ഇടുക്കി കാഴ്ചകളിൽ എന്നും പുതുമ തേടുന്നവരാണ് സഞ്ചാരികൾ. കോടമഞ്ഞും മലമേടുകളും ഇടുക്കിക്കാർക്കും ഇടുക്കിയിലെത്തുന്നവർക്കും ഒരു പുതുമയല്ലെങ്കിലും ഇതെല്ലാം ചേർന്ന് കാഴ്ചകളുടെ വമ്പൻ പൂരമൊരുക്കുന്ന ഒരിടം ഇടുക്കിയിലുണ്ട്. അതാണ് ഒട്ടകത്തലമേട്! എന്താണ് ഒട്ടകത്തലമേടിലുള്ളത് എന്നു ചോദിച്ചാല്‍ അത് ഇവിടെ വന്നു കാണേണ്ടി വരും. അത്രയും മനോഹരമായ,നനുത്ത മഞ്ഞിന്റെ മൂടുപടത്തിൽ കിടക്കുന്ന ഒരു സുന്ദര പ്രദേശമാണിത്.

PC:Amal S/Unsplash
ഒട്ടകത്തലമേട് മെല്ലെ സഞ്ചാരികൾക്കു പരിചയമാകുന്നതേയുള്ളൂ. കുന്നുകയറി ചെല്ലുന്നവരെ ഒരിത്തിരി പോലും നിരാശപ്പെടുത്താത്ത ഇടം എന്നു ധൈര്യമായി പറയാം. ഈ സ്ഥലം അധികമാരും കേട്ടിട്ടില്ലെങ്കിലും തൊട്ടടുത്തു കിടക്കുന്ന കുമളി കേരളീയര്‍ക്കും മറ്റ് ആഭ്യന്തര സഞ്ചാരികൾക്കും വിദേശികൾക്കും എല്ലാം പ്രിയപ്പെട്ടതാണ്. കുമളിയിലെത്തുന്നവർ പോലും കേട്ടിട്ടില്ലാത്ത ഒട്ടകത്തലമേട് ശരിക്കും ഒരു തവണ കാണേണ്ട സ്ഥലം തന്നെയാണ്.
കിടിലൻ ഒട്ടകത്തലമേട് വ്യൂ പോയിന്‍റ്
ഇത്രയും പറഞ്ഞിട്ട് ഇവിടെ എന്തൊക്കെ കാണാനുണ്ട് എന്നല്ലേ ചോദിക്കുന്നത്. ഒട്ടകത്തലമേട്ടിലെ പ്രധാന കാഴ്ച ഇവിടുത്തെ വ്യൂ പോയിന്‍റ് തന്നെയാണ്. ഇടുക്കിയുടെ സ്വന്തം കാഴ്ചകളായ മലയും കുന്നും കോടമഞ്ഞും പിന്നെ ഇടയ്ക്കിടെ വരുന്ന മഴയുമെല്ലാമാണ് കാഴ്ചകൾ. സമുദ്ര നിരപ്പിൽ നിന്നും രണ്ടായിരം മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒട്ടകത്തലമേട്ടിലെ കാഴ്ചകൾ കണ്ടാല്‍ മതിയാവില്ല. ,
തീർന്നില്ല!
വ്യൂ പോയിന്‍റ് മാത്രമല്ല, കുറച്ചുകൂടി മുന്നോട്ട് പോയാൽ ഒരു വാച്ച് ടവറും ഇവിടെ കാണാം. വെറും 200 മീറ്റര്‍ ദൂരമേ അകലമുള്ളുവെങ്കിലും നടന്നെത്തുവാൻ കുറച്ചു പ്രയാസപ്പെടും. ദുർഘടമായ വഴിയാണെങ്കിലും ഇപ്പോൾ നവീകരണ പ്രവർത്തനങ്ങള്‍ നടക്കുകയാണ്. ഓഫ്റോഡ് വാഹനങ്ങളിലാണ് പൊതുവേ ആളുകൾ ഇവിടേക്കെത്തുന്നത്.
നാല് നിലയുള്ള വാച് ടവറിൽ നിന്നു നോക്കിയാൽ തേക്കടി തടാകം, കുമളി, തമിഴ്നാടിന്റെ ചില പ്രദേശങ്ങൾ എന്നിവയുടെ വിദൂരദൃശ്യം ആസ്വദിക്കാൻ സാധിക്കും. ഒരു ഹെലിപാഡും ഒരു ഏറുമാടവും കൂടി ഇവിടെ കാണാം.
എങ്ങനെ ഒട്ടകത്തലമേട് എത്താം
കുമളിൽ നിന്നും നാലര കിലോമീറ്റർ അകലെയാണ് ഒട്ടകത്തലമേട് സ്ഥിതി ചെയ്യുന്നത്. വ്യൂ പോയിന്‍റിലേക്ക് പോകണമെങ്കിൽ വീണ്ടും ഒരു 200 മീറ്റര്‍ ദൂരം കൂടി സഞ്ചരിക്കണം. കുമളി- തേക്കടി യാത്രയിൽ നിർബന്ധമായും ഉൾപ്പെടുത്തുവാൻ സാധിക്കുന്ന ഒരു ലക്ഷ്യസ്ഥാനം കൂടിയാണ്.
ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിലും
പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ വളർത്തി കൊണ്ടുവരുന്നതിന് ടൂറിസം വകുപ്പ് തദ്ദേശ ഭരണ വകുപ്പുമായി ചേർന്ന് നടപ്പാക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ചിലും ഒട്ടകത്തലമേട് ഇടംപിടിച്ചിട്ടുണ്ട്. കൂടുതൽ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന വിധത്തിൽ കുമളി ഗ്രാമ പഞ്ചായത്തും ടൂറിസം വകുപ്പും സംയുക്തമായി ഒന്നര കോടി രൂപ ചിലവഴിച്ചാണ് വികസന പദ്ധതി നടപ്പിലാക്കുന്നത്. പ്രാദേശിക ടൂറിസം കേന്ദ്രങ്ങളെ വളർത്തി കൊണ്ടുവരുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്ന് ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ഡെസ്റ്റിനേഷൻ ചലഞ്ച്.
ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനായി
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തങ്ങളുടെ പരിധിക്കുള്ളിലെ ടൂറിസം സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി, ഡിപിആർ തയ്യാറാക്കി ടൂറിസം വകുപ്പിന്റെ വെബ്സൈറ്റ് വഴിയാണ് പ്രൊപ്പോസൽ സമർപ്പിക്കേണ്ടത്. ഒട്ടകത്തലമേട് വികസന പദ്ധതികൾ ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പേജിലും കഴിഞ്ഞ ദിവസം ഇടംപിടിച്ചിരുന്നു.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













