Search
  • Follow NativePlanet
Share
» »മന്ത്രവാദത്തിന്റെ ഈറ്റില്ലമായ സൂര്യകാലടി മനയിലേക്കൊരു യാത്ര..

മന്ത്രവാദത്തിന്റെ ഈറ്റില്ലമായ സൂര്യകാലടി മനയിലേക്കൊരു യാത്ര..

കേരളപ്പഴമയോളം തന്നെ പുരാതനവും മന്ത്രവാദ പരമ്പര്യത്തിന്റെ ഈറ്റില്ലമെന്നു വിശേഷിക്കപ്പെടുന്നതുമായ സൂര്യകാലടി മനയിലേക്ക് ഒരു യാത്ര പോകണമെന്ന് കുറേ കാലമായുള്ള ഒരു മോഹമായിരുന്നു.. ഇന്നും ഹോമകുണ്ഡമണയാത്ത, പരദേവതകൾ കുടിയിരിക്കുന്ന സൂര്യകാലടി മനയെക്കുറിച്ച് കഥകളിലൂടെയെങ്കിലും കേൾക്കാത്തവരായി ആരുമുണ്ടാകില്ല.. മനയുടെ ഐതിഹ്യങ്ങളും കേട്ടറിഞ്ഞ കഥകളിലെ അപൂർവ്വതകളും തേടി വെഞ്ഞാറമൂട് നിന്നും കോട്ടയത്തേക്കു യാത്ര ചെയ്ത നിജുകുമാർ വെഞ്ഞാറമൂടിന്റെ യാത്ര വിശേഷം വായിക്കാം...

യക്ഷിപ്പാലയും യക്ഷിപ്പറമ്പും തേടി ഒരു യാത്ര

യക്ഷിപ്പാലയും യക്ഷിപ്പറമ്പും തേടി ഒരു യാത്ര

വെഞ്ഞാറമൂട് നിന്നും കോട്ടയത്തേക്കു വെളുപ്പിന് തന്നെ യാത്ര തിരിച്ചു.. കോട്ടയത്തു നിന്നും ഏറ്റുമാനൂർ പോകുന്ന വഴി ചവിട്ടുവരി എന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ ഉള്ളിലേക്കു പോയപ്പോൾ മീനച്ചിലാറിന്റെ കരയിൽ അപൂർവ്വതകൾ നിറഞ്ഞ ആ പഴയ മാന്ത്രികമന ഇപ്പോഴും തലയെടുപ്പോടെ നിൽക്കുന്നതു കാണാൻ കഴിഞ്ഞു.. പുറത്തു നിന്നു നോക്കിയപ്പോൾ അവിടെ ആരേയും കണ്ടില്ല.. പരിസരമാകെയൊന്നു വീക്ഷിച്ചു കൊണ്ട് മനയിലേക്ക് പതിയെ നടന്നു.. മനയുടെ ഉമ്മറത്തേക്കു കാലെടുത്തു വെച്ചപ്പോൾ ആദ്യം കണ്ടത് തിളങ്ങുന്ന കണ്ണുകളുമായി എന്നെ തുറിച്ചു നോക്കിക്കൊണ്ടിരിക്കുന്ന ഒരു കരിമ്പൂച്ചയെയാണ്.. ഇരുട്ട് എന്ന സത്യത്തെ തിരിച്ചറിയാൻ കഴിയാത്ത മനുഷ്യർക്ക് കരിമ്പൂച്ച എന്നാൽ ഒരു ദുശ്ശകുനമാണെന്ന് ആ പാവം പൂച്ച അറിയുന്നുണ്ടാവില്ലല്ലോ..!

ആ പഴയ കാലത്തേക്ക് പോയി വരാം

ആ പഴയ കാലത്തേക്ക് പോയി വരാം

നൂറ്റാണ്ടുകൾ പലതു കഴിഞ്ഞിട്ടും മനയുടെ സൗന്ദര്യവും പാരമ്പര്യവും എല്ലാം ഇന്നും ഇവിടുത്തെ ഇളംതലമുറക്കാർ കാത്തുപോരുന്നു.. രക്തദാഹികളായ യക്ഷികളെ ആവാഹിച്ചു തറച്ചിരിക്കുന്ന യക്ഷിപ്പാലയ്ക്കും, മനയിൽ നിന്നും പടിഞ്ഞാറ് മാറിയുള്ള യക്ഷിപ്പറമ്പിനുമെല്ലാം കഥകളേറെയുണ്ട് പറഞ്ഞു തീർക്കാൻ..! തന്റെ അച്ഛനെ കൊന്ന യക്ഷിയോട് പ്രതികാരം ചെയ്ത് ഹോമിച്ചതിനു ശേഷം യക്ഷിയുടെ ശാപമേറ്റ് നാൽപ്പത്തൊന്നാം നാൾ അന്ത്യം സംഭവിച്ച സൂര്യകാലടി നമ്പൂതിരിയുടെ കഥകൾ ഐതിഹ്യമാലയിലൂടെയും അമർചിത്രകഥകളിലൂടെയും കുട്ടിക്കാലത്ത് ഞാൻ കുറേ വായിച്ചിട്ടുണ്ട്.. യക്ഷികളും ഗന്ധർവ്വന്മാരുമെല്ലാം ഇപ്പോഴും സാന്നിധ്യമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന സൂര്യകാലടി മനയുടെ നിശബ്ദമായ അന്തരീക്ഷത്തിൽ അൽപ്പസമയം ചെലവഴിക്കാൻ കുറേ കാലമായി ആഗ്രഹിക്കുന്നു, ഇന്നാണ് അത് യാഥാർത്ഥ്യമായത്.. മീനച്ചിലാറിന്റെ ഓളങ്ങൾ കുളിരു പകരുന്ന തണുത്ത കാറ്റ് ഇവിടമാകെ നിറഞ്ഞു നിൽക്കുന്നു.. ആ അന്തരീക്ഷത്തിൽ നിന്നും കുറച്ച് നേരത്തേക്ക് മനസ്സ് കൊണ്ട് ആ പഴയ കാലത്തേക്ക് നമുക്കൊന്നു പോയി വരാം..!

കാലടി സൂര്യകാലടിയായ കഥ

കാലടി സൂര്യകാലടിയായ കഥ

കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിൽ പറയുന്ന ഇതിഹാസകഥാപാത്രമായി മാറിയ സൂര്യഭട്ടതിരിയുടെ വരവോടെയാണ് കാലടി എന്ന കുടുംബനാമം സൂര്യകാലടി എന്നറിയപ്പെടാൻ തുടങ്ങിയത്.. അദ്ദേഹം സൂര്യനെ തപസ്സ് ചെയ്ത് മന്ത്രതന്ത്രങ്ങൾ സ്വായത്തമാക്കിയെന്നുമാണ് ഐതിഹ്യം.. കാലടി മനയിൽ ആറ്റുനോറ്റുണ്ടായ ഉണ്ണിയുടെ ഉപനയനസമയത്ത് തന്റെ അച്ഛൻ ആരാണെന്ന് അവൻ അമ്മയോട് ചോദിച്ചു.. ഇത്രയും കാലം അവനിൽ നിന്നു മറച്ചുവെച്ച രഹസ്യം ഇനിയും ഒളിച്ചു വെക്കാനാവാതെ ആ അമ്മ അവനോടു പറഞ്ഞു.. "ഒരിക്കൽ തൃശൂർപൂരം കാണാൻ പോയതാണത്രേ ഉണ്ണിയുടെ അച്ഛനായ കാലടിഭട്ടതിരിയും, കൂട്ടുകാരനായ മറ്റൊരു നമ്പൂതിരിയും.. നേരം അസമയമായിരിക്കുന്നു ഒരു യക്ഷിപ്പറമ്പിലൂടെയായിരുന്നു അവർ നടന്നു പൊയ്ക്കൊണ്ടിരുന്നത്.. ഭയന്നു വിറച്ചു നടന്നിരുന്ന അവർക്ക് ഒരു ആശ്വാസമായി യൗവ്വനയുക്തകളായ രണ്ട് സുന്ദരികളെ അവർ അവിടെ വെച്ച് കാണാനിടയായി.. 'ഈ അസമയത്ത് യക്ഷിപ്പറപ്പിലൂടെയുള്ള യാത്ര അപകടമാണെന്നും അതിനാൽ ഇന്ന് രാത്രി ഞങ്ങളുടെ മനയിൽ വിശ്രമിച്ചിട്ട് നാളെ അതിരാവിലെ പുറപ്പെട്ടാൽ മതിയെന്നും തങ്ങളോട് പറഞ്ഞ ആ സുന്ദരിമാരുടെ ക്ഷണം നിരസിക്കാൻ അവർക്കായില്ല.. ഒടുവിൽ അവരുടെ വാക്ക് വിശ്വസിച്ച് ആ സ്ത്രീകളുടെ പിന്നാലെ ഭട്ടതിരിയും നമ്പൂതിരിയും യാത്ര തിരിച്ചു..

ഉഗ്രരൂപം കാണുന്നു

ഉഗ്രരൂപം കാണുന്നു

എന്നാൽ മനയിലെത്തിയതോടെ സുന്ദരികളുടെ മുഖത്തെ ഭാവം മാറി.. മനുഷ്യരക്തത്തിനായി കൊതിച്ചിരിക്കുകയായിരുന്ന അവരുടെ ഉഗ്രരൂപം കണ്ട നമ്പൂതിരിമാർ അവരോട് കരഞ്ഞപേക്ഷിച്ചെങ്കിലും രക്തദാഹത്തോടെ അവർ അടുത്തേക്കു വന്നു.. എന്നാൽ ഭട്ടതിരിയുടെ കൂട്ടുകാരനായ നമ്പൂതിരിയുടെ കൈയ്യിൽ ദേവീമാഹാത്മ്യഗ്രന്ഥവും താളിയോലകളുമുണ്ടായിരുന്നതിനാൽ അദ്ദേഹത്തെ യക്ഷികൾക്ക് ഉപദ്രവിക്കാൻ സാധിച്ചില്ല.. പക്ഷേ കാലടി ഭട്ടതിരിയാവട്ടെ യക്ഷികളുടെ രക്തദാഹത്തിനിരയാവുകയും ചെയ്തു.. അപ്പുറത്തെ മുറിയിൽ നിന്നും ഭട്ടതിരിയുടെ ചുടുരക്തം ആർത്തിയോടെ ഊറ്റിക്കുടിക്കുന്നതിന്റേയും എല്ലുകൾ കടിച്ചു പൊട്ടിക്കുന്നതിന്റേയും ശബ്ദങ്ങൾ കേൾക്കുന്നുണ്ടായിരുന്നു.. പാലപ്പൂവിന്റെ ഗന്ധം അസഹ്യമായി അവിടമാകെ ഒഴുകിത്തുടങ്ങി, നമ്പൂതിരി ഭട്ടതിരിയെ വിളിച്ചു നോക്കി, പക്ഷേ മറുപടി വന്നതേയില്ല.. പകരം ആർത്തിയോടെ തന്നെനോക്കി നിൽക്കുന്ന യുവതിയുടെ മുഖമാണ് കണ്ടത്.. മനുഷ്യരക്തക്കൊതിയോടെ അവൾ ചുണ്ടുകൾ നാവു കൊണ്ട് നനയ്ക്കുന്നുണ്ടായിരുന്നു.. നമ്പൂതിരി കൈയ്യിലുണ്ടായിരുന്ന ഗ്രന്ഥം തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു.. പെട്ടെന്നാണ് മറ്റൊരു കാര്യം ശ്രദ്ധിച്ചത്, താൻ ഒരു കരിമ്പനയുടെ മുകളിലാണ് ഇരിക്കുന്നത്, നേരത്തേ കണ്ട മനയെല്ലാം യക്ഷികൾ കാണിച്ച മായക്കാഴ്ചകളായിരുന്നു.. ഭയന്നു നിലവിളിച്ച് പനയിൽ നിന്ന് ചാടിയ നമ്പൂതിരി കണ്ടത് തൊട്ടടുത്തുള്ള പനയുടെ ചുവട്ടിൽ അൽപം മുടിയും എല്ലിൻ കഷണങ്ങളും മാംസങ്ങളും രക്തത്തുള്ളികളും അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കാഴ്ചയായിരുന്നു.. ഇതു കണ്ട് ഭയന്നു വിറച്ച നമ്പൂതിരി ദേവീമാഹാത്മ്യം നെഞ്ചോടു ചേർത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.. തിരിച്ച് ഇല്ലത്തു വന്ന നമ്പൂതിരി നടന്ന സംഭവങ്ങളൊക്കെ ഭട്ടതിരിയുടെ അന്തർജനത്തെ ധരിപ്പിച്ചു.. അവൾ അന്നു പൂർണ്ണഗർഭിണിയായിരുന്നു.. അധികം വൈകാതെ അവൾക്കൊരു മകൻ ജനിക്കുകയും ചെയ്തു..!

കാലം മറക്കാത്ത കഥകൾ

കാലം മറക്കാത്ത കഥകൾ

കാലം കടന്നു പോയി.. ഉണ്ണിയുടെ ഉപനയനദിവസം വന്നെത്തി. അവൻ അമ്മയോട് തന്റെ അച്ഛനെപ്പറ്റി ചോദിച്ചു.. 'ഒന്നും മറച്ചു വെയ്ക്കാതെ അച്ഛൻ നരഭോജിയായ യക്ഷിയുടെ ഭക്ഷണമായ കഥ വിവരിച്ചു കൊടുക്കുകയും ചെയ്തു.. ആ കുഞ്ഞു മനസ്സിൽ യക്ഷികളോടുള്ള പ്രതികാരം വളർന്നു.. അവൻ യക്ഷിയെ തളയ്ക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തി. സൂര്യനെ തപസ്സ് ചെയ്ത് ഉഗ്രവിധികൾ സ്വായത്തമാക്കിയതിലൂടെ കാലടിമന പിന്നീട് സൂര്യകാലടിമനയായി അറിയപ്പെട്ടു.. ഭട്ടതിരിയുടെ മകൻ സൂര്യഭട്ടതിരിയായും പ്രസിദ്ധനായി.. മന്ത്രതന്ത്രങ്ങളിൽ അജയ്യനായ അദ്ദേഹം തന്റെ അച്ഛനെ വകവരുത്തിയ ആ ഉഗ്രയക്ഷിയെ മന്ത്രസിദ്ധിയിലൂടെ മുന്നിലെത്തിക്കുകയും കത്തുന്ന ഹോമകുണ്ഡത്തിൽ അവളെ ഹോമിച്ച് മനയുടെ വെളിയിലായി ദേവതാഭാവത്തിൽ കുടിയിരുത്തുകയും ചെയ്തുവെന്നുമാണ് കഥകൾ..!

സുന്ദരികളായ യക്ഷികൾ നടന്നിരുന്ന വഴികളിലൂടെ....

സുന്ദരികളായ യക്ഷികൾ നടന്നിരുന്ന വഴികളിലൂടെ....

നൂറ്റാണ്ടുകൾക്കു മുമ്പ് നടന്ന ഈ കഥകളിലെ സ്ഥലങ്ങൾ ഇന്ന് നേരിൽ കണ്ടു നടക്കുമ്പോൾ മനസ്സിനുള്ളിൽ ആ പഴയകാലം വീണ്ടും പുനർജ്ജനിക്കുന്നു.. പാലപ്പൂമണം ചുരത്തിയ സുന്ദരികളായ യക്ഷികൾ നടന്നിരുന്ന ആളൊഴിഞ്ഞ ഈ വീഥികളിലൂടെയും കരിമ്പനക്കാടുകളിലൂടെയും പഴയ കഥകൾ മനസ്സിലോർത്തു നടന്നു നീങ്ങുക എന്നത് ഏറെ രസമുള്ള കാര്യമാണ്..! വായ്മൊഴികളിലും ഐതിഹ്യമാലയിലും കേട്ട കഥകളിൽ നിറഞ്ഞു നിന്ന സൂര്യകാലടിമന എന്റെ കണ്ണിലൂടെ കണ്ടറിയുവാനുള്ള ആഗ്രഹത്തിൽ നിന്നാണ് ഈ യാത്ര തുടങ്ങിയത്.. നൂറ്റാണ്ടുകൾ പലതു കഴിഞ്ഞിട്ടും മീനച്ചിലാറിന്റെ തീരത്ത് സൂര്യകാലടിമന പഴമയും പാരമ്പര്യവും കാത്തുസൂക്ഷിച്ച് നിലകൊള്ളുമ്പോൾ ഒരു കാലത്ത് യക്ഷികൾ അലറിത്തിമിർത്ത ആ പാലമരം ഇന്നവിടെയില്ല..! മനയുടെ ഉള്ളിൽ നിന്ന് മണിയൊച്ചയും ശംഖനാദവും പതിയെ കേൾക്കുന്നുണ്ട്, ഹോമകുണ്ഡത്തിൽ നിന്നും മനയേക്കാൾ ഉയരത്തിൽ പുക ഉയരുന്നുണ്ട്..

കാരണം ഒന്നുമാത്രം

കാരണം ഒന്നുമാത്രം

സഞ്ചാരികൾ വീട്ടിലിരുന്നപ്പോൾ ലോകത്തിനുണ്ടായ മാറ്റമാണ് മാറ്റം

ഭക്തിക്കാണോ യുക്തിക്കാണോ പ്രാധാന്യം കൊടുക്കുകയെന്ന് എന്നോട് ചോദിച്ചാൽ 'യുക്തി' എന്നു മാത്രം മറുപടി പറയാറുള്ള ഞാനെന്തിനാണ് മന്ത്രവാദപശ്ചാത്തലമുള്ള സൂര്യകാലടി മനയിലേക്ക് പോയതെന്നു ചിന്തിച്ചാൽ അതിനൊരു ഉത്തരമേയുള്ളൂ.. കഥകൾ കേൾക്കാനും പോയ കാലത്തെ കാഴ്ചകൾ കാണാനും എനിക്കേറെയിഷ്ടമാണ്.. ഐതിഹ്യവും ചരിത്രവും കൂട്ടിക്കുഴഞ്ഞതോ അല്ലെങ്കിൽ കൂട്ടിക്കുഴച്ചതോ ആയ പഴങ്കഥകളുടെ സത്യവും അസത്യവും വേർതിരിച്ചെടുക്കാൻ മെനക്കെടുന്നതിൽ അർത്ഥമില്ല.. വിശ്വാസവും യുക്തിയുമെല്ലാം പലർക്കും പലതായിരിക്കാം.. ഞാനിവിടെ ഒരു യാത്രികനും കാഴ്ചക്കാരനും മാത്രമാണ്.. ഒന്നിനേയും നിഷേധിക്കാതെ ഒന്നിലും ഇടപെടാതെ കണ്ണുകൾ കൊണ്ട് ചുറ്റും കാണുന്ന കാഴ്ചകളുടെ ഒരു ദൃക്‌സാക്ഷി മാത്രമാണ് ഞാനിന്നിവിടെ..!

സമയമേറെ വൈകിയിരിക്കുന്നു.. സൂര്യകാലടി മനയോട് വിട പറയാൻ നേരമായി.. തിരിച്ചു നടക്കുന്നേരം ഞാൻ ഒരിക്കൽക്കൂടി മനയിലേക്കൊന്നു തിരിഞ്ഞു നോക്കി.. ആ ഉമ്മറത്തിണ്ണയിൽ മഞ്ഞകലർന്ന തിളങ്ങുന്ന കണ്ണുകളുമായി ആ കരിമ്പൂച്ച അപ്പോഴും എന്നെ തുറിച്ചു നോക്കിയിരിപ്പുണ്ട്..!

സഞ്ചാരികൾ വീട്ടിലിരുന്നപ്പോൾ ലോകത്തിനുണ്ടായ മാറ്റമാണ് മാറ്റം

അറിയാക്കഥകളുമായി മണാലിയിലെ ഹഡിംബാ ദേവി ക്ഷേത്രം

തിരുപ്പതിയിലെ ഭഗവാൻ ശരിക്കും ആരാണെന്ന് അറിയുമോ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X