കുറഞ്ഞ വിമാനടിക്കറ്റ് നിരക്ക്
ഏതൊരു യാത്രയാണെങ്കിലും അതിലെ ഏറ്റവും വലിയ വില്ലൻ യാത്രാച്ചിലവ് ആണ്. പ്രത്യേകിച്ച് വിദേശരാജ്യങ്ങളിലേക്കാണെങ്കിൽ വിമാന ടിക്കറ്റും. എന്നാൽ യൂറോപ്പിലെ ഓഫ് സീസണായ വിന്‍ററിൽ യാത്ര പോകുമ്പോൾ നിങ്ങൾക്ക് ഏറ്റവുമധികം സേവ് ചെയ്യുവാൻ കഴിയുന്ന ഒന്ന് വിമാനനിരക്ക് തന്നെയാവും. അധികം ആളുകൾ യാത്ര ചെയ്യുന്ന സമയം അല്ലാത്തതിനാലാണ് ഈ സമയത്തെ ടിക്കറ്റ് നിരക്കിൽ ഇത്രയും കുറവ് വരുന്നത്. അതിനാൽ, ഉയർന്ന വിമാന ടിക്കറ്റ് നിരക്കുകൾ കാരണം നിങ്ങൾ യൂറോപ്പിലേക്കുള്ള യാത്ര മാറ്റിവെച്ചിരിക്കുകയാണെങ്കിൽ വിന്‍റർ സീസണിലേക്കുള്ള യാത്രയ്ക്ക് തയ്യാറെടുക്കാം.
കുറഞ്ഞ ചിലവും പോക്കറ്റിനിണങ്ങുന്ന താമസസൗകര്യങ്ങളും
ശീതകാല യൂറോപ്പ് യാത്രകളുടെ മറ്റൊരു പ്രത്യേകത കുറഞ്ഞ ചിലവും പോക്കറ്റിനിണങ്ങുന്ന തുകയിൽ ലഭിക്കുന്ന താമസസൗകര്യങ്ങളും ആണ്. യൂറോപ്പിലെ മിക്ക ഹോട്ടലുകളും ഹോസ്റ്റലുകളും ഈ സമയമാകുമ്പോൾ മികച്ച ഡീലുകളും ഡിസ്കൗണ്ടുകളും പ്രഖ്യാപിക്കാറുണ്ട്.
ഹോട്ടലുകൾ മാത്രമല്ല, റസ്റ്റോറന്‍റുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, വിവിധ ആക്റ്റിവിറ്റികൾ, പ്രവേശന ഫീസുകൾ തുടങ്ങിയവയെല്ലാം കുറഞ്ഞ നിരക്കിൽ ലഭിക്കുന്നു. ഇങ്ങനെ കൃത്യമായി പ്ലാൻ ചെയ്താൽ നിങ്ങൾക്ക് യാത്രയുടെ ദൈർഘ്യം പോലും നീട്ടുവാൻ സാധിച്ചേക്കും.
തിരക്ക് കുറവ്
തണുപ്പുകാലമായതിനാൽ തന്നെ പല ആളുകളും യാത്രകളിൽ യൂറോപ്പ് ഉൾപ്പെടുത്താറില്ല. അതുകൊണ്ടുതന്നെ ഈ സമയത്ത് യൂറോപ്പിലേക്ക് വിനോദയാത്ര പോകുന്നവർക്ക് തിരക്കില്ലാതെ ഓരോ സ്ഥലവും കാണുവാനും ആസ്വദിക്കുവാനും സാധിക്കും. ഫോട്ടോയെടുക്കുവാനും ക്യൂ നിൽക്കുവാനും സാധാരണ ചിലവഴിക്കേണ്ടി വരുന്നതിന്‍റെ പകുതി സമയം പോലും വേണ്ടിവരില്ല. മറ്റൊന്ന്, നിങ്ങൾക്ക് ഇഷ്ടമുള്ളിടത്തോളം തിരക്കിൽ പെടാതെ ചിലവഴിക്കുവാൻ സാധിക്കും എന്നതാണ്.
ക്രിസ്മസ് മാർക്കറ്റുകൾ കാണാം
വിന്‍റർ യാത്രയുടെ ഏറ്റവും വലിയ ആകർഷണം വളരെ ഭംഗിയേറിയും രസകരവുമായ ക്രിസ്മസ് മാർക്കറ്റുകൾ കാണുവാനും പരിചയപ്പെടുവാനും സാധിക്കും എന്നതാണ്. മിക്ക യൂറോപ്യൻ രാജ്യങ്ങളിലും ക്രിസ്മസ് വലിയ രീതിയില്‍ ആഘോഷിക്കുമ്പോൾ ക്രിസ്മസ് മാര്‍ക്കറ്റുകൾക്ക് അതിന്‍റേതായ പ്രാധാന്യമുണ്ട്. പ്രദേശം മുഴുവൻ അലങ്കരിച്ചുള്ള മാർക്കറ്റുകളിലെ അലങ്കാരങ്ങൾ കണ്ടും ഗെയിമുകളിലും ആക്റ്റിവിറ്റികളിലും പങ്കെടുത്തും, അവിടുത്തെ രുചികൾ പരീക്ഷിച്ചും ഇവിടെ, ഈ യാത്രയിൽ സമയം ചിലവഴിക്കാം,
വിന്‍റർ സ്പോർട്സുകളിൽ പങ്കെടുക്കാം
മഞ്ഞിൽ അർമ്മാദിച്ചുള്ള വിന്‍റർ സ്പോർട്സുകളിൽ പങ്കെടുക്കുവാൻ പറ്റിയ സമയം കൂടിയാണ് ഈ സമയത്തെ യാത്രകൾ. ലോകത്തിലെ ഏറ്റവും മികച്ച സ്കീയിങ് അനുഭവം നല്കുന്നത് യൂറോപ്പ് ആയതിനാൽ തന്നെ ധൈര്യമായി ഇവിടേക്ക് വരാം. സ്വിറ്റ്സർലൻഡിലെ സെർമാറ്റോ,സ്കീയിംഗിലും സ്നോബോർഡിംഗിലും പങ്കെടുക്കാൻ ബൾഗേറിയയിലെ ബോറോവെറ്റോ അല്ലെങ്കിൽ സ്ലോവാക്യയിലെ ജസ്നയയോ തിരഞ്ഞെടുക്കാം.
നോർത്തേൺ ലൈറ്റുകൾ കാണാം
യൂറോപ്പ് വിന്‍റർ യാത്രയുടെ പ്രധാന ഹൈലൈറ്റ് നോര്‍ത്തേൺ ലൈറ്റ് ആണ്. നോർത്തേണ്‍ ലൈറ്റ് കാണുക എന്നത് ഒരു പരിധി വരെ ഭാഗ്യമാണ്. എന്നാൽ സെപ്റ്റംബർ മുതൽ ഏപ്രിൽ വരെയുള്ള കാലത്തെ യൂറോപ്പ് യാത്രയിൽ നോർത്തേൺ ലൈറ്റുകൾ കാണുവാനുള്ള സാധ്യതയുണ്ട് . ഉയർന്ന അക്ഷാംശത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിലാണ് നോർത്തേൺ ലൈറ്റുകൾ കാണുവാൻ സാധിക്കുക അതിൽ തന്നെ സ്കാൻഡിനേവിയൻ രാജ്യങ്ങളും അതിൽ ഐസ്ലൻഡുമാണ് പ്രധാനം.
യൂറോപ്പിന്റെ വിവിധ മുഖങ്ങൾ
സീസണിലെ യൂറോപ്പ് യാത്ര നിങ്ങളെ കൊണ്ടുപോവുക സ്ഥിരം കുറേ കാഴ്ചകളിലേക്ക് മാത്രമായിരിക്കും. എന്നാൽ വിന്‍റർ എന്ന ഓഫ്സീസണിൽ യൂറോപ്പിന്‍റെ തീർത്തും വ്യത്യസ്തമായ ഒരു മുഖം കാണുവാൻ സാധിക്കും. ഐഫൽ ടവറും ബിഗ് ബെന്നും വിയന്നയും മറ്റു സ്ഥലങ്ങളുമെല്ലാം മഞ്ഞിൽ എങ്ങനെ കാണപ്പെടുന്നു എന്നത് വിന്‍റർ യാത്രയ്ക്ക് മാത്രം നല്കുവാൻ സാധിക്കുന്ന ഒന്നാണ്
എല്ലാം കാണാം
കേട്ടറിഞ്ഞതും നേരത്തെ ബക്കറ്റ് ലിസ്റ്റിൽ ഇട്ടിരിക്കുന്നതുമായ കുറേയിടങ്ങള്‍ കാണുക എന്നത് തന്നെയാണ് മിക്കവരുടെയും യൂറോപ്പ് യാത്രയുടെ ലക്ഷ്യം. വേനലായാലും മഞ്ഞായാലും ഇത് കാണുന്നിന് ഒരു തടസ്സവും നിങ്ങൾക്ക് വരുന്നില്ല. എന്നാൽ വിന്‍റർ സീസൺ ആണെങ്കിൽ വിനോദസഞ്ചാരികളെക്കൊണ്ട് തിരക്കില്ലാത്തതിനാൽ കൂടുതൽ ആസ്വാദ്യകരമാക്കുന്നു.യൂറോപ്പിലെ മിക്ക ആകർഷണങ്ങളും ഇൻഡോർ ആയതിനാൽ നിങ്ങൾക്ക് അവ ആസ്വദിക്കാനും സാധിക്കും.
തണുപ്പു മാത്രമല്ല, ചൂടുമുണ്ട്!!
ശൈത്യകാലത്ത് യൂറോപ്പിലേക്കുള്ള യാത്രയെക്കുറിച്ചുള്ള നിങ്ങളുടെ ഏറ്റവും വലിയ ആശങ്ക തണുപ്പും മഞ്ഞും തന്നെയാണല്ലോ. എന്നാൽ ഈ കട്ടത്തണുപ്പിലും ചൂടുള്ള, അല്ലെങ്കിൽ യാത്രയിൽ കുറച്ച് ആശ്വാസം പകരുന്ന നിരവധി സ്ഥലങ്ങളുണ്ട്. സൈപ്രസ്, മാൾട്ട, സ്പെയിനിലെ മലാഗ, ഇറ്റലിയിലെ സിസിലി തുടങ്ങിയ സ്ഥലങ്ങളാണിത്. ഏകദേശം 15 ° C - 24 ° C വരെയാണ് താപനിലയെങ്കിലും മറ്റു പല തണുപ്പൻ പ്രദേശങ്ങളെയും അപേക്ഷിച്ച് ഈ സ്ഥലങ്ങൾ കൂടുതൽ ആശ്വാസം പകരും.