ജയ്സാൽമീർ, രാജസ്ഥാൻ
കാര്യം മരുഭൂമിയുടെ നാട്ടിലാണെങ്കിലും തണുപ്പുകാലത്തെ യാത്രകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തുവാൻ പറ്റിയ സ്ഥലമാണ് രാജസ്ഥാനിലെ ജയ്സാൽമീർ. ശുദ്ധവായുവും മൺകൂനകളും മരുഭൂമി കാഴ്ചകളുമാണ് ജയ്സാൽമീര്‍ ഈ സമയത്ത് ഇവിടെയെത്തുന്ന സഞ്ചാരികൾക്കായി നല്കുന്നത്. മരുഭൂമിയുടെ വിവിധ മുഖങ്ങൾ കാണുവാനും അടിപൊളി മരുഭൂമി യാത്രയ്ക്ക് തയ്യാറെടുക്കുവാനും ഈ സമയം വിനിയോഗിക്കാം. ഇന്ത്യയുടെ സുവർണ്ണ നഗരം എന്നറിയപ്പെടുന്ന ഇവിടുത്തെ കോട്ടകളും കൊട്ടാരങ്ങളും കാണുവാനും ഇതൊരവസരമാണ്.
സോനാ മാര്‍ഗ്, ജമ്മു കാശ്മീർ
മഞ്ഞിലെ യാത്രകൾ എപ്പോഴും സാഹസികമാണ്. എന്നാലത് മഞ്ഞിന്റെ കൂടാരത്തിലേക്ക് ആകുമ്പോഴോ? സോനാമാർഗ്ഗിലേക്കുള്ള യാത്രകൾ പ്രത്യേകതയുള്ളതാവുന്നത് ഇങ്ങനെയാണ്.ഹിമാലയ താഴ്വരയിൽ മഞ്ഞിൽ പൊതിഞ്ഞു മലകളിൽ തണുപ്പ് ആഘോഷിക്കുവാന്‍ ഇതിലും മികച്ച ഒരിടം കാണുവാനില്ല. സ്വർണ്ണത്തിന്റെ പുൽമേട് എന്നറിയപ്പെടുന്ന ഇവിടം ശ്രീനഗറിലെ ഏറ്റവും മനോഹരമായ പ്രദേശം കൂടിയാണ്.
സൊലാങ് വാലി, ഹിമാചൽ പ്രദേശ്
വിന്‍റർ ക്യാംപിങ് ഡെസ്റ്റിനേഷനുകളുടെ പട്ടിക പൂർത്തിയാകണമെങ്കിൽ അതിൽ തീർച്ചയായും ഉള്‍പ്പെട്ടിരിക്കേണ്ട നാട് ഹിമാചൽ പ്രദേശാണ്. അതിൽ തന്നെ പ്രധാനപ്പെട്ട ഇടമാണ് കണാലിയും സോളാങ് വാലിയുമെല്ലാം. വ്യത്യസ്ത തരത്തിലുള്ള വിന്‍റർ ക്യാംപിഭ് സാധ്യതകൾ തുറന്നിടുന്ന ഇടമാണ് സൊലാങ് വാലി. ട്രെക്കിങ്, ഹൈക്കിങ്,ക്യാംപിങ് തുടങ്ങിയവയാണ് ഇവിടുത്തം ആകർഷണങ്ങൾ.
മസൂറി, ഉത്തരാഖണ്ഡ്
ഇന്ത്യയിലെ വിന്‍റർ ക്യാംപിങ്ങിന് വിദേശികളുൾപ്പെടെയുള്ളവർ തിരഞ്ഞെടുക്കുന്ന ഒരിടമാണ് ഉത്തരാഘണ്ഡിലെ മസൂറി. ചിതറിക്കിടക്കുന്ന മലനിരകളുടെ കാഴ്ചകളും താഴ്വരകളും ഗ്രാമങ്ങളും ഒക്കെ ചേരുന്ന മസൂറിയുടെ ഭംഗി ഇന്ത്യയിലെ മറ്റൊരു ഗ്രാമങ്ങളിലും കണ്ടെത്തുവാൻ സാധിക്കില്ല. ഒരു ക്യാംപ് സൈറ്റിനു വേണ്ട പ്രത്യേകതകളെല്ലാം ഇവിടെ കാണുവാൻ സാധിക്കും.
അൻജുനാ, ഗോവ
ഹിമാലയ കാഴ്ചകൾ മാറി ബീച്ച് കാഴ്ചകൾക്കാണ് പ്രാമുഖ്യം കൊടുക്കുന്നതെങ്കിൽ ഗോവയിലെ അന്‍ജുനാ ബീച്ച് തിരഞ്ഞെടുക്കാം. ബീച്ച് മാത്രമല്ല, രുചികരമായ കടൽ വിഭവങ്ങ്‍ രുചിക്കുവാനും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ വ്യത്യസ്തരായ ആളുകളെ പരിചയപ്പെടുവാനും ഈ അവസരം വിനിയോഗിക്കാം. അന്‍ജുന കൂടാതെ വേറെയും ബീച്ചുകൾ ഒരുപാട് ഇവിടെയുണ്ട്. പക്ഷി നിരീക്ഷണത്തിന് യോജിച്ച ഗോവയിലെ പ്രധാന ഇടം കൂടിയാണിത്. ക്യാംപിങ്ങിന്‍റെ വിവിധ സാധ്യതകൾ പരീക്ഷിക്കുവാൻ പറ്റിയ ഇടം കൂടിയാണിത്.
ചിക്കമഗളൂർ, കർണ്ണാടക
ഉത്തരാഖണ്ഡ് വരെയൊക്കെ പോകുവാൻ താല്പര്യമില്ലെങ്കിൽ യാത്ര കർണ്ണാടകയിലേക്കാവാം. കുന്നുകൾക്കിടയിൽ അതിമനോഹരമായ ധാരാളം ക്യാംപിങ് സൈറ്റുകളാണ് ചിക്കമഗളൂരിന്‍റെ പ്രത്യേകത. സൂര്യോദയ കാഴ്ചകൾ മുതൽ ഇവിടുത്തെ ക്യാംപിങ്ങിന്റെ പ്രത്യേകതകൾ ആരംഭിക്കും, കുന്നുകൾക്കിടയിലൂടെ അരിച്ചിറങ്ങി വരുന്ന സൂര്യനും അതുകണ്ടുകൊണ്ടുള്ള ഒരു ചായയും പിന്നെ തീരാത്ത നടത്തങ്ങളും വ്യത്യസ്തങ്ങളായ വഴികളും ഒക്കെയാണ് ഇവിടെ ആസ്വദിക്കുവാനുള്ളത്.
ഋഷികേശ്
ചരിത്രവും വിശ്വാസങ്ങളും ഒക്കെ മാറിമറിഞ്ഞു കിടക്കുന്ന ഇടങ്ങളിലൊന്നാണ് ഋഷികേശ്. ഹിന്ദു വിശ്വാസങ്ങളുമായി അടുത്ത് കിടക്കുന്ന ഈ സ്ഥലം ഇന്ത്യയുടെ ആത്മീയ തലസ്ഥാനം കൂടിയാണ്. മദികളും താഴ്വരകളും കുന്നുകളും ആശ്രമങ്ങളും സാഹസിക വിനോദങ്ങളും ഒക്കെ ചേർന്ന് മികച്ച ഒരു ക്യാംപിങ് അനുഭവം നല്കുന്ന ഇടം കൂടിയാണ് ഋഷികേശ്.
സ്പിതി വാലി
മനുഷ്യവാസമില്ലാത്ത ഇടത്തെ ക്യാംപിങ്ങിനാണ് താല്പര്യമെങ്കിൽ സ്പിതി വാലി തിരഞ്ഞെടുക്കാം. ഇതുവരെയുള്ള ക്യാംപിങ്ങ് അനുഭവങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ യാത്രാ-ക്യാംപിങ്ങ് അനുഭവങ്ങളാണ് സ്പിതി വാലി സഞ്ചാരികൾക്ക് നല്കുക. പരുക്കന്‍ മലകള്‍കൊണ്ടും മലയിടുക്കുകള്‍കൊണ്ടും ചുറ്റപ്പെട്ട സ്പിതി വാലിയില്‍ എത്തിപ്പെടാന്‍ ഒത്തിരി ബുദ്ധിമുട്ടുമില്ല. ഒരിക്കല്‍ അവിടെ എത്തിയാല്‍ കാത്തിരിക്കുന്ന കാഴ്ചകള്‍ ഓര്‍ക്കുമ്പോള്‍ തന്നെ എത്താനുള്ള ബുദ്ധിമുട്ടുകള്‍ എളുപ്പം മറക്കും. സ്പിതി വാലിയെ കുളു വാലിയില്‍ നിന്നും വേര്‍തിരിക്കു റോത്താങ് പാസും മറ്റു മലയിടുക്കുകളും ചേര്‍ന്ന് സ്പിതി വാലിയെ കുറച്ച് ഭീകരനായി ചിത്രീകരിച്ചിട്ടുണ്ടെങ്കില്‍ അത്ഭുതമൊന്നും വേണ്ട.
അരാകു വാലി ആന്ധ്രാ പ്രദേശ്
കാപ്പിത്തോട്ടങ്ങളുടെ നടുവിൽ ഒരു ക്യാംപിങ്...അതാണ് ആന്ധ്രാ പ്രദേശിലെ അരാകു വാലി നല്കുന്ന അനുഭവം. വിശാഖപട്ടണത്തു നിന്നും 111 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ ആന്ധ്രയുടെ ഊട്ടി എന്നാണ് അറിയപ്പെടുന്നത്. ട്രക്കിങ്ങിനു ഏറെ പ്രശസ്തമാണ് അരാകു വാലി. തുരങ്കങ്ങളും മലകളും ഗുഹകളും ഒക്കെയുള്ള ഇടങ്ങളിലൂടെയുള്ള യാത്രയും അവിടങ്ങളിലെ ക്യാംപിങ്ങും അവിടെ ആസ്വദിക്കാം.