ആറന്മുളയിൽ ഇനി വള്ളസദ്യയുടെ കാലമാണ്. വിശ്വാസങ്ങളും ഐതിഹ്യങ്ങളും ഒരുമിക്കുന്ന സമയം. കരക്കാർക്കും മറുനാട്ടുകാരുമെല്ലാം ഇവിടെ എത്താൻ ആഗ്രഹിക്കുന്ന വള്ളസദ്യയുടെ സമയം തുടങ്ങിക്കഴിഞ്ഞു. ഇനി വരുന്ന 72 ദിവസങ്ങൾക്കും ഇവിടെ സദ്യയുടെ തിരക്കാണ്. കേട്ടറിഞ്ഞ് എത്തുന്നവരും വള്ളസദ്യയെന്ന കൗതുകം തേടിവരുന്നവരും വള്ളക്കാരുമെല്ലാം പാർത്ഥരസാരഥിക്ക് മുന്നിലെത്തുന്ന ദിവസങ്ങൾ.
ലോകത്തിലെ ഏറ്റവും വലിയ സമൂഹസദ്യ എന്നറിയപ്പെടുന്ന ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായിരിക്കുകയാണ്. ഓരോ വർഷവും വിദേശകളും സ്വദേശികളുമടക്കം ലക്ഷക്കണ്ക്കിനാളുകളാണ് ഇവിടെ വള്ളസദ്യയിൽ പങ്കെടുക്കാനായി എത്തുന്നത്. കർക്കിടകം 15 മുതൽ കന്നി 15 വരെ നീണ്ടു നിൽക്കുന്ന വള്ളസദ്യ ഉദ്ദിഷ്ട കാര്യങ്ങൾ സാധിക്കാനായാണ് ഭക്തർ സമർപ്പിക്കുന്നത് എന്നാണ് വിശ്വാസം.

ആറന്മുള വള്ളസദ്യ 2024
ജൂലൈ 21 ഞായറാഴ്ച ആറന്മുള വള്ളസദ്യയ്ക്ക് തുടക്കമായി. ഒക്ടോബർ 2 വരെ 72 ദിവസമാണ് ഈ വർഷം വള്ളസദ്യയുള്ളത്. ഒരു ദിവസം 15 വള്ളസദ്യയാണ് ഉണ്ടാവുക. ഈ കാലയളവിൽ രണ്ടു ദിവസമൊഴികെ ബാക്കിയെല്ലാ ദിവസവും വള്ളസദ്യ നടക്കും. ചിങ്ങമാസത്തിലെ തിരുവോണനാളിലും ഉത്രട്ടാതി നാളിലും ഒഴികെ മറ്റെല്ലാ ദിവസവും ആറന്മുള വള്ളസദ്യ ഉണ്ട്. അഞ്ഞൂറോളം സദ്യകൾ ഈ സമയത്ത് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ വർഷത്തെ അഷ്ടമി രോഹിണി വള്ളസദ്യ ഓഗസ്റ്റ് 26 നും ഉതൃട്ടാതി ജലമേള സെപ്റ്റംബർ 18നും നടക്കും.
ഏറ്റവും കൂടുതൽ വിഭവങ്ങൾ വിളമ്പുന്ന സദ്യ
ഏറ്റവും വലിയ സമൂഹസദ്യ മാത്രമല്ല, ഏറ്റവും കൂടുതൽ വിഭവങ്ങൾ വിളമ്പുന്ന സദ്യ കൂടിയാണ് ആറന്മുള വള്ളസദ്യ. തൂശനിലയിട്ട സദ്യയിൽ 44 വിഭവങ്ങൾ ഉണ്ടായിരിക്കും. ഇത് കൂടാതെ ചോദിച്ച് മേടിക്കാൻ സാധിക്കുന്ന 20 വിഭവങ്ങൾ കൂടി വള്ളസദ്യയുടെ ഭാഗമാണ്. വള്ളപ്പാട്ടിൽ കൂടിയാണ് ഈ വിഭവങ്ങൾ ചോദിച്ചു മേടിക്കുന്നത്. മടന്തയില തോരൻ, മോദകം, അട, കദളി, കാളിപ്പഴങ്ങൾ, തേൻ തുടങ്ങിയവയാണ് കരക്കാർ ശ്ലോകം ചൊല്ലി ആവശ്യപ്പെടുന്ന വിഭവങ്ങൾ.
കരക്കാർക്ക് മാത്രമാണ് ഈ 20 വിഭവങ്ങൾ ലഭിക്കുന്നത്.
കൂടാതെ വഴിപാടുകാർക്കും അവരുടെ ക്ഷണം സ്വീകരിച്ച് വരുന്നവർക്കും 64 വിഭവങ്ങൾ ലഭിക്കും. പുറത്തു നിന്നു വള്ളസദ്യയിൽ പങ്കെടുക്കാൻ വരുന്നവർക്ക് മറ്റ് 44 വിഭവങ്ങൾ ഉൾപ്പെടുന്ന സദ്യയാണ് ഉള്ളത്.
വള്ളസദ്യയിലെ വിഭവങ്ങൾ
തൊട്ടുകൂട്ടുന്ന കറികള്‍, കൂട്ടുകറികള്‍, ചാറുകറികള്‍ എന്നിങ്ങനെ മൂന്ന് വിഭാഗമായാണ് വള്ളസദ്യയുടെ കറികള്‍ ലഭിക്കുന്നത്.
ഉപ്പ്, വറുത്തുപ്പേരികള്‍ അഞ്ച്, ഏത്തയ്ക്ക, ചേന, ചേമ്പ്, ചക്ക, ശര്‍ക്കരപുരട്ടി, പപ്പടം വലുത് ഒന്ന് പപ്പടം ചെറുത് രണ്ട്, എള്ളുണ്ട, പരിപ്പുവട, ഉണ്ണിയപ്പം, പഴം, മലര്, ഉണ്ടശര്‍ക്കര, കല്‍ക്കണ്ടം, തോരന്‍, അഞ്ചുതരം മടന്തയില, ചുവന്നചീര, തകര, വാഴക്കൂമ്പ്, വാഴപ്പിണ്ടി, നാലുതരം അച്ചാര്‍, അവിയല്‍, കിച്ചടികള്‍, മധുരപ്പച്ചടി, വറുത്തെരിശ്ശേരി, ചോറ്, കറികള്‍, പായസങ്ങള്‍ എന്നിവയാണ് വള്ളസദ്യയിലെ വിഭവങ്ങൾ. സാമ്പാറൊഴിച്ച ശേഷം പായസം വിളമ്പുന്ന രീതി ഇവിടെ മാത്രമാണ് ഉള്ളതത്രെ. മാത്രമല്ല, ഉള്ളിയും വെളുത്തുള്ളിയും ഇവിടെ സദ്യയ്ക്ക് ഉപയോഗിക്കുന്ന പതിവുമില്ല.
വള്ളസദ്യയിൽ പങ്കെടുക്കുവാൻ
നേരിട്ടു ചെന്നാൽ ആറന്മുള വള്ളസദ്യ കഴിക്കാൻ സാധിച്ചേക്കില്ല. പാസ് മുഖേന മാത്രമായിരിക്കും പങ്കെടുക്കുവാന്‍ സാധിക്കുക. വള്ളസദ്യ വഴിപാടിന് ഊട്ടുപുരയിൽ പ്രവേശിക്കണമെങ്കിൽ വഴിപാടുകാരിൽ നിന്നോ വഴിപാട് നടക്കുന്ന പള്ളിയോടത്തിന്റെ കരനാഥന്മാരിൽനിന്നോ ലഭിക്കുന്ന പാസ് കൈവശം ഉണ്ടായിരിക്കണം. അല്ലാതെ വരുന്നവർക്കും സദ്യ കഴിക്കാൻ സാധിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












