ചോറ്റാനിക്കര ദേവി മനസ്സറിഞ്ഞ് വിശ്വാസികളെ അനുഗ്രഹിക്കുന്ന മകം നാൾ ഭക്തർ കാത്തിരിക്കുന്ന ദിവസങ്ങളിലൊന്നാണ്. മഹാലക്ഷ്മിയായി ഭഗവതിയെ ആരാധിക്കുന്ന ചോറ്റാനിക്കര ക്ഷേത്രത്തിൽ മഹാവിഷ്ണുവിനും തുല്യപ്രാധാന്യമുണ്ട്. കേരളത്തിലെ നൂറ്റെട്ട് ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നായ ഇവിടെ വരുന്നതും ആരാധിക്കുന്നതും ദേവിയെ തൊഴുതു പ്രാർത്ഥിക്കുവാൻ കഴിയുന്നതുമെല്ലാം പുണ്യമായാണ് വിശ്വാസികൾ കണക്കാക്കുന്നത്.
ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ എന്ന മന്ത്രോച്ചാരണം നിരന്തരം മുഴങ്ങുന്ന ഈ ക്ഷേത്രത്തിലെ ഏറ്റവും സവിശേഷമായ ദിവസമാണ് മകം തൊഴൽ. കുംഭമാസത്തിലെ മകം നക്ഷത്രദിവസം നടക്കുന്ന മകം തൊഴലിൽ പങ്കെടുക്കുവാന്‍ പതിനായിരക്കണക്കിന് സ്ത്രീജനങ്ങളാണ് ഇവിടെ വരുന്നത്. കുംഭത്തിലെ രോഹിണി നാളിലെ കൊടിയേറ്റത്തോടെ ആരംഭിക്കുന്ന ഉത്സവത്തിന്‍റെ ഏഴാം നാൾ ആണ് പ്രസിദ്ധമായ മകം തൊഴൽ, തുടർന്ന് ഉത്രം നാളിൽ ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.
ചോറ്റാനിക്കര മകം തൊഴൽ 2023- തിയതിയും സമയവും
ഈ വർഷത്തെ മകം തൊഴൽ മാർച്ച് ആറാം തിയതി തിങ്കളാഴ്ച നടക്കും. ഈ ദിവസം ഉച്ചപൂജയ്ക്കു ശേഷം നട അടയ്ക്കും. തുടർന്ന് മകം തൊഴലിനായി രണ്ടു മണിക്ക് തുറക്കുന്ന നട രാത്രി പത്ത് മണിക്ക് അടയ്ക്കും. ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് മകം തൊഴലിനായി നട തുറക്കുന്നത് സംബന്ധിച്ച് ഒരു വിശ്വാസമുണ്ട്. കുംഭത്തിലെ മകം നാളിൽ ഈ ദിവസം മിഥുന ലഗ്നത്തിലാണ് ദേവി വില്വമംഗലം സ്വാമിക്ക് വിശ്വരൂപത്തിൽ ദർശനം നല്കിയതെന്നാണ് വിശ്വസിക്കുന്നത്. ഇതിന്റെ ഓർമ്മയ്ക്കായാണ് മകം നാളിൽ രണ്ടു മണിയോടു കൂടി നട തുറക്കുന്നത്.

വരദാഭയ മുദ്രകളോടെ
സർവ്വാഭരണ വിഭൂഷിതയായി തങ്കഗോളകയും ആടയാഭരണങ്ങളും രത്നകിരീടവും പട്ടുടയാടകളും അണിഞ്ഞ് വരദാഭയ മുദ്രകളോടെയാണ് ദേവി മകം നാളിൽ ഭക്തർക്ക് ദർശനം നല്കുന്നത്. തങ്കഗോളകയും തിരുവാഭരണങ്ങളും ചാർത്തി നില്‍ക്കുന്ന ദേവിയെ ഒരു നോക്കുകണ്ട് സാഫല്യം നേടുവാൻ വിശ്വാസികളെത്തുന്നു.
വലംകൈ നീട്ടി അനുഗ്രഹിക്കുന്ന ദിവസം
മകം നാളിൽ ചോറ്റാനിക്കര ദേവിയുടെ തങ്കഗോളക വലതു കയ്യിലാണെന്നും ആ കൈകൊണ്ടാണ് ദർശനം നടത്തുവാനെത്തുന്നവരെ അനുഗ്രഹിക്കുന്നതെന്നുമാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഇവിടെയെത്തി പ്രാർത്ഥിച്ചാല്‍ ഏതാഗ്രഹവും സഫലമാകുമത്രെ.

ചോറ്റാനിക്കര മകം തൊഴുതാൽ
ചോറ്റാനിക്കരയിലെ മകം നാളിലെ ദർശനം സ്ത്രീകളാണ് നടത്തുന്നത്. ഈ ദിവസം ദേവിയെ ദർശിക്കുവാൻ കഴിയുന്നത് പുണ്യമാണെന്നാണ് വിശ്വാസം. അവിവാഹിതർക്ക് ഇഷ്ടപ്പെട്ട, യോജിച്ച പങ്കാളിയെ ലഭിക്കുന്നതിനും വാഹിതർക്ക് ദീര്‍ഘമാംഗല്യത്തിനും സന്താനഭാഗ്യത്തിനും മകംതൊഴുതാൽ ആഗ്രഹങ്ങൾ സാധിക്കുമെന്നാണ് വിശ്വാസം. ഈ ദിവസം ഇവിടെയെത്തിയാൽ ഏതാഗ്രഹവും സാധിക്കും. കൂടാതെ പ്രാർത്ഥിച്ചു ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാനും വിശ്വാസികൾ ഇവിടേക്ക് വരുന്നു.
മകം നാളിലെ ചടങ്ങുകൾ
സ്ത്രീകൾ മകം നാളിലും പുരുഷന്മാർ പിറ്റേന്നത്തെ പൂരം നാളിലുമാണ് ദേവിയെ ദർശിക്കുന്നത്.
മകം നാളായ മാർച്ച് 6 തിങ്കളാഴ്ച രാവിലെ 5.30ന് ഓണക്കുറ്റിച്ചിറയിൽ ആറാട്ട്, തുടർന്നു മകം എഴുന്നള്ളിപ്പ്, ചോറ്റാനിക്കര മുരളീധര മാരാരുടെ പ്രമാണത്തിൽ പാണ്ടിമേളം, ഉച്ചയ്ക്ക് 1.00 മുതൽ ഉദയനാപുരം . സി എസ് ഉദയകുമാറിന്റെ നേതൃത്വത്തിൽ നാഗസ്വരം, 2.00 മുതൽ 10.00 വരെ മകം തൊഴൽ, രാത്രി 10.30 നു മകം വിളക്കിനെഴുന്നള്ളിപ്പ് എന്നിവയാണ് പ്രധാന ചടങ്ങുകൾ.

പൂരം നാളിൽ
പൂരം നാളായ മാർച്ച് 7 ചൊവ്വാഴ്ച രാവിലെ 5.30നു പറയ്ക്കെഴുന്നള്ളിപ്പ്, 9.00ന് ആറാട്ട്, രാത്രി 8.00 ന് പൂരം എഴുന്നള്ളിപ്പ്, ചോറ്റാനിക്കര വിജയൻ മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യം, 9.30നു ഓണക്കുറ്റിച്ചിറ ഭഗവതി, തുളുവൻ കുളങ്ങര വിഷ്ണു, എടാട്ട് ഭഗവതി, കർത്തക്കാട്ട് ഭഗവതി എന്നീ ക്ഷേത്രങ്ങളിലെ പൂരം എഴുന്നള്ളിപ്പ് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടപ്പുരയിലെത്തും, 11നു മേൽക്കാവ് ഭഗവതി, അകത്തെ ശാസ്താവ്, ഓണക്കുറ്റിച്ചിറ കുഴിയേറ്റ് ശിവൻ എന്നിവരെയും ചേർത്ത് 7 ദേവീ ദേവന്മാരുടെ കൂട്ടിയെഴുന്നള്ളിപ്പ്, തുടർന്നു വെടിക്കെട്ട് എന്നിങ്ങനെയാണ് ചടങ്ങുകൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













