വന്ദേ ഭാരത് ട്രെയിനുണ്ടെങ്കിൽ യാത്ര പോകുവാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. നിരക്ക് കുറച്ച് കൂടുതലാണെങ്കിലും സമയത്ത് എത്താം എന്നതു തന്നെയാണ് പ്രധാന കാരണം. ആരംഭിച്ച മിക്ക റൂട്ടുകളിലും വന്ദേ ഭാരത് ഹിറ്റായതുകൊണ്ടുതന്നെ കൂടുതൽ സ്ഥലങ്ങളെ ബന്ധിപ്പിച്ച് പുതിയ സർവീസുകൾ ആരംഭിക്കുവാനുള്ള ഒരുക്കത്തിലാണ് അധികൃർ. ഇപ്പോഴിതാ, അഹ്മദാബാദ്- ഉദയ്പൂർ റൂട്ടിൽ വന്ദേ ഭാരത് സർവീസ് ആരംഭിക്കുവാൻ ഒരുങ്ങുകയാണ് റെയിൽവേ.
വെസ്റ്റേൺ റെയിൽവേയുടെ കീഴിൽ അഹ്മദാബാദിനെയും രാജസ്ഥാനിലെ ഉദയ്പൂരിനെയും ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസ് ഏറെ പ്രതീക്ഷയോടെയാണ് യാത്രക്കാര് കാത്തിരിക്കുന്നത്. ജനുവരി അവസാനമോ അല്ലെങ്കിൽ ഫെബ്രുവരി ആദ്യത്തോടെയോ അഹ്മദാബാദ്- ഉദയ്പൂർ വന്ദേ ഭാരത് ആരംഭിച്ചേക്കുമെന്നാണ് വിവരം.

അഹമ്മദാബാദ്-ഹിമ്മത്‌നഗർ-ഉദയ്പൂർ റൂട്ടിലെ വൈദ്യുതീകരണ ജോലികൾ പൂർത്തിയായ സാഹചര്യത്തിലാണ് ഈ ട്രെയിൻ അവതരിപ്പിക്കാൻ നിർദ്ദേശം നൽകിയിരിക്കുന്നത്. സ്ഥിരം യാത്രക്കാർക്ക് മാത്രമല്ല, വിനോദസഞ്ചാരത്തിനും ഉണർവ് നല്കുന്ന ഒരു നീക്കമായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ ലഭ്യമായ സമയക്രമമനുസരിച്ച് ചൊവ്വാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും ട്രെയിൻ സർവീസ് നടത്തും. ഈ ദിവസങ്ങളിൽ ഉദയ്പൂരിൽ നിന്ന് രാവിലെ 6:10 ന് പുറപ്പെട്ട് 10:25 ന് അഹമ്മദാബാദിൽ എത്തിച്ചേരും. തിരികെ , അഹമ്മദാബാദിൽ നിന്ന് വൈകുന്നേരം 5:45 ന് മടങ്ങി, രാത്രി 10:00 ന് ഉദയ്പൂരിലെത്തും.
യാത്രയിൽ ഒറ്റസ്റ്റോപ്പ് മാത്രമായിരിക്കും ഉണ്ടാവുക, രണ്ട് യാത്രകളിലും ഈ സർവീസിന് ഹിമ്മത് നഗറിൽ രണ്ട് മിനിറ്റ് നേരം വന്ദേ ഭാരത് നിർത്തും. അഹമ്മദാബാദിൽ, ട്രെയിൻ അസർവ റെയിൽവേ സ്റ്റേഷനിൽ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യും.
അഹമ്മദാബാദിനും ഉദയ്പൂരിനും ഇടയിൽ നാല് മണിക്കൂർ മാത്രം സമയം മതിയെന്നതാണ് ഈ ട്രെയിൻ വരുന്നതിന്റെ പ്രധാന ആകർഷണം അതേസമയം റോഡ് യാത്രയ്ക്ക് അഞ്ച് മണിക്കൂറിലധികം സമയം വേണ്ടിവരും. എട്ട് ചെയർ കാർ കോച്ചുകളായിരിക്കും റെയിൽവേ ഈ റൂട്ടിൽ കൊണ്ടുവരികയെന്നാണ് വിവരം. സർവീസ് സംബന്ധിച്ച് ഔദ്യോഗിക വിജ്ഞാപനം ഇനിയും പുറപ്പെടുവിച്ചിട്ടില്ലെങ്കിലും തയ്യാറെടുപ്പുകൾ ആരംഭിക്കാൻ നിർദേശം നല്കിയിട്ടുണ്ട്. കൂടാതെ, സര്‍വീസുനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
നിലവിൽ ജയ്പൂർ, ആഗ്ര എന്നീ നഗരങ്ങളിലേക്ക് ഉദയ്പൂരിൽ നിന്ന് വന്ദേ ഭാരത് സർവീസ് നടത്തുന്നു. പുതിയ അഹമ്മദാബാദ്-ഉദയ്പൂർ സർവീസ് പ്രാദേശിക കണക്റ്റിവിറ്റി കൂടുതൽ ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല, ഈ മേഖലയിൽ നിന്നള്ളവർക്ക് യാത്രകൾക്കായി അഹമ്മദാബാദ് വിമാനത്താവളം ഉപയോഗിക്കുവാൻ ഒരു മാർഗം വന്ദേ ഭാരത് വഴി കിട്ടുകയും ചെയ്യും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













