''മൂന്ന് ആഴ്ച മുന്‍പേ ബുക്ക് ചെയ്ത ടിക്കറ്റാണ്. കുടുംബത്തോടൊപ്പം ചിലവഴിക്കാൻ അഞ്ച് ദിവസം ലീവ് എടുത്തു നാട്ടിലേക്ക് പോവുകയാണ്. ചൊവ്വാഴ്ച നടക്കുന്ന ബാംഗ്ലൂർ ബന്ദിൽ വിമാനത്താവളത്തിൽ എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് മൂലം യാത്ര തന്നെ മാറ്റിവെച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ പോകുന്ന വിധത്തിൽ ടിക്കറ്റ് റീഷെഡ്യൂൾ ചെയ്തു. ഏകദേശം 2000 രൂപ ചെലവ് അതിനായി. ലീവ് പോയത് മറ്റൊരു നഷ്ടം..'' ബന്ദ് മൂലം നാട്ടിൽ പോകാൻ സാധിക്കാതെ വന്ന ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന വിജയുടെ വാക്കുകളാണിത്.
ഇത് പക്ഷേ വിജയുടെ മാത്രം അനുഭവമല്ല. ചൊവ്വാഴ്ച മുൻകൂട്ടി യാത്രകൾ പ്ലാന്‍ ചെയ്തിരുന്ന പലരും എയർപോർട്ടിലും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും എത്താനുള്ള ബുദ്ധിമുട്ടും ക്യാബുകൾ ഇല്ലാത്തതും കാരണം യാത്ര വേണ്ടന്നു വെച്ചു. ചൊവ്വാഴ്ച പുലർച്ചെയോ വൈകിട്ട് ആറ് മണിക്ക് ശേഷമോ യാത്രകൾ പോകാൻ സാധിക്കുമെങ്കിലും അതിനിടയിൽ രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെ നീണ്ടു നിൽക്കുന്ന ബന്ദില്‍ പുറത്തിറങ്ങാതെ, അപകടങ്ങൾ ഒഴിവാക്കുവാനാണ് മിക്കവരും ശ്രമിക്കുന്നത്.

ഡൽഹി സ്വദേശിയായ, ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന കേശവ് കർണയ്ക്കും ഇതേ അനുഭവമാണ്. ഡൽഹിയിലേക്കുള്ള ചൊവ്വാഴ്ചത്തെ യാത്ര റീഷെഡ്യൂൾ ചെയ്ത വകുപ്പില് നഷ്ടം 3400 രൂപയാണ്.
ടാക്സികളെ ആശ്രയിക്കാതെ സ്വന്തം വാഹനത്തിൽ പോകാമെങ്കിലും വഴിയിൽ അക്രമം നേരിടേണ്ടി വന്നാലോ എന്ന ഭീതിയിൽ ആണ് പലരും. അതുകൊണ്ടു തന്നെ ചൊവ്വാഴ്ചത്തെ യാത്രകൾക്കായി നേരത്തെ ബുക്ക് ചെയ്ത ബസ്, ട്രെയിൻ ടിക്കറ്റുകൾ പലരും റദ്ദാക്കുകയോ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റിയെടുക്കുകയോ ചെയ്തിട്ടുണ്ട്.
അതേസമയം ബാംഗ്ലൂർ കെംപെഗൗഡ വിമാനത്താവള അധികൃതർ ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ ഒഴിവാക്കാൻ എത്രയും വേഗം വിമാനത്താവളത്തിൽ എത്തിച്ചേരണമെന്ന് യാത്രക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ചൊവ്വാഴ്ച ബാംഗ്ലൂരിൽ നടക്കുന്ന ബാംഗ്ലൂർ ബന്ദ് നഗരത്തെ നിശ്ചലമാക്കുമെന്ന കാര്യത്തിൽ സംശയമില്ല. പ്രതിപക്ഷ പാർട്ടികളുടെ സഹകരണത്തോടെ തീവ്ര കർണ്ണാടക അനുകൂല സംഘടനകളും കാർഷിക സംഘടനകളും ചേർന്ന് പ്രഖ്യാപിച്ചിരിക്കുന്ന ബാംഗ്ലൂർ ബന്ദ് നാളെ രാവിലെ 6.00 മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് നടക്കുക.

കർണ്ണാടകയും തമിഴ്നാടും തമ്മിലുള്ള കാവേരി നദിജല തർക്കത്തെത്തുടർന്ന് നടക്കുന്ന ഈ ബന്ദിൽ സ്വകാര്യ ബസ് ടാക്സി സർവീസുകളും ഓല, ഉബർ പോലുള്ള ആപ്പ് ബേസ്ഡ് സർവീസുകളും സഹകരിക്കും.
കാവേരി നദിയിൽ നിന്നുള്ള 5000 ക്യുസെക്‌സ് വെള്ളം തമിഴ്നാടിന് നല്കാൻ കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റി (സിഡബ്ല്യുഎംഎ) ഉത്തരവ് നല്കിയതിൽ പ്രതിഷേധിച്ചാണ് ഈ ബാംഗ്ലൂർ ബന്ദ് നടക്കുക. സെപ്റ്റംബർ 13 മുതൽ 15 ദിവസത്തേക്ക് തമിഴ്നാടിന് വെള്ളം നല്കുവാനാണ് ഉത്തരവ്. 150 ൽ അധികം കന്നഡ അനുകൂല സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്യുകയും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
പൊതുഗതാഗത സൗകര്യങ്ങളെ ആശ്രയിക്കുന്നവർക്കാണ് ബാംഗ്ലൂർ ബന്ദ് ഏറ്റവും ബുദ്ധിമുട്ട് സൃഷ്ടിക്കുക. സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ, കർണാടക ആർ ടി സി, ടാക്സി ഡ്രൈവര്‍മാരുടെ സംഘടനകൾ,ഊബർ, ഓല തുടങ്ങിയ ഓൺലൈൻ ടാക്സി സേവനങ്ങൾ, ബൈക്ക് ടാക്സികൾ, ഓട്ടോ സർവീസുകൾ, ക്യാബ് സർവീസുകൾ എന്നിവയുടെ സേവനങ്ങള് ബാംഗ്ലൂരിൽ ലഭ്യമായിരിക്കില്ല. തിയേറ്ററുകൾ, മള്‍ട്ടിപ്ലെക്സുകൾ, ഹോട്ടലുകള്‍, റസ്റ്റോറന്‍റുകൾ, വഴിയോര കച്ചവടങ്ങൾ, മാളുകൾ, കോംപ്ലക്സുകൾ, ചെറുകിട വ്യാപാം ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ എന്നിവയും അടഞ്ഞുകിടക്കും.
ബന്ദിൽ പങ്കെടുക്കാതെ കടകളും വ്യാപാരസ്ഥാപനങ്ങളുടം തുറന്നാൽ ബാംഗ്ലൂർ ബന്ദ് അനുകൂലികൾ പ്രതിഷേ പ്രകടനങ്ങൾ നടത്താനും അടപ്പിക്കാനും സാധ്യതയുണ്ട്. ബന്ദിനെ അനുകൂലിക്കുന്ന അൺ എയ്ഡഡ് പ്രൈവറ്റ് സ്കൂൾ അസോസിയേഷൻറെ കീഴിലുള്ള എല്ലാ സ്വകാര്യ സ്കൂളുകളും നാളെ അടച്ചിടും. മറ്റു സ്കൂളുകളും കോളേജുകളും പ്രവർത്തിക്കരുതെന്ന് നേരത്തെ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഐടി കമ്പനികൾ ജീവനക്കാർക്ക് ചൊവ്വാഴ്ച വർക്ക് ഫ്രം ഹോം എടുക്കാനുള്ള അനുമതിയും നേരത്തെ നല്കിയിരുന്നു.
അതേസമയം, കെഎസ്ആർടിസി, ബിഎംടിസി ബസുകളും മെട്രോയും സർവീസ് നടത്തുമെന്നാണ് റിപ്പോർട്ടുകൾ. ആശുപത്രികൾ, നഴ്സിങ് ഹോമുകൾ, മെഡിക്കൽ ഷോപ്പുകൾ, അവശ്യ സേവനങ്ങൾ, സർക്കാര്‍ ഓഫീസുകൾ,
എന്നിവ പതിവുപോലെ പ്രവർത്തിക്കും.ബാംഗ്ലൂർ ബന്ദ് പ്രഖ്യാപിച്ചതിനെ തുടർന്ന് നഗരത്തിലും പരിസരങ്ങളിലും സിറ്റി പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













