എന്നു മുതൽ?
2023 ജനുവരി 1 മുതൽ ഇന്ത്യൻ പൗരന്മാർക്കുമുള്ള വിസ-ഫ്രീ പ്രവേശനം റദ്ദാക്കുവാനാണ് തീരുമാനം. പുതിയ വർഷം മുതൽ ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് വിസയില്ലാതെ സെർബിയയിൽ പ്രവേശിക്കുവാൻ സാധിക്കില്ല. സെർബിയയിലെ ബെൽഗ്രേഡിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ എംബസി അറിയിച്ചതനുസരിച്ച് ജനുവരി 1 മുതൽ എല്ലാ ഇന്ത്യൻ പൗരന്മാർക്കും റിപ്പബ്ലിക് ഓഫ് സെർബിയയിൽ പ്രവേശിക്കുന്നതിന് വിസ ആവശ്യമാണ്.
നേരത്തെ, ഗിനിയ-ബിസാവു, ടുണീഷ്യ, ബുറുണ്ടി എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് നവംബർ 20 മുതൽ വിസ രഹിത പ്രവേശന വ്യവസ്ഥ സെർബിയ നിര്‍ത്തലാക്കിയിരുന്നു.
PC:Ljubomir Žarković/ Unsplash
നേരത്തെ
നേരത്തെ, ആവശ്യമായ എല്ലാ യാത്രാ രേഖകളുമുള്ള ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് സെർബിയയിൽ 30 ദിവസം വരെ തങ്ങുന്നതിന് വിസ രഹിത പ്രവേശനം ആണ് ലഭ്യമായിരുന്നത്. ഈ ക്രമീകരണം സെർബിയ സർക്കാർ പിൻവലിച്ചിരിക്കുന്നു എന്നാണ് പ്രസ്ഥാവനയിൽ വിശദമാക്കിയിരിക്കുന്നത്. നേരത്തെ, ഇന്ത്യൻ പാസ്പോർട്ടും ഹോട്ടല്‍ ബുക്ക് ചെയ്തതിന്റെ രേഖകളും ട്രാവല്‍ ഇന്‍ഷുറന്‍സിന്റെ വിശദാംശങ്ങളും ഒപ്പം ഫ്ലൈറ്റ് ടിക്കറ്റും ഉണ്ടെങ്കിൽ സെര്‍ബിയയിലേക്ക് പോകുവാന്‍ സാധിക്കുമായിരുന്നു.
PC:Nikola Tasic/ Unsplsh
ഇന്ത്യക്കാർക്ക് സെർബിയയിൽ പോകുവാൻ
പുതിയ നിർദ്ദേശം അനുസരിച്ച്, ജനുവരി 1 മുതൽ ഇന്ത്യയിൽ നിന്നും സെർബിയ സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നവർ ന്യൂഡൽഹിയിലെ സെർബിയ എംബസിയിലോ അല്ലെങ്കിൽ അവർ താമസിക്കുന്ന രാജ്യത്തോ വിസയ്ക്ക് അപേക്ഷിക്കണം.
കൂടാതെ, യുണൈറ്റ്ഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, യുണൈറ്റഡ് കിങ്ഡം, അല്ലെങ്കിൽ ഷെങ്കൻ വിസ അല്ലെങ്കിൽ ഈ രാജ്യങ്ങളുടെ റസിഡൻസ് പെർമിറ്റ് ഉള്ള ഇന്ത്യക്കാർക്ക് വിസ രഹിതമായി (വിസയില്ലാതെ) 90 ദിവസത്തേയ്ക്ക് സെർബിയയിൽ പ്രവേശിക്കുവാൻ സാധിക്കും
കാരണം
അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിനുള്ള നടപടികളും യൂറോപ്യൻ യൂണിയൻ വിസ നയത്തിന്റെ ആവശ്യകതകളും പരിഗണിച്ചാണ് മധ്യ യൂറോപ്യൻ രാജ്യമായ സെർബിയ ഇന്ത്യയിലെ പൗരന്മാർക്കുള്ള വിസ രഹിത യാത്രാ നിയന്ത്രണങ്ങൾ അവസാനിപ്പിച്ചതെന്ന് വിദേശ മാധ്യമങ്ങൾ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
സെർബിയ
മധ്യ യൂറോപ്യൻ രാജ്യമായ സെർബിയ തെക്കുപടിഞ്ഞാറന്‍ യൂറോപ്പും മധ്യ യൂറോപ്പും ചേരുന്ന സംഗമ സ്ഥാനമാണ്. സാംസ്കാരിക വൈവിധ്യങ്ങളുടെ നാടായാണ് സെർബിയയെ ലോകം അടയാളപ്പെടുത്തിയിരിക്കുന്നത്. രസകരമായ രാത്രി ജീവിതത്തിനും പൗരാണിക കൊട്ടാരങ്ങൾക്കും കോട്ടകൾക്കും പ്രസിദ്ധമായ ഇവിടം സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം സുരക്ഷിതമായ ലക്ഷ്യസ്ഥാനവും കൂടിയാണ്.
ജോലിയും ജീവിതവും സന്തുലിതമായി കൊണ്ടുപോകുന്ന ഇവിടെ, ജീവിതച്ചിലവും താരതമ്യേന കുറവാണ്. അമേരിക്കയിൽ ജീവിക്കുവാനാവശ്യമായതിന്‍റെ പകുതി ചിലവ് മാത്രമേ സെർബിയയിൽ ആവുകയുള്ളൂ. കുറഞ്ഞ ചിലവിൽ യൂറോപ്യൻ രാജ്യം സന്ദർശിക്കാം എന്നതാണ് ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികളെ സെർബിയയിലേക്ക് ആകർഷിക്കുന്നത്.
PC:Aleksandar Pavlovic/ Unsplash
സെർബിയയും യാത്രയും
തലസ്ഥാനമായ ബെൽഗ്രേഡ് ആണ് ഇവിടെ കണ്ടിരിക്കേണ്ട പ്രധാന നഗരങ്ങളിലൊന്ന്. യൂറോപ്പിലെ ഏറ്റവും പഴക്കംചെന്ന നഗരങ്ങളിലൊന്നും കൂടിയാണിത്. സമ്പന്നമായ ചരിത്രവം പാരമ്പര്യവുമാണ് സെർബിയയ്ക്കുള്ളത്. തങ്ങളുടെ ആതിഥ്യമര്യാദ കൊണ്ട് സന്ദർശകരെ ഈ രാജ്യം എന്നും അതിശയിപ്പിക്കാറുണ്ട്. തങ്ങൾ അതിഥികളോട് പെരുമാറുന്നത് പോലെയാകും ദൈവം തങ്ങളോടും പെരുമാറുക എന്നാണ് ഇവിടുത്തെ ഒരു വിശ്വാസം.
ലോകത്തിലെ ഏറ്റവും മികച്ചകും ചിലവേറിയതുമായ ചീസ് സെർബിയയിൽ ആണ് ഉത്പാദിപ്പിക്കുന്നത്.
റോമൻ ചക്രവർത്തിമാരുടെ നാട് എന്നും സെർബിയ അറിയപ്പെടുന്നു. റോമൻ ചക്രവർത്തി കോൺസ്റ്റന്റൈൻ ദി ഗ്രേറ്റ് ഇന്നത്തെ നിസ് നഗരത്തിലാണ് ജനിച്ചത്. ചക്രവർത്തിമാരിൽ 17 ആളുകളാണ് സെര്‍ബിയയുടെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കാലഘട്ടങ്ങളിലായി ജനിച്ചത് എന്നു ചരിത്രം പറയുന്നു.