ഒരു രാജ്യത്തിന്‍റെ നിലനില്പിനും വികസനത്തിനും ഏറ്റവും സംഭാവന നല്കുന്ന കാര്യങ്ങളിലൊന്നാണ് അണക്കെട്ടുകൾ. വൈദ്യുതി ഉത്പാദിപ്പിക്കുന്നതു മുതൽ കുടിവെള്ളം ലഭ്യമാക്കുന്നതും കാർഷിക വിളകൾക്ക് ജലസേചനംവല്കുന്നതു വരെ വ്യത്യസ്തങ്ങളായ പങ്ക് അണക്കെട്ടുകൾക്കുണ്ട്. ആധുനിക ഇന്ത്യയുടെ അമ്പലങ്ങളെന്ന് ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ച ഡാമുകൾ നമ്മൾ അറിഞ്ഞിരിക്കേണ്ടവയാണ്.
ലഭ്യമായ വിവരങ്ങളനുസരിച്ച് 5,334 അണക്കെട്ടുകളാണ് ഇന്ത്യയിലുള്ളത്. ഇതിൽ 447 എണ്ണം അതിന്റെ പ്രാധാന്യം കൊണ്ടും നിർമ്മിതി കൊണ്ടും പ്രത്യേക പ്രാധാന്യവും അർഹിക്കുന്നു. ഇടുക്കി ഡാം , മുല്ലപ്പെരിയാര്‍ ഡാം തുടങ്ങിയവയാണ് മലയാളികൾക്ക് പരിചിതമായ അണക്കെട്ടുകൾ. കൂടാതെ നിർമ്മിതി കൊണ്ടും ഭംഗി കൊണ്ടും രാജ്യത്തെ ചില ഡാമുകൾ അറിയപ്പെടുന്നു. ഇതാ ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് അണക്കെട്ടുകൾ പരിചയപ്പെടാം.

1. മേട്ടൂർ ഡാം, തമിഴ്നാട്
ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ മേട്ടൂർ ഡാം തമിഴ്നാട്ടിലെ സേലം ജില്ലയിലെ മേട്ടൂരിലാണ് സ്ഥിതി ചെയ്യുന്നത്. കാവേരി നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന മേട്ടൂർ അണക്കെട്ടിൽ നിന്നാണ് ജലസേചനത്തിനുള്ള വെള്ളം തമിഴിനാടിന് ലഭിക്കുന്നത്. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ ഈ ഡാം ഒൻപത് വർഷമെടുത്താണ് അതിന്‍റെ നിർമ്മാണം പൂർത്തിയാക്കിയത്.5,600 അടി ഉയരം, ഡാം, പാർക്ക്, പവർ സ്റ്റേഷൻ, സ്ഥിതി ചെയ്യുന്ന പ്രദേശം എന്നിവയെല്ലാം ചേർന്ന് മേട്ടൂരിനെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്നും മേട്ടൂരിലേക്ക് 199 കിലോമീറ്ററാണ് ദൂരം.
2. സർദാർ സരോവർ ഡാം, ഗുജറാത്ത്
ഗുജറാത്തിലെ നർമദയയിൽ കേവദിയായ്ക്ക് സമീപം നിര്‍മ്മിച്ചരിക്കുന്ന സർദാർ സരോവർ ഡാം നാല് സംസ്ഥാനങ്ങൾക്കാണ് വെള്ളവും വൈദ്യുതിയും നല്കുന്നത്. ഗുജറാത്ത്, മധ്യപ്രേദശ്, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ സർദാർ സരോവർ ഡാമിനെ ആശ്രയിക്കുന്നു. നിർമ്മാണത്തിൽ ഉപയോഗിച്ച കോൺക്രീറ്റിന്റെ അളവിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കോൺക്രീറ്റ് അണക്കെട്ടാണിത്. ഈ അണക്കെട്ടിലെ ജലാശയമധ്യത്തിലായുള്ള സാധൂ ബെറ്റ് എന്ന ദ്വീപിലാണ് ലോകത്തിലെ ഏറ്റവും ഉയരമേറിയ പ്രതിമയായ സർദാർ വല്ലഭായ് പട്ടേലിന്റെ സ്റ്റാച്യൂ ഓഫ് യൂണിറ്റി സ്ഥിതി ചെയ്യുന്നത്.

PC:Pradeep717
3. ശ്രീശൈലം അണക്കെട്ട് , ആന്ധ്രാ പ്രദേശ്
സംഭരണ ശേഷിയുടെ കാര്യത്തിൽ ഇന്ത്യയിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയാണ്
ശ്രീശൈലം അണക്കെട്ട്. കൃഷ്ണാ നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഇത് ആന്ധ്രയിലെ നന്ദ്യാൽ ജില്ലയിലും നാഗർകുർണൂൽ ജില്ലയിലുമായാണ് സ്ഥിതി ചെയ്യുന്നത്. 1960 ൽ തുടങ്ങിയ ഈ അണക്കെട്ടിന്റെ നിർമ്മാണം 1981 ൽ പൂർത്തിയായപ്പോൾ 10 മില്യൺ രൂപ ചിലവായി. നവംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ശ്രീശൈലം അണക്കെട്ട് സന്ദർശിക്കുവാൻ പറ്റിയ സമയം.
4. ഇടുക്കി അണക്കെട്ട്, കേരള
കാഴ്ചയിലെ ഭംഗിയേക്കാൾ നിർമ്മാണത്തിന്റെ രീതിക്കും ചരിത്രത്തിനുമാണ് ഇടുക്കി ഡാം പ്രസിദ്ധമായിരിക്കുന്നത്. പെരിയാർ നദിക്ക് കുറുകെ കുറുവൻ കുറത്തി മലകളെ തമ്മിൽ ബന്ധിപ്പിച്ച് നിർമ്മിച്ച ഇടുക്കി അണക്കെട്ട് കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണി കൂടെയാണ്. ഏഷ്യയിലെ ആദ്യത്തെ ആർച്ച് ഡാം ആയ ഇടുക്കി ഡാം ഷട്ടറുകളില്ലാതെയാണ് നിർമ്മിച്ചിരിക്കുന്നത്. 1969 ൽ ആരംഭിച്ച ഇതിൻറെ നിർമ്മാണം 1973 ൽ പൂർത്തിയായി. അക്കാലത്തെ നിർമ്മാണ രീതിയനുസരിച്ച് ഐസ് ഇട്ടുവരെ നിർമ്മിച്ച ഇടുക്കി ഡാമിന് ഭൂകമ്പത്തെ പ്രതിരോധിക്കാവുള്ള കരുത്തുണ്ട്.
5. മലമ്പുഴ അണക്കെട്ട്, കേരള
പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മലമ്പുഴ അണക്കെട്ട് അതിന്‍റെ ഭംഗിയാൽ പ്രസിദ്ധമാണ്. മലമ്പുഴ നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ അണക്കെട്ട് നിർമ്മാണം 1949 ൽ ആരംഭിച്ച് 1955ൽ പൂർത്തിയായി. പാലക്കാടിന്റെ കാർഷിക സമൃദ്ധിക്ക് പിന്നിലെ വലിയ ശക്തി മലമ്പുഴ ഡാം ആണ്. ഒരു വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഇവിടെ മലമ്പുഴ ഉദ്യാനം കാണാം. കേരളത്തിലെ ആദ്യത്തെ അമ്യൂസ്മെന്‍റ് പാർക്കായ ഫാന്‍റസി പാർക്കും ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്.

6. കൃഷ്ണ രാജ സാഗര (കെആർഎസ്),കർണ്ണാടക
കർണ്ണാടകയിലെ മാണ്ഡ്യ ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൃഷ്ണ രാജ സാഗര 1911 ൽ മൈസൂർ മഹാരാജാവായിരുന്ന കൃഷ്ണ രാജ വോഡയാർ നാലാമനാണ് നിർമ്മിച്ചത്. കാവേരി നദിയുടെ പോഷകനദികളായ ഹേമാവതിയും ലക്ഷ്മണ തീർത്ഥയും സംഗമിക്കുന്ന സ്ഥലത്തിന് താഴെയാണ് അണക്കെട്ടുള്ളത്. ഡാമിനോട് ചേർന്നാണ് പ്രസിദ്ധമായ ബൃന്ദാവൻ ഗാർഡൻ സ്ഥിതി ചെയ്യുന്നത്.
7. തെഹ്റി ഡാം, ഉത്തരാഖണ്ഡ്
ഇന്ത്യയിലെ ഏറ്റും ഉയരം കൂടിയതും ലോകത്തിലെ 12-ാമത്തെ ഉയരം കൂടിയതുമായ അണക്കെട്ടാണ് ഉത്തരാഖണ്ഡിലെ തെഹ്റി ഡാം. ഭഗീരഥി നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ അണക്കെട്ടിന് 260.5 മീറ്റർ ഉയരമുണ്ട്. ഇതിനോട് ചേർന്നുള്ള തെഹ്രി ലേക്ക് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. ഇന്ന് ഉത്തരാഖണ്ഡിലെ സാഹസിക വിനോദത്തിന്റെയും ജലവിനോദങ്ങളുടെയും പ്രധാന കേന്ദ്രമായി തെഹ്റി ജലസംഭരണി മാറിയിട്ടുണ്ട്.
8. സലൗലിം ഡാം, ഗോവ
നിർമ്മിതിയുടെയും രൂപത്തിന്‍റെയും കാര്യത്തിൽ ഒരുപോലെ കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന ഒന്നാണ് ഗോവയിലെ സലൗലിം ഡാം. ഒരു ത്രീ ഡി കാഴ്ചയുടെ കൗതുകമാണ് ഇത് നല്കുന്നത്. സൗത്ത് ഗോവയിൽ ചൊർചൊരം എന്ന സ്ഥലത്തിനു സമീപം സലൗലിം നദിയില്‍ ആണിത് നിർമ്മിച്ചിരിക്കുന്നത്. റിസർവോയറിനുള്ളിൽ ഒരു ആർച്ച് നിർമ്മിച്ച് അതിലേക്ക് വെള്ളം ഒഴുകുന്ന രീതിയിലാണിത് നിർമ്മിച്ചിരിക്കുന്നത്.
9. ഹിരാക്കുഡ് ഡാം
ലോകത്തിലെ ഏറ്റവും വലിയ ഭൗമ അണക്കെട്ടും ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടും കൂടിയാണ് ഒഡീഷയിലെ ഹിരാക്കുഡ് ഡാം. 4.8 കിലോമീറ്റർ നീളത്തിൽ മഹാനദിക്ക് കുറുകെയാണിത് നിർമ്മിച്ചിരിക്കുന്നത്. 1946-ൽ നിർമ്മാണം തുടങ്ങി 1957ൽ അത് പൂർത്തിയായി. 75000 സ്‌ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയിലുള്ള ഭൂമിയിലാണ് അണക്കെട്ടും അതിന്റെ വൃഷ്ടി പ്രദേശവും വ്യാപിച്ച കിടക്കുന്നത്. 98 ഫ്‌ളഡ് ഗേറ്റുകള്‍, 64 സ്ലൈഡിങ് ഗേറ്റുകള്‍, 34 ക്രെസ്റ്റ് ഗേറ്റുകള്‍ തുടങ്ങിയവയാണ് ഇതിന്‌റെ പ്രത്യേകതകൾ.

10. സപുവ അണക്കെട്ട്, ഒഡീഷ
മഹാനദിയുടെ പോഷകനദിയായസപുവയിലാണ് സപുവ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്. ഒഡീഷയിലെ ധേന്‍കനാൽ ജില്ലയിലാണിതുള്ളത്. 1993 ൽ നിർമ്മണം ആരംഭിച്ചെങ്കിലും 2006 ലാണിത് പൂർത്തിയാകുന്നത്. ഭുവനേശ്വറിൽ നിന്നും 90 കിലോമീറ്റർ ദൂരത്തിലാണിത് സ്ഥിതി ചെയ്യുന്നത്.
Cover Image: Sajeev0101
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













