എവിടെ വേണമെങ്കിലും പോകാം
ഇത്തിരി തണുപ്പ് കൂടും എന്നല്ലാതെ മറ്റൊരു കാരണവും ജനുവരിയിലെ യാത്രകളിൽ വില്ലനായി വരില്ല. സാധാരണ ആശുകൾ തണുപ്പുകാരണം മടിച്ചു വീട്ടിലിരിക്കുമ്പോൾ നമ്മൾ മാത്രം ഒരു യാത്ര പോകുന്നത് വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും. ബീച്ചായാലും ട്രക്കിങ്ങ് ആയാലും അതല്ല പർവ്വതങ്ങളിലേക്കോ വിദേശത്തേയ്ക്കോ ഒക്കെയാണ് യാത്രയെങ്കിലും ജനുവരി ഡബിൾ ഓകെ ആണ്!
ഇത് സത്യം! പോക്കറ്റ് കാലിയാവുകയേയില്ല
ഡിസംബറിന്റെ തിരക്കും ബഹളങ്ങളും ഒക്കെ കഴിഞ്ഞുള്ള സമയമായതിനാൽ ടൂറിസം സീസൺ ഒന്ന് ഉറങ്ങുന്ന സമയമാണ്. അതുകൊണ്ടു തന്നെ കത്തി റേറ്റ് ഒന്നും ജനുവരിയിലെ യാത്രയിൽ പ്രതീക്ഷിക്കുകയേ വേണ്ട. പോക്കറ്റിന് ഇണങ്ങുന്ന സൗകര്യങ്ങൾ തിരഞ്ഞെടുക്കുവാൻ ഇഷ്ടംപോലെ ഓപ്ഷനുകൾ ഓരോ ഇടങ്ങളിലും കാണും .
മിക്ക സ്ഥലങ്ങളിലും ജനുവരി ഓഫ് സീസണാണ്. വിമാന ടിക്കറ്റ് ബുതൽ ടാക്സി ചാർജും ഹോട്ടൽ വാടകയും എന്തിനധികം ഷോപ്പിങ് ചെയ്യുന്നിടങ്ങളിൽ പോലും ഈ വ്യത്യാസം അറിയുവാൻ സാധിക്കും.
ഇനി കാത്തിരിക്കേണ്ട
ആശിച്ചു മോഹിച്ച് ഒരു യാത്ര പ്ലാൻ ചെയ്ത് ടിക്കറ്റ് ബുക്ക് ചെയ്യുവാൻ നോക്കുമ്പോൾ ടിക്കറ്റ് നേരത്തേ തന്നെ വിറ്റുപോയ അനുഭവമുണ്ടോ? അല്ലെങ്കിൽ പേഴ്സിന് കനം കുറഞ്ഞതു കാരണം വേണ്ടെന്നു വയ്ക്കേണ്ടി വന്നിട്ടുള്ള യാത്രകളുണ്ടോ? എങ്കിൽ അതിനെല്ലാം ഉത്തരം കൊടുക്കുവാൻ പറ്റിയ മാസമാണ് ജനുവരി. വിചാരിച്ച നിരക്കിൽ ടിക്കറ്റ് കിട്ടി, കുറഞ്‍ ചിലവിൽ ഡ്രീം ഡെസ്റ്റിനേഷനിലേക്ക് യാത്ര പ്ലാൻ ചെയ്യുവാൻ ജനുവരി തന്നെയാണ് മികച്ച സമയം. ഇനി ഇഷ്ടപ്പെട്ട ഇടത്തിൽ എത്തിയാലും ജനുവരിയുടെ ഫലങ്ങൾ പിന്നെയും കിട്ടിക്കൊണ്ടിരിക്കും. മ്യൂസിയങ്ങളിലേക്കുള്ള ടിക്കറ്റും സാംസ്കാരിക പരിപാടികൾക്കും ഷോകൾക്കും വേണ്ടിയുള്ള ടിക്കറ്റുകളും ഒക്കെ വളരെ ചുരുങ്ങിയ ചിലവിലായിരിക്കും ലഭിക്കുക.
ക്യൂ നിൽക്കേണ്ടി വരില്ല
ഒന്നിനു വേണ്ടിയും കാത്തുനിൽക്കേണ്ടി വരില്ല എന്നതാണ് ജനുവരി യാത്രകളുടെ മറ്റൊരു മെച്ചം. ബീച്ചായാലും കാടുകളിലേക്കുള്ള യാത്രയാണെങ്കിലും നിർത്തി മടുപ്പിക്കാത്ത ക്യൂവും തിരക്കില്ലാത്ത സന്ദർശകരും സമാധാനമായി വന്നുപോകുന്നവരുമൊക്കെയേ യാത്രകളിൽ കാണാനുള്ളൂ. കുറച്ചു മിനിട്ടുകൾ കൊണ്ടവസാനിക്കുന്ന ക്യൂ ആയതിനാൽ ബുദ്ധിമുട്ടില്ലാതെ പല കാര്യങ്ങളും സമയത്തിൽ കണ്ടിറങ്ങുവാനും സാധിക്കും.
ലോക്കലായി കാണാം
സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങളിലൊന്ന് ഒരു തിരക്കിലും ബഹളത്തിലും പെട്ടുപോകാതെ സമയമെടുത്ത് ഒരു നാട്ടുകാരനേപ്പോലെ സ്ഥലങ്ങൾ കണ്ടുതീർക്കുക എന്നത്. എന്നാൽ മിക്ക യാത്രകളിലും സംഭവിക്കുന്നത് നേരെ തിരിച്ചാണ്. തിരക്കു കൊണ്ടു ഒന്നും കാണാതെ പോരേണ്ടി വരും. ചിലപ്പോഴാണെങ്കിൽ ടിക്കറ്റ് പോലും ലഭിച്ചില്ലെന്നുമിരിക്കും. ഇങ്ങനെയുളള മോശം അനുഭവങ്ങൾ സഞ്ചാരികളെ മിക്കപ്പോഴും ഓഫ് സീസൺ യാത്രകൾക്ക് പ്രേരിപ്പിക്കും.
ഒരു സ്ഥലത്തെ കൃത്യമായി അറിയുകയും മനസ്സിലാക്കുകയും ചെയ്യണമെങ്കിൽ അവിടുത്തെ കാഴ്ചകൾ കൊതിതീരുവോളം കാണേണ്ടതുണ്ട്. ആ അവസരമാണ് ജനുവരി മാസത്തിലെ യാത്രകൾ സമ്മാനിക്കുന്നത്.
മികച്ച സമ്മാനം
കുടുംബാംഗങ്ങളെയെല്ലാം ഒരുമിച്ച് കയ്യിൽകിട്ടുന്ന സമയം യാത്രകൽ മാത്രമാണ്. ബഹളങ്ങളും തിരക്കുമില്ലാതെ കുടുംബത്തിനൊപ്പം മാത്രം ചിലവഴിക്കുവാൻ കഴിയുന്ന വിലപ്പെട്ട സമയം. അതുകൊണ്ടു തന്നെ മുഴുവൽ സമയവും കുടുംബത്തിനൊപ്പമായിരിക്കുവാൻ സാധിക്കുന്ന രീതിയിൽ യാത്രകൾ പ്ലാൻ ചെയ്യാം. ഹിൽ സ്റ്റേഷനുകളിലേക്കുള്ല യാത്രയും രാത്രിയിലെ താമസവും, അല്ലെങ്കിൽ കെട്ടുവഞ്ചിയിൽ ഒരു ദിവസത്തെ കറക്കവും രാത്രിയിലെ താമസവും, ക്രൂസിലുള്ള സഞ്ചാരം, തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്ര അങ്ങനെ പല തരത്തിലുള്ള യാത്രകൾ ഇവിടെ പരീക്ഷിക്കാം.
വിന്‍ററിലെ കാഴ്ചകൾ കാണാം
മഞ്ഞു പൊതിഞ്ഞു കിടക്കുന്ന ഇടങ്ങൾ പലപ്പോഴും പല സമയത്തായി കണ്ടിട്ടുണ്ടെങ്കിലും ജനുവരിയിലെ കാഴ്ചകൾക്ക് ഒരു പ്രത്യേക ഭംഗി തന്നെയുണ്ട്. അന്താരാഷ്ട്ര യാത്രകൾക്ക് യോജിച്ച സമയവും ഇതുതന്നെയാണ്.