വളഞ്ഞു പുളഞ്ഞ വഴികളിലൂടെ കോടമഞ്ഞു താണ്ടി കയറിയെത്തുന്ന നന്ദി ഹിൽസ്. ചരിത്രവും വിശ്വാസങ്ങളും സമാസമം ചേർന്നു നിൽക്കുന്ന സാഹസിക ഭൂമി. ഒരവധി കിട്ടിയാൽ പക്ഷേ കാര്യങ്ങൾ മൊത്തേ മാറും. രാവിലെ ആറ് മണിക്കാണ് പ്രവേശനം ആരംഭിക്കുന്നതെങ്കിലും നാലു മണി മുതൽ തന്നെ വാഹനങ്ങളാൽ നന്ദി ഹിൽസിലേക്കുള്ള വഴി നിറഞ്ഞു നിൽക്കും. വേറെ എങ്ങോട്ടോയ്ക്കെങ്കിലും പോയാൽ മതിയായിരുന്നു എന്നാലോചിക്കാത്തവർ ആ സമയത്ത് ആരും കാണില്ല.
അങ്ങനെ നന്ദി ഹിൽസിന് പകരം വയ്ക്കാവുന്ന, അതേ ഭംഗിയും യാത്രാ അനുഭവവും നല്കുന്ന, മടുപ്പിക്കാത്ത അഞ്ച് ഇടങ്ങൾ പരിചയപ്പെട്ടാലോ.. അവധി ദിവസങ്ങളിലെ യാത്രകളിൽ നന്ദി ഹിൽസിന് പകരം വെക്കാൻ സാധിക്കുന്ന,ബെംഗളുരുവിൽ നിന്ന് പോകാൻ പറ്റിയ അഞ്ച് സ്ഥലങ്ങൾ പരിചയപ്പെടാം.

1. മകലിദുർഗ
ബാംഗ്ലൂരില്‍ നിന്നും നന്ദി ഹില്‍സിന് പകരം വയ്ക്കാൻ പറ്റിയ ഇടമാണ് മകലിദുർഗ. അതിരാവിലെയുള്ള ട്രെക്കിങ്ങിനും സൂര്യോദയം കണ്ടുള്ള ഒരു ദിവസ യാത്രയ്ക്കും പറ്റിയ ഇവിടം ബാംഗ്ലൂരിൽ നിന്നും 59 കിലോമീറ്റർ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മുകളിൽ നിന്നാൽ തടാകത്തിന്റെ കാഴ്തയാണ് യാത്രയുടെ ആകർഷണം. കയറ്റം കയറിച്ചെല്ലുമ്പോൾ ഒരു ശിവക്ഷേത്രവും ഇവിടെ കാണാം. വലിയ ബുദ്ധിമുട്ടില്ലാതെ കയറിച്ചെല്ലാം എന്നതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ട്രെക്കിങ് ആസ്വദിക്കുന്നവർക്കും ഒരുദിവസ യാത്രയ്ക്കായി ഇവിടേക്ക് വരാം. സമുദ്ര നിരപ്പിൽ നിന്ന് 3664 അടി ഉയരത്തിലാണ് മകലിദുർഗ സ്ഥിതി ചെയ്യുന്നത്.
2. ഉത്തരി ബേട്ട
നന്ദി ഹിൽസിന് പകരം വയ്ക്കുവാൻ പറ്റിയ മറ്റൊരിടമാണ് ഉത്തരി ബേട്ട. സൂര്യോദയ കാഴ്ചയ്ക്കും നടത്തത്തിനും മലമുകളിൽ നിന്നുള്ള കാഴ്ചയ്ക്കുമെല്ലാം നന്ദി ഹിൽസിനോട് മുട്ടി നിൽക്കുന്ന ഒരു എതിരാളി ആണ് ഉത്തരി ബേട്ട. ബാംഗ്ലൂരിൽ നിന്നും 70 കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന ഉത്തരി ബേട്ട ചിക്കബെല്ലാപൂരിന് സമീപത്താണുള്ളത്. കുനിഗൽ എന്ന സ്ഥലത്തു നിന്നാണ് ഉത്തരി ബേട്ട ട്രെക്കിങ് ആരംഭിക്കുന്നത്. പുലർച്ചെ യാത്ര തുടങ്ങി സൂര്യോദയം ഇതിനു മുകളിൽ നിന്നു കാണുന്ന തരത്തിൽ യാത്ര പ്ലാൻ ചെയ്തു പോകുന്നതാണ് ഏറ്റവും നല്ലത്. ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഉത്തരി ബേട്ട സന്ദർശിക്കുവാൻ പറ്റിയ സമയം.

3. മല്ലപ്പ കൊണ്ട
ബാംഗ്ലൂരിൽ നിന്നും ഒരു ദിവസ യാത്രയ്ക്ക് പറ്റി ഇടമാണ് മല്ലപ്പ കൊണ്ട. ബാംഗ്ലൂരിൽ നിന്നും 115 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മല്ലപ്പ കൊണ്ട. കാടും ഗ്രാമങ്ങളും കണ്ടുള്ള അതിമനോഹരമായ റൂട്ടും ആണ് ഇതിന്റെ ആകർഷണം. ബാംഗ്ലൂര്- ഹോസ്കോട്ടെ- തേകൽ- ബംഗാരപേട്ടെ- കെജിഎഫ്-കുപ്പം വഴി മല്ലപ്പ കൊണ്ടെയിലെത്താം. നാല് കിലോമീറ്റർ ഹെയർപിൻ റോഡ് ഈ യാത്രയിലെ രസമാണ്. മല്ലേശ്വര സ്വാമി ക്ഷേത്രമാണ് ഇവിടുത്തെ ആകർഷണം. തമിഴ്നാട്, ആന്ധ്രാ പ്രദേശ്, കര്‍ണ്ണാടക എന്നീ മൂന്ന് സംസ്ഥാനങ്ങുടെ കാഴ്ച ഇവിടെ നിന്നാൽ ആസ്വദിക്കാം.
4. രാമദേവർ ബേട്ട
ബാംഗ്ലൂരിൽ നിന്നും 50 കിലോമീറ്റർ അകലെയുള്ള രാമദേവർ ബേട്ട നന്ദി ഹിൽസിന് പകരം വെയ്ക്കുവാൻ പറ്റിയ സ്ഥലമാണ്. രാമനഗര ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ വൾച്ചൽ സാങ്ച്വറി (Ramadevara Betta Vulture Sanctuary) ഇന്ത്യയിലെ തന്നെ ഏക വൾച്ചർ സാങ്ച്വറി കൂടെയാണ്. ഇവിടേക്ക് ട്രെക്കിങ് നടത്താനായി യാത്രികർ വിവിധ ഭാഗങ്ങളിൽ നിന്നും എത്താറുണ്ട്. സമീപ പ്രദേശങ്ങളുടെ 360 ഡിഗ്രിയിലുള്ള കാഴ്ച ഇവിടുന്ന് ആസ്വദിക്കാം. അതിരാവിലെയുള്ള സന്ദർശനം തന്നെയാണ് മികച്ചത്.

5. അവലാബേട്ട ഹിൽസ്
ചിക്കബെല്ലാപൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന അവലാബേട്ട ഹിൽസ് ബാംഗ്ലൂരിൽ നിന്നും 91 കിലോമീറ്റർ ദൂരത്തിലാണ്. ബാംഗ്ലൂരില്‍ നിന്നും ഒരു ദിവസത്തിൽ പോയി വരാൻ സാധിക്കുന്ന അവലാബേട്ട ഒക്ടോബർ മുതൽ ഫെബ്രുവരി വരെയാണ് സന്ദർശിക്കാൻ പറ്റിയ സമയം. 1158 മീറ്റർ ഉയരത്തിലാണ് അവലാബേട്ട സ്ഥിതി ചെയ്യുന്നത്. തിരക്കില്ലാത്ത നന്ദി ഹിൽസ് എന്ന് അവലാബേട്ടയെ സഞ്ചാരികൾ വിളിക്കാറുണ്ട്. ട്രെക്കിങിനായാണ് ആളുകൾ അവലാബേട്ടയിലെത്തുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













