പർവ്വതതലപ്പും ആകാശവും തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ മഞ്ഞുമൂടി കിടക്കുന്ന പർവ്വതങ്ങൾ, പച്ച എവിടെയെങ്കിലും കാണുന്നുണ്ടോ എന്നു സൂക്ഷിച്ചു നോക്കിയാൽ മാത്രം വെളിപ്പെടുന്ന മഞ്ഞുമൂടിയ മരങ്ങൾ... ദാൽ തടാകത്തിലൂടെ ഒഴുകി നീങ്ങുന്ന ശിക്കാരകൾ... ഇങ്ങനെ ഒരുപാട് കാഴ്ചകളുണ്ട് കാശ്മീർ എന്ന ഒരൊറ്റ വാക്ക് മനസ്സിലെത്തിക്കുന്ന കാഴ്ചകൾ. അക്കൂട്ടത്തിൽ വരാനേ സാധ്യതയില്ലാത്ത ഒരു കാഴ്ചയാണ് ഇപ്പോൾ ചർച്ചാ വിഷയം.
സംഗ് ഇ സഫേദ് വാലി.. കാശ്മീരിലെ സ്ഥിരം സഞ്ചാരികൾക്കൊക്കെ അറിയാമെങ്കിലും മറ്റു യാത്രികർക്കിടയിൽ കാശ്മീരിലെ ഒരു സ്പോട്ട് എന്നതിലധികം വലിയ പരിഗണനയൊന്നും അടുത്തകാലം വരെ സംഗ് ഇ സഫേദ് വാലിക്ക് ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ മഞ്ഞുമൂടിക്കിടക്കുന്ന ഒരു തടാകത്തിന്റെ പേരിൽ ഈ താഴ്വര പ്രസിദ്ധമായിരിക്കുകയാണ്.

കനത്ത വേനലിൽ കാശ്മീർ പോലും പൊള്ളുന്ന സമയത്ത് സംഗ് ഇ സഫേദ് വാലിക്ക് ഒരു കുലുക്കവുമുണ്ടാവില്ല. ഇവിടുത്തെ തണുത്തുറഞ്ഞ തടാകം വേനലിൽ പോലും മഞ്ഞു പുതച്ചു കിടക്കുകയാണ്. തടാകം മാത്രമല്ല, ഇവിടെയെത്തിയാല്‍ പുലർച്ചെ മഞ്ഞുവീണു കിടക്കുന്ന പുൽമേടുകളും കാണാം. സംഗ് ഇ സഫേദ് എന്ന വാക്കിന്റെ അർത്ഥമായ വെളുത്ത കല്ല് എന്നതിനെ അന്വർത്ഥമാക്കി മഞ്ഞുവീണു കിടക്കുന്ന കാലാവസ്ഥയാണ് ഇതിന്റെ ഹൈലൈറ്റ്.
ഇവിടുത്തെ മണ്ണിലാവട്ടെ, ശരിക്കും വെളുത്ത കല്ലുകൾ കാണുകയും ചെയ്യാം.
വെളുത്ത നിറമുള്ള ഭംഗിയാർന്ന കല്ലുകളായിരുന്നു ഈ താഴ്വരയിലെ ഏറ്റവും വ്യത്യസ്തമായ കാഴ്ച. ഇതിനിടെയാണ് തണുത്തുറഞ്ഞ തടാകത്തിന്റെ പ്രസിദ്ധി നാടെങ്ങും പരന്നത്.
എത്ര ചൂടേറിയ കാലാവസ്ഥയാണ് കാശ്മീരിലെങ്ങും എന്നത് ഈ നാട് അറിയുകയേയില്ല. ഏറ്റവും ചൂടുള്ള മാസങ്ങളിൽ പോലും കട്ടിയായി കിടക്കുന്ന മഞ്ഞാണ് ഇവിടെ കാണാൻ സാധിക്കുക. ഉയരം കൂടിയ പൈൻ മരങ്ങളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.
ബഡ്ഗാം ജില്ലയിൽ യൂസ്മാർഗ് വാലിക്ക് സമീപം ഏകദേശം പത്ത് കിലോമീറ്റർ ദൂരത്തിലാണ് സംഗ് ഇ സഫേദ് സ്ഥിതി ചെയ്യുന്നത്. വളരെ ചുരുക്കം സഞ്ചാരികൾ മാത്രമാണ് ഇവിടെ എത്തിച്ചേരുന്നത്. പാക്കേജുകളുടെ ഭാഗമായി ഇവിടേക്കങ്ങനെ ആരും വരാറില്ല. ചൂടിൽ മനസ്സും ശരീരവും ഒരുപോലെ തണുപ്പിക്കാൻ പറ്റിയസ്ഥലം കൂടിയാണിത്. കേട്ടറിഞ്ഞെത്തുന്നവരാണ് സംഗ് ഇ സഫേദിയുടെ സന്ദർശകർ. എന്നിരുന്നാലും യൂസ്മാർഗ് സഞ്ചാരികളുടെ പ്രിയപ്പെട്ട കാശ്മീർ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്.
ട്രക്ക് ചെയ്തു വരാം
യൂസ്മാർഗിൽ നിന്നും സാധാരണഗതിയിൽ സംഗ് ഇ സഫേദിയിലേക്ക് സാധാരണ ട്രെക്ക് ചെയ്താണ് സഞ്ചാരികളെത്തുന്നത്. ഏകദേശം പത്തു കിലോമീറ്റർ നീളുന്ന നടത്തത്തിൽ വ്യത്യസ്തങ്ങളായ ഭൂമിയും കാഴ്ചകളും കാണാം. എളുപ്പമാണ് യാത്രയെന്ന് തോന്നുമെങ്കിലും ഇടയ്ക്കിടെ ബുദ്ധിമുട്ടേറിയ വഴികളും പ്രതിബന്ധങ്ങളും തരണം ചെയ്തു പോകേണ്ടി വരും.
യൂസ്മാർഗ്
സംഗ് ഇ സഫേദിയെക്കുറിച്ച് പറയുമ്പോൾ വിട്ടുപോകരുതാത്ത ഇടമാണ് യൂസ്മാർഗ്. പ്രകൃതിഭംഗിയേയും ഇവിടുത്തെ കാഴ്ചകളേയുംകാൾ ആളുകള ആകർഷിക്കുന്നത് ഈ പ്രദേശവുമായി ബന്ധപ്പെട്ട് നിൽക്കുന്ന കഥകളും വിശ്വാസങ്ങളുമാണ്. യേശു ക്രിസ്തു കാശ്മീരിൽ സന്ദര്‍ശിച്ച സ്ഥലം എന്നും കാശ്മീരിലെ യേശു ക്രിസ്തുവിൻറെ നാട് എന്നുമെല്ലാം യൂസ്മാർഗ് അറിയപ്പെടുന്നു. യേശു എന്ന വാക്ക് തന്നെയാണ് യൂസ് എന്ന വാക്കിന്‍റെയും അർത്ഥം. മാർഗ് എന്നാൽ പുൽമേട് എന്നാണെന്നും നമുക്കറിയാം.
പേരുപോലെ തന്നെ നോക്കുന്നിടത്തെല്ലാം ഇവിടെ പുൽമേടാണ്. ബൈബിളില്‍ പറഞ്ഞിരിക്കുന്ന അജ്ഞാതവാസക്കാലത്ത് യേശു ഇവിടം സന്ദര്‍ശിച്ചിരുന്നുവെന്നും കുറച്ചുകാലം ഇവിടെ ചെലവഴിച്ചിരുന്നുവെന്നുമാണ് ഇവിടുത്തെ വിശ്വാസങ്ങൾ പറയുന്നത്. എന്നാൽ കേട്ടറിവുകളല്ലാതെ വിശ്വാസയോഗ്യമായ തെളിവുകളൊന്നും ഇവിടെ കാണാനുമില്ല.
ശ്രീനഗറിൽ നിന്നും 47 കിലോമീറ്റർ അകലെ, കാശ്മീരിന്റെ പടിഞ്ഞാറ് ഭാഗത്ത് ബാഡ്ഗം ജില്ലയിലാണ് യൂസ്മാർഗ് സ്ഥിതി ചെയ്യുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













