പൂരം നക്ഷത്രം
ജ്യോതിശാസ്ത്രത്തിൽ മകം കഴിഞ്ഞ് വരുന്ന നക്ഷത്രമായ പൂരത്തിന്റെ സ്ഥാനം പതിനൊന്നാമതാണ്. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വന്തം നിലയിൽ നിൽക്കുവാനും കാര്യങ്ങൾ ചെയ്യുവാനും താല്പര്യപ്പെടുന്ന നക്ഷത്രക്കാരാണ് ഇവർ. സത്യസന്ധരായ ഇവർ ജീവിതത്തിൽ മറ്റുള്ളവരും തങ്ങളോട് സത്യസന്ധത കാണിക്കണമെന്ന് ആഗ്രഹിക്കുന്നു. തങ്ങളുടെ ചുറ്റിലുമുള്ളവരോട് ഏറെ ആര്‍ദ്രതയോടെയും കരുണയോടെയും ഇടപെടുന്നവരാണ് ഇവർ.
ഒരു കാര്യങ്ങൾക്കും പിന്നിൽ നിൽക്കാത്ത ഇവർ എല്ലാ കാര്യങ്ങളും കൃത്യതയോടെ ചെയ്യുവാനും അതിൽ വിജയം കണ്ടെത്തുവാനും ശ്രമിക്കും. സാഹസിക കാര്യങ്ങളിൽ മുന്നിട്ടിറങ്ങുന്ന ഇവർ ജീവിതത്തിൽ ആഢംബരം ആഗ്രഹിക്കുന്നവരും കൂടിയാണ്. ഏറെ മാന്യമായി പെരുമാറുന്നതിൽ ശ്രദ്ധിക്കുന്ന ഇവർ എല്ലായ്പ്പോഴും ന്യായത്തിനു വേണ്ടി വാദിക്കുകയും ന്യായത്തിനൊപ്പം നിൽക്കുകയും ചെയ്യും. കാര്യങ്ങളിലെല്ലാം നിഷ്ഠയോടെ ചെയ്യുന്നവരും കൂടിയാണ് പൂരം നക്ഷത്രക്കാർ.
പൂരം നക്ഷത്രവും ജന്മ നക്ഷത്ര ക്ഷേത്രവും
പൂരം നക്ഷത്രത്തിൽ ജനിച്ചവർ പോയിരിക്കേണ്ട ക്ഷേത്രമായി അറിയപ്പെടുന്നത് എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ഭഗവതി ക്ഷേത്രമാണ്. കേരളത്തിലെ ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളിൽ സവിശേഷ പ്രാധാന്യം അർഹിക്കുന്ന ഈ ക്ഷേത്രം ദേവി ഭക്തർക്കിടയിലും ഏറെ പ്രസിദ്ധമാണ്. ഏറ്റവും കൂടുതൽ വിശ്വാസികളെത്തിച്ചേരുന്ന ക്ഷേത്രങ്ങളിലൊന്നും ഇത് തന്നെയാണ്.
ചോറ്റാനിക്കര ഭഗവതി ക്ഷേത്രം
വിളിപ്പുറത്തെത്തുന്ന ദേവിയാണ് ചോറ്റാനിക്കര അമ്മയെന്നാണ് വിശ്വാസം. ഭക്തരുടെ വിഷമതകൾ നിറഞ്ഞ വിളിയിൽ ദേവി വരുമത്രെ. ദിവസം അഞ്ചുഭാവങ്ങളിലാണ് ദേവിയെ ആരാധിക്കുന്നത്. ഇക്കാരണത്താൽ രാജരാജേശ്വരി എന്നും ചോറ്റാനിക്കര ദേവി അറിയപ്പെടുന്നു.
ശങ്കരാചാര്യരാണ് കുടജാദ്രിയിലെ സരസ്വതി ദേവിയെ ഇവിടെ കുടിയിരുത്തിയതെന്നാണ് വിശ്വാസം.
അമ്മേ നാരായണ ദേവി നാരായണ!
അമ്മേ നാരായണ ദേവി നാരായണ എന്ന മന്ത്രം കേൾക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത് ചോറ്റാനിക്കര ദേവിയെയാണ്. മഹാവിഷ്ണുവിനെയും ചോറ്റാനിക്കര അമ്മയെയും ഒരേസമയം തുല്യപ്രാധാന്യത്തോടെ ക്ഷേത്രത്തിൽ ആരാധിക്കുന്നു. അതിനാലാണത്രെ ഇങ്ങനെ ഇവിടെ ജപിക്കുന്നത്. പ്രധാന കോവിലില്‍ ദേവിയൊടൊപ്പം മഹാ വിഷ്ണുവിന്‍റെ സാന്നിധ്യവും ഉണ്ടെന്നാണ് വിശ്വാസം. ഈ സ്തുതിക്ക് തുടക്കംകുറിച്ചതും ചോറ്റാനിക്കര ക്ഷേത്രത്തിൽ നിന്നുതന്നെയാണെന്നാണ് വിശ്വാസം.
ചോറ്റാനിക്കരയിലെത്തി പ്രാർത്ഥിച്ചാൽ
പൂരം നാളുകാരുടെ ജന്മ നക്ഷത്ര ക്ഷേത്രം എന്നതിലുപരിയായി ഒരു വലിയ ആരാധനാ കേന്ദ്രം കൂടിയാണിത്. ഇവിടെയെത്തി പ്രാർത്ഥിച്ചാൽ ഒരുപാട് ഫലങ്ങൾ ലഭിക്കുമത്രെ. രാവിലെ വിദ്യയുടെ ദേവതയായ സരസ്വതിയെ തൊഴുത് പ്രാർത്ഥിച്ചാൽ വിദ്യാവിജയവും ഉച്ചയ്ക്ക് ഭദ്രകാളിയെ ആരാധിക്കുമ്പോൾ ശത്രുക്കളിൽ നിന്നു വിജയവും വൈകുന്നേരങ്ങളിൽ ദുർഗ്ഗാ ദേവിയെ പൂജിക്കുമ്പോൾ മംഗല്യഭാഗ്യവും നേടാനാകും എന്നാണ് വിശ്വസിക്കപ്പെടുന്നത്. മാത്രമല്ല, ഇവിടുത്തെ പ്രത്യേകതകളുള്ള പവിഴമല്ലിത്തറയിൽ പോയി പ്രാർത്ഥിച്ചാൽ സാമ്പത്തിക ബുദ്ധിമുട്ടുകളെല്ലാം മാറുമെന്നാണ് പണ്ടുമുതലെയുള്ള വിശ്വാസം. മഹാലക്ഷ്മിയും മഹാവിഷ്ണുവും ആദ്യമായി പ്രത്യക്ഷപ്പെട്ട സ്ഥലമാണത്രെ ഈ പവിഴമല്ലിത്തറ.
മകം തൊഴൽ
ചോറ്റാനിക്കര ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ദിവസങ്ങളിലൊന്നാണ് കുംഭ മാസത്തിലെ മകം തൊഴൽ. വില്വമംഗലം സ്വാമിയാർ കീഴ്ക്കാവിലമ്മയെ പ്രതിഷ്ഠിച്ചതും അദ്ദേഹത്തിന് ലക്ഷ്മീനാരായണ ദർശന ഭാഗ്യം ലഭിച്ചതുമായ ദിവസമാണ് ഇതെന്നാണ് വിശ്വാസം. കുംഭമാസത്തിലെ ഉത്സവത്തിലെ ഏഴാം ദിവസമാണ് മകം തൊഴൽ നടക്കുന്നത്. ദിവ്യവസ്ത്രങ്ങളും ദിവ്യായുധങ്ങളും ധരിച്ച് നിൽക്കുന്ന ദേവിയെ ഈ ദിവസം ഇവിടെ ദർശിക്കാം.