വേനലവധി, വിഷു, വാരാന്ത്യങ്ങൾ.. യാത്ര ചെയ്യാനുള്ള കാരണങ്ങൾ എണ്ണിയാൽ തീരില്ല. എങ്ങോട്ട് പോകണം എന്നത് മാത്രമാണ് ഏക സംശയം. നീണ്ട തയ്യാറെടുപ്പുകളോ ചെലവോ ഇല്ലാതെ പോക്കറ്റ് പോലും അറിയാതെ ഒരു യാത്ര പോയാല്‍ എങ്ങനെയുണ്ടാകും? ഈ ആഗ്രഹത്തിന് പറ്റിയ സ്ഥലവും അവിടേക്കുള്ള യാത്രയുമാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. തെങ്കാശി യാത്ര..
തമിഴ്നാടിന്‍റെ ഗ്രാമീണ കാഴ്ചകളിലൂടെ സഞ്ചരിച്ച് മനസ്സും വയറും ഒരുപോലെ നിറച്ച് വരാന്‍ സാധിക്കുന്നതാണ് തെങ്കാശിയിലേക്കുള്ള ട്രിപ്പ്. അതിപ്പോൾ വെറുതേ ഒന്ന് തെങ്കാശി വരെ പോയിവന്നാൽ പോലും ഫോണിലെ ഗാലറി നിറഞ്ഞിട്ടുണ്ടാവും. പോകുന്ന വഴിയിലും ചെന്നുകാണുന്ന ഇടങ്ങളും അത്രയും മനോഹരമാണെന്ന് ചുരുക്കം.

തെങ്കാശി പട്ടണം എന്നാണ് പറയുന്നതെങ്കിലും ഒരു തനിനാടൻ ഗ്രാമത്തിന്‍റെ ഭംഗി ഇവിടെ കണ്ടറിയാം. തമിഴ്നാടൻ നാട്ടുകാഴ്ചകള്‍ കാണാനാഗ്രഹമുള്ളവർക്കാണ് ഈ റൂട്ട് പറ്റിയത്. പല മലയാള സിനിമികളിലും തെങ്കാശി പട്ടണത്തിന്‍റെ മനോഹാരിതയും ഭംഗിയും നമ്മൾ പരിചയപ്പെട്ടിട്ടുണ്ട്. ഇന്നും അതിനൊന്നും വലിയ മാറ്റമില്ലാതെ തന്നെ ഇവിടെ കാണാം. ചില സ്ഥലങ്ങളൊക്കെ കണ്ടാൽ ചിത്രം വരച്ചു വെച്ചിരിക്കുന്ന പോലെ മനോഹരമാണ്.
തെങ്കാശിയുടെ രുചിവൈവിധ്യങ്ങളിൽ നിന്നുതന്നെ നമുക്ക് തുടങ്ങാം. തെങ്കാശി യാത്രയിൽ ചെങ്കോട്ട എത്തന്നമുതൽ രുചികളുടെ ലോകത്തേയ്ക്ക് കയറുകയാണ്. ബോർഡർ പൊറോട്ടയാണ് ഇവിടുത്തെ താരം. 1956 ന് മുൻപ് തിരുവിതാംകൂറിന്‍റെ ഭാഗമായിരുന്നു ചെങ്കോട്ട. അപ്പോൾ അതിർത്തി കടന്നു പോകുന്ന കച്ചവടക്കാർക്കും വണ്ടിക്കാർക്കും ഒക്കെയായി ആംഭിച്ച പൊറോട്ടക്കടകൾ യാത്രക്കാരക്ക് പ്രിയപ്പെട്ട ഇടമാണ്. ബോർഡർ പൊറോട്ടയും ചിക്കനും കഴിക്കാനായി മാത്രം ആളുകൾ വരുന്നു.
ഗോതമ്പും നെയ്യും പഞ്ചസാരയും യഥേഷ്ടം ചേർത്തുണ്ടാക്കുന്ന തിരുനെൽവേലി ഹൽവ കഴിച്ചില്ലെങ്കിൽ പിന്നെ യാത്രയേ നഷ്ടമാണ്. ചൂടോടെ കഴിച്ചാലേ അതിന്‍റെ രുചി ആസ്വദിക്കാനാവൂ. തെങ്കാശിയിലെ മിക്ക കടകളിലും ഇത് ലഭിക്കും. ഇരുട്ട് കടെയ് ഹൽവ എന്ന് ഒരു കടയുടെ പേരിലും ഈ ഹൽവ അറിയപ്പെടുന്നു.
കാശിവിശ്വനാഥക്ഷേത്രം
തെങ്കാശിക്ക് ആ പേരുതന്നെ നല്കിയയത് ഇവിടുത്തെ കാശി വിശ്വനാഥ ക്ഷേത്രത്തിന്‍റെ സാന്നിധ്യമാണ്. സ്ഥലത്തിന്റെ പ്രധാന വിശേഷവും 13-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം തന്നെയാണ്. വിശ്വാസികളെ മാത്രമല്ല, ചരിത്രപ്രേമികൾക്കും കണ്ടുവരാൻ പറ്റിയ സ്ഥലമാണിത്.
തെങ്കാശി യാത്രയിൽ തിരുമല കോവിൽ കൂടി കാണാം. 624 പടികൾക്കു മുകളിലെ ക്ഷേത്രം തമിഴ് സിനിമകളിലൂടെ നമുക്ക് പരിചിതമാണ്. ചെങ്കോട്ടയിൽ നിന്ന് 9 കിലോമീറ്റർ ദൂരത്തിലാണ് ക്ഷേത്രമുള്ളത്. ഇവിടെ നിന്നാൽ ചുറ്റോടു ചുറ്റുമുള്ള കൃഷിയിടങ്ങൾ മൊത്തത്തിൽ കണ്ടാസ്വദിക്കാം,
ഇനി വിട്ടുപോകാതെ കാണേണ്ടത് പ്രസിദ്ധമായ സുന്ദരപാണ്ഡ്യപുരമാണ്. തമിഴ്നാടിന്‍റെ കാർഷിക സമൃദ്ധിയും ഗ്രാമീണഭംഗിയും കണ്ടറിയാനുള്ള ഇടമാണിത്. സുന്ദരപാണ്ഡ്യന്റെ നാടായിരുന്നു സുന്ദരപാണ്ഡ്യപുരം. തെങ്കാശിക്ക് അടുത്തുതന്നെയുള്ള ഇവിടേക്ക് വെറും 9 കിലോമീറ്റർ ദൂരമേയുള്ളൂ. പഴയ ഗ്രാമത്തിന്‍റെ ഭംഗി ഇന്നും അതേപടി ഇവിടെയുണ്ട്.സൂര്യകാന്തിപ്പൂക്കൾ പൂത്തുലഞ്ഞു നിൽക്കുന്ന പാടങ്ങളാണ് ഇവിടുത്തെ ആകർഷണം.
പുലിയൂർപാറ എന്ന അന്യൻപാറയാണ് ഇവിടെ കാണേണ്ട മറ്റൊരു കാഴ്ച. ഷങ്കറിന്റെ അന്ന്യൻ എന്ന സിനിമയിലെ രണ്ടക്ക..രണ്ടക്ക..എന്ന ഗാനം ഷൂട്ട് ചെയ്തതിൽ പിന്നെയാണ് ഇതിന് അന്യൻപാറ എന്ന പേരുകിട്ടിയത്.
തെങ്കാശി യാത്ര
ട്രെയിൻ മാര്‍ഗവും ബസ് വഴിയും തെങ്കാശിയിലെത്താം. കായംകുളം കെഎസ്ആർടിസിയുടെ തെങ്കാശി ബസ് സർവീസ് വൻ ഹിറ്റാണ്. കായംകുളത്തു നിന്നും വെറും മൂന്നര മണിക്കൂറിൽ തെങ്കാശിയിലെത്താം എന്നു മാത്രമല്ല, ഈ പറഞ്ഞ പ്രധാന കാഴ്ചകളെല്ലാം കണ്ട് അന്ന് രാത്രി തന്നെ വണ്ടി കയറി തിരികെ കായംകുളത്ത് എത്തുകയും ചെയ്യാം. കായംകുളം ഡിപ്പോയിൽ നിന്നും ചാരുംമൂട്, അടൂർ, പത്തനാപുരം, പുനലൂർ,കോട്ടവാസൽ, ചെങ്കോട്ട വഴിയാണ് ബസ് സർവീസ്
ആദ്യ ബസ് രാവിലെ 7.00 മണിക്ക് പുറപ്പെട്ട് 10:40ന് തെങ്കാശിയിൽ എത്തും. രാത്രി 08:30നാണ് തെങ്കാശിയിൽ നിന്നും അവസാന സർവീസ്, അത് രാത്രി 12.10 ന് കായംകുളത്ത് എത്തും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












