പണ്ടത്തെപോലെയല്ല ഇപ്പോഴത്തെ യാത്രകൾ. യാത്രാപ്രേമികളൊഴികെ നേരത്തെ ഒരുമാതിരി ബാക്കിയെല്ലാവരും കേരളത്തിലെ ഇടങ്ങളും പറ്റിയാൽ വടക്കേ ഇന്ത്യയും വടക്കു-കിഴക്കൻ ഇന്ത്യയുമൊക്കെ മാത്രം യാത്ര പോയിരുന്ന കാലം. എന്നാലിപ്പോൾ യാത്രകൾക്കങ്ങനെ അതിർത്തികളില്ല. റോഡ് മാര്‍ഗം വൻകരകൾ പിന്നിടുന്നവരും ഓരോ രാജ്യങ്ങളായി കണ്ട് പരിചയപ്പെട്ട് അനുഭവിച്ച് യാത്ര തുടരുന്നവരും ഓരോ രാജ്യത്തു പോയി പണിയെടുത്ത് കാഴ്ചകൾ കണ്ട് അടുത്ത രാജ്യത്തേയ്ക്ക നീങ്ങുന്നവരുമടക്കം പലതരക്കാരുണ്ട് ഇന്ന്. പല കാരണങ്ങളാൽ അന്താരാഷ്ട്ര യാത്രകൾ കൂടുതൽ ആളുകൾക്ക് സാധ്യമാകുന്നു എന്നതാണ് ഇതിന് പിന്നിൽ
കാര്യങ്ങളിങ്ങനെയാണെങ്കിലും ബജറ്റ് നോക്കിത്തന്നെയാണ് പോകുന്ന രാജ്യങ്ങളും ലക്ഷ്യസ്ഥാനങ്ങളും നമ്മൾ തിരഞ്ഞെടുക്കുന്നത്. കുറഞ്ഞ തുകയ്ക്ക് കൂടുതൽ സന്തോഷം നല്കുന്ന ഇടങ്ങൾ ആരാണ് വേണ്ടന്നുവയ്ക്കുകയല്ലേ. ഇതാ അത്തരത്തിലൊരു യാത്ര നിങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ നിർബന്ധമായും നിങ്ങൾ പരിഗണിക്കേണ്ട, ബജറ്റ് യാത്രകൾക്ക് പറ്റിയ ലക്ഷ്യസ്ഥാനങ്ങൾ ഏതൊക്കെയാണെന്നു നോക്കാം.

നേപ്പാൾ
ഇന്ത്യയിൽ നിന്നുള്ള ബജറ്റ് യാത്രകളിൽ ഏറ്റവുമാദ്യം ഇടംപിടിക്കുന്ന രാജ്യമാണ് നേപ്പാൾ. പോകാനുള്ള എളുപ്പം മാത്രമല്ല, കാഴ്ചകളിലെ വൈവിധ്യവും സമ്പന്നതയും നേപ്പാളിനെ ആദ്യ അന്താരാഷ്ട്ര യാത്രാ സ്ഥാനമായി പരിഗണിക്കുന്നതിന് പല യാത്രികരെയും പ്രേരിപ്പിക്കുന്നു. പുരാതനങ്ങളായ ആശ്രമങ്ങള്‍, ക്ഷേത്രങ്ങള്‍, മാർക്കറ്റുകൾ, വൈവിധ്യമാർന്ന ഭക്ഷണങ്ങൾ, ട്രക്കിങ് റൂട്ടുകൾ എന്നിങ്ങനെ നിങ്ങളുടെ യാത്ര മുഴുവനായും ഒരു നിമിഷം പോലും മാറ്റിവയ്ക്കാതെ ആസ്വദിക്കുവാൻ വേണ്ടത് നേപ്പാൾ നല്കുന്നു.
സാധാരണ സൗകര്യങ്ങളും താമസവും ഭക്ഷണവും എല്ലാം ചേരുന്ന ഒരു യാത്രയാണെങ്കിൽ ഏറ്റവും കുറഞ്ഞത് 35,000 രൂപ മുതൽ കൂടിയത് 45,000 രൂപ വരെ നിങ്ങൾക്ക് ഈ യാത്രയ്ക്ക് ചിലവായേക്കും. കൂടുതൽ സൗകര്യങ്ങളും മറ്റും ആവശ്യമായി വന്നാൽ ചിലവ് പിന്നെയും കൂടാം. റോഡ് യാത്രയാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ ചിലവ് വീണ്ടും കുറയും. നാല് റൂട്ടുകളാണ് ഇന്ത്യയിൽ നിന്നും റോഡ് മാർഗം നേപ്പാളിലേക്ക് കടക്കുനായുള്ളത്. സംഘമായാണ് പോകുന്നതെങ്കിലും കുറഞ്ഞ ചിലവിൽ നേപ്പാൾ യാത്ര നടത്തി മടങ്ങിവരാം.

PC:Unsplash
കംബോഡിയ
ഇന്ത്യയിൽ നിന്നു പോകുവാൻ സാധിക്കുന്ന മറ്റൊരു ചിലവ് കുറഞ്ഞ രാജ്യമാണ് കംബോഡിയ. ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം കൗതുകകരമായ ഒട്ടേറെ കാര്യങ്ങളും വസ്തുതകളും ഈ രാജ്യത്തിനുണ്ട്. ക്ഷേത്രങ്ങളുടെ നാട് എന്നാണ് കംബോഡിയയെ ലോകടൂറിസം അടയാളപ്പെടുത്തിയിരിക്കുന്നത്. തകർന്നതും അല്ലാത്തതുമായ, ചരിത്രത്തിന്റെ ഒട്ടേറെ ശേഷിപ്പുകൾ ഇന്നും സൂക്ഷിക്കുന്ന ഈ രാജ്യം ചരിത്രസഞ്ചാരികള്‍ക്കിടയിൽ ഏറെ പ്രിയപ്പെട്ട ഇടം കൂടിയാണ്.
അംഗോൾവാട്ട് ക്ഷേത്രമാണ് ഇവിടുത്തെ ഏറ്റവും പ്രധാന കാഴ്ച. ദക്ഷിണേന്ത്യൻ ശൈലിയിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ ക്ഷേത്രം ലോകത്തിലെ ഏറ്റവും വലുതും ഉയരംകൂടിയതുമായ ഹിന്ദു ക്ഷേത്രമെന്ന ബഹുമതിയും സ്വന്തമാക്കിയിട്ടുണ്ട്. വിഷ്വിനായാണ് നിർമ്മിച്ചതെങ്കിലും പിന്നീട് ബുദ്ധവിശ്വാസത്തിന്റെ സ്ഥാനമായി മാറിയ കഥയാണ് അംഗോർവാട്ടിന് പറയുവാനുള്ളത്. 32,000 രൂപ മുതൽ 35,000 രൂപ വരെയാണ് കംബോഡിയയിലേക്കുള്ള വിനോദയാത്രയ്ക്ക് ഒരാൾക്കു ചിലവായേക്കാവുന്ന ഏകദേശ തുക.

ബാലി
ഇന്തോനേഷ്യയുടെ ഭാഗമായ ബാലിയും ചിലവ് കുറഞ്ഞ യാത്രകൾക്ക് പ്രസിദ്ധമാണ്. ഏതുതരം സഞ്ചാരികൾക്കും അവര്‍ യാത്രയിൽ തേടുന്നതെന്താണോ അത് കണ്ടെത്തുവാൻ ഇവിടം സഹായിക്കുമെന്നതാണ് ആളുകളെ ബാലി യാത്രയ്ക്ക് പ്രേരിപ്പിക്കുന്നത്. വെള്ളച്ചാട്ടങ്ങൾ, കൃഷിരീതികള്‍, തടാകങ്ങള്‍, ബീച്ച്, കടലോരങ്ങൾ എന്നിങ്ങനെ നീണ്ടുകിടക്കുകയാണ് ഇവിടെ കാണുവാനുള്ള കാഴ്ചകൾ. ഉബുദ്, ബത്തൂർ പർവ്വതം, പുര ബെസാകിഹ്,തുലാംബെൻ,ആയുങ്ങ് നദി തുടങ്ങിയ ഇവിടെ മറക്കാതെ സന്ദർശിച്ചിരിക്കണം.
ഹണിമൂൺ യാത്രകള്‍ക്കാണ് ബാലി ഏറ്റവും കൂടുതൽ പ്രസിദ്ധമായിരിക്കുന്നത്. കുറഞ്ഞ ചിലവും മികച്ച പാക്കേജുമാണ് ഇവിടേക്ക് ഹണിമൂണേഴ്സിനെ ആകർഷിക്കുന്നത്. 40,000 മുതൽ 45,000 രൂപ വരെയാണ് ബാലി യാത്രയിൽ ഒരാൾക്കു വരുന്ന ശരാശരി ചിലവ്, സീസണിൽ പോയാൽ എല്ലാ സൗകര്യങ്ങൾക്കും സാധാരണയിലും കൂടുതൽ പണം മുടക്കേണ്ടി വന്നാക്കാം. ചിലവ് കുറഞ്ഞ യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഓഫ്സീസൺ തിരഞ്ഞെടുക്കാം.

തുർക്കി
യാത്രകളിൽ വ്യത്യസ്തത തിരയുന്നവർക്ക് പറ്റിയ സ്ഥലമാണ് തുർക്കി. പാരമ്പര്യവും ആധുനികതയും ഒരുപോലെ സമ്മേളിക്കുന്ന ഇവിടം പക്ഷേ, അതിന്റെ ചരിത്രത്തിനു തന്നെയാണ് പ്രസിദ്ധമായിരിക്കുന്നത്. പുരാതനങ്ങളായ ദേവാലയങ്ങള്‍, മാർക്കറ്റുകൾ, ചരിത്രഇടങ്ങൾ, ഇടനാഴികൾ എന്നിങ്ങനെ ഇവിടെ കണ്ടിരിക്കേണ്ട കുറേ കാഴ്ചകളുണ്ട്. പാൻ കോണ്ടിനെന്‍റൽ സിറ്റി എന്നറിയപ്പെടുന്ന, ഏഷ്യയുടെയും യൂറോപ്പിന്‍റെയും സംഗമ ഭൂമിയായ ഇസ്താംബുൾ ആണ് സഞ്ചാരികളെ തുർക്കിയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം.

70,000 മുതൽ 75,000 രൂപ വരെയാണ് ഇന്ത്യയിൽ നിന്നും തുർക്കിയിലേക്കുള്ള ഒരു പാക്കേജ് യാത്രയ്ക്ക് ചിലവാകുന്ന ഏകദേശ തുക. ലോകപൈതൃക ലക്ഷ്യസ്ഥാനങ്ങളാണ് തുർക്കിയിൽ കൂടുതലും സന്ദർശിക്കുവാനുള്ളത്. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ആറാമത്തെ ടൂറിസ്റ്റ് കേന്ദ്രം എന്ന പ്രത്യേകതയും തുര്‍ക്കിക്കുണ്ട്. നെതർലൻഡിന്‌റെ ഏറ്റവും വലിയ ആകർഷണമായ ട്യൂലിപ്പുകളുടെ ഉത്ഭവസ്ഥാനം കൂടിയാണ് തുർക്കി.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











