ഇന്ത്യ വിദേശികൾക്ക് എന്നും കൗതുകമാണ്. പ്രണയത്തിന്‍റെ സ്മാരകമായ താജ്മഹലും ഭൂമിയിലെ സ്വർഗ്ഗമായ കാശ്മീരും ദൈവത്തിന്‍റെ സ്വന്തം നാടായ കേരളവുമടക്കം സംസ്കാരങ്ങളുടെയും ചരിത്രത്തിന്‍റെയും ഏറ്റവും മനോഹര മിശ്രണമായ ഭാരതം ലോകസഞ്ചാരികളെ ആകർഷിക്കുന്നു. ഒന്നോ രണ്ടോ ആഴ്ച സമയമെടുത്ത് ഇന്ത്യ കാണാനിറങ്ങുന്നതു മുതൽ രണ്ടും മൂന്നും മാസവും അതിലധികവും ഇവിടെ ചെലവഴിക്കാനായി വരുന്നവരും വന്നാൽ മടങ്ങാൻ മടിയുള്ളവരെയുമെല്ലാം നമ്മൾ കണ്ടിട്ടുണ്ട്. സ്ഥിരം നാലോ അഞ്ചോ ഇടങ്ങൾ മാറ്റിനിര്‍ത്തിയാൽ ഇന്ത്യയിൽ വരുന്നവർ എവിടെയൊക്കെയാണ് പോകുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?
എന്നാൽ അങ്ങനെയൊരു കണക്ക് പുറത്തിറക്കിയിട്ടുണ്ട്. ട്രാവല്‍ വെബ്സൈറ്റായ ബുക്കിങ് ഡോട്ട്‌കോം ആണ് വിദേശ സഞ്ചാരികൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഇടങ്ങളെ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഇതിൽ നമ്മൾ പ്രതീക്ഷിക്കുന്ന ഇടങ്ങളാണ് ചിലതെങ്കിലും മറ്റു ചില സ്ഥലങ്ങൾ സർപ്രൈസ് എൻട്രി നടത്തിയിട്ടുണ്ട്. ഇതാ വിദേശികള്‍ ഏറ്റവും കൂടുതല്‍ ഇന്റർനെറ്റിൽ തിരഞ്ഞ ഇന്ത്യയിലെ സ്ഥലങ്ങള്‍
ഡൽഹി
നേരിയ സംശയത്തിനു പോലും ഇടനല്‍കാത്ത വിധത്തിൽ ഇന്ത്യയിലെത്തുന്ന വിദേശികളുടെ പ്രിയപ്പെട്ട സ്ഥലമാണ് ഡൽഹി. ഇന്ത്യയുടെ തലസ്ഥാനം എന്നതു മാത്രമല്ല, നൂറ്റാണ്ടുകളുടെ ചരിത്രവും വിദേശാധിപത്യത്തിന്‍റെ കഥകളും സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയും എന്നിങ്ങനെ ഒരുപാട് അറിയുവാനും കാണാനും പഠിക്കുവാനും ഇവിടെയുണ്ട്. ചരിത്രയിടങ്ങള്‍, സ്മാരകങ്ങൾ, ഭരണ കേന്ദ്രങ്ങൾ, മാർക്കറ്റുകൾ, തെരുവുകൾ എന്നിങ്ങനെ ഒരു നാട്ടിൽ നിങ്ങൾക്ക് എക്സ്പ്ലോര്‍ ചെയ്യാൻ കഴിയുന്നതെല്ലാം ഇവിടെയുണ്ട്.
മുംബൈ
ഉറങ്ങാത്ത നഗരം, ബോളിവുഡ് നഗരം, സ്വപ്നങ്ങൾ കാണുന്നവരുടെ നാട് എന്നിങ്ങനെ പേരുകൾ ഒരുപാടുണ്ട് മുംബൈയ്ക്ക്. ഡൽഹിയുടെ അത്രയും ചരിത്രം അവകാശപ്പെടാൻ സാധിക്കില്ലെങ്കിലും മുംബൈയുടെ വൈബ് വേറേ തന്നെയാണ്. ഇവിടുത്തെ ജീവിതങ്ങളും തെരുവുകളും നിർമ്മിതിയിൽ വ്യത്യസ്തമായ ഇടങ്ങളും അടക്കം കാണാൻ ഒരുപാടുണ്ട്. ബീച്ചുകൾ, സ്ട്രീറ്റുകൾ, ആരാധനാലയങ്ങൾ, എന്നിങ്ങനെ പോകുന്നു ഇവിടുത്തെ കാഴ്ചകൾ.
ബെംഗളൂരു
വിദേശികള്‍ ഏറ്റവും കൂടുതല്‍ ഇന്റർനെറ്റിൽ തിരഞ്ഞ ഇന്ത്യയിലെ സ്ഥലങ്ങളിൽ മൂന്നാം സ്ഥാനമാണ്. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു അനുദിനം വികസിക്കുകയാണ്. എന്നിരുന്നാലും ഇവിടുത്തെ പച്ചപ്പും പഴയ കാഴ്ചകളും അതേപടി തന്നെ ഇന്നും പരിപാലിച്ച് പോരുന്നു. ലോകപ്രസിദ്ധ കമ്പനികൾക്കെല്ലാം ബാംഗ്ലൂരിൽ ഓഫീസുണ്ട്. ഏതു സമയത്ത് വന്നാലും പ്രസന്നമായ കാലാവസ്ഥയാണ് ബെംഗളൂരുവിന്‍റെ പ്രത്യേകത. ലാൽബാഗ്, നന്ദി ഹിൽസ്, ബന്നാർഘട്ട, പാർക്കുകൾ,തടാകങ്ങള്‍ തുടങ്ങിയവയാണ് ഇവിടെ കാണുവാനുള്ളത്.
ജയ്പൂർ
നാലാം സ്ഥാനത്തെത്തിയ രാജസ്ഥാനിലെ ജയ്പൂർ അതിന്‍റെ സമ്പന്നമായ ചരിത്രത്തിന് പ്രസിദ്ധമാണ്. ഹവാ മഹൽ, സിറ്റി പാലസ്, നഹർഗഡ് കോട്ട, ജയ് മഹല്‍, ആംബർ പാലസ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സ്ഥലങ്ങൾ. ഇന്ത്യയുടെ പിങ്ക് സിറ്റി എന്നാണ് ഇവിടം അറിയപ്പെടുന്നത്.
ചെന്നൈ
മലയാളികളുടെ രണ്ടാം വീടാണ് ചെന്നൈ. ക്ഷേത്രങ്ങൾ, ബീച്ച്, കൊളോണിയൽ നിർമ്മിതികൾ, കടൽത്തീരം, രുചികരമായ ദക്ഷിണേന്ത്യൻ ഭക്ഷണം തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ഇവിടെയുണ്ട്. ഇവിടുത്തെ രാത്രി ജീവിതവും പ്രസിദ്ധമാണ്. തെക്കേ ഇന്ത്യയിലെ ക്ഷേത്രങ്ങളിലേക്കുള്ള ഒരു കവാടമായും ചെന്നൈ പ്രവർത്തിക്കുന്നു.
ഹംപി
ചരിത്രമുറങ്ങുന്ന നാടാണ് ഹംപി. യുനസ്കോയുടെ ലോക പൈതൃക ഇടങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഹംപി കാണാൻ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് സഞ്ചാരികൾ എത്തുന്നത്. പാറക്കൂട്ടങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം കല്ലിൽ ചരിത്രമെഴുതിയ സ്ഥലമാണ്. വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന ഹംപിയിൽ ക്ഷേത്രങ്ങള്‍, മാർക്കറ്റുകൾ, വാസ്തുവിദ്യാ വിസ്മയങ്ങൾ തുടങ്ങിയവയാണ് ഉള്ളത്. സമയമെടുത്ത് കണ്ടുപോകേണ്ട ചരിത്രയിടം കൂടിയാണിത്.
ലേ
ഇന്ത്യയിലെ സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ് ലേ. വിദേശികളും ലേയെക്കുറിച്ച് അറിയുവാനും ഇവിടം സന്ദര്‍ശിക്കുവാനും താല്പര്യം കാണിക്കുന്നുണ്ട് എന്നതിന്‍റെ തെളിവാണ്
വിദേശികള്‍ ഏറ്റവും കൂടുതല്‍ ഇന്റർനെറ്റിൽ തിരഞ്ഞ ഇന്ത്യയിലെ സ്ഥലങ്ങളിൽ നേടിയ ഏഴാം സ്ഥാനം. സാഹസികതയും സംസ്കാരവും വൈവിധ്യങ്ങളുമാണ് ഈ നാടിന്‍റെ പ്രത്യേകത.
പട്നിടോപ്പ്
വിദേശികൾ തിരയുന്ന സ്ഥലം എന്ന ടാഗിൽ അധികമാരും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് എൻട്രിയാണ് ജമ്മു കാശ്മീരിലെ പട്നിടോപ്പ്. തിരക്കധികമില്ലാത്ത ഹിൽ സ്റ്റേഷനായ പട്നി ടോപ്പ് സമുദ്രനിരപ്പില്‍ നിന്നും 2024 മീറ്റര്‍ ഉയരത്തിലാണുള്ളത്. പുൽമേടുകളും പർവ്വതങ്ങളുമാണ് ഇവിടുത്തെ പ്രധാന കാഴ്ച.
പഹൽഗാം
വിദേശികൾ തിരയുന്ന ഇടങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട ജമ്മുവിൽ നിന്നുള്ള രണ്ടാമത്തെ എൻട്രിയാണ് പഹൽഗാം. അനന്തനാഗ് ജില്ലയുടെ ഭാഗമായ ഇവിടം കാശ്മീരിൽ അധികം സഞ്ചാരികളും തേടിയെത്തുന്ന ഇടമാണ്.
കൂർഗ് ജില്ലയുടെ തലസ്ഥാനമായ മടിക്കേരി, ആന്ധ്രപ്രദേശിലെ വിജയവാഡ, മധ്യപ്രദേശിലെ ഖജുരാഹോ തുടങ്ങിയവയും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














