മേടമാസം വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും സമയമാണ്. മലയാള വർഷാരംഭവും വസന്തകാലത്തിന്‍റെ ആരംഭവും എല്ലാമായി വിരുന്നെത്തുന്ന മേടമാസം. മേടമാസം ഒന്ന് വിഷുവാണ്. വിളവെടുപ്പുത്സവമായ വിഷുവിന് കണ്ണനെ കണികണ്ടുണരുന്ന പാരമ്പര്യമാണ് കേരളത്തിലുള്ളത്. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ഈ സമയത്തെ ക്ഷേത്രദർശനങ്ങളും.
Read More: വിഷു 2024: ഗുരുവായൂർ വിഷുക്കണി; ശ്രീലകവാതില്‍ തുറന്നു കണ്ണനെ കാണാം
വീട്ടിൽ കണിയൊരുക്കി കണി കണ്ട്തിനു ശേഷം അടുത്ത ഓട്ടം നേരെ അടുത്തുള്ള ക്ഷേത്രത്തിലേക്കാണ്. കള്ളച്ചിരിതൂകി നിൽക്കുന്ന കൃഷ്ണനെ കണ്ട് പ്രാർത്ഥിച്ച് വീട്ടിലെത്തിയേ വിഷുവിന്റെ ബാക്കി ആഘോഷങ്ങളിലേക്ക് കടക്കുന്നതാണ് പലയിടത്തെയും പതിവ്. അതുമാത്രമല്ല, മേടമാസത്തിൽ ക്ഷേത്രസന്ദര്‍ശനത്തിനു പ്രത്യേക പ്രാധാന്യമുണ്ട്. ഇതാ, മേടമാസത്തിൽ കേരളത്തിൽ സന്ദർശിക്കുവാൻ പറ്റിയ കൃഷ്ണ ക്ഷേത്രങ്ങൾ ഏതൊക്കെയാണെന്നു നോക്കാം

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം
വിഷുക്കാലത്ത് വിശ്വാസികൾ ഏറ്റവുമധികം സന്ദര്‍ശിക്കുവാൻ ആഗ്രഹിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. ഇവിടുത്തെ കണ്ണനെ കണികണ്ട് വർഷം തുടങ്ങുവാൻ ആഗ്രഹിക്കാത്തവരും കുറവായിരിക്കും. ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് എല്ലാ വർഷവും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഇവിടെ വിഷുവിന് കണികാണുന്നതിന് പ്രത്യേക സമയമില്ല. ശ്രീകോവിലിനകത്തെ മുഖമണ്ഡപത്തിലാണ് വിഷുക്കണി ഒരുക്കുന്നത്.
കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട വിഷ്ണു ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ ക്ഷേത്രം. ദേവഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്നാണ് ഇവിടെ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസങ്ങള് പറയുന്നത്. ദേവശില്പിയായ വിശ്വകർമ്മാവ് ആണത്രെ ക്ഷേത്രം നിർമ്മിച്ചത്. തന്റെ മാതാപിതാക്കളായ വസുദേവർക്കും ദേവകിക്കും കാരാഗ്രഹത്തിൽ വെച്ച് എങ്ങനെ ദർശനം നല്കിയോ, അതേ രൂപത്തിലാണ് ഇവിടുത്തെ മഹാവിഷ്ണുവും ഉള്ളത്. 12 ഭാവങ്ങളിലാണ് ഇവിടെ വിഷ്ണുവിനെ ആരാധിക്കുന്നത്.
എല്ലാ വർഷവും ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ഒരുക്കാറുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വിഷുക്കണി ദര്‍ശനം ഏപ്രില്‍ 14 ഞായറാഴ്ച പുലര്‍ച്ചെ 2.42 ന് ആരംഭിക്കും. ഒരു മണിക്കൂർ നീളുന്ന കണി കാണൽ 3.42 വരെ നീണ്ടുനിൽക്കും.

PC:Ramesh NG
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം
കേരളത്തിൽ കൃഷ്ണനെ ആരാധിക്കുന്ന മറ്റൊരു പ്രധാന ക്ഷേത്രമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം. പാർത്ഥസാരഥി സങ്കല്പത്തിൽ ആണ് ഇവിടെ കൃഷ്ണനെ ആരാധിക്കുന്നത്. ഇവിടുത്തെ വിഗ്രഹം ദൈവനിർമ്മിതമാണെന്നാണ് വിശ്വാസം. വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന രൂപത്തിലാണ് ഇവിടെ പ്രതിഷ്ഠയുള്ളത്. ശിവൻ, ഗണപതി, അയ്യപ്പൻ, ഭദ്രകാളി എന്നീ ഉപദേവതകളാണ് ഇവിടെയുള്ളത്. മേടത്തിലെ വിഷു നാളിലും ഇവിടെ പ്രത്യേക പൂജകളും പ്രാർത്ഥനകളും നടക്കാറുണ്ട്. പ്രതിഷ്ഠയുടെ സമയത്ത് വിഗ്രഹം ഉറക്കാതെ വന്നപ്പോൾ അതുവഴി വന്ന നാറാണത്തു ഭ്രാന്തൻ വായിലുണ്ടായിരുന്ന താംബൂലം അഥവാ മുറുക്കാന്‍ തുപ്പി വിഗ്രഹം ഉറപ്പിച്ചുവെന്നും ഇവിടം പിന്നീട് താംബൂലപ്പുഴയായെന്നും അത് അത് അമ്പലപ്പുഴ ആയി മാറിയെന്നുമാണ് വിശ്വാസം.

PC:Pradeep717
ചിറ്റൂർ കൃഷ്ണ സ്വാമി ക്ഷേത്രം
എറണാകുളം ജില്ലയിലെ പ്രസിദ്ധമായ ശ്രീ കൃഷ്ണ ക്ഷേത്രമാണ് ചിറ്റൂർ കൃഷ്ണ സ്വാമി ക്ഷേത്രം. തെക്കൻ ഗുരുവായൂർ എന്നറിയപ്പെടുന്ന ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഗുരുവായൂർ ശ്രീകൃഷ്ണൻ തന്നെയാണെന്നാണ് വിശ്വാസം. ഗുരുവായൂർ ക്ഷേത്രത്തിനും ചിറ്റൂർ ക്ഷേത്രത്തിനും ഒരുപാട് കാര്യങ്ങളിൽ പല സമാനതകളും കാണുവാൻ സാധിക്കും. ഗുരുവായൂർ ക്ഷേത്രത്തിന് തെക്കുഭാഗത്തായാണ് ഇവിടമുള്ളത്. മഹാവിഷ്ണു പ്രതിഷ്ഠയെ ശ്രീകൃഷ്ണസങ്കല്പത്തിലാണ് ഇവിടെ പൂജകൾ നടത്തി ആരാധിക്കുന്നത്.

ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
കേരളത്തിലെ മറ്റൊരു പ്രധാനപ്പെട്ട ശ്രീകൃഷ്ണ ക്ഷേത്രമാണ് ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം. എറണാകുളത്ത് ചേലാമറ്റത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം മനോഹരങ്ങളായ കൊത്തുപണികൾക്കും പ്രതിഷ്ഠയ്ക്കും പ്രസിദ്ധമാണ്. രണ്ട് വെങ്കല ദീപസ്തംഭങ്ങളും ഇവിടെ കാണാം. ദക്ഷിണ കാശി എന്നും ഇവിടം അറിയപ്പെടുന്നു. പെരിയാർ നദിയുടെ തീരത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗംഗാ നദിക്കു സമാനമാണ് ക്ഷേത്രത്തിന് സമീപത്തുകൂടിയൊഴുകുന്ന പെരിയാർ എന്നാണ് വിശ്വാസം. കൃഷ്ണനും നരസിംഹ മൂർത്തിയുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ. പെരുമ്പാവൂരിനും കാലടിക്കും ഇടയിലായി, ഒക്കൽ പഞ്ചായത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വർഷം മുഴുവനും പിതൃദർപ്പണം നടക്കുന്ന ക്ഷേത്രം കൂടിയാണിത്
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













