ഗോകർണ്ണ- അതിശയിപ്പിക്കുന്ന ബീച്ചുകളുടെ കാഴ്ചയും മടുപ്പിക്കാത്ത കടൽത്തീരവും മുന്നിലെത്തിക്കുന്ന അത്ഭുത നാട്. എത്ര നേരം കണ്ടാലും എഴുന്നേറ്റു പോകുവാന്‍ തോന്നിപ്പിക്കാത്ത വിധത്തിൽ പിടിച്ചിരുത്തുന്ന ഇടമാണ് സഞ്ചാരികൾക്ക് ഗോകർണ്ണയെന്ന ഗോകർണ്ണം. ഗോവയുടെ തിരക്കുകളിലേക്ക് കടന്നു ചെല്ലുവാൻ ആഗ്രഹിക്കാത്തവർക്ക് ഗോവയ്ക്കൊത്ത കാഴ്ചകളും യാത്രാനുഭവങ്ങളും നല്കുന്ന കർണ്ണാടകയിലെ എതിരാളി. അതെ, കർണ്ണാടകയിലെ മിനി ഗോവയാണ് ഉത്തര കന്നഡയുടെ ഭാഗമായ ഗോകർണ്ണ.
അറബിക്കടലിന്‍റെ അതിമനോഹരമായ തീരത്ത്, ഇറങ്ങി നിൽക്കുന്ന മനനിരകളോട് ചേർന്നുസ്ഥിതി ചെയ്യുന്ന ഗോകർണ പരിധികളില്ലാതെ യാത്ര ചെയ്യുവാനും കടൽക്കാഴ്ചകള്‍ ആസ്വദിക്കുവാനുമുള്ള അവസരമാണ് സഞ്ചാരികൾക്ക് നല്കുന്നത്. ഗോവയിലെ ബീച്ചുകൾക്ക് പകരംവയ്ക്കുവാൻ സാധിക്കുന്ന ഇടമായതിനാൽ വളരെ കുറച്ചുകാലം കൊണ്ട് സ്വദേശികളുടെയും വിദേശികളുടെയും പ്രിയപ്പെട്ട ഇടമായി ഗോകർണ മാറിയിട്ടുണ്ട്.

PC:Aamir/ Unspalsh
ബീച്ചുകളുടെ സൗന്ദര്യം തേടിവരുന്നവർ മാത്രമല്ല ഗോകർണ്ണയുടെ ആരാധകർ. ആത്മീയ ലക്ഷ്യസ്ഥാനമെന്ന നിലയിൽ നൂറ്റാണ്ടുകൾക്കു മുൻപേ ഗോകർണ്ണ വിശ്വാസികളുടെ ലക്ഷ്യസ്ഥാനമാണ്.ആഗ്നാശിനി, ഗംഗാവലി എന്നീ നദികളുടെ സംഗമസ്ഥാനമായ ഗോകർണയിലെ പല ക്ഷേത്രങ്ങൾക്കും സമ്പന്നമായ ഐതിഹ്യവും കഥകളും പറയുവാനുണ്ട്. മാത്രമല്ല, പുരാണകഥകളിലൂടെ കടന്നുപോകുമ്പോൾ നമ്മുടെ കേരളവുമായും എടുത്തുമാറ്റാൻ കഴിയാത്ത ബന്ധം ഗോകർണ്ണത്തിനുണ്ട്.
കഥകളിലേക്കു കടക്കുന്നതിനു മുന്നേ ആദ്യം പരിചയപ്പെടേണ്ടത് ഇവിടുത്തെ ബീച്ചുകളാണ്. നേരത്തെ പറഞ്ഞതുപോലെ കർണ്ണാടകയിലെ മിനി ഗോവയായ ഇവിടെ ബീച്ചുകളിലെ ശാന്തതയും വിജനതയുമാണ് കൂടുതലും ആളുകളെ ഇവിടേക്ക് ആകർഷിക്കുന്നത്. ഗോവയിലെ ബീച്ചുകൾ മനുഷ്യ സമുദ്രമായി സീസണിൽ മാറുമ്പോഴും ഇവിടെ തിരക്കേയില്ല. കേട്ടറിഞ്ഞെത്തുന്നവർ ശാന്തമായി കാഴ്ചകൾ കണ്ടിവിടെ ഇരിക്കുന്നു.
നീണ്ടുകിടക്കുന്ന കടല്‍ത്തീരമല്ല ഇവിടെയുള്ളത്. മറിച്ച് ഒരു വശത്ത് മലനിരകളും കാടും നിറഞ്ഞു നിൽക്കുന്ന പശ്ചിഘട്ടവും മറുവശത്ത് കടലും ചേർന്നു കിടക്കുന്ന ഇവിടം ബീച്ച് ട്രെക്കിങ്ങിനും പ്രസിദ്ധമാണ്. കുഡ്ലെ ബീച്ച്, ഓം ബീച്ച്, ഹാഫ് മൂണ്‍ ബീച്ച്, പാരഡൈസ് ബീച്ച് (ഫുള്‍ മൂണ്‍ ബീച്ച്), ബെലെക്കന്‍ ബീച്ച് എന്നിവയാണ് ഇവിടെ കാണേണ്ട ബീച്ചുകൾ. ഒന്നിനൊന്ന് വ്യത്യസ്തമായ ഈ ഇടങ്ങളിലെല്ലാം നിങ്ങളെ സന്തോഷിപ്പിക്കുന്ന കുറേയേറെ കാഴ്ചകൾ കാണാം.

PC:rockrace/ Unspalsh
ഈ ബീച്ചുകളിൽ തന്നെ ഏറ്റവും കൂടുതലാളുകളെത്തുന്നത് . ഓം ബീച്ചിലേക്കും ഹാഫ്മൂൺ ബീച്ചിലേക്കും ആണ്. ഗോകർണ ബീച്ച് തന്നെയാണ് പ്രസിദ്ധമെങ്കിലും ഈ രണ്ടു ബീച്ചുകളിലേക്കും കുന്നിറങ്ങി, പടവുകൾ താണ്ടി ഒരു ചെറിയ ട്രെക്കിങ് ഒക്കെ നടത്തി വേണം എത്തിച്ചേരുവാൻ എന്നതാണ് പ്രത്യേകത. ഓം ആകൃതിയിൽ കാണുന്നതിനാലാണ് ഓം ബീച്ച് എന്ന പേരു വന്നത്. ഓം ബീച്ചിൽ നിന്നാണ് ഹാഫ്മൂൺ ബീച്ചിലേക്ക് പോകേണ്ടത്. ആ രണ്ടു ബീച്ചുകളെയും വേർതിരിക്കുന്നത് നടുവിലെ പാറക്കൂട്ടങ്ങളാണ്. പാതിയായ ചന്ദ്രന്റെ രൂപത്തിലാണ് ഹാഫ് മൂൺ ബീച്ചുള്ളത്.
പാരഡൈസ് ബീച്ചിലേക്കുള്ള യാത്രയും രസകരമാണ്. പക്ഷേ, ഓം ബീച്ചിൽ നിന്നും ട്രക്കിങ്ങിലടെയോ ബോട്ടിങ്ങിലൂടെയോ മാത്രമേ ഹാഫ്മൂൺ ബീച്ചിലും പാരഡൈസ് ബീച്ചിലും എത്തിച്ചേരാൻ കഴിയൂ. പൊതുവേ തിരക്ക് കുറഞ്ഞ ഇവിടെ ഏകാന്തത ഇഷ്ടപ്പെടുന്നവർക്ക് വരാം. ആരും ശല്യപ്പെടുത്താനില്ലാതെ, ഒരു ബീച്ച് ആണ് ആഗ്രഹിക്കുന്നതെങ്കിൽ പാരഡൈസ് എന്ന സ്വർഗ്ഗം നിങ്ങൾക്കുള്ളതാണ്. ഈ കാഴ്ചകൾക്കെല്ലം എതിരാണ് കുഡ്ലെ ബീച്ചിൽ കാത്തിരിക്കുന്നത്. ആളും ബഹളവും പാട്ടും നൃത്തവും ഒക്കെയായി മൊത്തം ആഘോഷം. കയാക്കിങ്, ബോട്ടിങ്, തുടങ്ങി എല്ലാം ഇവിടെ ആസ്വദിക്കാം.

PC:Abdullah Ahmad/ Unspalsh
മഹാബലേശ്വര ക്ഷേത്രം
ഗോകർണയിലെ കാഴ്ചകളിൽ ഏറ്റവും പ്രധാന്യമുള്ള മറ്റൊന്നാണ് മഹാബലേശ്വര ക്ഷേത്രം. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ക്ഷേത്രത്തിൽ ആത്മലിംഗ പ്രതിഷ്ഠ നടത്തിയിരിക്കുന്നത് ഗണപതി ആണെന്നാണ് വിശ്വാസം. ശിവന്റെ പക്കൽ നിന്നും രാവണൻ വരമായി നേടിയ ആത്മലിംഗമാണത്രെ ഇത്. ഇവിടുത്തെ ശിവനെ മഹാബലേശ്വരൻ എന്നു പേരുനല്കിയത് രാവണനാണ്.
ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ഗോകർണ സന്ദര്‍ശിക്കുവാൻ യോജിച്ചത്. മാർച്ച് മുതൽ ജൂൺ വരെയും ഗോകർണയിൽ നല്ല സമയമാണ്. എന്നിരുന്നാലും കനത്ത ചൂടിൽ സന്ദർശിക്കാതിരിക്കുകയാവും നല്ലത്.

PC: Kiran Anklekar/ Unspalsh
ബാംഗ്ലൂരിൽ നിന്ന് 486 കിലോമീറ്ററാണ് ഗോകർണത്തിലേക്കുള്ള ദൂരം. ഗോകർണയിൽ നിന്നു ഗോവയിലേക്ക് 130 കിലോമീറ്ററാണ് ദൂരം . കന്യാകുമാരി -കൊച്ചി -മുംബൈ ദേശീയ പാത 66 ൽ ഗോകർണയിൽ നിന്ന് പത്ത് കിമി അകലത്തിലാണ് പോകുന്നത്. മംഗലാപുരത്തു നിന്ന് 238 കിമീ, കാർവാർ 59 കിമീ എന്നിങ്ങനെയും ട്രെയിനില് വരുന്നവര്‍ക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും വെറും പത്ത് കിലോമീറ്റർ യാത്ര ചെയ്താൽ ബീച്ചുകളുടെയും ക്ഷേത്രങ്ങളുടെയും ഗോകർണ്ണയിലെത്താം.
Cover Image: Thanuj Mathew/ Unsplash
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












