കോഴിക്കോട് - വയനാട് യാത്രകളിലെ ഏറ്റവും രസകരമാ ഭാഗവും അതുപോലെ ഏറ്റവും ബുദ്ധിമുട്ടുള്ളതും ചുരം കയറിയുള്ള യാത്രയാണ്. മനോഹരമായ പ്രകൃതിയും വളഞ്ഞ റോഡുകളും താഴ്വാരങ്ങളുടെ കാഴ്ചകളും ഒക്കെ രസമാണെങ്കിലും ഒരു ബ്ലോക്ക് വന്നാൽ എത്ര നേരം കിടക്കേണ്ടി വരുമെന്ന് പറയാൻ സാധിക്കില്ല. മണിക്കൂറുകള്‍ നീണ്ടുനിൽക്കുന്ന ബ്ലോക്കുകൾ ചുരത്തിൽ പലപ്പോഴും സംഭവിക്കാറുമുണ്ട്. എന്നാൽ സമീപഭാവിയിൽ ഇതൊക്കെ ചരിത്രമായി മാറിയേക്കാം.
ഇപ്പോഴിതാ, വയനാട് വിനോദസഞ്ചാരരംഗത്തിന് പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്ന വയനാട് റോപ്പ് വേ പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുകയാണ്. വയനാട് - കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതി നടപ്പിലാക്കുവാൻ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെ എസ് ഐ ഡി സി) നെ സർക്കാര് ചുമതലപ്പെടുത്തിയിരിക്കുകയാണ്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ (പിപിപി) പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യം.

വയനാട്ടിലെ ലക്കിടിയെ കോഴിക്കോട് ജില്ലയിലെ അടിവാരവുമായി ബന്ധിപ്പിക്കുന്ന റോപ്‌വേ പദ്ധതിക്ക് 100 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. അടിവാരം മുതല്‍ ലക്കിടി വരെ 3.67 കി.മീ ദൂരത്തിലാണ് റോപ്‌വേ വരിക. ഇതോടെ അടിവാരം മുതൽ ലക്കിടി വരെയുള്ള യാത്രാ സമയം വെറും 15 മിനിറ്റ് മാത്രമായി ചുരുങ്ങും, യാത്രാ ദൂരം മൂന്നര കിലോമീറ്ററും. നിലവിൽ ചുരത്തിലൂടെയുള്ള യാത്രയ്ക്ക് 40 മിനിറ്റാണ് ശരാശരി എടുക്കുന്ന സമയം.
ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമുള്ള റോപ്‌വേ
അടിവാരം മുതല്‍ ലക്കിടി വരെയുള്ള റോപ്‌വേ പൂർത്തിയായാൽ ദക്ഷിണേന്ത്യയിലെ ഏറ്റവും നീളമുള്ള റോപ്‌വേ ആയി ഇത് മാറും. വയനാട്‍ കാടുകൾക്കു മുകളിലൂടെയുള്ള യാത്ര തീർത്തും വ്യത്യസ്തമായ ഒരനുഭവം നല്കുമെന്ന കാര്യത്തിൽ സംശയമൊന്നും വേണ്ട. ചുരത്തിനടുത്തുള്ള അഞ്ച് ഏക്കറോളം വനഭൂമിക്ക് മുകളിലൂടെയാവും റോപ്‌വേ കടന്നുപോവുക.
വയനാടിന്‍റെയും കോഴിക്കോടിന്‍റെയും ആകാശദൃശ്യങ്ങളും ചുരത്തിന്‍റെ ഭംഗിയും കണ്ടുപോകാൻ സാധിക്കുന്ന ഒരു യാത്രയാവും ഇത്. ഇരു ജില്ലകളിലെയും വിനോദസഞ്ചാരത്തിന് വലിയ വളർച്ച കൊണ്ടുവരാൻ പര്യാപ്തമാണ് ഈ പദ്ധതി.
40 ടവറുകൾ
3.67 കി.മീ ദൂരത്തിലുള്ള റോപ് വേ പദ്ധതിക്ക് അടിവാരത്തിനും ലക്കിടിക്കും ഇടയില്‍ 40 ടവറുകൾ വേണ്ടി വന്നേക്കും.
മണിക്കൂറിൽ 400 പേർക്ക് യാത്ര ചെയ്യാവുന്ന ആറ് സീറ്റുള്ള എസി കേബിൾ കാറായിരിക്കും ഇതിൽ ഉപയോഗിക്കുക. അടിവാരവും ലക്കിടിയും തന്നെയാവും പ്രധാന ടെർമിനലുകൾ. പദ്ധതി സൗകര്യപ്രദമാകുവാനും ഇവിടേക്കുള്ള പൊതുഗതാഗതം കാര്യക്ഷമമാക്കുവാനും ബത്തേരിയി ല്‍നിന്നു ലക്കിടി വരെയും കോഴിക്കോടു നിന്ന് അടിവാരം വരെയും പ്രത്യേക ബസ് സര്‍വീസുകളും ഏര്‍പ്പെടുത്തും.
കൂടാതെ,പാർക്കിങ്, പാർക്ക് , സ്റ്റാർ ഹോട്ടൽ, മ്യൂസിയം, കഫ്റ്റീരിയ, ഹോട്ടൽ ആംഫി തിയറ്റർ, ഓഡിറ്റോറിയം തുടങ്ങിയവും അടിവാരം - ലക്കിടി ടെർമിനലുകളുടെ ഭാഗമായി ഒരുക്കും.
വയനാട് ചേംബർ ഓഫ് കൊമേഴ്സാണ് ചുരം റോപ് വേ പദ്ധതി ആവിഷ്‌ക്കരിച്ചത്. തുടർന്ന്ഇതിന്‍റെ നടത്തിപ്പിനായി വെസ്റ്റേൺ ഗാട്ട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് കമ്പനി രൂപീകരിച്ചു. പിന്നീട്, ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി പദ്ധതിയെക്കുറിച്ച് പഠിച്ച ശേഷം പിപിപി മോഡലില്‍ പദ്ധതി നടപ്പിലാക്കുവാൻ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു.
പിന്നീട് നടന്ന ചർച്ചയിൽ പദ്ധതിയുടെ ലോവര്‍ ടെര്‍മിനലിന് ആവശ്യമായ ഒരേക്കര്‍ ഭൂമി കൈമാറാന്‍ തയാറാണെന്ന് കമ്പനി അറിയിച്ചിരുന്നു. ഇതിനെത്തുടർന്നാണ് പബ്ലിക്- പ്രൈവറ്റ് പാട്ണർഷിപ്പിൽ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന് അനുമതി നല്‍കി ഉത്തരവിറക്കിയത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












