പ്രണയദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14 എങ്ങനെയെല്ലാം ആഘോഷിക്കമെന്ന് നേരത്തെ പ്ലാൻ ചെയ്തിട്ടുണ്ടായിരിക്കും മിക്കവരും, എന്നിരുന്നാലും അവസാന നിമിഷത്തേയ്ക്ക് യാത്രാ പ്ലാനുകള് മാറ്റിവച്ചിരിക്കുകയാണെങ്കിൽ നേരെ കൂത്താട്ടുകുളത്തിനു പോരെ. മൺറോ തുരുത്തിന്റെ കനാലുകളിൽ നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പോകുവാൻ ഒരു മികച്ച ഓഫറുമായാണ് കെഎസ്ആർടിസി വന്നിരിക്കുന്നത്.

PC:Vidar Nordli-Mathisen
കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി കൂത്താട്ടുകുളം ഡിപ്പോയിൽ നിന്നുള്ള നൂറാമത്തെ വിനോദയാത്ര വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14ന് നടക്കും. കൊല്ലം ജില്ലയില്‍ ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളായ മൺറോ തുരുത്ത്, സാമ്പ്രാണിക്കൊടി എന്നിവിടങ്ങളിലേക്കാണ് യാത്ര.
അതിരാവിലെ 5.45ന് പുറപ്പെടുന്ന യാത്ര രാത്രി 11 മണിക്ക് തിരികെ കൂത്താട്ടുകുളം കെഎസ്ആർടിസി സ്റ്റാൻഡിലെത്തും. 1070 രൂപയാണ് ഒരാൾക്കുള്ള നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 9447223212 ഈ നമ്പറില്‍ ബന്ധപ്പെടാം.
കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിൽ ഗവിയിലേക്കുള്ള യാത്രയോടു കൂടിയാണ് കൂത്താട്ടുകുളം ഡിപ്പോ ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായത്. മലക്കപ്പാറ, പരുന്തുംപാറ, ചതുരംഗപ്പാറ, മൺറോ തുരുത്ത്, പാഞ്ചാലിമേട്, അഞ്ചുരുളി, ഗവി, മൂന്നാർ, മാമലക്കണ്ടം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇതിനോടകം വിവിധ യാത്രകള്‍ നടത്തിയിട്ടുണ്ട്. സ്ത്രീകൾക്കു വേണ്ടി മാത്രമായും മറ്റു കൂട്ടായ്മകൾക്കു വേണ്ടിയുമെല്ലാം ഇവിടെ നിന്നും യാത്രകൾ സംഘടിപ്പിച്ചിട്ടുണ്ട്.
സാമ്പ്രാണിക്കൊടി
കൊല്ലം ജില്ലയിലെ ഏറ്റവും തിരക്കേറിയ വിനോദയാത്രാ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി വളരെ വേഗം മാറിയ സ്ഥലമാണ് അഷ്ടമുടി കായലിന്റെ ഭാഗമായ സാമ്പ്രാണിക്കൊടി. കായലിന്റെ നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപിൽ സന്ദർശകർക്ക് വെള്ളത്തിൽ ഇറങ്ങി നിൽക്കുവാനും നടക്കുവാനും പറ്റും. കൊല്ലം തൃക്കരുവ ഗ്രാമപഞ്ചായത്തിലെ പ്രാക്കുളത്തിന്റെ തെക്കേയറ്റത്തുള്ള മുനമ്പായ ഇവിടം കായലിന്റെ ആഴം കൂട്ടിയപ്പോൾ എടുത്ത മണ്ണ് കൂട്ടിയിട്ട സ്ഥലമാണ്. ഈ മണ്ണ് അടിഞ്ഞാണ് ഇന്നത്തെ സാമ്പ്രാണിക്കൊടി തുരുത്ത് ആയിമാറിയത്. തീരത്തു നിന്നും ഏകദേശം 350 മീറ്റർ അകലെയാണ് ഇതുള്ളത്. നിരന്നു നിൽക്കുന്ന കണ്ടൽക്കാടും കായലിന്‍റെ വിശാലമായ കാഴ്ചയും ബോട്ടിങ്ങും ആണ് ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നത്.
മൺറോ തുരുത്ത്
കൊല്ലം ജില്ലയിലെ തന്നെ മറ്റൊരു പ്രധാന യാത്രാ ലക്ഷ്യസ്ഥാനമാണ് മൺറോ തുരുത്ത്., കനാലുകളും തുരുത്തുകളും ചേരുന്ന ഇവിടം അഷ്ടമുടി കായലിന്റെ തന്നെ മറ്റൊരു ഭാഗമാണ്. എട്ടു ദ്വീപുകളാണ് ഇവിടെയുള്ളത്. അഷ്ടമുടിക്കായലും കല്ലടയാറും സംഗമിക്കുന്ന ഇടം കൂടിയാണിത്. കനാലുകളിലൂടെ വഞ്ചിയിലുള്ള യാത്രയാണ് മൺറോ തുരുത്തിന്റെ ആകർഷണം. ഒരുപാട് വിദേശികളും ഇവിടേക്ക് വരാറുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













