2024 അവസാനിക്കുവാൻ ഇനി കുറച്ച് ദിവസങ്ങളേയുള്ളൂ. യാത്രകളും ഒത്തുചേരലുകളും കണ്ടുപിടുത്തങ്ങളും നഷ്ടങ്ങളും വിടവാങ്ങലുകളും ഒക്കെയായി ഓരോരുത്തരും ഓരോ തരത്തിലാണ് ഈ വർഷത്തെ അടയാളപ്പെടുത്തിരിക്കുന്നത്. യാത്രകളുടെ കാര്യത്തിൽ പലരും തങ്ങളുടെ സ്വപ്നങ്ങൾ സഫലമാക്കിയ കൊല്ലം കൂടിയാണിത്. എന്തായാലും ജനങ്ങളുടെ മനസ്സിൽ കയറിയ ചില രാജ്യങ്ങളും ഉണ്ട്.
2024 ൽ ജനങ്ങളുടെ പ്രിയപ്പെട്ടവയായി മാറിയ രാജ്യങ്ങൾ ഏതൊക്കെയെന്ന് അറിയാമോ? YouGov.com അമേരിക്കൻ എന്ന വെബ്സൈറ്റ് നടത്തിയ ഒരു സർവേ അനുസരിച്ച് പല കാരണങ്ങളാൽ ഏറ്റവും മികച്ചതെന്ന് ജനങ്ങൾ വിധിയെഴുതിയ രാജ്യങ്ങളെ പരിചയപ്പെട്ടാലോ. സ്ഥലങ്ങളുടെ ഭംഗിയോ കാഴ്ചകളോ അല്ലാതെ, മൊത്തത്തിൽ പ്രശസ്തി, ജനപ്രീതി തുടങ്ങിയവ അടിസ്ഥാനമാക്കിയ സർവേയിൽ മുന്നിൽ വന്ന രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
പ്രശസ്തി ( രാജ്യങ്ങൾ എത്രത്തോളം അറിയപ്പെടുന്നതാണ്), ജനപ്രീതി (അവരോട് നല്ല അഭിപ്രായമുള്ള ആളുകളുടെ ശതമാനം) എന്നിവ അടിസ്ഥാനമാക്കിയാണ് ഈ സർവേ പൂർത്തീകരിച്ചിരിക്കുന്നത്. 2024 ന്‍റെ മൂന്നാം ക്വാർട്ടറിലെ ഫലമാണ് ഇവിടെ കൊടുത്തിരിക്കുന്നത്.
അമേരിക്ക
പ്രശസ്തി: 98%
ജനപ്രീതി: 80%
ലോകത്തിലെ മികച്ച രാജ്യങ്ങളിലൊന്നായ അമേരിക്കയാണ് ജനപ്രിയ രാജ്യങ്ങളുടെ പട്ടികയിൽ 2024 ൽ ഒന്നാം സ്ഥാനം നേടിയത്. വഉന്നത് വിദ്യാഭ്യാസം, വിനോദസഞ്ചാരം എന്നിങ്ങനെ പല കാരണങ്ങളാൽ രാജ്യം ലോകശ്രദ്ധയാകർഷിക്കുന്നു. വിനോദസഞ്ചാരികൾക്ക് സ്റ്റാച്യു ഓഫ് ലിബർട്ടി, ഗ്രാൻഡ് കാന്യോൺ, ഹോളിവുഡ്, ഗോള്‍ഡൻ ബ്രിഡ്ജ് തുടങ്ങി കാണാൻ ഒത്തിരി കാഴ്ചകളുണ്ട്. ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ്, ചിക്കാഗോ, വാഷിങ്ടൺ, സാന്‍ ഫ്രാൻസിസ്കോ തുടങ്ങിയ പ്രസിദ്ധമായ നഗരങ്ങളും അമേരിക്കയിലുണ്ട്.
അയർലൻഡ്
പ്രശസ്തി: 97%
ജനപ്രീതി: 72%
കലാകാരന്മാരുടെയും ജ്ഞാനികളുടെയും രാജ്യം എന്നറിയപ്പെടുന്ന അയർലൻഡ് എമറാൾഡ് ഐൽ എന്ന പേരിലാണ് പ്രസിദ്ധം. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട കുടിയേറ്റ രാജ്യങ്ങളിലൊന്നായ ഇവിടം വ്യത്യസ്തങ്ങളായ സംസ്കാരവും പൈതൃകവും കണ്ടെത്തുവാൻ പറ്റിയ ഇടമാണ്. നാടോടിക്കഥകളാൽ സമ്പന്നമാണ് ഇവിടുത്തെ സംസ്കാരം. പച്ചപ്പും പുരാതന കോട്ടകളും ഇവിടുത്തെ ആകർഷണീയമായ കാഴ്ചകളാണ്.
കാനഡ
പ്രശസ്തി: 96%
ജനപ്രീതി: 72%
ഉന്നതവിദ്യാഭ്യാസം, പഠനം തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ഏറ്റവും കൂടുതൽ കുടിയേറ്റം നടക്കുന്ന രാജ്യങ്ങളിലൊന്നാണ് കാനഡ. നയാഗ്ര വെള്ളച്ചാട്ടം, ബാൻഫ് നാഷണൽ പാർക്ക്, നോർത്തേൺ ലൈറ്റ്സ് എന്നിങ്ങനെ നിരവധി കാഴ്ചകളും സ്ഥലങ്ങളും കാണാനുണ്ട്. ടൊറന്‍റോ, വാൻകൂവർ, മോൺട്രിയൽ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന നഗരങ്ങൾ. വിശാലഹൃദയരായാണ് ഇവിടുത്തെ ആളുകൾ അറിയപ്പെടുന്നത്.
ഇറ്റലി
പ്രശസ്തി: 97%
ജനപ്രീതി: 72%
ചരിത്രപ്രേമികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ് ഇറ്റലി. കൊളോസിയം, വെനീസ് കനാലുകൾ, പിസയിലെ ചരിഞ്ഞ ഗോപുരം എന്നിങ്ങനെ സഞ്ചാരികളുടെ ഹൃദയത്തിൽ കയറിപ്പറ്റിയ ഒത്തിരി കാഴ്ചകൾ ഇവിടെയുണ്ട്. ഇവിടുത്തെ ചരിത്രനിർമ്മിതികൾ, കല, പാചകം തുടങ്ങിയവ ലോകം ഇരുകയ്യും നീട്ടി സ്വീകരിച്ചവയാണ്.
ഐസ്‌ലാൻഡ്
പ്രശസ്തി: 98%
ജനപ്രീതി: 71%
ഭൂമിയിലെ സ്വർഗ്ഗം എന്നു സഞ്ചാരികൾ വിശേഷിപ്പിക്കുന്ന രാജ്യമാണ് ഐസ്ലലൻഡ്. പ്രകൃതി ദൃശ്യങ്ങളാണ് ഇവിടെ കാണാനുള്ളത്. സാഹസികത ഇഷ്ടപ്പെടുന്നവരുടെയും ഫോട്ടോഗ്രാഫർമാരുടെയും പട്ടികയിലെ ഒന്നാം സ്ഥലമാണിത്. ബ്ലൂ ലഗൂൺ, ചൂടുനീരറവകൾ, അഗ്നിപര്‍വ്വതം, വെള്ളച്ചാട്ടം, വാട്ടർ ക്രോസിങ് എന്നിങ്ങനെ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാഴ്ചകളുണ്ട്.
ഓസ്‌ട്രേലിയ
പ്രശസ്തി: 96% ജനപ്രീതി: 70%
ജലവിനോദങ്ങൾക്ക് പേരുകേട്ട ഓസ്ട്രേലിയ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങള്‍ക്കും ഏറെ പേരുകേട്ട രാജ്യമാണ്. ബീച്ചുകൾ, വന്യജീവികൾ, ഗ്രേറ്റ് ബാരിയർ റീഫ്, സിഡ്‌നിയിലെ ഓപ്പറ ഹൗസ് എന്നിങ്ങനെ ആകർഷണീയമായ ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്.
സ്വീഡൻ
പ്രശസ്തി: 97%
ജനപ്രീതി: 69%
പ്രകൃതിമനോഹരമായ സ്വീഡൻ കുടിയേറ്റക്കാർക്ക് പ്രിയപ്പെട്ട രാജ്യമാണ്. പച്ചപ്പ്, മലനിരകൾ, വനങ്ങൾ, മികച്ച ജീവിതരീതി എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്.
സ്വിറ്റ്‌സർലൻഡ്
പ്രശസ്തി: 96%
ജനപ്രീതി: 68%
പ്രകൃതിയുടെ മനോഹര കാഴ്ചകളിലേക്ക് ഇറങ്ങിചെല്ലുവാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് സ്വിറ്റ്‌സർലൻഡ്. സ്കീ റിസോർട്ടുകൾ, ചോക്ലേറ്റുകൾ,ഗ്രാമങ്ങൾ, ആല്‍പ്സ് പർവ്വത നിരകൾ എന്നിങ്ങനെ ഒരുപാട് കാഴ്ചകള് ഇവിടെയുണ്ട്.
നെതർലാൻഡ്‌സ്
പ്രശസ്തി: 96%
ജനപ്രീതി: 67%
ആംസ്റ്റർഡാം എന്ന സ്ഥലം മാത്രം മതി നെതർലാൻഡ്‌സിനെ ഓർമ്മിക്കുവാൻ. ട്യൂലിപ് പുഷ്പങ്ങൾ, കനാലുകൾ,കാറ്റാടികൾ എന്നിങ്ങനെ കൗതുകമുണർത്തുന്ന ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്.
യുണൈറ്റഡ് കിംഗ്ഡം
പ്രശസ്തി: 98%
ജനപ്രീതി: 66%
ചരിത്രപരവും ആധുനികവുമായ ആകർഷണങ്ങളുടെ ഒരു മിശ്രിതമാണ് യുകെ നല്കുന്നത്. ബക്കിംഗ്ഹാം പാലസ്, ബിഗ് ബെൻ, സ്റ്റോൺഹെഞ്ച് തുടങ്ങി ലോകസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങൾ ഇവിടെയുണ്ട്.
ഇത്രയും വായിക്കുമ്പോള് ഇന്ത്യ എവിടെയാണ് എന്നൊരു സംശയമില്ലേ... പട്ടികയിൽ ഇന്ത്യ അറുപതാം സ്ഥാനത്താണ് .പ്രശസ്തി: 97% - ജനപ്രീതി: 38% എന്നിങ്ങനെയാണ് ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













