വിഘ്നങ്ങൾ നീക്കുന്നവനാണ് വിഘ്നേശ്വരനെന്ന വിനായകൻ. ഹൈന്ദവ വിശ്വാസത്തിൽ ദൈവങ്ങളിൽ പ്രഥമ സ്ഥാനമുള്ളവൻ. എന്തുകാര്യം ആരംഭിക്കുന്നതിനു മുൻപും അനുഗ്രഹം നേടി തുടക്ക കുറിക്കേണ്ടത് ഗണപതിയുടെ മുന്നിൽനിന്നാവണം എന്നാണ് വിശ്വാസം. ഏതിനും ഗണപതിയുടെ അനുഗ്രഹമുണ്ടെങ്കിൽ അതിനൊരു തടസ്സവും ഉണ്ടാകില്ലെന്നാണല്ലോ പറയപ്പെടുന്നത്. അതുപോലെ ഗണപതിയെ ആരാധിക്കുന്ന ക്ഷേത്രങ്ങളില്ലാത്ത ഒരുനാടും ഇന്ത്യയിൽ കണ്ടെത്താനും കഴിയില്ല.
ഗണപതി ക്ഷേത്രത്തിൽ പോകുന്നെന്നു പറയുമ്പോൾ പ്രധാനം എവിടെ പോകുന്നു എന്നതാണ് കേരളത്തിൽ കാസർകോഡ് ജില്ലയിൽ തുടങ്ങി കർണ്ണാടകയിൽ ഗോകർണ്ണ വരെ നീണ്ടു കിടക്കുന്ന ആറ് പ്രധാന ഗണപതി ക്ഷേത്രങ്ങളുണ്ട്. ഒരൊറ്റ ദിവസത്തിൽ ദർശനം പൂർത്തിയാക്കിയാൽ ഏറെ അനുഗ്രഹങ്ങൾ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ആറു ഗണപതി ക്ഷേത്രങ്ങൾ പരിചയപ്പെടാം.

ആറു ഗണപതി ക്ഷേത്രങ്ങൾ
കാസർകോഡ് ജില്ലയിൽ ഒന്നും ബാക്കി അഞ്ച് ക്ഷേത്രങ്ങൾ കർണ്ണാടകയിലെ തീരപ്രദേശത്തുമായാണ് സ്ഥിതി ചെയ്യുന്നത്. ഈ ആറിടങ്ങളിലും ഒറ്റ ദിവസത്തിൽ ദർശനം പൂർത്തിയാക്കിയാൽ ജീവിതത്തിലെ തടസ്സങ്ങൾ എല്ലാം നീങ്ങുമത്രെ. ഇതാ നിങ്ങൾ തീർച്ചയായും സന്ദർശിക്കേണ്ട ആറ് ഗണപതി ക്ഷേത്രങ്ങൾ പരിചയപ്പെടാം
1. മധൂർ ശ്രീ മദനന്തേശ്വര-സിദ്ധിവിനായക ക്ഷേത്രം
ഒറ്റ ദിവസം ആറു ക്ഷേത്രങ്ങൾ സന്ദർശിക്കാനുള്ള യാത്ര ആരംഭിക്കുന്നത് കാസർകോഡ് ജില്ലയിലെമധൂർ ശ്രീ മദനന്തേശ്വര-സിദ്ധിവിനായക ക്ഷേത്രത്തിൽ നിന്നുമാണ്. മൊഗ്രാൽ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലേക്ക് കാസർകോഡ് നിന്നും 8 കിമീ ദൂരമുണ്ട്. തുടക്കത്തിൽ ശിവനായിരുന്നു ഇവിടുത്തെ പ്രധാന പ്രതിഷ്ഠയെങ്കിലും പിന്നീട് ഗണപതിയുടെ സാന്നിധ്യം കണ്ടെത്തിയ ശേഷം പ്രധാന്യം ഗണപതിക്കായി.
ഇവിടുത്തെ ഉദയാസ്തമന പൂജ, സഹസ്രാപ്പം തുടങ്ങിയവ വളരെ പ്രസിദ്ധമാണ്.

2. ഷറാവ് ഗണപതി ക്ഷേത്രം
മധൂരിലെ ദർശനത്തിനു ശേഷം അടുത്തതായി പോകേണ്ട ക്ഷേത്രം കർണ്ണാടകയിലാണ്. ഷറാവ് ഗണപതി ക്ഷേത്രം എന്നാണിത് അറിയപ്പെടുന്നത്. മംഗലാപുരത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലേക്ക് മംഗലാപുരത്തു നിന്നും 6.4 കിലോമീറ്ററും കാസർകോഡ് നിന്ന് ഒന്നര മണിക്കൂർ യാത്രയുമേയുള്ളൂ. എണ്ണൂറ് വര്‍ഷത്തിലധികം പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നാണ് കരുതപ്പെടുന്നത്. ഗണപതിയുമായി ബന്ധപ്പെട്ട ഉത്സവ ദിവസങ്ങളിൽ ആയിരക്കണക്കിനാളുകൾ ഇവിടെ എത്തുന്നു.
3. കുംബാശി ഗണപതി ക്ഷേത്രം
ഷറാവ് ഗണപതി ക്ഷേത്രത്തിൽ നിന്നും പോകുന്ന മൂന്നാമത്തെ ക്ഷേത്രം ഉഡുപ്പി ജില്ലയിലെ കുംബാശി ഗണപതി ക്ഷേത്രം ആണ്. അനേഗുണ്ടെ വിനായക ദേവസ്ഥാന ക്ഷേത്രം എന്നാണിതിന്റെ യഥാർത്ഥ പേര്. കുംഭാസുരൻ എന്ന അസുരനെ ഗണപതി വധിച്ചത് ഇവിടെ വെച്ചാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. മംഗലാപുരത്തു നിന്നും 85 കിമീ അഥവാ ഒന്നര മണിക്കൂർ യാത്ര ഇവിടേക്കുണ്ട്.

4. ഹട്ടിയങ്ങാടി ഗണപതി ക്ഷേത്രം
കുംബായിൽ നിന്നും ഇനി പോകേണ്ടത് നാലാമത്തെ ഗണപതി ക്ഷേത്രമായ ഹട്ടിയങ്ങാടി ഗണപതി ക്ഷേത്രത്തിലേക്കാണ്. അനേഗുണ്ടെ വിനായക ക്ഷേത്രത്തിൽ നിന്നും ഹട്ടിയങ്ങാടിയിലേക്ക് 15.1 കിമീ ദൂരമാണുള്ളത്. കുന്ദാപുര താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ ഗണപതിയുടെ വിഗ്രഹത്തിന് ഒട്ടേറെ സവിശേഷതകളുണ്ട്. രണ്ടര അടിയോളം ഉയരം ഈ വിഗ്രഹത്തിനുണ്ടെന്നാണ് പറയപ്പെടുന്നത്. എട്ടാം നൂറ്റാണ്ടിലാണത്രെ ഈ ക്ഷേത്രം ഇവിടെ നിർമ്മിക്കുന്നത്.
5. ഇടഗുഞ്ചി ഗണപതി ക്ഷേത്രം
ഈ യാത്രയിലെ അഞ്ചാമത്തെ ക്ഷേത്രം ഉടുപ്പിയിലെ പ്രസിദ്ധമായ ഇടഗുഞ്ചി ഗണപതി ക്ഷേത്രം ആണ്. ഹട്ടിയങ്ങാടിയിൽ നിന്ന് ഇവിടക്ക് 45 കിലോമീറ്റർ ദൂരമുണ്ട്. ഉത്തര കന്നഡ ജില്ലയിൽ ഹൊന്നാവര താലൂക്കിന്‍റെ ഭാഗമായ ക്ഷേത്രത്തിൽ ഒരു മില്യൺ വിശ്വാസികൾ ഓരോ വർഷവും എത്തുന്നു. ആയിരത്തിയഞ്ഞൂറിലധികം വർഷം പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്നാണ് വിശ്വാസം. ശരാവതി നദിയുടെ തീരത്താണ് ക്ഷേത്രമുള്ളത്.

6. ഗോകർണ്ണ ഗണപതി ക്ഷേത്രം
യാത്രയിലെ ആറാമത്തെയും അവസാനത്തെയും ഗണപതി ക്ഷേത്രമാണ് ഗോകർണ്ണ ഗണപതി ക്ഷേത്രം. നിരവധി ഗണപതി ഭക്തർ ഓരോ ദിവസവും എത്തിച്ചേരുന്ന ഈ ക്ഷേത്രം ഗോകർണ്ണ മഹാബലേശ്വർ ക്ഷേത്രത്തിനു തൊട്ടടുത്തായണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ വിഗ്രഹത്തിന് 1500 വർഷത്തിലധികം പഴക്കമുണ്ട്. ഇടഗുഞ്ചിയിൽ നിന്ന് 65 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














