സോഷ്യൽ മീഡിയയിൽ ലക്ഷദ്വീപ് യാത്രാനുഭവങ്ങൾ കൊണ്ട് നിറയുകയാണ്. ഇപ്പോഴും സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ ലക്ഷദ്വീപ് യാത്രകൾ ആഘോഷമാക്കുകയാണ്. എന്തുകൊണ്ടാണ് ഈയടുത്ത് ലക്ഷദ്വീപ് ഇത്രയും സോഷ്യൽ മീഡിയയിൽ ചർച്ചയായതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ, സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി.
നരേന്ദ്ര മോദിയുടെ ലക്ഷദ്വീപ് സന്ദർശനവും അതിനെ വിമർശിച്ച് കൊണ്ട് മാലിദ്വീപിലെ മന്ത്രിമാർ നടത്തിയ പ്രതികരണവുമെല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരുന്നു. എല്ലാവരും ലക്ഷദ്വീപ് തീർച്ചയായും സന്ദർശിക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രതികരണം മാലിദ്വീപിനെ ഇകഴ്ത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന തരത്തിലുള്ള മന്ത്രിമാരുടെ പ്രതികരണമാണ് ചർച്ചയായത്.

ഇതോടെ മാലിദ്വീപിനെ ബഹിഷ്കരിക്കുമെന്നും ലക്ഷദ്വീപിലേക്ക് പോകുകയാണെന്നും പ്രഖ്യാപിച്ച് കൊണ്ട് നിരവധി പേർ രംഗത്തെത്തി. ചിലരാകട്ടെ മാലിദ്വീപിലേക്ക് ബുക്ക് ചെയ്ത ടിക്കറ്റടക്കം റദ്ദാക്കി. എന്തായാലും മോദിയുടെ വരവോടെ ലക്ഷദ്വീപ് വൻ ഹിറ്റായെന്ന് പറയാതിരിക്കാനാകില്ല. എന്നാൽ ലക്ഷദ്വീപ് മാത്രമല്ല കേട്ടോ, പ്രധാനമന്ത്രി സന്ദർശിച്ച മറ്റ് ചില ഇടങ്ങൾ കൂടി സഞ്ചാരികളുടെ ലിസ്റ്റിൽ വലിയ പ്രീതി നേടിയിട്ടുണ്ട്. ഏതൊക്കെയാണെന്നല്ലേ? അറിയാം.
കാസിരംഗ ദേശീയോദ്യാനം
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റവും ഒടുവിലായി സന്ദർശിച്ച ഇടമാണ് അസമിലെ കാസിരംഗ ദേശീയോദ്യാനം. യുനസ്കോയുടെ ലോകപൈതൃക ഇടങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഇവിടെ വന്ന് മോദി ആനസഫാരിയും ജീപ്പ് സഫാരിയും ആസ്വദിക്കുകയും ചെയ്തു. സെൻട്രൽ കൊഹോറ റേഞ്ചിലെ മിഹിമുഖ് ഏരിയയിലാണ് അദ്ദേഹം ആനസവാരി നടത്തിയത്. അസമിന്‍റെ ഹൃദയവുമായി ആഴത്തിൽ ബന്ധിപ്പിക്കുന്ന ഇടത്തിലേക്ക് സഞ്ചാരികളെ മോദി ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.
ഗാങ്ടോക്ക്
വടക്കു കിഴക്കൻ ഇന്ത്യയിലെ സിക്കിമിന്‍റെ തലസ്ഥാനമായ ഗാങ്ടോക്ക് അതിമനോഹരമായ ഒരു പട്ടണം കൂടിയാണ്. മലകളിൽ മനോഹരി എന്നു വേണമെങ്കിൽ ഗാങ്ടോക്കിന് വിശേഷിപ്പിക്കാം. കേബിൾ കാർ സഫാരിയാണ് ആളുകൾ ഇവിടെ തിരഞ്ഞെടുക്കുന്ന കാഴ്ച. കാഞ്ചൻജംഗ പർവ്വതത്തിന്‍റെ കാഴ്ചകളാണ് ഇവിടെ നിന്നുള്ള ആകർഷണം. നഗരത്തിന്‍റെ പശ്ചാത്തലത്തിൽ പത്രം വായിച്ച് പ്രഭാതം ആസ്വദിക്കുന്ന ചിത്രം അദ്ദേഹം പങ്കുവെച്ചിരുന്നു.
കേദാർനാഥ്
ഇന്ത്യയിലെ ഏറ്റവും വലിയ തീർത്ഥാടന സ്ഥാനങ്ങളിലൊന്നായ കേദാർനാഥിലും മോദി സന്ദർശനം നടത്തിയിട്ടുണ്ട്. ചാർ ധാം ക്ഷേത്രങ്ങളിലൊന്നായ ഇവിടം ശിവന് സമർപ്പിച്ചിരിക്കുന്നു. വർഷത്തില്‍ ആറ് മാസം മാത്രമാണ് ക്ഷേത്രത്തിൽ ദർശനം നടത്താൻ സാധിക്കുക. ഇവിടം സന്ദർശിച്ച മോദി ഇവിടുത്തെ ഒരു ഗുഹയിൽ മെഡിറ്റേഷൻ ചെയ്യുകയും ചെയ്തു.
അമൃത്സർ സുവർണ്ണ ക്ഷേത്രം
നരേന്ദ്ര മോദിയുടെ യാത്രകളിൽ ക്ഷേത്രങ്ങളും തുടരെ ഇടംനേടാറുണ്ട്. അത്തരത്തിൽ ശ്രദ്ധ നേടിയ സന്ദർശനം ആയിരുന്നു സുവർണ്ണ ക്ഷേത്രത്തിലേക്കുള്ളത്. അമൃതസരോവരം എന്ന തടാകത്തിന്‍റെ കരയിലാണ് ക്ഷേത്രമുള്ളത്. ജാതിമതഭേദമന്യേ വിശ്വാസികൾക്ക് പ്രവേശനമുള്ള ഇവിടം ഒരു ലക്ഷത്തോളം ആളുകൾ ഒരു ദിവസം സന്ദർശനത്തിനെത്തുന്നു. സിക്ക് വിശ്വാസികളുടെ ഏറ്റവും വലിയ തീർത്ഥാടന കേന്ദ്രം കൂടിയാണിത്.
പാർവ്വതി കുണ്ഡ്, പിത്തോർഗഡ്
2023 ഒക്ടോബറിലെ ഉത്തരാഖണ്ഡ് യാത്രയിലാണ് പ്രധാനമന്ത്രി പാർവതി കുണ്ഡും ജഗേശ്വര് ധാമും സന്ദര്‍ശിച്ചത്. ഇവിടെ നിന്നുള്ള ആദികൈലാസ ദർശന ചിത്രങ്ങൾ അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രം
ഈ അടുത്ത കാലത്താണ് പ്രസിദ്ധമായ തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തില്‍ നരേന്ദ്രമോദി സന്ദർശനം നടത്തിയത്. ലോകത്തിലെ ഏറ്റവും സമ്പന്ന ക്ഷേത്രങ്ങളിലൊന്നായ ഇവിടം സമ്പന്നമായത് വിശ്വാസികളുടെ ദക്ഷിണയാലാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














