മൂന്നാർ സന്ദർശിക്കാൻ നല്ല സമയം കാത്തിരിക്കുകയാണോ? എങ്കിൽ ബാഗ് പാക്ക് ചെയ്യാൻ റെഡിയായിക്കോ.. വിറപ്പിക്കുന്ന തണുപ്പും പച്ചപ്പ് നിറഞ്ഞ കാഴ്ചകളും അഴകോടെ ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടങ്ങളും തേയിലത്തോട്ടങ്ങള്‌ക്ക് നടുവിലൂടെയുള്ള വഴികളും ഒക്കെയായി മൂന്നാർ സഞ്ചാരികളെ മാടി വിളിക്കുകയാണ്. അത് മാത്രമല്ല, ചെന്നെത്തുന്നവരെ കാത്ത് ഒരു സർപ്രൈസും മൂന്നാർ ഒളിപ്പിച്ചിട്ടുണ്ട്.
മൂന്നാറിലെ തണുപ്പ് തന്നെയാണ് സർപ്രൈസ്. ജനുവരിയില്‍ ഇതു രണ്ടാം തവണയാണ് വീണ്ടും മൂന്നാർ കുളിരിലേക്ക് പോയിരിക്കുന്നത്. താപനില പൂജ്യം ഡിഗ്രിയാണ് ഇന്നലെ പുലർച്ചെ മൂന്നാറിൽ രേഖപ്പെടുത്തിയത്. ഇതിനു രണ്ടാഴ്ച മുൻപാണ് ചെണ്ടുവരയിൽ പൂജ്യം താപനില രേഖപ്പെടുത്തിയത്. ഇതോടെ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ വരവും വർധിച്ചിട്ടുണ്ട്.

ചെണ്ടുവര, ലക്ഷ്മി എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച പുലർച്ചെ പൂജ്യം താപനില അനുഭവപ്പെട്ടത്. ദേവികുളം, സെവൻമല, നല്ലതണ്ണി, മൂന്നാർ ടൗൺ എന്നിവിടങ്ങളിൽ ഒരു ഡിഗ്രി താപനില രേഖപ്പെടുത്തിയപ്പോൾ സൈലന്റ്‌വാലി, മാട്ടുപ്പെട്ടി എന്നിവിടങ്ങളിൽ രണ്ടു ഡിഗ്രി സെൽഷ്യസാണ് തിങ്കളാഴ്ച പുലർച്ചെ അനുഭവപ്പെട്ടത്.
മഞ്ഞുമൂടിയ മൂന്നാർ
കഠിനമായ തണുപ്പിൽ പല ഭാഗങ്ങളിലും ചെറിയ രീതിയിൽ മഞ്ഞും പെയ്തു. കന്നിമല, പെരിയവര എന്നിവിടങ്ങളിലെ പുൽമേടുകളിലാണ് പ്രഭാതങ്ങളിൽ മഞ്ഞുമൂടിക്കിടക്കുന്ന അതിമനോഹരമായ, അത്രയൊന്നും കാണാൻ കിട്ടാത്ത കാഴ്ചയുള്ളത്. തണുപ്പ് ആസ്വദിക്കാൻ മൂന്നാറിലേക്ക് കൂടുതൽ സഞ്ചാരികൾ ഇനി എത്തിത്തുടങ്ങും. മൂന്നാറിൽ മാത്രമല്ല, ഉൾപ്രദേശങ്ങൾ തേടി എത്തുന്നവരുടെ എണ്ണത്തിലും വർധനവ് ഉണ്ടായിട്ടുണ്ട്
ശക്തമായ തണുപ്പ്
അതിശൈത്യത്തിലൂടെയാണ് മൂന്നാർ കടന്നു പോകുന്നത്. പകലിനെ അപേക്ഷിച്ച് രാത്രിയിലാണ് തണുപ്പ് കൂടുന്നത്. പുലർച്ചെയും രാത്രിയിലുമാണ് ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത്. അതേസമയം പകൽ താപനില 25 ഡിഗ്രി വരെ ഉയർന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
തണുപ്പും പ്രസന്നമായ കാലാവസ്ഥയും ഇഷ്ടപ്പെടുന്നവരാണെങ്കിൽ മൂന്നാറിലേക്ക് വരാന് പറ്റിയ സമയമാണിത്. മടുപ്പില്ലാതെ സ്ഥലങ്ങൾ കാണാനിറങ്ങുവാനും ട്രെക്കിങ് നടത്തവാനുമെല്ലാം പറ്റിയ സുഖകരമായ അന്തരീക്ഷം. വരുംദിവസങ്ങളിൽ തിരക്ക് കൂടുവാൻ സാധ്യതയുള്ളതിനാൽ താമസസൗകര്യം മുൻകൂട്ടി ബുക്ക് ചെയ്തു വരുന്നതായിരിക്കും കൂടുതൽ നല്ലത്. കെഎസ്ആർടിസി, പിഡബ്യുഡി ഗസ്റ്റ് ഹൗസ് തുടങ്ങിയ ബജറ്റ് ഫ്രണ്ട്ലി താമസസൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
ഇരവികുളം പാർക്ക് ശനിയാഴ്ച അടയ്ക്കും
അതേസമയം, ഈ സമയത്ത് മൂന്നാറിൽ വന്നാൽ പ്രധാനപ്പെട്ട ഒരിടം പട്ടികയിൽ നിന്നും ഒഴിവാക്കേണ്ടി വരും. വംശനാശം നേരിടുന്ന വരയാടുകളുടെ പ്രജനന കാലം ആരംഭിക്കുന്നതിനാൽ ഇരവികുളം ദേശീയോദ്യാനം അടയ്ക്കും. ഫെബ്രുവരി 1 മുതൽ രണ്ടു മാസത്തേക്ക് , അതായത് മാർച്ച് 31 വരെ രാജമലയിലേക്കു വിനോദസഞ്ചാരികൾക്കു പ്രവേശനം അനുവദിക്കില്ല. പ്രജനനം സുഗമമായി നടക്കുന്നതിനും വരയാട് കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയാണ് 60 ത് ദിവസത്തേക്ക് ദേശീയോദ്യാനം അടച്ചിടുന്നത്.
നിലവില് ഉദ്യാനത്തിൻറെ ഉൾപ്രദേശങ്ങളിലായി പത്തോളം വരയാട് കുഞ്ഞുങ്ങൾ പിറന്നിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇവ സഞ്ചാരികൾക്ക് സന്ദർശിക്കാൻ കഴിയുന്ന സ്ഥലങ്ങളിലേക്ക് എത്തുമെന്നതിനാലാണ് പ്രവേശനം നിരോധിച്ചിരിക്കുന്നത്. മനുഷ്യരുടെ സാന്നിധ്യം വരയാട് കുഞ്ഞുങ്ങളുടെ ജീവിതത്തെ ബാധിക്കാതിരിക്കാനാണ് ഈ ക്രമീകരണം.
അതേസമയം, വരയാടുകളുടെ വിഹാരകേന്ദ്രമായയ രാജമല ഒഴികെയുള്ള സ്ഥലങ്ങൾ ഇരവികുളത്ത് സന്ദർശിക്കുവാൻ അനുമതിയുണ്ട്. വാച്ച് ടവർ, ട്രെക്കിങ്, ബഗ്ഗി കാർ യാത്ര എന്നിവയെല്ലാം മുടക്കമില്ലാതെ തുടരും. രാജമലയുടെ പ്രവേശനകവാടമായ അഞ്ചാംമൈൽ മുതൽ ചെക്പോസ്റ്റ് വരെയുള്ള ബഗ്ഗി കാർ യാത്രയ്ക്ക് 6 പേർക്കു 3000 രൂപയാണു നിരക്ക്. വാച്ച് ടവർ കയറാനും അഞ്ചാംമൈലിലെ വെർച്വൽ റിയാലിറ്റി ഷോ, ഓർക്കിഡേറിയം, പന്നൽ ഗാർഡൻ എന്നിവ സന്ദർശിക്കുവാനും അനുമതിയുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












