''ആശ്വാസം.. അവസാനം വെള്ളിയാഴ്ചയായി..'' ഇനി മീറ്റിങ്ങും ഫോൺകോളും ജോലിയുമെല്ലാം തിങ്കളാഴ്ച ആലോചിച്ചാൽ മതിയല്ലോ... ഇങ്ങനെ ഒരു നെടുവീർപ്പും ആശ്വാസവും അനുഭവിക്കാത്ത ജോലിക്കാർ കാണില്ല. എന്നാൽ ഇവിടെ ചില രാജ്യങ്ങളില് ഇങ്ങനെ ഒരു കാത്തിരിപ്പിന്‍റെ ആവശ്യമേയില്ല. എന്താണെന്നല്ലേ... അഞ്ചും ആറും ദിവസം പണിയെടുക്കേണ്ട. പകരം വെറും നാല് ദിവസം മാത്രം ജോലി ചെയ്താൽ മതി. ബാക്കി സമയം അടിച്ചുപൊളിക്കാം. സംഗതിയെന്താണെന്നല്ലേ...
ഇതാണ് ഫോർ ഡേ വർക്ക് വീക്ക്..
ആഴ്ചയിൽ അഞ്ചും ആറും ദിവസമെടുത്ത് തീർക്കുന്ന പണി വെറും നാല് ദിവസത്തിൽ തീർത്ത് അതേ ആനുകൂല്യങ്ങളും ശമ്പളവും മേടിച്ച് ബാക്കിയുള്ള മൂന്നും നാലും ദിവസം വീട്ടിൽ അടിച്ച് പൊളിക്കുകയോ അല്ലെങ്കിൽ ഇഷ്ടമുള്ള യാത്രകൾ പോവുകയോ ചെയ്യുന്ന പരിപാടി. എന്തുരസമാണല്ലേ... നമ്മുടെ രാജ്യത്തില്ലെങ്കിലും കുറേയേറെ രാജ്യങ്ങളിൽ ഈ സിസ്റ്റം ഉണ്ട്.

ഫോർ ഡേ വർക്ക് വീക്ക്
കോർപ്പറേറ്റുകളുടെയും ജീവനക്കാരുടെയും ഇടയിൽ വളരെ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ഫോർ ഡേ വർക്ക് വീക്ക്. സംഗതി വൻ സിംപിളാണ്. ആഴ്ചയിൽ അഞ്ചും ആറും ദിവസം മരിച്ചുപണിയെടുക്കുന്നതിനു പകരം ആഴ്ചയിൽ വെറും നാല് ദിവസം ജോലി ചെയ്യും. ശമ്പളം നേരത്തേയുണ്ടായിരുന്നതു പോലെ, ആനുകൂല്യങ്ങൾക്കും ഒരു കുറവുമില്ല. പക്ഷേ, ജോലി ഭാരം കുറയില്ലെന്നു മാത്രം. നാല് ദിവസത്തിൽ ജോലി തീർക്കണമെന്ന് മാത്രം. അതായത് 40 മണിക്കൂർ വർക്ക് വീക്കിൽ നിന്ന് 32 മണിക്കൂർ മോഡലിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം.
ബെൽജിയം
ആഴ്ചയിൽ നാല് ദിവസം മാത്രം ജോലി ചെയ്യുന്ന രീതിക്ക് ആദ്യമായി യൂറോപ്പിൽ നിയമനിർമ്മാണം നടത്തിയ രാജ്യമാണ് ബെൽജിയം. 2022 ഫെബ്രുവരിയിൽ ആയിരുന്നു ഈ അവകാശം ജീവനക്കാർക്ക് നിയമംവഴി ലഭിച്ചത്. ലഭിക്കുന്ന ശമ്പളത്തിൽ ഇതുവഴി കുറവ് ഇല്ലായെന്നതാണ് പ്രധാന ആകർഷണം. ഫോർ ഡേ വർക്ക് വീക്ക് തിരഞ്ഞെടുക്കുന്നവർ ദിവസം പത്ത് മണിക്കൂർ വീതം ജോലി ചെയ്ത് വേണം അധികമായി അവധിയെടുക്കുന്ന സമയത്തെ ജോലി ചെയ്തു തീർക്കുവാൻ.

നെതർലന്‍ഡ്
ജോലി ചെയ്യുന്ന സമയം ഏറ്റവും കുറവുള്ള രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് നെതർലൻഡ്. ആഴ്ചയിൽ വെറും 29 മണിക്കൂർ മാത്രമാണ് ഇവിടെ ആളുകൾ ജോലി ചെയ്യേണ്ടി വരുന്ന സമയം. ഇതിന് കാരണം നെതർലാൻഡ് പൗരന്മാർക്ക് അവരുടെ ജോലിയിൽ പാർട്ട് ടൈം ആയി ജോലി ചെയ്യുവാനുള്ള അവകാശമുണ്ട്. പ്രത്യേകിച്ച് നിയമങ്ങളില്ലെങ്കിലും ഫോർ ഡേ വർക്ക് വീക്ക് ചെയ്യുന്നവരാണ് ഇവിടുള്ളവരിൽ അധികവും.
ഡെന്മാര്‍ക്ക്
ലോകത്തിലെ ഏറ്റവും കുറഞ്ഞ ശരാശരി പ്രവൃത്തി സമയമുള്ള രണ്ടാമത്തെ രാജ്യമാണ് ഡെന്മാർക്ക്. ഡെന്മാർക്കിലെ ശരാശരി പ്രവൃത്തി ആഴ്ചയുടെ ദൈർഘ്യം 33 മണിക്കൂർ മാത്രമാണ്. ബാക്കിയുള്ള സമയം വിശ്രമിക്കുവാനും വിനോദത്തിനുമായി ചെലവഴിക്കുവാൻ രാജ്യം പൗരന്മാരെ സഹായിക്കുന്നു. അതായത് അവരുടെ ദിവസത്തിന്റെ 60 ശതമാനവും മറ്റു കാര്യങ്ങൾക്കായി പൗരന്മാർക്ക് ചെലവഴിക്കാം. എന്നിരുന്നാലും രാജ്യത്ത് ഭാഗികമായി ഫോർ ഡേ വർക്ക് വീക്ക് ആളുകൾ തെരഞ്ഞെടുക്കുന്നു.

ജപ്പാൻ
ആഴ്ചയിലെ നാലു ദിവസജോലിയെ പ്രോത്സാഹിപ്പിക്കുന്ന സമീപനങ്ങളുള്ള രാജ്യമാണ് ജപ്പാൻ. ഇതിനായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ രാജ്യം പുറത്തിറക്കിയിരുന്നു. 2021 ലെ രാജ്യത്തിന്‍റെ സാമ്പത്തിക നയത്തിൽ അമിതമായി ജോലി ചെയ്യുന്നത് ഒഴിവാക്കാനായി ഫോർ ഡേ വർക്ക് വീക്ക് രീതിക്ക് ശുപാർശ ചെയ്തിരുന്നു.
യുണൈറ്റഡ് കിങ്ഡം
2022 ൽ യി ഫോർ ഡേ വർക്ക്വീക്ക് രീതിക്കായി വലിയ പൈലറ്റ് പ്രോഗ്രാം രാജ്യം കൊണ്ടുവന്നിരുന്നു. ആറ് മാസം നീണ്ട പൈലറ്റ് പ്രോഗ്രാം 70 വ്യവസായങ്ങളും 3300 ജീവനക്കാരും ചേർന്ന പരിപാടിയായിരുന്നു . വമ്പിച്ച വിജയം എന്നായിരുന്നു ഇതിന്റെ ഫലം പുറത്തുവന്നത്. നിയമമനുസരിച്ച് കമ്പനികൾക്ക് ജോലി ചെയ്യുന്നവരെ ആഴ്ചയിൽ 48 മണിക്കൂറിന് മുകളില്‍ ജോലി ചെയ്യുവാൻ ആവശ്യപ്പെടാൻ സാധിക്കില്ല.

ഐസ്ലൻഡ്
ഫോർ ഡേ വർക്ക്വീക്ക് രീതിക്ക് ഏറ്റവുമാദ്യം തുടക്കം കുറിച്ച രാജ്യമാണ് ഐസ്ലൻഡ്. 2015 മുതൽ 2019 വരെ നീണ്ടു നിന്ന ഇവിടുത്തെ പൈലറ്റ് പ്രോഗ്രാം ലോരക്കിലെ തന്നെ ഏറ്റവും വലിയ പൈലറ്റ് പ്രോഗാമുകളിലൊന്നായിരുന്നു. 2500 ആളുകളാണ് അന്നിതിൽ പങ്കെടുത്തത്. നിലവിൽ രാജ്യത്തെ ജോലി ചെയ്യുന്ന 90 ശതമാനം ആളുകളും ഈ രീതിയാണ് പിന്തുടരുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











