ആകാശത്തിലെ കൗതുക കാഴ്ചകളാണ് ഗ്രഹണങ്ങൾ (Eclipse 2024). ആകാശകുതുകികൾ കാത്തിരിക്കുന്ന സമയങ്ങളിലൊന്നായ ഇത് ഭാരതീയ വിശ്വാസങ്ങളെ സംബന്ധിച്ചും പ്രധാനപ്പെട്ട സമയമാണ്. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും എന്ന് പൊതുവേ പറയുമെങ്കിലും ഇതിൽതന്നെ പല വിഭാഗങ്ങളുണ്ട്. അതിശയത്തോടെ കാണുവാനും ആകാശലോകത്തിന്‍റെ അത്ഭുതങ്ങളിലേക്ക് പോകുവാനും മനസ്സിലാക്കുവാനും കാത്തിരിക്കുന്നവരെ സംബന്ധിച്ചെടുത്തോളം സുപ്രധാനമാണ് ഈ ദിവസങ്ങൾ.

കഴിഞ്ഞ വർഷം റിംഗ് ഓഫ് ഫയർ സൂര്യഗ്രഹണവും ഹൈബ്രിഡ് സൂര്യഗ്രഹണവും അടക്കം നമ്മെ വിസ്മയിപ്പിച്ച ഒരുകൂട്ടം കാര്യങ്ങൾ ആകാശത്ത് നടന്നു. ഇത്തവണ 2024 ലെ ഗ്രഹണങ്ങളും നമ്മെ അത്ഭുതപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരു ഗ്രഹണവും തനിച്ചല്ല വരുന്നത്, ഒരു സൂര്യഗ്രഹണം എപ്പോഴും ചന്ദ്രഗ്രഹണത്തിന് രണ്ടാഴ്ച മുമ്പോ ശേഷമോ സംഭവിക്കുന്നു എന്നാണ് ശാസ്ത്രം പറയുന്നത്. ഇതാ 2024 ലെ പ്രധാന ഗ്രഹണങ്ങൾ, തിയതി, കാണാൻ സാധിക്കുന്ന ഇടങ്ങൾ എന്നിവ വിശദമായി പരിചയപ്പെടാം.
സൂര്യഗ്രഹണവും ചന്ദ്ര ഗ്രഹണവും
ഈ വർഷത്തെ സൂര്യഗ്രഹണവും ചന്ദ്ര ഗ്രഹണവും വിശദമായി പറയുന്നതിന് മുൻപ് എന്താണ് ഇവയെന്ന് നോക്കിയാലോ.. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ ഭൂമിയെ ചുറ്റുന്നതിനിടെ സൂര്യന് നേരെ മുന്നിൽ എത്തും. ഇത് ചന്ദ്രൻ സൂര്യനെ പൂർണമായോ ഭാഗികമായോ മറയ്ക്കുവാനും ചന്ദ്രന്‍റെ നിഴൽ ഭൂമിയിൽ പതിക്കുവാനും കാരണമാകും. ഇതിനെയാണ് സൂര്യഗ്രഹണം എന്നു പറയുന്നത്.
അതേസമയം ചന്ദ്രൻ ഭൂമിയെ വലംവയ്ക്കുമ്പോൾ ഭൂമിയുടെ നിഴലിലൂടെയാണ് കടന്നു പോകുന്നത്. ഈ സമയം ചന്ദ്രനിൽ നിന്ന് നോക്കിയാൽ സൂര്യനെ കാണാനാകില്ല. അങ്ങനെ ചന്ദ്രൻ ഭൂമിയുടെ നിഴലിലാകുന്നതിനെയാണ് ചന്ദ്രഗ്രഹണം എന്നു പറയുന്നത്.

2024 ലെ സൂര്യ ഗ്രഹണങ്ങള്‍ (Solar Eclipses in 2024)
സമ്പൂർണ്ണ സൂര്യഗ്രഹണം- ഏപ്രിൽ 8
2024 ലെ ആദ്യത്തെ സമ്പൂർണ്ണ സൂര്യഗ്രഹണമാണ് ഏപ്രിൽ 8 തിങ്കളാഴ്ച സംഭവിക്കുന്നത്. ഇന്ത്യൻ സമയം 21:12:15 ( 9.12:15 PM) മണിക്കും പിറ്റേന്ന് ചൊവ്വാഴ്ച പുലർച്ചെ 02:22:19 മണിക്കും ഇടയിൽ ആണ് ഈ സമ്പൂർണ്ണ സൂര്യഗ്രഹണം സംഭവിക്കുക.
മെക്സിക്കോ, കാനഡ, അമേരിക്കൻ ഐക്യനാടുകൾ, ഓസ്‌ട്രേലിയ, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിൽ ആയിരിക്കും ഈ ഗ്രഹണം ദൃശ്യമാവുക. അതേസമയം ഇന്ത്യയിൽ ഈ സമയം രാത്രിയായതു കൊണ്ട് ഇതിവിടെ ദൃശ്യമാകില്ല. 4 മിനിട്ടും 28 സെക്കൻഡും ആണ് ഈ സമ്പൂർണ്ണ സൂര്യ ഗ്രഹണം നീണ്ടുനിൽക്കുന്നത്.
വലയ സൂര്യഗ്രഹണം ഒക്ടോബർ 2
വലയ സൂര്യഗ്രഹണം അഥവാ ആന്യുലാർ എക്ലിപ്സ് (Annular eclipse 2024) ഒക്ടോബർ 2 ബുധനാഴ്ചയാണ് സംഭവിക്കുന്നത്.
2024 ലെ രണ്ടാമത്തെ സൂര്യഗ്രഹണം കൂടിയാണിത്. ബുധനാഴ്ച രാത്രി 9.14 നും പിറ്റേന്ന് ഒക്ടോബർ 3 വ്യാഴാഴ്ച പുലർച്ചെ 03.16 നും ഇടയിൽ ആണിത് സംഭവിക്കുക. ഇത് സംഭവിക്കുന്ന സമയം ഇന്ത്യയിൽ രാത്രിയായതിനാൽ ഇന്ത്യയിൽ ദൃശ്യമാകില്ല. തെക്കൻ ചിലി, തെക്കൻ അർജന്‍റീന, അറ്റ്ലാന്‍റിക് സമുദ്രം തുടങ്ങിയ സ്ഥലങ്ങളിലാവും ഇത് കാണപ്പെടുക.
എന്താണ് വലയ സൂര്യഗ്രഹണം?
ചന്ദ്രനും ഭൂമിയും ഒരേ നേർരേഖയിലെത്തിയാലും ദീർഘവൃത്താകൃതിയിലുള്ള ചന്ദ്രന്റെ ഭ്രമണപഥം കാരണം ചിലപ്പോൾ ചന്ദ്രന് സൂര്യനെ പൂർണമായി മറയ്ക്കാനാവില്ല. അപ്പോൾ സൂര്യന്റെ പുറംഭാഗം ഒരു വലയം പോലെ ചന്ദ്രനു പുറത്ത് കാണപ്പെടും. ഇതിനെയാണ് വലയ സൂര്യഗ്രഹണം എന്നു പറയുന്നത്.
2024 ലെ ചന്ദ്രഗ്രഹണങ്ങൾ Lunar Eclipses in 2024
ഉപഛായാ ചന്ദ്രഗ്രഹണം-മാർച്ച് 25
2024 ലെ ആദ്യത്തെ ഗ്രഹണം സംഭവിക്കുന്നത് -മാർച്ച് 25 നാണ്. ഉപഛായാ ചന്ദ്രഗ്രഹണം അഥവാ പെൻബ്രൽ ചന്ദ്രഗ്രഹണം ആണിത്. സൂര്യപ്രകാശം ചന്ദ്രന്റെ ഉപരിതലത്തില്‍ പതിക്കുന്നത് ഭൂമി തടയുകയും ചന്ദ്രോപരിതലത്തിന്റെ 90 ശതമാനവും അതിന്റെ നിഴലിനാല്‍ മറക്കപ്പെടുകയും ചെയ്യുന്ന പ്രതിഭാസമാണിത്.

ഇന്ത്യൻ സമയം രാവിലെ 10.23 മുതൽ ഉച്ചയ്ക്ക് 03.02 മണി വരെയാണിത് സംഭവിക്കുന്നത്.
അമേരിക്ക, അന്റാർട്ടിക്ക, വടക്ക് കിഴക്കൻ റഷ്യ തുടങ്ങിയവിടങ്ങളിൽ ഉള്ളവർക്ക് ഉപഛായാ ചന്ദ്രഗ്രഹണം കാണാൻ സാധിക്കും. ഗ്രഹണം നടക്കുന്ന സമയം ഇന്ത്യയിൽ പകൽ ആയതുകൊണ്ട് ഗ്രഹണം ഇന്ത്യയിൽ കാണാൻ സാധിക്കില്ല.
ഭാഗിക ചന്ദ്രഗ്രഹണം- സെപ്റ്റംബർ 18
2024 സെപ്റ്റംബർ 18 ന് നടക്കുന്ന ഭാഗിക ചന്ദ്രഗ്രഹണം ആകാശ ലോകത്തെ കൗതുക കാഴ്ചയാണെങ്കിലും ഇന്ത്യയിൽ നിന്നുള്ളവർക്ക് അത് ദൃശ്യമാകില്ല. പകൽ രാവിലെ 7.44 നും 8.46 നും ഇടയിൽ സംഭവിക്കുന്നതിനാലാണിത് ദൃശ്യമകാത്തത്. അതേ സമയം അമേരിക്ക, അന്റാർട്ടിക്ക, ആഫ്രിക്ക, യൂറോപ്പ്, പടിഞ്ഞാറൻ ഏഷ്യ, തെക്ക് പടിഞ്ഞാറൻ റഷ്യ, ഇന്ത്യൻ മഹാസമുദ്രം, അറ്റ്ലാന്റിക് സമുദ്രം, ആർട്ടിക് സമുദ്രം എന്നിവിടങ്ങളിൽ ഭാഗിക ചന്ദ്രഗ്രഹണം ദൃശ്യമാകും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














