ശൈവവിശ്വാസികളെ സംബന്ധിച്ചെടുത്തോളം പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് കാലാഷ്ടമി. ശിവന്‍റെ അഗ്നിരൂപമായ കാലഭൈരവനായി സമർപ്പിച്ചിരിക്കുന്ന ഈ ദിവസത്തിന് ഒട്ടേറെ പ്രത്യേകതകളുണ്ട്. അകാരണമായ ഭയം മാറാന്‍ ഈ ദിവസത്തെ പ്രാർത്ഥനകൾ സഹായിക്കുമെന്നാണ് വിശ്വാസം. എല്ലാ മാസവും കൃഷ്ണപക്ഷത്തിലെ അഷ്ഠമി ദിനത്തിലാണ് കാലാഷ്ടമി ആചരിക്കുന്നത്. ശിവന്റെ ഉഗ്രരൂപങ്ങളായ എട്ട് ഭൈരവന്മാരിൽ ഒന്നാണ് കാലഭൈരവൻ.
എന്നാല്‍ ഈ ജൂലൈ മാസത്തിലെ അഷ്ഠമി ദിനത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. ശ്രാവണമാസം അഥവാ സാവൻ മാസത്തിലെ കാലാഷ്ടമിയിൽ കാലഭൈവനെയും മഹാദേവനെയും ആണ് ആരാധിക്കുന്നത്. കാലാഷ്ടമിയെക്കുറിച്ചും അതിന്റെ പ്രധാന്യം, പ്രത്യേകതകൾ, പ്രധാനപ്പെട്ട ഭൈരവ ക്ഷേത്രങ്ങൾ എന്നിവയെക്കുറിച്ചും വായിക്കാം.

കാലാഷ്ടമിയുടെ പ്രത്യേകതകൾ
കാലഭൈരവനെ ആരാധിക്കുന്ന പ്രത്യേക ദിവസമാണല്ലോ കാലാഷ്ടമി. മരണഭയം മാറുവാൻ, ദുഷ്ടശക്തികൾ, ശത്രുക്കൾ, ഗ്രഹങ്ങളുടെ സ്ഥാനം എന്നിവയെക്കുറിച്ചുള്ള ആധികള്‍ അകലുവാൻ എന്നിങ്ങനെ ഈ ദിവസത്തെ പ്രാർത്ഥനകൾക്ക് സവിശേഷതയും ഫലങ്ങളും കുറേയുണ്ട്. മനുഷ്യന്റെ ഉള്ളിലെ ഭയങ്ങളെ അപ്പാടെ നീക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നയാളാണ് ഭൈരവൻ. കാലഭൈരവനായി ശിവനെയാണ് ഈ ദിവസം ആരാധിക്കുന്നത്.
ശ്രാവണ കാലാഷ്ടമി 2023
എല്ലാ കാലാഷ്ടമികളും പ്രധാനപ്പെട്ടതാണെങ്കിലും ശ്രാവണമാസത്തിലെ കാലാഷ്ടമി കുറച്ച് പ്രത്യേകതകളുള്ളതാണ്. ശ്രാവണ കാലാഷ്ടമി ജൂലൈ 9 ഞായറാഴ്ചയാണ്. ജൂലൈ 09 ന് വൈകിട്ട് 07.59 ന് ആരംഭിച്ച് പിറ്റേന്ന് ജൂലൈ 10 ന് വൈകിട്ട് 06.43 ന് ഇത് അവസാനിക്കും. പ്രദോഷ കാല പൂജാസമയം - ജൂലൈ 9 രാത്രി 07.22 - രാത്രി 09.54 , നിഷിത കാല മുഹൂര്‍ത്തം - ജൂലൈ 10 പുലര്‍ച്ചെ 12.06 - 12.47 എന്നിങ്ങനെയാണ് സമയം.
കാലഭൈരവനെ ആരാധിച്ചാൽ
കാലഭൈരവനെ ആരാധിക്കുക വഴി ഒട്ടേറെ അനുഗ്രഹങ്ങൾ ലഭിക്കും. രാഹുമൂലമുണ്ടാകുന്ന ദോഷങ്ങൾ മാറാൻ കാലഭൈരവനെ ആരാധിക്കാം. ഒപ്പം, മരണഭയം മാറാൻ, പേടി, എന്നിവ അകന്നുപോകാനും ആരോഗ്യവും സമ്പത്തും ഐശ്വര്യവും ജീവിതത്തില് വരുവാനും ഈ ദിവസത്തെ പ്രാർത്ഥനകൾ സഹായിക്കും. മാത്രമല്ല, ഭൈരവനെ ആരാധിക്കുന്നവരെ ശനി ഉപദ്രവിക്കാറില്ല എന്നും പറയപ്പെടുന്നു. അഘോരികളുടെ ദൈവമാണ് ഭൈരവൻ എന്നും വിശ്വാസമുണ്ട്,
ഇന്ത്യയിലെ കാലഭൈരവ ക്ഷേത്രങ്ങൾ
തെക്കേ ഇന്ത്യയെ അപേക്ഷിച്ച് വടക്കേ ഇന്ത്യയിലാണ് കാലഭൈരവ ക്ഷേത്രങ്ങൾ കൂടുതലുമുള്ളത്. വിനാശത്തെ നിയന്ത്രിക്കുന്ന ശിവരൂപമാണ് കാലഭൈരവൻ.
ഉജ്ജയിൻ കാലഭൈരവ ക്ഷേത്രം
രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ കാലഭൈരവ ക്ഷേത്രമാണ് ഉജ്ജയിൻ കാലഭൈരവ ക്ഷേത്രം. ഉജ്ജയിന്‍ നഗരത്തിന്റെ കാവല്‍ക്കാരനായാണ് ഇവിടെ കാലഭൈവരവനെ ആരാധിക്കുന്നത്. ഇതിനേക്കാളധികം മദ്യം വഴിപാടായി നല്കുന്ന ക്ഷേത്രം എന്നതാണ് ഉജ്ജയിൻ ക്ഷേത്രത്തിന്റെ പ്രത്യേകത. താന്ത്രിക ക്ഷേത്രമായ ഇവിടെ കാലഭൈരവൻ മദ്യം സ്വീകരിക്കുകയും ചെയ്യും.

തങ്ങള് കൊണ്ടുവരുന്ന മദ്യം വിശ്വാസികൾ കാലഭൈരവന് സമർപ്പിക്കാനായി പുരോഹിതന് നല്കുന്നു. അതിൽ കുറച്ചു മദ്യം പുരോഹിതൻ തന്റെ പാത്രത്തിലേക്ക് പകർന്ന് കാലഭൈരവന് മുന്നിൽ കാണിക്കുന്നു. മെല്ലെ അത് പാത്രത്തിൽ നിന്നും അപ്രത്യക്ഷമാകുമത്രെ. ബാക്കി മദ്യം പുരോഹിതൻ വിശ്വാസികൾക്ക് തിരികെ കൊടുക്കുകയും ചെയ്യുന്നതാണ് ഇവിടുത്തെ രീതി. ഇൻഡോറിലിറങ്ങി ഉജ്ജയിന് സമീപത്തെ ഈ ക്ഷേത്രത്തിലേക്ക് വരാം. 55 കിലോമീറ്ററാണ് ദൂരം.
വാരണാസി കാലഭൈരവ ക്ഷേത്രം
വാരണസിയിലെ ഏറ്റവും പഴയ ശിവക്ഷേത്രമാണിത്. തലയോട്ടികൾകൊണേടുള്ള മാലയാണ് ഇവിടെ ഭൈരവൻ അണിഞ്ഞിരിക്കുന്നത്. മരണത്തിനു പോലും കാലഭൈരവനെ ഭയപ്പെടുത്താനാവില്ലെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ അകത്തെ ശ്രീകോവിലിൽ കാലഭൈരവന്റെ വെള്ളിയിൽ തീർത്ത മുഖമുള്ള വിഗ്രഹം ഉണ്ട്. തന്റെ വാഹനമായ നായയുടെ മുകളിൽ ഇരിക്കുന്ന രൂപത്തിലാണിത്. ഭൈരവന്‍റെ മുഖം മാത്രമേ മുഖം മാത്രമേ വാതിലിലൂടെ സന്ദർശകർക്ക് കാണാന്‍ സാധിക്കൂ.
Cover Image: Bidhan Rajkarnikar
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












