂരദേശങ്ങളില്‍ നിന്നു പോലും ഈ വിശുദ്ധഭൂമിയിലേക്ക് വിശ്വാസികളെത്തുന്നു. പ്രകൃതിയുടെ മാറ്റങ്ങളറിഞ്ഞ്, അതിനോട് ചേര്‍ന്നാണ് കൊട്ടിയൂരുത്സവം നടത്തുന്നത്. ജലം പ്രധാന പങ്ക് വഹിക്കുന്ന കൊട്ടിയൂരിൽ ഈ സമയത്ത് മഴ തിമിർത്ത് പെയ്യും. വൈശാഖ മഹോത്സവത്തിന്‍റെ നാളും ഉത്സവ ദിനങ്ങളും സമയവും കുറിക്കുന്ന പ്രക്കൂഴത്തിൽ ഉത്സവദിനങ്ങൾ തീരുമാനിക്കും. കൊട്ടിയൂർ ഉത്സവത്തെക്കുറിച്ചുള്ള കൗതുകകരമായ കാര്യങ്ങൾ.

ദക്ഷന്‍റെ ശിരസെടുത്ത വാൾ
വയനാട്ടിലെ മുതിരേരിക്കാവിൽ നിന്ന് വാൾ എഴുന്നള്ളിച്ചെത്തുന്നതാണ് പ്രധാന ചടങ്ങ്, ദക്ഷന്‍റെ ശിരസെടുത്ത വാൾ ആണിതെന്നാണ് വിശ്വാസം. മുതിരേരിയിൽ നിന്ന് 20 കിലോമീറ്ററോളം ദൂരം ഒറ്റയ്ക്ക് നടന്നാണ് മേല്‍ശാന്തി കൊട്ടിയൂര്‍ ക്ഷേത്രത്തിൽ വാളെത്തിക്കുന്നത്. പാരമ്പര്യമായി പുത്തന്‍ മഠം മൂഴിയോട്ട് ഇല്ലത്തിനാണ് ഇതിനുള്ള അവകാശം.

നെയ്യാട്ടം
ദക്ഷിൻ കാശിയെന്നും ദക്ഷയാഗഭൂമിയെന്നും അറിയപ്പെടുന്ന കൊട്ടിയൂരിലെ ഉത്സവ ചടങ്ങുകൾക്ക് തുടക്കമാകുന്നത് കൊട്ടിയൂര്‍ പെരുമാളിന് അർപ്പിക്കുന്ന നെയ്യാട്ടത്തോടെയാണ്. വാൾ വന്ന ശേഷം സ്വയംഭൂവായി ശിവൻ വാഴുന്ന മണിത്തറയിൽ ചോതി നാളിൽ വിളക്ക് തെളിക്കുമ്പോൾ നെയ്യാട്ടം നടക്കും. ഈ ചടങ്ങോടെ വൈശാഖോത്സവത്തിന് തുടക്കമാകും.
ആലിംഗന പുഷ്പാഞ്ജലി
മറ്റൊരു ക്ഷേത്രത്തിലും കാണുവാൻ കഴിയാത്ത തരത്തിലുള്ള പൂജകളും ആചാരങ്ങളും കൊട്ടിയൂര്‍ വൈശാഖോത്സവത്തിന് കാണാം. അതിലേറ്റവും പ്രധാനപ്പെട്ടാണ് ഇവിടുത്തെ രോഹിണി പൂജ അഥവാ ആലിംഗന പുഷ്പാഞ്ജലി. പത്നിയായ സതിയെ നഷ്ടപ്പെട്ട ദു:ഖത്തിൽ നിൽക്കുന്ന ശിവനെ ബ്രഹ്മാവ് ആശ്വസിപ്പിച്ചു എന്നു വിശ്വാസത്തിലാണ് ഈ ചടങ്ങ് നടക്കുന്നത്. വിഗ്രഹത്തിൽ പുഷ്പവൃഷ്ടി നടത്തി കുറുമാത്തൂർ വലിയ നമ്പൂതിരിപ്പാട് തന്റെ ഇരുകൈകളായും വിഗ്രഹത്തെ ചുറ്റിപ്പിടിച്ച് തലചേർത്തു നിൽക്കുന്ന ചടങ്ങാണിത്.

പൂർത്തിയാകാത്ത പൂജകൾ
കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ ചടങ്ങുകൾ ഒരിക്കലും പൂർത്തിയാകില്ല എന്നതാണ് മറ്റൊരു വിശ്വാസം. 28 ദിവസത്തെ വൈശാഖോത്സവം സമാപിക്കുമ്പോള്‍ എല്ലാ പൂജകളും പൂർത്തിയാക്കുവാൻ പാടില്ലെന്നും അവസാനിപ്പിച്ചിടത്തു വെച്ച് പിന്നീടുള്ള വർഷത്തെ പൂജകൾ ആരംഭിക്കണമെന്നുമാണ് വിശ്വാസം.
ഭൂതത്തെ പറഞ്ഞയക്കൽ ചടങ്ങ്
കൊട്ടിയൂർ വൈശാഖോത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന കൗതുകമുണര്‍ത്തുന്നതാണ് ഭൂതത്തെ പറഞ്ഞയക്കൽ ചടങ്ങ്. വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിൽ നിന്ന് ഭൂതത്തെ കൊട്ടിയൂരിലേക്ക് പറഞ്ഞയക്കുന്ന ചടങ്ങാണിത്. കൊട്ടിയൂരിലേക്ക് ഉത്സവകാലത്ത് പണ്ട് ഭൂതഗണങ്ങൾ തിരുനെല്ലിയിൽ നിന്നും അരിയെത്തിച്ചിരുന്നുവത്രെ. ഒരുതവണ ഇങ്ങനെ പോയപ്പോൾ ചുമടിന്റെ ഭാരം താങ്ങാനാവാതെ ഒരു ഭൂതം അരി വഴിയിൽ ഉപേക്ഷിച്ചത്രെ. അതിൽ കോപിച്ച തിരുനമെല്ലിപ്പെരുമാൾ ആ ഭൂതത്തെ ശപിച്ച് കല്ലാക്കിയെന്നും അതിനു പകരമായി മറ്റൊരു ഭൂകത്തെ അരിയുമായി അയച്ചുവെന്നുമാണ് വിശ്വാസം. ഈ ചടങ്ങിന്റെ ഓർമ്മയ്ക്കായി ഇന്നും തിരുനെല്ലിയിൽ ഭൂതത്തെ പറഞ്ഞയക്കൽ ചടങ്ങ് നടത്തുന്നു.

സ്ത്രീപ്രവേശനം
കൊട്ടിയൂർ ഉത്സവകാലത്ത് അക്കരെ കൊട്ടിയൂരിൽ ഭണ്ഡാര എഴുന്നള്ളത്തിനു ശേഷം മാത്രമാണ് സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നത്. തുടർന്ന് മകം നാളിലെ ഉച്ചശീവേലി വരെ സ്ത്രീകൾക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. 2023 ലെ കൊട്ടിയൂർ വൈശാഖോത്സവത്തിന് ജൂൺ 3 മുതൽ 24 വരെയാണ് പ്രവേശനം.
കൊട്ടിയൂരിലെ ഓടപ്പൂവ്
കൊട്ടിയൂർ ഉത്സവത്തിന്റെ ഏറ്റവും വലിയ അടയാളം അവിടെ നിന്നുലഭിക്കുന്ന ഓടപ്പൂക്കളാണ്. . കൊട്ടിയൂര്‍ വിശ്വാസങ്ങളനുസരിച്ച് ദക്ഷയാഗത്തിന് നേതൃത്വം നല്കിയ ഭൃഗുമുനിയുടെയും മറ്റ് മുനിമാരുടെയും താടി രോമങ്ങളാണത്രെയിത്. എന്നാൽ സതിദേവിയുടെ മരണത്തോടെ കോപിഷ്ഠനായി മാറിയ ശിവന്റെ ആജ്ഞയനുസരിച്ച് ഭൂതഗണങ്ങൾ യാഗം അവസാനിപ്പിക്കാനെത്തിയപ്പോൾ ഇവിടെയുണ്ടായിരുന്ന ഭൃഗുമുനിയുടെയും മറ്റുള്ളവരുടെയും താടിരോമങ്ങൾ പിഴുതെറിഞ്ഞതാണത്രെ ഓടപ്പാവായി മാറിയത്. ഒരുകാലത്ത് മുഴുവൻ ഇവിടെ ഓടപ്പൂക്കളായിരുന്നു.

ഓട മുറിച്ച് വെള്ളത്തിലിട്ടെടുത്ത് ചതച്ച് വീണ്ടും കറ പോകുവാനായി വെള്ളത്തിലിടും. പിന്നീടിതെടുത്ത് പിഴിഞ്ഞ് പൂവിന്റെ രൂപത്തിലോട്ട് മാറ്റും. ഇതാണ് കൊട്ടയൂരെത്തുന്ന വിശ്വാസികൾ തങ്ങളുടെ ഭവനങ്ങളിലേക്ക് കൊണ്ടുപോകുന്ന ഓടപ്പൂവ്. ഉത്സവത്തിൽ പങ്കെടുത്തുവരുന്നവര്‍ തങ്ങളുടെ ഭവനത്തിലും വാഹനങ്ങളിലും ഓടപ്പൂ സൂക്ഷിക്കാറുണ്ട്. ഇത് ഐശ്വര്യം പകരുമെന്നാണ് വിശ്വാസം.
വൈശാഖ മഹോത്സവം 2023- പ്രധാന തിയതികൾ
*2023 മെയ് 27 ശനി (1198 എടവം 13) നീരെഴുന്നള്ളത്ത്
*2023 ജൂൺ 1 വ്യാഴം (1198 എടവം 18) നെയ്യാട്ടം
*2023 ജൂൺ 2 വെള്ളി (1198 എടവം 19) ഭണ്ഡാരം എഴുന്നള്ളത്ത്
*2023 ജൂൺ 8 വ്യാഴം (1198 എടവം 25) തിരുവോണം ആരാധന
*2023 ജൂൺ 9 വെള്ളി (1198 എടവം 26) ഇളനീർ വെയ്പ്പ്
*2023 ജൂൺ 10 ശനി (1198 എടവം 27) ഇളനീരാട്ടം അഷ്ടമി ആരാധന
*2023 ജൂൺ 13 ചൊവ്വ (1198 എടവം 30) രേവതി ആരാധന
*2023 ജൂൺ 17 ശനി (1198 മിഥുനം 2) രോഹിണി ആരാധന
*2023 ജൂൺ 19 തിങ്കൾ (1198 മിഥുനം 4) തിരുവാതിര ചതുശതം
*2023 ജൂൺ 20 ചൊവ്വ (1198 മിഥുനം 5) പുണർതം ചതുശ്ശതം
*2023 ജൂൺ 22 വ്യാഴം (1198 മിഥുനം 7) ആയില്യം ചതുശ്ശതം
*2023 ജൂൺ 24 ശനി (1198 മിഥുനം 9) മകം കലം വരവ്
*2023 ജൂൺ 27 ചൊവ്വ (1198 മിഥുനം 12) അത്തം ചതുശ്ശതം വാളാട്ടം കലശപൂജ *2023 ജൂൺ 28 ബുധൻ (1198 മിഥുനം 13) തൃക്കലശാട്ട്.
ചിത്രങ്ങൾക്ക് കടപ്പാട്:Kottiyoor Devaswom
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











