ആൽബിനൻ
സ്വിറ്റ്സർലൻഡിലെ മലയോര പ്രദേശങ്ങളിലൊന്നായ ആൽബിനൻ ആണ് സ്ഥിരതാമസക്കാരെ ക്ഷണിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 4265 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ആൽബിനന് 15.2 ചതുരശ്ര കിലോമീറ്റർ വിസ്തൃതി മാത്രമാണുള്ളത്. വിനോദസഞ്ചാരികൾ ഇഷ്ടംപോലെ വന്നു പോകുന്ന ഈ പ്രദേശം അതിന്‍റെ കാഴ്തകളാലും കാലാവസ്ഥയാലും മനോഹരമാണ് . ഇന്‍വെന്‍ററി ഓഫ് സ്വിസ് ഹെറിറ്റേജ് സൈറ്റിനു കീഴിലാണ് ഈ പ്രദേശം മുഴുവനും വരുന്നത്. രണ്ടു അരുവികൾക്കു നടുവിലായി സ്ഥിതി ചെയ്യുന്ന ഇവിടം കാഴ്ചയിൽ വളരെ മനോഹരമാണ്. മേച്ചിൽപുറങ്ങൾ, ഫാമുകൾ, പശു വളർത്തൽ കേന്ദ്രങ്ങൾ തുടങ്ങിയവ ഇവിടെ കാണാം.
PC:Photoholgic/Unsplash
മനോഹരം, ചിത്രംപോലെ
സ്വിറ്റ്സർലൻഡ് എന്ന പേരു കേള്‍ക്കുമ്പോൾ തന്നെ മനസ്സിലെത്തുന്ന അതേ ദൃശ്യഭംഗിയാണ് ആൽബിനൻ ഗ്രാമത്തിനുള്ളത്. രാജ്യത്തെ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വലൈസിനു മധ്യത്തിലായാണ് ഇവിടമുള്ളത്. സ്വിറ്റ്സർലൻഡിന്റെ തെക്ക് ഭാഗത്ത് സ്വിസ് ആൽപ്സ് പർവതനിരയിലാണ് ആൽബിനൻ സ്ഥിതി ചെയ്യുന്നത്. സ്വിസ് ആൽപ്‌സിലെ സെർമാറ്റ്, സാസ്-ഫീ, മൊണ്ടാന, വെർബിയർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടുന്ന് എത്തുവാൻ സാധിക്കും.
PC:Michael Lammli/Unsplash
താമസക്കാർ
2020 ഡിസംബറിലെ കണക്കുകൾ അനുസരിച്ച് വെറും 243 ആളുകൾ മാത്രമാണ് ഇവിടെ വസിക്കുന്നത്. ജനസംഖ്യയുടെ കാര്യത്തിൽ വളരെ പിന്നിൽ നിൽക്കുന്ന ഇവിടേക്ക് സ്ഥിരതാമസത്തിനായി ആളുകളെ ക്ഷണിക്കുകയാണ്. ജനവാസം കുറവുള്ള ഇവിടെ നേരത്തെ താമസിച്ചിരുന്നവർ ജോലിയും സൗകര്യവും മികച്ച ജീവിത സാധ്യതകളും തേടി മറ്റു പട്ടണങ്ങളിലേക്ക് പോയതോടെയാണ് ഇവിടെ ആളുകളില്ലാതായി മാറിയത്.
2008 ൽ ഇവിടുത്തെ 6.8% ആളുകളും വിദേശത്തു നിന്നും ഇവിടേക്ക് താമസമാക്കുവാനായി വന്നവരാണെന്നാണ് കണക്ക്
PC:Daria Averina/Unsplash
താമസം മാറാം , കയ്യിൽ കിട്ടുന്നത് ലക്ഷങ്ങൾ
ഈ ആൽബെനിലേക്കാണ്, സ്വിറ്റ്സർലൻഡ് താമസക്കാരെ ക്ഷണിക്കുന്നത്. 2018 മുതൽ ഇവിടേക്ക് താമസം മാറുന്നവര്‍ക്ക് 50 ലക്ഷത്തോളം രൂപ നല്കുന്ന സ്കീം ആരംഭിച്ചിട്ടുണ്ട്. കുടുംബമായി ഇവിടേക്ക് താമസം മാറുന്നവർക്കാണ് ഇത് ലഭ്യമാവുക. ഇത് കൂടാതെ വേറെയും ചില നിബന്ധനകളും യോഗ്യതകളും ഇതിനായി വേണം. ഇവിടുത്തെ ജനസംഖ്യ വർധിപ്പിക്കുക എന്നതാണ് ഇതിനു പിന്നിലെ ലക്ഷ്യം.
PC:Xavier Balderas Cejudo/ Unsplash
എന്താണ് ലഭിക്കുന്നത്
നാല് പേരടങ്ങുന്ന കുടുംബത്തിന് മുതിർന്ന ഒരാൾക്ക് 25,000 സ്വിസ് ഫ്രാങ്കും (₹22.5 ലക്ഷം) ഒരു കുട്ടിക്ക് 10,000 സ്വിസ് ഫ്രാങ്കും (രൂപ 9 ലക്ഷം) ലഭിക്കും എന്നതാണ് ഇവർ നല്കുന്ന വാഗ്ദാനം.
PC:Josef Ivan Jimenea/ Unsplash
ആർക്കൊക്കെ വരാം
ആൽബെനിലേക്ക് സ്ഥലം മാറി താമസമാക്കാൻ തയ്യാറുള്ളവർ 45 വയസ്സിന് താഴെയുള്ളവരും സ്വിസ് പൗരനും ആയിരിക്കണം എന്നതാണ് ഒരു നിബന്ധന. അല്ലെങ്കിൽ പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നതിന് പെർമിറ്റ് സി റെസിഡൻസ് (സ്ഥിര വസതി) ഉണ്ടായിരിക്കണം. നിങ്ങൾ യൂറോപ്യൻ യൂണിയനിൽ അംഗമാണെങ്കിൽ അഞ്ച് വർഷത്തിനുള്ളിൽ നിങ്ങൾക്ക് അത് ലഭിക്കും. അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നുള്ള രാണെങ്കിലും 5 വർഷം സ്വിറ്റ്സർലൻഡിൽ താമസിച്ചാൽ ഈ പെർമിറ്റ് സി ലഭിക്കും. എന്നാൽ മറ്റ് രാജ്യങ്ങളൽ നിന്നുള്ളവർക്ക് ഈ പെർമിറ്റ് ലഭിക്കുവാൻ 10 വർഷം വരെ സ്വിറ്റ്സർലൻഡിൽ താമസിക്കേണ്ടി വരും. മാത്രമല്ല, ഈ പ്രോഗ്രാം വഴി ഇവിടേക്ക് വന്നാൽ നിങ്ങൾ താമസിക്കുവാന്‍ തിരഞ്ഞെടുക്കുന്ന വീടിന് കുറഞ്ഞത് 200,000 ഫ്രാങ്ക് മൂല്യം ഉണ്ടായിരിക്കണം.
PC:Ruth Georgiev Unsplash
10 വർഷം
തീർന്നില്ല, മുകളിൽ പറഞ്ഞ യോഗ്യതകളെല്ലാം നിങ്ങൾക്കുണ്ടെങ്കിൽ ആൽബെനിലേക്ക് വരാം. പക്ഷേ, അവസാനമായി ഒരു നിബന്ധന കൂടി പാലിക്കേണ്ടതുണ്ട്. ഇവിടെ വന്നാല്‍ കുറഞ്ഞത് 10 വർഷമെങ്കിലും ഇവിടെ താമസിക്കാം എന്ന ഉറപ്പ് നിങ്ങൾ നല്കിയിരിക്കണം. പത്ത് വർഷത്തിനു മുൻപേ നിങ്ങൾ ഇവിടം വിട്ടാല് കിട്ടയത്രയും തുക-50 ലക്ഷവും തിരികെയടയ്ക്കേണ്ടി വരും.
PC:Aswathy N