ഓരോ ദിവസവും ലക്ഷക്കണക്കിനാളുകൾ ഇന്ത്യയിൽ ട്രെയിൻ യാത്രകൾ നടത്തുന്നുണ്ട്. ജനറൽ കോച്ചുകളിൽ യാത്ര ചെയ്യുന്ന ആളുകളെ സംബന്ധിച്ചെടുത്തോളം നേരിടുന്ന വലിയ പ്രശ്നം ഭക്ഷണം തന്നെയാണ്. എസി കോച്ചുകളിൽ ഭക്ഷണം ലഭിക്കുമെങ്കിലും സധാരണക്കാർ കൂടുതലും ആശ്രയിക്കുന്ന ജനറൽ കോച്ചുകളിൽ ഭക്ഷണ വിതരണമില്ല. ഇപ്പോഴിതാ, ജനറൽ കോച്ചിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ മികച്ച ഭക്ഷണവും കുടിവെള്ളവും നല്കുവാനുള്ള പദ്ധതിയൊരുക്കിയിരിക്കുകയാണ് റെയിൽവേ.
പോക്കറ്റിനിണങ്ങുന്ന തുകയിൽ വൃത്തിയുള്ളതും മികച്ചതുമായ ഭക്ഷണം യാത്രക്കാർക്ക് ലഭ്യമാക്കുകയാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്. മിതമായ നിരക്കിൽ ഭക്ഷണവും വെള്ളവും നല്കുന്ന കൗണ്ടറുകൾ ജനറൽ കോച്ചുകളുമായി യോജിപ്പിച്ച് പ്ലാറ്റ്‌ഫോമുകളിൽ സ്ഥാപിക്കുമെന്നാണ് റെയിൽവേ ബോർഡ് പുറപ്പെടുവിട്ട വാർത്താ കുറിപ്പിൽ പറയുന്നത്. ഐആർസിടിസിയുടെ യുടെ റിഫ്രഷ്‌മെന്റ് റൂമുകളിൽ നിന്നും ജൻ ആഹാറിൽ നിന്നും ൽ മീൽസ് വിതരണം ചെയ്യും.

റെയിൽവേയുടെ ഫൂഡ് ആൻഡ് ബിവറേജസ് സർവീസ് മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ. രണ്ടു തരത്തിലുള്ള ഭക്ഷമാണ് ഇതുവഴി യാത്രക്കാർക്ക് വിതരണം ചെയ്യുന്നത്. മീൽ ടൈപ്പ് 1, മീൽ ടൈപ്പ് 2 - എന്നിവയിൽ എക്കണോമി മീൽസ്, സ്നാക്സ്(കോംബോ) എന്നിവയാണ് ലഭ്യമാവുക. ഇതിന്റെ മെനുവും റെയില്‍വേ പുറത്തുവിട്ടിട്ടുണ്ട്.
മീൽ ടൈപ്പ് 1 ൽ എക്കണോമി മീൽസിന് 20 രൂപയാണ് തുക. ഇതിൽ ഏഴ് പൂരിയും ഉരുളക്കിഴങ്ങ് കറിയും അച്ചാറും ആണുള്ളത്. മീൽ ടൈപ്പ് 2 ൽ സ്നാക് മീൽസിന് (350 ഗ്രാം) 50 രൂപയാണ് വില വരുന്നത്. സൗത്ത് ഇന്ത്യൻ റൈസ് അല്ലെങ്കിൽ രാജ്മ/ ചോലെ - റൈസ് അല്ലെങ്കിൽ കിച്ചടി അല്ലെങ്കിൽ കുൽച്ച / ബട്ടൂരെ- ചോളെ അല്ലെങ്കിൽ പാവ് ബജി അല്ലെങ്കിൽ മസാല ദോശ എന്നിങ്ങനെയാണ് കോംബോ. കൂടാതെ 200 എംഎൽ പാക്ക് ചെയ്ത കുടിവെള്ളത്തിന്റെ സീല്‍ഡ് ഗ്ലാസ് മൂന്ന് രൂപയ്ക്കും ലഭ്യമാക്കും. ജിഎസ്ടി ഉൾപ്പെടെയുള്ള നിരക്കുകളാണിതെല്ലാം.
വെസ്റ്റേൺ റെയിൽവേയ്ക്ക് കീഴിൽ വരുന്ന മുംബൈ സെൻട്രൽ, രാജ്‌കോട്ട്, സുരേന്ദ്രനഗർ, ചിറ്റൂർഗഡ് സ്റ്റേഷനുകളിൽ മിതമായ നിരക്കിലുള്ള ഈ ഭക്ഷണ വിതരണം ലഭ്യമാക്കുന്നുണ്ടെന്ന്
വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ സുമിത് താക്കൂർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വിശദമാക്കിയിട്ടുണ്ട്.

ഐആർസിടിസിയുടെ കിച്ചൺ യൂണിറ്റുകളിൽ നിന്നാണ് ഭക്ഷണം വിതരണം ചെയ്യുക. പ്ലാറ്റ്‌ഫോമുകളിലെ ജനറൽ സീറ്റിങ് കോച്ചുകളുടെ സ്ഥാനവുമായി കൗണ്ടറുകൾ വിന്യസിക്കുന്നതിന് അതാത് സോണൽ റെയിൽവേയാണ് ഈ കൗണ്ടറുകളുടെ സ്ഥാനം തീരുമാനിക്കേണ്ടത്.
ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ പ്ലാറ്റ്‌ഫോമുകളിൽ ഈ വിപുലീകൃത സേവന കൗണ്ടറുകൾ ലഭ്യമാക്കിയിട്ടുണ്ടെന്നും റെയിൽവേ പ്രസ്താവനയിൽ പറയുന്നു. നിലവിൽ 51 സ്റ്റേഷനുകളിൽ ഈ പദ്ധതി നടപ്പിലാക്കുന്നുണ്ട്. ജൂലൈ 20 മുതൽ 13 സ്റ്റേഷനുകളിൽ കൂടി പദ്ധതി ആരംഭിക്കും.
മെയിൽ അല്ലെങ്കിൽ എക്സ്പ്രസ് ട്രെയിനുകൾ ഉള്‍പ്പെടെയുള്ള ട്രെയിനുകളിൽ കുറഞ്ഞത് രണ്ട് ജനറൽ സീറ്റിങ് കോച്ചുകളുണ്ട്. മിക്കപ്പോഴും ഇതിലൊന്ന് ലോക്കോമോട്ടീവ് കോച്ചിന് സമീപവും അടുത്തത് ട്രെയിനിന്റെ അവസാനവും ആയിരിക്കും.

പുതിയ തീരുമാനം വഴി ജനറൽ കോച്ചിലെ ദീർഘദൂര യാത്രകളിൽ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങള് ലഘൂകരിക്കുവാനാണ് ഇന്ത്യൻ റെയിൽവേ ഉദ്ദേശിക്കുന്നത്. ട്രെയിനിൽ കയറുമ്പോഴും ഇറങ്ങുമ്പോഴുമുള്ള തിരക്ക് കുറയ്ക്കുന്നതിനും അതുവഴിയുള്ള അപകടങ്ങൾ കുറയ്ക്കുവാനും കുറഞ്ഞ ചെലവിൽ മികച്ച ഭക്ഷണം യാത്രക്കാർക്ക് നല്കുവാനും റെയിൽവേയുടെ പുതിയ തീരുമാനം യാത്രക്കാരെ സഹായിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












