സിര്‍സ - നകുലന്‍ കീഴടക്കിയ സ്ഥലം

ഹോം » സ്ഥലങ്ങൾ » സിര്‍സ » ഓവര്‍വ്യൂ

ഹരിയാനയിലെ സിര്‍സ ജില്ലയുടെ ആസ്ഥാനമാണ് സിര്‍സ നഗരം. വടക്കേ ഇന്ത്യയിലെ ഏറെ പഴക്കമുള്ള ഒരു നഗരമാണിത്. മഹാഭാരതത്തില്‍ സൈരിഷാക എന്ന പേരില്‍ ഈ പ്രദേശം പരാമര്‍ശിക്കപ്പെടുന്നു. പാണിനിയുടെ അഷ്ടാധ്യായി, ദിവ്യവാദന്‍ എന്നിവയിലും സിര്‍സയെ പരാമര്‍ശിക്കുന്നുണ്ട്. പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ കീഴടക്കുന്നതിന്‍റെ ഭാഗമായി നകുലന്‍ സൈരിഷാക കീഴടക്കിയതായാണ് മഹാഭാരതത്തില്‍ പരാമര്‍ശിക്കപ്പെടുന്നത്. ബി.സി അഞ്ചാം നൂറ്റാണ്ടില്‍, വികാസം പ്രാപിക്കുന്ന ഒരു നഗരമായാണ് പാണിനി സിര്‍സയെ പരാമര്‍ശിക്കുന്നത്.

ചരിത്രം

ഹരിയാന സംസ്ഥാനത്തെ ഒരു ജില്ലയായ സിര്‍സയിലൂടെയാണ് നാഷണല്‍ ഹൈവേ 10 കടന്ന് പോകുന്നത്. 1819 ല്‍ ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലായ ഈ പ്രദേശം പിന്നീട് ഡെല്‍ഹി പ്രവിശ്യയിലെ തെക്ക് പടിഞ്ഞാറന്‍ ജില്ലയുടെ ഭാഗമായി. ഒരു വര്‍ഷത്തിന് ശേഷം ഈ ജില്ലയെ തെക്ക്, പടിഞ്ഞാറ് എന്നിങ്ങനെ രണ്ട് ജില്ലകളായി വിഭജിച്ചു. സിര്‍സ പടിഞ്ഞാറന്‍ ജില്ലയുടെ ഭാഗമായിത്തിരുകയും ചെയ്തു. പടിഞ്ഞാറന്‍ ജില്ലയാണ് പിന്നീട് ഹരിയാന എന്ന പേരില്‍ അറിയപ്പെട്ടത്.

സിര്‍സയിലെ കാഴ്ചകള്‍

വൈവിധ്യങ്ങളായ അനേകം കാഴ്ചകളുള്ള സ്ഥലമാണ് സിര്‍സ. ഖെമാമല്‍ എന്ന ഷാ മസ്താന സ്ഥാപിച്ച മതസംഘടനയായ ദേര സച്ച സൗദയുടെ ആസ്ഥാനമാണ് സിര്‍സ. വിവിധ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്ന ഈ സംഘടന സൗജന്യ ഭക്ഷണവും നല്കിവരുന്നു. പൊതുജനങ്ങളില്‍ നിന്ന് ഇവര്‍ സംഭാവന സ്വീകരിക്കാറില്ല. ഇവിടെയുള്ള മറ്റൊരു പ്രധാന മതസംഘടനയാണ് രാധാ സ്വാമി. സിര്‍സയില്‍ നിന്ന് അഞ്ച് കീലോമീറ്റര്‍ കിഴക്ക് മാറി സിക്കന്ദര്‍പൂര്‍ ഗ്രാമത്തിലാണ് രാധാ സ്വാമി സത്സംഗ് ഘര്‍ സ്ഥിതി ചെയ്യുന്നത്. പഞ്ചാബിലെ അമൃത്‍സര്‍ ജില്ലയിലെ ബീസിലുള്ള രാധാ സ്വാമി കേന്ദ്രത്തിന്‍റെ ശാഖയാണ് സിര്‍സയിലുള്ളത്.

സിര്‍സയില്‍ സന്ദര്‍ശിക്കാവുന്ന മറ്റൊരു മതസ്ഥാപനമാണ് കഗ്ദാനയിലെ രാം ദേവ് മന്ദിര്‍. രാജസ്ഥാന്‍, മറ്റ് ചില ഇന്ത്യന്‍ സംസ്ഥാനങ്ങള്‍, പാക്കിസ്ഥാനിലെ സിന്ധ് തുടങ്ങിയ സ്ഥലങ്ങളില്‍ ആരാധിക്കപ്പെടുന്ന ബാബാ രാംദേവ്‍ജിക്ക് സമര്‍പ്പിക്കപ്പെട്ട ഇടമാണിത്. പാവപ്പെട്ടവരുടെയും, അടിച്ചമര്‍ത്തപ്പെട്ടവരുടെയും ആശ്രയമായി ആരാധിക്കപ്പെടുന്ന രാംദേവ്ജിയുടെ അത്ഭുത സിദ്ധികളെക്കുറിച്ച് ഏറെ കഥകള്‍ നിലവിലുണ്ട്.

ഗുരു ഗോബിന്ദ് സിങ്ങ് ഇവിടെ ഒരു രാത്രി താമസിച്ചതായാണ് വിശ്വസിക്കപ്പെടുന്നത്. രാം നാഗിരയിലെ ഹനുമാന്‍ ക്ഷേത്രവും, ചോര്‍മാര്‍ ഖേരായിലെ ഗുരു ഗോബിന്ദ് സിങ്ങ് ഗുരുദ്വാരയും മറ്റ് രണ്ട് പ്രധാന സ്ഥലങ്ങളാണ്. സിര്‍സയിലെ, ഹീസാര്‍ ഗേറ്റ് എന്ന് അറിയപ്പെടുന്ന പതിമൂന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ദേര ബാബ സര്‍സായ് നാഥ് ക്ഷേത്രം ഇവിടെയാണ്. നാഥ് വിഭാഗത്തിലെ ഗുരുവായിരുന്ന സര്‍സായ് ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ഇദ്ദേഹം അനുയായികളോടൊപ്പം ഇവിടെ പൂജകളും, പ്രാര്‍ത്ഥനകളും നടത്തിയിരുന്നു.

ഗഗ്ഗാര്‍ താഴ്വരയിലെ സംസ്കാരത്തിന്‍റെയും, ചരിത്രത്തിന്‍റെയും നാള്‍വഴികളുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രദേശമാണ് സിര്‍സ നഗരവും അതിന്‍റെ സമീപപ്രദേശങ്ങളും. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ പര്യവേഷണങ്ങള്‍ നടത്തിയ സ്ഥലങ്ങളും ഇവിടെ സന്ദര്‍ശിക്കാനാവും.

കാലാവസ്ഥ

മിത ശീതോഷ്ണ കാലാവസ്ഥ അനുഭവപ്പെടുന്ന ഇവിടെ വേനല്‍, മഴക്കാലം, ശൈത്യകാലം എന്നിവ അനുഭവപ്പെടുന്നു.

Please Wait while comments are loading...