ആഴിമല ശിവക്ഷേത്രം
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ തീരക്ഷേത്രങ്ങളിൽ ഒന്നാണ് തിരുവനന്തപുരം ജില്ലയിലെ ആഴിമല ശിവക്ഷേത്രം. വിഴിഞ്ഞത്ത് തീരത്തോട് ചേർന്ന് കടലിന് അഭിമുഖമായി നിൽക്കുന്ന ക്ഷേത്രത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമയും
ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമയും സ്ഥിതി ചെയ്യുന്നത്. കടലിനോട് ചേർന്നുള്ള ഒരു ചെറിയ കുന്നിനു മുകളിലാണ് ഈ ക്ഷേത്രമുള്ളത്. 85 അടി ഉയരമുണ്ട് ഈ പ്രതിമയ്ക്ക്. മകരമാസത്തിലെ പത്ത് ദിവസമാണ് ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നത്. വിഴിഞ്ഞത്തു നിന്നും നാല് കിലോമീറ്റർ ദൂരത്തിലാണ് ആഴിമല ക്ഷേത്രമുള്ളത്.
കാട്ടിൽ മേക്കതിൽ ക്ഷേത്രം
കടലിനും കായലിനും മധ്യേ സ്ഥിതി ചെയ്യുന്ന ദേവി ക്ഷേത്രമാണ് കൊല്ലം ചവറയ്ക്ക് സമീപത്തുള്ള കാട്ടിൽ മേക്കതിൽ ക്ഷേത്രം. മണികെട്ടമ്പലം എന്ന പേരിലും അറിയപ്പെടുന്ന ക്ഷേത്രത്തിൽ ഭദ്രകാളിയെയാണ് കാട്ടിലമ്മയായി ആരാധിക്കുന്നത്. ഒരു വശത്ത് അറബിക്കടലും മറുവശത്ത് ടിസ് കനാലിനു നടുവിലാണ് ഈ ക്ഷേത്രസ്ഥാനമുള്ളത്. ഇഷ്ടകാര്യ സിദ്ധിക്കായി ക്ഷേത്രത്തില്‍ നിന്നും പൂജിച്ചു തരുന്ന മണി ഇവിടുത്തെ പേരാലിൽ കൊണ്ടുപോയി കെട്ടുന്നതാണ് ഇവിടുത്തെ പ്രധാന ചടങ്ങ്. മനസ്സറിഞ്ഞു പ്രാര്‍ത്ഥിച്ച് മണികെട്ടിയാൽ ആഗ്രഹങ്ങൾ സാഫല്യമാകും എന്നാണ് വിശ്വാസം. വെള്ളി, ഞായർ ദിവസങ്ങളിലാണ് കൂടുതലും വിശ്വാസികൾ ഇവിടെ വരുന്നത്.
വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം
തിരുവനന്തപുരത്തെ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് വർക്കലയിൽ അറബിക്കടലിന്‍റെ തീരത്ത് ഒരു കുന്നിനു മുകളിലായി സ്ഥിതി ചെയ്യുന്ന വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രം. ദക്ഷിണ കാശി എന്നു വിളിക്കപ്പെടുന്ന ക്ഷേത്രത്തിൽ മഹാവിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. ആയിരത്തിലധികം വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിലെ മണി ഡച്ചുകാർ സമർപ്പിച്ചതാണെന്നാണ് വിശ്വാസം.
PC:Alexey Komarov
രാമനാഥ സ്വാമി ക്ഷേത്രം
ഭാരതത്തിലെ ജ്യോതിർലിംഗ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ രാമനാഥ സ്വാമി ക്ഷേത്രം രാമേശ്വരത്താണ് സ്ഥിതി ചെയ്യുന്നത്. പ്രധാന തീർത്ഥാടന സ്ഥാനമായ ഇവിടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികളെത്തുന്നു. രാവണനെ വധിച്ച പാപത്തിനു പരിഹാരമായി ശ്രീരാമൻ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് ഇതെന്നും ഇവിടുത്തെ വിഗ്രഹത്തിൽ ഗംഗാ ജലം കൊണ്ടഭിഷേകം നടത്തിയാൽ എല്ലാ പാപങ്ങളും മോചിക്കപ്പെടും എന്നുമാണ് വിശ്വാസം. ഇവിടെ നഗരത്തിനു ചുറ്റുമായി 64 ക്ഷേത്രങ്ങളും 13 തീർത്ഥാടന സ്ഥാനങ്ങളും കൂടിയുണ്ട്.
PC:Arunjayantvm
ഷോർ ടെംപിൾ, മഹാബലിപുരം
കടലിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രധാന തീര ക്ഷേത്രമാണ് മഹാബലിപുരത്തെ ഷോർ ടെംപിൾ. തമിഴ്നാട്ടിലെ ഏറ്റവും പുരാതന ക്ഷേത്രമായി കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രം എഡി 700നും 728 നും ഇടയിലായാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ബംഗാൾ ഉൾക്കടലിലേക്ക് ദർശനമായി നില്ക്കുന്ന രൂപമാണ് ഇതിനുള്ളത് എന്നതിൽ നിന്നുമാണ് ഷോർ ടെംപിൾ എന്ന പേരു വന്നത്. പഴകാലത്ത് ഏഴു പഗോഡകൾ എന്ന പേരിൽ ഇവിടെ ഏഴു ക്ഷേത്രങ്ങളുണ്ടായിരുന്നതിനായി മാര്‍ക്കോ പോളോ ഉൾപ്പെടെയുള്ള യാത്രികർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്നും നിലനിൽക്കുന്നത് ഈ ഒരു ക്ഷേത്രം മാത്രമാണ്. പ്രഭാതത്തിൽ സൂര്യകിരണങ്ങൾ ആദ്യം എത്തുന്ന വിധത്തിലാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്.
PC:Arshiar
മുരുഡേശ്വർ ക്ഷേത്രം
ഇന്ത്യയിലെ തീര ക്ഷേത്രങ്ങളിൽ അറിയപ്പെടുന്ന മറ്റൊരു ക്ഷേത്രമാണ് മുരുഡേശ്വർ ക്ഷേത്രം. 123 അടി ഉയരത്തിലുള്ള ഇവിടുത്തെ ശിവപ്രതിമയുടെ പേരിലാണ് ക്ഷേത്രത്തെ കൂടുതലാളുകളും അറിയുന്നത്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ശിവപ്രതിമ കൂടിയാണ് ഇവിടെയുള്ളത്. ചെറിയൊരു കുന്നിനു മുകളിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ മൂന്നു ഭാഗവും കടലിനാൽ ചുറ്റപ്പെട്ടു കിടക്കുകയാണ്.
കൊണാർക്ക് സൂര്യ ക്ഷേത്രം
ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ സൂര്യ ക്ഷേത്രമാണ് ഒഡീഷയിലെ കൊണാർക്ക് സൂര്യ ക്ഷേത്രം. യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളിലൊന്നായ ക്ഷേത്രം അതിന്‍റെ നിർമ്മാണത്തിനും രൂപഭംഗിക്കും പ്രസിദ്ധമാണ്. ഏഴ് കുതിരകളും ഇരുപത്തിരണ്ട് ചക്രങ്ങളും ഉള്ള ഒരു രഥത്തിന്റെ രൂപത്തിൽ ആണ് ഈ ക്ഷേത്രമുള്ളത്. ബംഗാൾ ഉൾക്കടലിനു തീരത്തായി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം പണ്ട് ബ്രിട്ടീഷുകാരുടെ ഇടയിൽ ബ്ലാക്ക് പഗോഡ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.
PC:Wikipedia