ആദിശങ്കരന് ജന്മം നല്‍കിയ കാലടി

ഹോം » സ്ഥലങ്ങൾ » കാലടി » ഓവര്‍വ്യൂ

അദ്വൈതസിദ്ധാന്തത്തിന്റെ പ്രചാരകനായ ആദിശങ്കരന്റെ ജന്മത്താല്‍ അനുഗ്രഹീതമായ നാടാണ് കാലടി, എറണാകുളം ജില്ലയില്‍ പെരിയാറിന്റെ കരയിലാണ് കാലടി സ്ഥിതിചെയ്യുന്നത്. ആദിശങ്കരന്റെ ജന്മദേശമായതിനാല്‍ത്തന്നെ പ്രധാനപ്പെട്ട ഒരു ഹൈന്ദവതീര്‍ത്ഥാടനകേന്ദ്രം കൂടിയാണ് ഈ സ്ഥലം. പെരുമ്പാവൂരിനും അങ്കമാലിയ്ക്കുമടിയില്‍ എംസി റോഡിന് അരികിലാണ് കാലടി. ശശലം എന്നായിരുന്നുവത്രേ കാലടിയുടെ ആദ്യത്തെ പേര്.

ശങ്കരന്റെ അമ്മ 3 കിലോമീറ്റര്‍ അകലെയൊഴുകുന്ന പൂര്‍ണാ നദിയില്‍ കുളിച്ച് ഇല്ലപ്പറമ്പിലുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക പതിവായിരുന്നു. ഈ ദിവസം മൂന്നുകിലോമീറ്റര്‍ നടന്നുവന്ന ക്ഷീണം താങ്ങാനാവാതെ അമ്മ വഴിയില്‍ കുഴഞ്ഞുവീണു. ഇതുകണ്ട് ശങ്കരന്റെ മനംനൊന്തു. ശങ്കരന്റെ ഭക്തിയില്‍ നേരത്തേ തന്നെ സംപ്രീതനായ ശ്രീകൃഷ്ണന്‍ ശങ്കരന്റെ കാലടി വരയുന്നിടത്ത് നദി ഗതിയാകുമെന്ന് വരം കൊടുത്തും.

ശങ്കരന്‍ ഇല്ലപ്പറമ്പില്‍തന്നെ കാലടി വരയും പൂര്‍ണാനദി അന്നുമുതല്‍ ഗതിമാറി ഇല്ലപ്പറമ്പിലൂടെ ഒഴുകുകയും ചെയ്തുവെന്നാണ് കഥ. കാലടി വരഞ്ഞു ഗതിമാറ്റിയ ഇടമായതിനാലാണത്രേ കാലടിയെന്ന പേരുണ്ടായത്, കാലക്രമത്തില്‍ ശശലം എന്ന പേര് ഉപയോഗിക്കാതാവുകയും ചെയ്തു.

1910ലാണ് കാലടിയില്‍ ആദിശങ്കരനുവേണ്ടി ക്ഷേത്രം പണിയുന്നത്. ആദിശങ്കരന്‍ നിര്‍മ്മിച്ചതെന്ന് കരുതുന്ന ഒരു ചെറിയ കൃഷ്ണക്ഷേത്രമുണ്ട് ഇവിടെ. അച്ചുത അഷ്ടകമെന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. ക്ഷേത്രങ്ങലും ആശ്രമങ്ങളുമാണ് കാലടിയിലെ പ്രധാന ആകര്‍ഷണങ്ങള്‍. രാമകൃഷ്ണ ആശ്രമം, കല്ലില്‍ ദേവി ക്ഷേത്രം, ശൃംഗേരി മഠം, മഹാദേവ ക്ഷേത്രം, വാമനമൂര്‍ത്തി ക്ഷേത്രം, കുഴുപ്പില്‍ക്കാവ് ജലദുര്‍ഗ ക്ഷേത്രം എന്നിവയാണ് പ്രധാന ആത്മീയ കേന്ദ്രങ്ങള്‍.

ശങ്കരാചാര്യരുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങളുള്ളതാണ് ഇവിടുത്തെ പല പൗരാണിക ക്ഷേത്രങ്ങലും. ശൃംഗേരി മഠത്തിന്റെ കീഴിലുള്ള ശങ്കരാചാര്യര്‍ ജന്മഭൂമി ക്ഷേത്രമാണ് പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രം. ആദിശങ്കര കീര്‍ത്തിസ്തംഭമാണ് മറ്റൊരു പ്രധാന കാഴ്ച. കേരളത്തിലെ അരിവ്യാപാരത്തിന്റെ കേന്ദ്രമായ കാലടി അരിമില്ലുകളുടെയും മലഞ്ചരക്കുവ്യാപാരത്തിന്റെയും കേന്ദ്രമാണ്. കേരളത്തില്‍ ജാതിക്കയുടെ പ്രധാന വ്യാപാരകേന്ദ്രമാണിത്. ഓഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെയുള്ള കാലമാണ് കാലടി സന്ദര്‍ശനത്തിന് ഏറ്റവും അനുയോജ്യം. റോഡുമാര്‍ഗ്ഗവും റെയില്‍ മാര്‍ഗ്ഗവുമെല്ലാം ബുദ്ധിമുട്ടില്ലാതെ കാലടിയില്‍ എത്തിച്ചേരാം.

Please Wait while comments are loading...